Big stories

ഉദ്യോഗാര്‍ഥികള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കുന്നു; മന്ത്രിമാര്‍ ചര്‍ച്ചയ്ക്ക്

സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് മുന്‍കൈ എടുക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

ഉദ്യോഗാര്‍ഥികള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കുന്നു; മന്ത്രിമാര്‍ ചര്‍ച്ചയ്ക്ക്
X

തിരുവനന്തപുരം: 25 ദിവസം പിന്നിടുന്ന സെക്രട്ടേറിയറ്റിന് മുന്നിലെ ഉദ്യോഗാര്‍ഥി സമരം വഴിത്തിരിവില്‍. സര്‍ക്കാര്‍ ഉദ്യോഗാര്‍ഥികളെ വിളിച്ച് ചര്‍ച്ച നടത്തണമെന്ന് ഇന്ന് നടന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദ്ദേശിച്ചു. ഉദ്യോഗാര്‍ഥികളുടെ സമരം കണ്ടില്ലെന്ന് നടിക്കുന്നത് ശരിയല്ല. പ്രതിപക്ഷ കക്ഷികള്‍ സമരത്തെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. അതുകൊണ്ട് ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ചയ്ക്ക് മന്ത്രിമാര്‍ നേതൃത്വം നല്‍കണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദ്ദേശിച്ചു. നേരത്തെ പലവട്ടം മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഇടതു നേതാക്കള്‍ സമരത്തെ തള്ളിപ്പറഞ്ഞിരുന്നു. എന്നാല്‍ ചാനല്‍ ചര്‍ച്ചകളിലുള്‍പ്പെടെ, ഇടതു നേതാക്കള്‍ക്കോ അനുകൂലികള്‍ക്ക് സമരക്കാരുടെ വാദങ്ങളെ ഖണ്ഡിക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഇതിനിടെ, പ്രതിപക്ഷ എംഎല്‍എമാരും സമരക്കാര്‍ക്ക് പിന്തുണയുമായി എത്തിയത് സര്‍ക്കാരിനെയും പാര്‍ട്ടിയെയും പ്രതിരോധത്തിലാക്കി. ഈ സാഹചര്യത്തിലാണ്, ഭരണതുടര്‍ച്ച ലക്ഷ്യമിടുന്ന സര്‍ക്കാര്‍ മന്ത്രിമാര്‍ നേരിട്ട് ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്തി പ്രശ്‌നം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് നിര്‍ദ്ദേശിച്ചത്. നേരത്തെ സമരത്തെ തള്ളിപ്പറഞ്ഞിരുന്ന മന്ത്രി ഇ പി ജയരാജനും ഇപ്പോള്‍, സര്‍ക്കാര്‍ ചര്‍ച്ചയ്ക്കുള്ള വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് പ്രഖ്യാപിച്ചു.

ഇതേ സാഹചര്യത്തിലാണ് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ ഉദ്യോഗാര്‍ഥികളുമായി ചേര്‍ന്നു ഇന്നലെ ഗവര്‍ണറെ കണ്ട് പരാതിപ്പെട്ടത്. ഇതിന് പുറമെ മുന്‍ എംപി എംബി രാജേഷിന്റെ ഭാര്യയുടെ നിയമനത്തിനിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് മുഖ്യമന്ത്രി രാജ് ഭവനിലെത്തി ഗവര്‍ണറെ കണ്ടതെന്നും വിലയിരുത്തലുണ്ട്.

Next Story

RELATED STORIES

Share it