Ernakulam

ആലുവയില്‍ 40 പവനും എട്ടരലക്ഷവും മോഷണം പോയ കേസ്; ഗൃഹനാഥയുടെ കവര്‍ച്ചാനാടകം; പിന്നില്‍ മന്ത്രവാദി

ആലുവയില്‍ 40 പവനും എട്ടരലക്ഷവും മോഷണം പോയ കേസ്; ഗൃഹനാഥയുടെ കവര്‍ച്ചാനാടകം; പിന്നില്‍ മന്ത്രവാദി
X

ആലുവ: വീട് കുത്തിത്തുറന്ന് 40 പവന്‍ സ്വര്‍ണവും എട്ടരലക്ഷം രൂപയും കവര്‍ന്ന കേസിന് പിന്നില്‍ ഗൃഹനാഥ തന്നെയെന്ന് പോലിസ്. വീട്ടില്‍ അപകടമരണം സംഭവിക്കുമെന്ന് ഭയപ്പെടുത്തിയ മന്ത്രവാദിയുടെ വാക്കുവിശ്വസിച്ചാണ് ഗൃഹനാഥ കവര്‍ച്ച നടത്തിയത്. കേസുമായി ബന്ധപ്പെട്ട് തൃശൂര്‍ ചിറമങ്ങാട് സ്വദേശി അന്‍വര്‍ അറസ്റ്റിലായി. ജനുവരി ആറിനാണ് ആലുവയിലെ ഇബ്രാഹിംകുട്ടിയുടെ വീട്ടില്‍ മോഷണം നടന്നത്. പകല്‍ വീടിന്റെ പൂട്ടുപൊളിച്ച് 40 പവനും പണവും കവര്‍ന്നുവെന്നാണ് വീട്ടുകാര്‍ പോലിസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ പോലിസ് മേധാവി വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ പ്രത്യേക ടീം അന്വേഷണം നടത്തി. പോലിസും ഫൊറന്‍സിക്, വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ് എന്നീ സംഘങ്ങള്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തിരുന്നു.

പോലിസിന്റെ ചോദ്യംചെയ്യലിലാണ് ആഭിചാരക്രിയകള്‍ ചെയ്യുന്ന അന്‍വറിന്റെ നിര്‍ദേശം അനുസരിച്ചാണ് താന്‍ പ്രവര്‍ത്തിച്ചതെന്ന് ഗൃഹനാഥ സമ്മതിച്ചത്. ഭര്‍ത്താവിനും മക്കള്‍ക്കും അപകടമരണം ഉണ്ടാകുമെന്നും അതിന് പരിഹാരം ചെയ്യണമെന്നും പറഞ്ഞു വിശ്വസിപ്പിച്ച് അന്‍വര്‍ പലതവണകളായി പണവും സ്വര്‍ണവും കൈപ്പറ്റുകയായിരുന്നു. പിന്നീട് ഇവ ആര്‍ക്കു നല്‍കിയെന്ന് മനസ്സിലാകാതിരിക്കാന്‍ കവര്‍ച്ചാനാടകം സൃഷ്ടിക്കുകയായിരുന്നു. അന്‍വറിന്റെ നിര്‍ദേശപ്രകാരം ഗൃഹനാഥ വീടിന്റെ മുന്‍വശത്തെ വാതിലിന്റെ പൂട്ട് പൊളിക്കുകയും അകത്തെ സാധനങ്ങള്‍ വാരിവലിച്ചിട്ട് മോഷണം നടന്ന രീതിയില്‍ ചിത്രീകരിക്കുകയും ചെയ്തത്.

രണ്ട് വർഷത്തിനുള്ളിൽ ആറ് തവണയായി മുഴുവൻ പണവും സ്വർണയും ഇയാൾ കൈക്കലാക്കി. വീട്ടമ്മ തന്നെയാണ് ഇതെടുത്തുകൊണ്ടുപോയി അൻവറിന് കൈമാറിയത്.പിന്നീട്, പണവും സ്വർണവും തീർന്നതോടെ ഭർത്താവിനോട് എന്ത് മറുപടി പറയുമെന്ന ആശങ്കയിലായി വീട്ടമ്മ. ഒടുവിൽ അൻവർ തന്നെയാണ് കവർച്ചാ നാടകം ആസൂത്രണം ചെയ്തത്. വീടിന്‍റെ മുൻ വാതിൽ തകർക്കാൻ ഇയാൾ വീട്ടമ്മയോട് ആവശ്യപ്പെട്ടു. വീട്ടിലെ അലമാരകളും മുറികളും അലങ്കോലമാക്കിയിടാനും നിർദ്ദേശം. കവർച്ച നടന്നതായി വരുത്തുകയായിരുന്നു ലക്ഷ്യം. താൻ പുറത്തുപോയ സമയം വീട്ടിൽ കവർച്ച നടന്നെന്ന് വീട്ടമ്മ ഭർത്താവിനോട് പറഞ്ഞതോടെയാണ് പൊലീസിൽ പരാതി എത്തിയത്. നഷ്ടപ്പെട്ട സ്വർണത്തിൽ ഏറിയും പങ്കും അൻവർ വിറ്റതായി കണ്ടെത്തി. ഒന്നരലക്ഷം രൂപയും കുറച്ച് സ്വർണവും കണ്ടെത്തിയിട്ടുണ്ട്.

രണ്ടുവര്‍ഷം മുമ്പാണ് ബന്ധു മുഖാന്തിരം ഗൃഹനാഥ അന്‍വറിനെ കാണാനെത്തുന്നത്. പഴയകെട്ടിടങ്ങള്‍ പൊളിച്ചു വില്‍ക്കുന്ന ഇബ്രാഹിംകുട്ടിയുടെ പക്കല്‍ പണമുണ്ടാകുമെന്ന കണക്കുകൂട്ടലില്‍ അന്‍വര്‍ തട്ടിപ്പ് ആസൂത്രണം ചെയ്യുകയായിരുന്നു. പണവും സ്വര്‍ണവും വീട്ടിലിരുന്നാല്‍ ആഭിചാരക്രിയകള്‍ ഫലിക്കില്ലെന്നും പ്രതികൂല ഫലമുണ്ടാക്കുമെന്നും വിശ്വസിപ്പിച്ചാണ് ഇയാള്‍ ഗൃഹനാഥയെ കബളിപ്പിച്ചത്.




Next Story

RELATED STORIES

Share it