Big stories

സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കൂ; മുഖ്യമന്ത്രിയെ വീണ്ടും വെല്ലുവിളിച്ച് പി വി അന്‍വര്‍

സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കൂ; മുഖ്യമന്ത്രിയെ വീണ്ടും വെല്ലുവിളിച്ച് പി വി അന്‍വര്‍
X

മലപ്പുറം: മുഖ്യമന്ത്രിയെ വീണ്ടും വെല്ലുവിളിച്ച് പി വി അന്‍വര്‍ എംഎല്‍എ. സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള ആരോപണങ്ങളില്‍ സിറ്റിങ് ജഡ്ജിയൈാക്കൊണ്ട് അന്വേഷിപ്പിക്കൂവെന്നാണ് അന്‍വറിന്റെ വെല്ലുവിളി. ഹൈക്കോടതി തീരുമാനിക്കണം അന്വേഷണ ഉദ്യോഗസ്ഥരെ. സര്‍ക്കാരിന് വിട്ടുകൊടുക്കരുത്. കോടതി നിശ്ചയിച്ച് കോടതിയുടെ നിരീക്ഷണത്തില്‍ അന്വേഷണം നടക്കണം. ഈ ആവശ്യമുന്നയിച്ച് ഹൈക്കോടതിയെ സമീപിക്കും. എല്‍ഡിഎഫ് വിട്ടു എന്ന് മനസ്സ് കൊണ്ട് പറഞ്ഞിട്ടില്ല. വായ കൊണ്ട് പറഞ്ഞതായി ഓര്‍മയില്ല. വായില്‍ നിന്ന് വീണിട്ടുണ്ടോയെന്ന് അറിയില്ല. ഉണ്ടെങ്കില്‍ അത് നാക്കുപിഴയാണ്. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞിരുന്നു. കത്ത് കിട്ടിയാലേ പങ്കെടുക്കാനാവൂ. പുറത്താക്കുന്നത് വരെ എല്‍ഡിഎഫില്‍ തുടരും. നിയമസഭയില്‍ എല്‍ഡിഎഫിനൊപ്പം സീറ്റ് നല്‍കിയില്ലെങ്കില്‍ തറയിലിരിക്കുമെന്നാണ് പറഞ്ഞത്. ഇതേ സംവിധാനമാണെങ്കില്‍, അപകീര്‍ത്തി ശുദ്ധീകരിച്ചില്ലെങ്കില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ 25 സീറ്റുകളിലേക്ക് ഒതുങ്ങും. പലര്‍ക്കും കെട്ടിവച്ച കാശ് കിട്ടില്ല. സിപിഐ എന്താണ് പിന്‍മാറിയത്. എന്തുകൊണ്ടാണ് പാവങ്ങള്‍ പിന്നോട്ടുപോയത്. കേരളത്തിലെ യുവാക്കള്‍ അന്തംവിട്ടുനില്‍ക്കുകയാണ്. കുഴിമന്തിയും കോഴിബിരിയാണിയും തിന്ന് മൊബൈലില്‍ നോക്കിയിരിക്കുകയാണ്. ഉത്തരേന്ത്യന്‍ രീതിയില്‍ നാട് കുട്ടിച്ചോറാക്കുകയാണ്. യൂട്യൂബിലൂടെ നാടിനെ കുട്ടിച്ചോറാക്കുന്ന മറുനാടനെ പോലും മഹത്വവല്‍ക്കരിക്കുകയാണ്. അന്നേ ഇക്കാര്യം പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ തെറിവിളി കേള്‍ക്കേണ്ടായിരുന്നു. ഷാജന്‍ സ്‌കറിയയെ പോലും മഹത്വവല്‍ക്കരിക്കുകയാണെങ്കില്‍ എങ്ങോട്ടാണ് പോക്ക്. എല്ലാ പാര്‍ട്ടിയിലെയും നേതാക്കളുടെ ഒരു നെക്‌സസ് നിലനില്‍ക്കുന്നുണ്ട്. ആദ്യ കൊള്ളക്കാരനും മല മാന്തുന്നവനുമാക്കി. എനിക്കെതിരേ എഴുതി കാറുകള്‍ വാങ്ങിയ പത്രക്കാരുണ്ട്. നിങ്ങളിലും നല്ല മാധ്യമപ്രവര്‍ത്തകരുണ്ട്. എന്നാല്‍, ചിലര്‍ ഈ നെക്‌സസിന്റെ ഭാഗമാണ്. അതിനാല്‍ ഒന്നും പുറത്തുവരില്ല. ഒരുവിധ ആളുകളുടെയെല്ലാം മടിയില്‍ കനമുണ്ട്. കോഴിബിരിയാണിയും കുഴിമന്തിയും തിന്ന് നില്‍ക്കാനാണ് യുവാക്കളുടെ ഭാവമെങ്കില്‍ അങ്ങനെ പോകട്ടെയെന്ന് കരുതും. ഞായറാഴ്ച നിലമ്പൂരില്‍ ജനങ്ങളെ കാണും. പത്രക്കാരോട് മാത്രം പറഞ്ഞാല്‍ പോരല്ലോ. എന്നെ എംഎല്‍എയാക്കിയ ജനങ്ങളോട് കാര്യങ്ങള്‍ പറയും. ഒരു മേശയും മൈക്കുമിട്ട് സംസാരിക്കും. പബ്ലിസിറ്റിയും നോട്ടീസുമൊന്നും ഇല്ല. ആളുകള്‍ വരുന്നെങ്കില്‍ വരട്ടെയെന്നും അന്‍വര്‍ പറഞ്ഞു.

അന്‍വര്‍ പിതൃതുല്യനായിക്കണ്ട മുഖ്യമന്ത്രിക്കെതിരേ പരിധിവിട്ടെന്ന മന്ത്രി വി അബ്ദുര്‍റഹ്‌മാന്റെ പരാമര്‍ശത്തിനും അന്‍വര്‍ മറുപടി നല്‍കി. സ്വന്തം പിതാവ് മകനെ കുറിച്ച് സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്യുകയാണെന്ന് പറഞ്ഞാല്‍ അതിനു മറുപടിയുണ്ടാവണ്ടേ. കള്ളന്‍മാരുടെ നേതാവാക്കി സമൂഹത്തിനു മുന്നില്‍ നിര്‍ത്തി. വ്യക്തിപരമായ കാര്യങ്ങള്‍ക്ക് എന്തെങ്കിലും ആവശ്യപ്പെട്ടാല്‍ പി ശശി നടപ്പാക്കില്ലെന്നാണ് പറഞ്ഞത്. എന്റെ പാര്‍ക്ക് പൂട്ടിയിട്ട് ഒരു വര്‍ഷമായി. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പറഞ്ഞ എല്ലാ പ്ലാനും സ്‌കെച്ചും മുഖ്യമന്ത്രിയുടെ ഓഫിസിലെ മേശപ്പുറത്താണ്. മുഖ്യമന്ത്രി ഒപ്പിട്ടാലേ എനിക്ക് പാര്‍ക്ക് തുറക്കാന്‍ കഴിയൂ. നാല് ദിവസം കഴിഞ്ഞ് ഒപ്പിട്ട ശേഷം എനിക്ക് പറഞ്ഞാല്‍ പോരേ. ഈ സര്‍ക്കാരില്‍ നിന്ന് മുട്ടുസൂചിയുടെ ചായ കുടിച്ചിട്ടില്ല. ഒരു ബ്രിട്ടാനിയ ബിസ്‌കറ്റ് വാങ്ങിയിട്ടില്ല. എനിക്കും ഭാര്യയും കുട്ടികളുമുണ്ട്. ഒരു പാരാസെറ്റാ മോള്‍ വാങ്ങിയിട്ടില്ല. സ്വന്തമായി വിമാനവും കോടാനുകോടി രൂപയും ഉള്ളവര്‍ ചികില്‍സയ്ക്ക് അമേരിക്കയിലേക്കാണ് പോവുന്നത്. ഇപ്പോള്‍ നിങ്ങള്‍ കക്കാടംപൊയിലില്‍ പോയി നോക്കൂ. അവിടെ കുടിവെള്ളം മുടങ്ങിയെന്ന് പറഞ്ഞ കുടുംബം അവിടെ തന്നെ കഴിയുന്നുണ്ടല്ലോ. ഗൂഢാലോചനയുണ്ടെന്ന എം കെ ബാലന്റെ പരാമര്‍ശത്തിന്, അതില്‍ ഒന്ന് ഞാനും മറ്റേയാള്‍ എ കെ ബാലനുമാണെന്നും അവരോട് ചോദിക്കാമെന്നും അന്‍വര്‍ പറഞ്ഞു. അന്വേഷണ റിപോര്‍ട്ട് വരുന്നതിനു മുമ്പേ മുഖ്യമന്ത്രി വിധിയെഴുതിയില്ലേ. അതിനാലാണ് പ്രതികരിച്ചത്. വാറോലയ്ക്കു വേണ്ടി കാത്തിരിക്കേണ്ടതുണ്ടോ. എന്നെ ആദ്യമേ സംശയമുണ്ടെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിക്കും മറ്റും ഉറപ്പായെങ്കിലും കേരളത്തിലെ മൂന്നര കോടി ജനങ്ങള്‍ക്ക് മനസ്സിലായില്ല. വീടിനു മുന്നിലല്ല എന്റെ പറമ്പിലാണ് സിപിഎം ബോര്‍ഡ് വച്ചത്. എനിക്കെതിരേയുള്ള വിമര്‍ശനം എന്റെ പറമ്പില്‍തന്നെ കിടക്കട്ടെ. പാര്‍ട്ടിക്ക് ലക്ഷം നാവുകളും അന്‍വറിന് ഒരു നാവുമാണെന്നതിന്റെ സത്യം അറിയണമെങ്കില്‍ കമ്മന്റ് ബോക്‌സുകള്‍ നോക്കിയാല്‍ മതിയെന്നും അന്‍വര്‍ പറഞ്ഞു.


Next Story

RELATED STORIES

Share it