Big stories

'കുടുംബത്തില്‍ പോലും അപരിചിതനായി, ജോലിയും ജീവിതവും താറുമാറായി'

ഐഎസ് മുദ്രയില്‍നിന്നു കുറ്റവിമുക്തനാക്കപ്പെട്ട 27കാരന്റെ വെളിപ്പെടുത്തല്‍

കുടുംബത്തില്‍ പോലും അപരിചിതനായി, ജോലിയും ജീവിതവും താറുമാറായി
X
കണ്ണൂര്‍: പെണ്‍കുട്ടിയെ മതം മാറ്റി ഐഎസില്‍ ലൈംഗിക അടിമയാക്കി വില്‍ക്കാന്‍ ശ്രമിച്ചെന്ന കേസില്‍ എന്‍ഐഎ കുറ്റവിമുക്തനാക്കിയ കണ്ണൂര്‍ തലശ്ശേരി ന്യൂ മാഹി സ്വദേശിക്ക് നഷ്ടപ്പെട്ടത് സ്വസ്ഥജീവിതം. ന്യൂ മാഹി സ്വദേശി മുഹമ്മദ് റിയാസാണ് തനിക്കുണ്ടായ കയ്‌പേറിയ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നത്. എല്ലാവരും എന്നെ സംശയത്തോടെ നോക്കി. ആരും എന്നോട് അടുത്തില്ല. അടുത്ത കുടുംബാഗങ്ങള്‍ക്കിടയില്‍ പോലും അപരിചിതനെ പോലെയായി മാറിയെന്നും റിയാസ് പറയുന്നു. 2018 ഫെബ്രുവരി മൂന്നിന് ഭാര്യയുടെ പരാതിയില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത് 76 ദിവസം ജയിലില്‍ കഴിഞ്ഞ റിയാസിന് സൗദി അറേബ്യയിലെ കമ്പനിയിലുണ്ടായിരുന്ന മാനേജര്‍ ജോലി നഷ്ടപ്പെട്ടു. സംഭവം നടന്ന് ഒരുവര്‍ഷത്തിനു ശേഷം കഴിഞ്ഞ ആഴ്ചയാണ് എന്‍ഐഎ സംഘം പരാതിയില്‍ കഴമ്പില്ലെന്നും ഭാര്യയുടെ ആരോപണം തെറ്റാണെന്നും കണ്ടെത്തി 27കാരനായ റിയാസിനും കുടുംബത്തിനുമെതിരായ അന്വേഷണം അവസാനിപ്പിച്ചത്. എറണാകുളം നോര്‍ത്ത് പോലിസ് സ്‌റ്റേഷനിലാണ് റിയാസിനെതിരേ കേസെടുത്തിരുന്നത്. ഐഎസ് മുദ്ര തനിക്ക് ജീവിതം തന്നെയാണ് ഇല്ലാതാക്കിയത്. ഇതര മതക്കാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കുമ്പോള്‍ ഇത്തരമൊരു അവസ്ഥയുണ്ടാവുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. നിരപരാധിത്വം തെളിയിക്കാന്‍ സൗദിയില്‍ നിന്ന് നാട്ടിലേക്ക് വരുമ്പോഴാണ് എന്നെ എന്‍ഐഎ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. പിന്നീട് റിയാസും കുടുംബവും അനുഭവിക്കേണ്ടി വന്നത് വിവരാണീതതമായ പീഡനങ്ങളാണ്. മാധ്യമങ്ങള്‍ വട്ടമിട്ടുപറഞ്ഞു. നിറംപിടിപ്പിച്ച കഥകള്‍ പ്രചരിപ്പിച്ചു. ജോലിയും സ്വസ്ഥതയും നഷ്ടപ്പെട്ടു. ആരും പരിചയം പുതുക്കാന്‍ പോലും മടിച്ചു. ഇതിനെല്ലാം കാരണമായതാവട്ടെ, പരസ്പരം പ്രണിയിച്ച് വിവാഹം ചെയ്ത് വര്‍ഷങ്ങള്‍ക്കു ശേഷം വീട്ടുകാര്‍ തടങ്കലിലാക്കപ്പെട്ട പങ്കാളി നല്‍കിയ പരാതിയിലാണെന്നു കേള്‍ക്കുമ്പോള്‍ മനസ്സിലാവും, ആര്‍ക്കും എപ്പോഴും ഒരുതുണ്ട് കടലാസില്‍ ഐഎസ് എന്നും ലൈംഗിക അടിമയെന്നുമെല്ലാം പറഞ്ഞ് പരാതി നല്‍കിയാല്‍ ഏതൊരു യുവാവിനെയും കുടുംബത്തെയും സമൂഹത്തില്‍ നിന്ന് പറിച്ചെറിയാനാവുമെന്ന്. പത്തനംതിട്ടയില്‍ ജനിച്ചു വളര്‍ന്ന്, മാതാപിതാക്കള്‍ക്കൊപ്പം ഗുജറാത്തില്‍ സ്ഥിര താമസമാക്കിയിരുന്ന 25കാരിയാണ് പരാതിക്കാരി. വിദ്യാര്‍ത്ഥിനിയായിരിക്കെ പ്രണയം നടിച്ച്, മതംമാറ്റി, ലൈംഗികമായി ചൂഷണം ചെയ്ത് സിറിയയിലെ ഐഎസിന് വില്‍ക്കാന്‍ ശ്രമിച്ചെന്നു കാണിച്ച് ഹൈക്കോടതിയെ സമീപിച്ചത്. സാകിര്‍ നായിക്കിന്റെ പ്രസംഗം കേള്‍ക്കണം, പര്‍ദ്ദ ധരിക്കണം, ഐഎസിനെ പിന്തുണയ്ക്കണം എന്നൊക്കെ ആവശ്യപ്പെട്ടെന്നാണു പരാതിയിലുള്ളത്. പ്രണയിച്ചപ്പോള്‍ എടുത്ത നഗ്‌നചിത്രങ്ങളും ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി സൗദിയിലേക്ക് കടത്തിയെന്നും ഐഎസില്‍ ലൈംഗിക അടിമയാക്കി വില്‍ക്കാന്‍ ശ്രമിച്ചെന്നും കൂട്ടിച്ചേര്‍ത്തിരുന്നു. റിയാസിന്റെ മാതാപിതാക്കള്‍ കൂട്ടുനിന്നു, മതംമാറ്റിയതിന് അവര്‍ക്ക് അജ്ഞാത കേന്ദ്രത്തില്‍ നിന്ന് പണവും സ്വര്‍ണവും ലഭിച്ചു തുടങ്ങിയ പരാമര്‍ശങ്ങളുള്ള പരാതിയില്‍ അന്വേഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോടും എന്‍ഐഎയോടും കോടതി ആവശ്യപ്പെടുകയായിരുന്നു. എന്‍ഐഎയുടെയും മാധ്യമങ്ങളുടെയും രഹസ്യപോലിസിന്റെയും നിരന്തര വേട്ടയാടലുകള്‍ കാരണം വീട് പൂട്ടിയിടേണ്ടി വന്നിരുന്നു.

2013ല്‍ ബെംഗളൂരുവില്‍ പഠനത്തിനിടെയാണ് റിയാസും പത്തനംതിട്ട സ്വദേശിനിയായ ഹിന്ദു യുവതിയും തമ്മില്‍ പ്രണയം തുടങ്ങിയത്. ഒരേ സ്ഥാപനത്തിലാണ് ഇരുവരും പഠിച്ചത്. പിന്നീട് യുവതി ഇസ്‌ലാം സ്വീകരിച്ച ശേഷം 2016ല്‍ കുടുംബാഗങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് ഇരുവരും വിവാഹിതരായി. മൂന്നുമാസത്തിനു ശേഷം യുവതിക്ക് വീട്ടില്‍നിന്ന് പിതാവിന്റെ ഫോണ്‍ വന്നു. അമ്മ കുളിമുറിയില്‍ വീണെന്നും അതിനാല്‍ ഗുജറാത്തില്‍ നിന്ന് അച്ഛന്‍ നാട്ടിലേക്കു വരികയാണെന്നും പറഞ്ഞു. ഇതനുസരിച്ച് യുവതി വീട്ടില്‍ പോയപ്പോഴാണ് വീട്ടുകാര്‍ കെണിയൊരുക്കിയതെന്നു മുഹമ്മദ് റിയാസ് പറയുന്നു. തന്നെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സുഹൃത്ത് വഴി ഭാര്യ ബന്ധപ്പെട്ടിരുന്നു. ഇതനുസരിച്ച് ഭാര്യയെ രക്ഷിതാക്കള്‍ തടഞ്ഞുവച്ചെന്ന് കാണിച്ച് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി നല്‍കി. 2016 ഒക്ടോബര്‍ 15നു കോടതിയില്‍ ഹാജരാക്കിയ അവള്‍ നല്‍കിയ മൊഴിയെ തുടര്‍ന്ന് റിയാസിനൊപ്പം താമസിക്കാന്‍ അനുവദിച്ചു. പിന്നീട് ദമ്പതികള്‍ ജിദ്ദയിലേക്ക് പോയി. അവിടെയെത്തിയപ്പോള്‍ വീണ്ടും വീട്ടില്‍നിന്ന് ഫോണ്‍ വന്നു. അച്ഛന് സുഖമില്ലെന്നും ഉടന്‍ നാട്ടിലെത്തണമെന്നും പറഞ്ഞു. മുമ്പത്തെ പോലെ ഇത് കളവായിരുന്നില്ല. അച്ഛന്‍ സുഖമില്ലാതെ കിടക്കുകയായിരുന്നു. അവളുടെ ജോലി നഷ്ടപ്പെടുമെന്നതിനാല്‍ ഞാന്‍ എതിര്‍ത്തു. പക്ഷേ അവള്‍ പോവണമെന്നു പറഞ്ഞപ്പോള്‍ വിമാനത്താവളത്തില്‍ ഞാന്‍ കൊണ്ടുവിട്ടു. 2017 നവംബര്‍ വരെ കാര്യങ്ങള്‍ സുഗമമായിരുന്നു. പിന്നീടാണ് എല്ലാം തകിടം മറിഞ്ഞത്.

റിയാസ് തന്നെ നിര്‍ബന്ധിച്ച് മതംമാറ്റിയതാണെന്നും സിറിയയില്‍ ലൈംഗിക അടിമയാക്കി വില്‍ക്കാന്‍ ശ്രമിച്ചെന്നും കാണിച്ച് ഹൈക്കോടതിയെ സമീപിച്ചു. എന്റെ എടിഎം കാര്‍ഡും മൊബൈല്‍ ഫോണും അവള്‍ക്ക് നല്‍കിയിരുന്നു. വിമാനത്തില്‍ കയറുമ്പോഴുള്ള ബോര്‍ഡിങ് പാസ് ഞാനാണ് സുഹൃത്തിനു മെസേജ് കൊടുത്തത്. എന്റെ കൂടെയുണ്ടായിരുന്ന അവളെ നാട്ടിലെത്തിച്ച ശേഷം ഞാന്‍ അവളെ ഐഎസിന് ലൈംഗിക അടിമയാക്കി വില്‍ക്കാന്‍ ശ്രമിച്ചെന്ന് വീട്ടുകാര്‍ക്ക് എങ്ങനെയാണ് പറയാന്‍ കഴിയുന്നത്. അവള്‍ മടങ്ങിവരുമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ എല്ലാം തയ്യാറാക്കി വച്ചിരുന്നു. അങ്ങനെയാണ് നിയമോപദേശങ്ങളൊന്നും ചെവിക്കൊള്ളാതെ കൊച്ചിയിലെ എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ റിയാസ് ഹാജരായത്. എനിക്ക് നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ തന്റെ നിരപരാധിത്വം തെളിയിക്കാനാവുമെന്ന്. പക്ഷേ, എന്നെ ജയിലിലടച്ചു. 76 ദിവസത്തെ കാരാഗൃഹത്തിനു ശേഷമാണ് ജാമ്യം ലഭിച്ചത്. ഇതോടെ സൗദിയിലുള്ള ജോലി നഷ്ടപ്പെട്ടു. കോടതിയില്‍ പരാതി നല്‍കിയ ശേഷം ഭാര്യയുമായി തനിക്ക് ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നും റിയാസ് പറയുന്നു. അവള്‍ക്ക് വിവാഹമോചനം തേടാം. പക്ഷേ ഐഎസുമായി കുട്ടിയിണക്കിയത് ഏറെ ക്രൂരമായിപ്പോയെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.




Next Story

RELATED STORIES

Share it