Big stories

വീണ്ടും ഇസ്രായേല്‍ പോലിസിന്റെ ക്രൂരത; ഭിന്നശേഷിക്കാരനായ ഫലസ്തീനിയെ വെടിവച്ച് കൊന്നു

ഓള്‍ഡ് സിറ്റിയിലെ സ്‌പെഷ്യല്‍ സ്‌കൂളില്‍ സേവനമനുഷ്ഠിക്കുന്ന, മാനസിക വെല്ലുവിളി നേരിടുന്ന ഇയാദ് അല്‍ ഹല്ലാക്(32) ആണ് ശനിയാഴ്ച രാവിലെ ദാരുണമായി കൊല്ലപ്പെട്ടത്.

വീണ്ടും ഇസ്രായേല്‍ പോലിസിന്റെ ക്രൂരത; ഭിന്നശേഷിക്കാരനായ ഫലസ്തീനിയെ വെടിവച്ച് കൊന്നു
X

ജറുസലേം: ഇസ്രായേല്‍ പോലിസിന്റെ ക്രൂരതയുടെ മറ്റൊരു തെളിവ് കൂടി. നിരായുധനും ഭിന്നശേഷിക്കാരനുമായ ഫലസ്തീനി യുവാവിനെ ഇസ്രായേല്‍ പോലിസ് വെടിവച്ച് കൊലപ്പെടുത്തി. ഓള്‍ഡ് സിറ്റിയിലെ സ്‌പെഷ്യല്‍ സ്‌കൂളില്‍ സേവനമനുഷ്ഠിക്കുന്ന ഇയാദ് അല്‍ ഹല്ലാക്(32) ആണ് ശനിയാഴ്ച രാവിലെ ദാരുണമായി കൊല്ലപ്പെട്ടത്. ഇയാദിന്റെ തൊട്ടടുത്തുനിന്നാണ് പോലിസ് വെടിയുതിര്‍ത്തതെന്നു ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സിയായ വഫ റിപോര്‍ട്ട് ചെയ്തു. എന്നാല്‍, ഹല്ലാക്കിന്റെ കൈയില്‍ തോക്ക് പോലെയുള്ള ആയുധം ഉണ്ടായിരുന്നുവെന്നാണ് പോലിസ് ന്യായീകരിക്കുന്നത്. നിര്‍ദേശം മറികടന്ന് മുന്നോട്ടുപോയതിനാല്‍ ഇയാദിനെ പിന്തുടര്‍ന്ന് പിടികൂടാനുള്ള ശ്രമത്തിനിടെ പോലിസ് വെടിവയ്ക്കുകയായിരുന്നു. അതേസമയം, ഇയാളില്‍നിന്നു സംശയകരമായ യാതൊരുവിധ ആയുധവും കണ്ടെടുത്തിട്ടില്ലെന്ന്

പോലിസ് വക്താവ് മിക്കി റോസന്‍ഫെല്‍ഡ് പറഞ്ഞു. വെടിവയ്പിനു പിന്നാലെ ഓള്‍ഡ് സിറ്റിയിലേക്കുള്ള പ്രവേശനം പോലിസ് നിരോധിച്ചു. പ്രാദേശിക മാധ്യമങ്ങള്‍ പ്രദേശത്തേക്ക് പ്രവേശിക്കുന്നത് തടയാനാണ് വിലക്കേര്‍പ്പെടുത്തിയത്. വാഡി ജോസിന്റെ പരിസരത്തുള്ള ഹല്ലാക്കിന്റെ വീട്ടിലെത്തിയ പോലിസ് സംഘം പരിശോധന നടത്തുകയും കുടുംബാംഗങ്ങളെ ചോദ്യം ചെയ്യുകയും ചെയ്തു. മാനസിക വെല്ലുവിളി നേരിടുന്ന ഹല്ലാക്കിനെ സ്‌കൂളിലേക്കു പോവുമ്പോഴാണ് വെടിവച്ചു കൊലപ്പെടുത്തിയതെന്ന് ബന്ധം അസോഷ്യേറ്റ് പ്രസിനോട് പറഞ്ഞതായി അല്‍ജസീറ റിപോര്‍ട്ട് ചെയ്തു.

ഹല്ലാക്കിനെ നിരവധി തവണ വെടിവച്ചെന്നും നിലത്തു രക്തം തളം കെട്ടിനിന്നതായും ഫലസ്തീനികളെ ഉദ്ധരിച്ച് വഫ റിപോര്‍ട്ട് ചെയ്തു. ഹല്ലാക്ക് തോക്ക് കൈവശം വച്ചിരുന്നുവെന്ന പോലിസ് അവകാശവാദം കുടുംബാംഗങ്ങള്‍ നിഷേധിച്ചതായി ഇസ്രയേല്‍ ദിനപത്രമായ ഹാരെറ്റ്‌സ് റിപോര്‍ട്ട് ചെയ്തു. അവന് ആരെയും ഉപദ്രവിക്കാന്‍ കഴിവില്ലെന്നും അവര്‍ പറഞ്ഞു. ഹല്ലക്കിന്റെ മൃതദേഹം ടെല്‍ അവീവിലെ അബു കബീര്‍ ഫോറന്‍സിക് ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയച്ചു. ഇസ്രയേലില്‍ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന പലസ്തീനികളുടെ മൃതദേഹങ്ങള്‍ ഇവിടെയാണ് സൂക്ഷിക്കാറുള്ളത്. കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ നല്‍കിയിട്ടില്ലെന്നും അവര്‍ പറഞ്ഞു. ഇസ്രായേല്‍ അധിനിവേശ വെസ്റ്റ് ബാങ്ക് നഗരമായ റാമല്ലയ്ക്ക് സമീപം ഒരു ഫലസ്തീനിയെ ഇസ്രായേല്‍ സൈനികര്‍ കൊലപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഇവിടെ വെടിവയ്പുണ്ടായത്.


Next Story

RELATED STORIES

Share it