Big stories

ചാന്ദ്‌നി കുമാരിക്ക് കണ്ണീരോടെ വിട ചൊല്ലി കേരളം; അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത് വന്‍ ജനാവലി

ചാന്ദ്‌നി കുമാരിക്ക് കണ്ണീരോടെ വിട ചൊല്ലി കേരളം; അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത് വന്‍ ജനാവലി
X

ആലുവ: കൊടുംക്രൂരതയ്ക്കിരയായി കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരി ചാന്ദ്‌നി കുമാരിക്ക് കേരളത്തിന്റെ അന്ത്യാഞ്ജലി. സംസ്‌കാരച്ചടങ്ങിനെത്തിയത് വന്‍ ജനാവലി. അതിദാരുണമായി കൊല്ലപ്പെട്ട ബിഹാര്‍ സ്വദേശിനി ചാന്ദ്‌നി കുമാരിയുടെ മൃതദേഹം രാവിലെ 10.45ഓടെ ആലുവ കീഴ്മാട് ശ്മശാനത്തിലാണ് സംസ്‌കരിച്ചത്. മാതാപിതാക്കളും സഹോദരങ്ങളും വിവിധ രാഷ്ട്രീയനേതാക്കളും ജനപ്രതിനിധികളും നാട്ടുകാരും ഉള്‍പ്പെടെ വന്‍ജനാവലിയാണ് സംസ്‌കാരത്തിനെത്തിയത്. കുട്ടികള്‍ ഉള്‍പ്പെടെ ചടങ്ങിനെത്തിയത് കണ്ടുനിന്നവരെയും ഈറനണിയിച്ചു. പെണ്‍കുട്ടി പഠിച്ചിരുന്ന തായിക്കാട്ടുകര എല്‍പി സ്‌കൂളില്‍ രാവിലെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. സ്‌കൂളിലെ കുട്ടികളും അമ്മമാരും അധ്യാപകരും കുഞ്ഞിന്റെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടിയതോടെ സദസ്സാകെ കരഞ്ഞുപോയി. ചിലര്‍ രോഷത്തോടെ പ്രതികരിച്ചു.

10ഓടെ പൊതുദര്‍ശനം നിര്‍ത്തി മൃതദേഹം കീഴ്മാട് ശ്മശാനത്തിലേക്ക് കൊണ്ടുപോയി. സൗകര്യക്കുറവ് കാരണം ബിഹാര്‍ ദമ്പതികളുടെ വീട്ടില്‍ പൊതുദര്‍ശനം നടത്തിയില്ല. അതിനിടെ, പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അസ്ഫാഖ് ആലം തനിച്ചാണ് കൃത്യം നടത്തിയതെന്നാണ് പോലിസിന്റെ നിഗമനം. ഇതുവരെയുള്ള ചോദ്യംചെയ്യലില്‍ പ്രതി ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നാണ് കരുതുന്നതെന്നും കൂടുതല്‍പേര്‍ക്ക് പങ്കുള്ളതായിസൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും ആലുവ റൂറല്‍ എസ്പി മാധ്യമങ്ങളോട് പറഞ്ഞു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനും 5.30നും ഇടയിലാണ് പ്രതി കൃത്യം നടത്തിയതെന്നാണ് കരുതുന്നത്. പോലിസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരാളെക്കൂടി കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുന്നുണ്ടെങ്കിലും ഇയാള്‍ക്ക് കൃത്യത്തില്‍ പങ്കുള്ളതായി ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. പ്രതി അസ്ഫാഖ് ആലമിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൊലപാതകം, ബലാല്‍സംഗം, പോക്‌സോ തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരേ ചുമത്തിയിട്ടുള്ളത്.

Next Story

RELATED STORIES

Share it