Big stories

കൊട്ടിയൂര്‍ പീഡനം: വൈദികന്‍ കുറ്റക്കാരന്‍; മറ്റു പ്രതികളെ വെറുതെവിട്ടു

കൊട്ടിയൂര്‍ പീഡനം: വൈദികന്‍ കുറ്റക്കാരന്‍; മറ്റു പ്രതികളെ വെറുതെവിട്ടു
X

കണ്ണൂര്‍: പ്രമാദമായ കൊട്ടിയൂര്‍ പീഡനക്കേസില്‍ മുഖ്യപ്രതിയായ വൈദികന്‍ കുറ്റക്കാരനാണെന്നു തലശ്ശേരി പോക്‌സോ കോടതി കണ്ടെത്തി. കൊട്ടിയൂര്‍ നീണ്ടുനോക്കിയിലെ പള്ളി വികാരിയായിരുന്ന റോബിന്‍ വടക്കുംചേരിയെയാണ് കുറ്റക്കാരനെന്നു കണ്ടെത്തിയത്. ശിക്ഷ അല്‍പസമയത്തിനകം വിധിക്കും. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വൈദികന്‍ ബലാല്‍സംഗം ചെയ്തു ഗര്‍ഭിണിയാക്കിയെന്നാണു കേസ്. പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ കടത്താനും ഒളിപ്പിക്കാനും ശ്രമിച്ച വയനാട് ശിശുക്ഷേമ സമിതി മുന്‍ ചെയര്‍മാന്‍ ഫാദര്‍ തോമസ് തേരകവും കന്യാസ്ത്രീകളും പ്രതികളായിരുന്നുവെങ്കിലും ആറു പ്രതികള്‍ക്കെതിരേ തെളിവില്ലാത്തതിനാല്‍ വിട്ടയച്ചു.ഏറെ വിവാദമായ കേസില്‍ വിചാരണയ്ക്കിടെ പെണ്‍കുട്ടിയും മാതാപിതാക്കളും കൂറുമാറിയിരുന്നെങ്കിലും ശാസ്ത്രീയ തെളിവുകളെയാണ് ആശ്രയിച്ചത്. അതിവേഗം വിചാരണ പൂര്‍ത്തിയാക്കി ഒരു വര്‍ഷം പൂര്‍ത്തിയാവും മുമ്പാണ് തലശ്ശേരി പോക്‌സോ കോടതി വിധി പ്രഖ്യാപിച്ചത്. സുപ്രിംകോടതി വരെ ഉത്കണ്ഠ രേഖപ്പെടുത്തിയ കേസാണിത്.

കൊട്ടിയൂര്‍ നീണ്ടുനോക്കി പള്ളി വികാരിയായിരുന്ന റോബിന്‍ വടക്കുംചേരി പള്ളിമേടയിലെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തു ഗര്‍ഭിണിയാക്കുകയായിരുന്നു. പിന്നീട് പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ കടത്താനും കേസൊതുക്കാനും ശ്രമമുണ്ടായിരുന്നു. വിചാരണയ്ക്കിടെ പെണ്‍കുട്ടി മൊഴിമാറ്റുകയും തനിക്ക് പ്രായപൂര്‍ത്തിയായെന്നും ഉഭയകക്ഷി സമ്മത പ്രകാരമാണ് ബന്ധം നടന്നതെന്നും കോടതിയില്‍ പറഞ്ഞിരുന്നു. മാത്രമല്ല, തന്റെ കുട്ടിയുടെ പിതാവായ റോബിന്‍ വടക്കുംചേരിക്കൊപ്പം കഴിയാന്‍ അനുവദിക്കണമെന്നും പെണ്‍കുട്ടി ആവശ്യപ്പെട്ടിരുന്നു. കേസിലെ പ്രധാന സാക്ഷികളായിരുന്ന പെണ്‍കുട്ടിയുടെ മാതാപിതാക്കളും ഇതേ നിലപാടായിരുന്നു. എന്നാല്‍, ഡിഎന്‍എ പരിശോധനയില്‍ കുഞ്ഞിന്റെ പിതാവ് ഫാ. റോബിന്‍ വടക്കുംചേരിയാണെന്നു കണ്ടെത്തിയിരുന്നു. പ്രോസിക്യൂഷന്‍ പ്രമുഖ ഡിഎന്‍എ വിദഗ്ധനായ അഭിഭാഷകന്‍ ജി വി റാവുവിനെയാണ് ഹാജരാക്കിയത്. പോലിസ് ഹാജരാക്കിയ ജനന രേഖകളും പിതൃത്വം തെളിയിച്ച ഡിഎന്‍എ ഫലവുമാണ് കേസില്‍ നിര്‍ണായകമായത്. പെണ്‍കുട്ടി പ്രസവിച്ച കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയിലെ അഡ്മിനിസ്‌ട്രേറ്റര്‍ അടക്കം മൂന്നുപേരെ സുപ്രിംകോടതി പ്രതിപ്പട്ടികയില്‍ നിന്ന് നേരത്തേ ഒഴിവാക്കിയിരുന്നു. കേസില്‍ 300 പേജുള്ള കുറ്റപത്രമാണ് പോലിസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്.




Next Story

RELATED STORIES

Share it