Big stories

കുറ്റിയാടിയിലെ കൊടുങ്കാറ്റ് ചായക്കോപ്പയിലൊതുങ്ങുമോ...? വര്‍ഗസമരം വര്‍ഗീയ ഒത്തുതീര്‍പ്പാവുന്നതിന്റെ കാണാപ്പുറങ്ങള്‍...

കുറ്റിയാടിയിലെ കൊടുങ്കാറ്റ് ചായക്കോപ്പയിലൊതുങ്ങുമോ...? വര്‍ഗസമരം വര്‍ഗീയ ഒത്തുതീര്‍പ്പാവുന്നതിന്റെ കാണാപ്പുറങ്ങള്‍...
X

പി സി അബ്ദുല്ല

കോഴിക്കോട്: ചായക്കോപ്പയിലെ കൊടുങ്കാറ്റായൊതുങ്ങുമോ കുറ്റിയാടി സിപിഎമ്മിലെ പ്രതിഷേധങ്ങള്‍? കുറ്റിയാടിയിലെ ചൊങ്കൊടിയിടങ്ങളില്‍ ഇപ്പോള്‍ കാണുന്ന ശാന്തത ഒട്ടേറെ ചോദ്യങ്ങളുയര്‍ത്തുന്നു.

സീറ്റ് മാണി കോണ്‍ഗ്രസിനു തന്നെയെന്ന് സിപിഎം സംസ്ഥാന നേതൃത്വം ആവര്‍ത്തിച്ച ശേഷം കുറ്റിയാടിയില്‍ പരസ്യ പ്രതിഷേധങ്ങളൊന്നും ഉയര്‍ന്നിട്ടില്ല. മാണി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇഖ്ബാല്‍ അടുത്ത ദിവസം മണ്ഡലത്തില്‍ പ്രചാരണം ആരംഭിക്കാനുള്ള തയാറെടുപ്പിലുമാണ്.

ആര്‍ത്തലച്ചു വന്ന കുറ്റിയാടി സിപിഎമ്മിലെ കലാപം മൂന്നു ദിവസം കൊണ്ട് എങ്ങനെ അടങ്ങിയതെന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്. മേഖലയില്‍ പാര്‍ട്ടി വളര്‍ത്താന്‍ പണ്ട് എ കണാരനടക്കമുള്ളവര്‍ പ്രയോഗിച്ച 'മാപ്പിള'വിരുദ്ധ വികാരം കെ പി കുഞ്ഞമ്മദ് കുട്ടിക്കെതിരെ അടിത്തട്ടില്‍ പ്രയോഗിച്ചാണ് സിപിഎം നേതൃത്വം ഇപ്പോള്‍ അണികളെ അടക്കിയിരുത്തിയതെന്ന വിവരമാണ് ചില കേന്ദ്രങ്ങളില്‍ നിന്ന് ഒടുവില്‍ പുറത്തുവരുന്നത്.

കുറ്റിയാടി ഉള്‍പ്പെടുന്ന നാദാപുരം മേഖലയിലെ സിപിഎം ചരിത്രം പരിശോധിച്ചാല്‍ ഇത്തരം സാധ്യതകളെ തള്ളിക്കളയാനാകില്ല. വര്‍ഗബഹുജന പ്രത്യയശാസ്ത്രത്തിലുപരി എ കണാരനടക്കമുള്ളവര്‍ അണികളില്‍ കാലാകാലങ്ങളില്‍ കുത്തിവച്ച മാപ്പിളവിരുദ്ധ വികാരത്തിലാണ് മേഖലയില്‍ പാട്ടി വളര്‍ത്തിയത്. കേരളത്തിന്റെ ഇതര ഭാഗങ്ങളെ അപേക്ഷിച്ച് അണികളില്‍ അന്തര്‍ലീനമാക്കപ്പെട്ട മുസ്ിലംവിരുദ്ധതയാണ് നാദാപുരം മേഖലയില്‍ എക്കാലവും സിപിഎമ്മിന്റെ ചാലകശക്തി.

ഇതിനകം നാദാപുരം മേഖലയിരങ്ങേറിയ കലാപങ്ങളും കൊലപാതകങ്ങളും കൊള്ളകളുമൊക്കെ അതിന്റെ ചരിത്രപരമായ സാക്ഷ്യങ്ങളാണ്. വര്‍ഗരാഷ്ട്രീയത്തില്‍ വര്‍ഗീയത ചാലിച്ച് പാര്‍ട്ടി വളര്‍ത്തിയ എ കണാരനക്കമുള്ളവരുടെ കുടിലതയില്‍ നിന്നാണ് നാദാപുരം മേഖലയെ രക്തപങ്കിലമാക്കിയ അനിഷ്ട സംഭവങ്ങളോരോന്നും അരങ്ങേറിയത്.

പകയുടെ ഏതു പ്രയാണ ഘട്ടത്തിലാണ് മുസ്‌ലിംവിരുദ്ധത കേരളത്തിലെ സിപിഎമ്മില്‍ രൂഢമൂലമായതെന്നതിന്റെ ഉത്തരമാണ് നാദാപുരം. വര്‍ഗബഹുജന പ്രസ്ഥാനത്തെ എങ്ങനെ വര്‍ഗീയമാക്കി വളര്‍ത്താമെന്ന് തെളിയിച്ച രണ്ടു നേതാക്കള്‍; സി എച്ച് കണാരനും എ കണാരനും. കണാരന്‍മാര്‍ ഒരു സമുദായത്തിനെതിരേ ഊതിയൂട്ടിയ വിദ്വേഷക്കനലാണ് നാദാപുരത്തെ അടുത്ത കാലം വരേയും കലാപഭൂമിയാക്കിയത്.

പ്രദേശത്തെ ജന്‍മി കുടിയാന്‍ പ്രശ്‌നങ്ങളില്‍ ആദ്യം ഇടപെട്ട സി എച്ച് കണാരന്‍തിയ്യ തൊഴിലാളി വിഭാഗങ്ങള്‍ക്കിടയില്‍ മുസ്‌ലിം വിദ്വേഷത്തിന്റെ വിത്തുപാകി. പിന്നീട് എ കണാരന്‍ അത് പകയുടെ നൂറു മേനിയായി വിളവെടുത്തു. നിരവധി ജീവനുകള്‍, കോടികളുടെ സ്വത്തുക്കള്‍ ചാമ്പലായി.

വാണിമേല്‍ ഭാഗത്തെ കൃഷിയിടങ്ങള്‍ മുസ്‌ലിംകളുടേതായിരുന്നു. എ കണാരന്‍ തൊഴിലാളികള്‍ക്കിടമില്‍ മുസ്‌ലിംവിരോധം കൃഷി ചെയ്ത് പാര്‍ട്ടി വളര്‍ത്തി. ഭൂവുടമകള്‍ക്ക് മലയിലേക്ക് പോവാനാവാത്ത അവവസ്ഥ. ചെറിയ സംഘര്‍ഷങ്ങള്‍ കൊലയിലും കൊള്ളിവയ്പിലുമെത്തി.

1998 സപ്തംബര്‍ 17ന്,ലീഗുകാരനായ നമ്പോലന്‍കണ്ടി ഹമീദിന്റെ കൊലയാളികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കുറ്റിയാടി പോലിസ് സ്‌റ്റേഷനിലേക്ക്ലീഗ് മാര്‍ച്ച്.4,000ത്തോളം പേര് പങ്കെടുത്ത മാര്‍ച്ചിനിടയിലേക്ക്എ കണാരന്റെ കാര്‍ വന്നു. പോലിസ് വിലക്ക് ലംഘിച്ച് യാത്ര ചെയ്ത കണാരനെ ലീഗുകാര്‍ തടഞ്ഞിട്ടു. വാഹനത്തിന്റെ ചില്ലിന് ചില്ലറ കേടുപാടുകള്‍പ്പറ്റി. കണാരന് ഒന്നും സംഭവിച്ചില്ല. എന്നാല്‍, കണാരന് ഗുരുതര പരിക്ക് പറ്റിയെന്ന് സിപിഎം മൈക്ക് കെട്ടി പ്രചരിപ്പിച്ചു. മാര്‍ക്‌സ്ിസ്റ്റുകാര്‍ മുസ്‌ലിംകള്‍ക്കെതിരതേ ഭീകര ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. മുസ്‌ലിം വീടുകളും കടകളും തിരഞ്ഞുപിടിച്ചായിരുന്നു അക്രമം. സംശയമുള്ളവരെ പിടിച്ചു നിര്‍ത്തി, വസ്ത്രം പൊക്കി നോക്കി മുസ്‌ലിമാണോ എന്ന് ഉറപ്പിച്ച ശേഷമാണ് കൊലപ്പെടുത്തുകയോ അക്രമിക്കുകയോ ചെയ്തത്.

കലാപകാലത്ത് തലശ്ശേരിപ്പള്ളിക്ക് കാവല്‍ നിന്നുവെന്ന്അവകാശം പറയുന്നമാര്‍ക്‌സിസ്റ്റുകാരാണ് 1998 സപ്തംബര് 18ന് കല്ലാച്ചിക്കടുത്ത രണ്ട് പള്ളികള്‍ തകര്‍ത്തത്ത്. കുമ്മങ്കോട്ടെ മസ്ജിദുസ്സലാഹിയ പള്ളിയും പഷ്ണംകുനിപള്ളിയും ഇടിച്ചു തകര്‍ത്തു. മാത്രമല്ല, ഖുര്‍ആന്‍ പുറത്തെടുത്ത് കത്തിക്കുകയും പള്ളികളിലെ മുഴുവന്‍ ഫര്‍ണിച്ചറുകളും അഗ്‌നിക്കിരയാക്കുകയും ചെയ്തു. അതേദിവസം തന്നെയാണ് മുസ്‌ലിം വൃദ്ധനായ വാരിയങ്കണ്ടി കുഞ്ഞമ്മദ് ഹാജിയെ (80) വെട്ടിക്കൊന്നത്. വാണിമേല്‍ പഞ്ചായത്തിലെ പരപ്പുപാറ എന്ന സിപിഎം ശക്തി കേന്ദ്രത്തില്‍വച്ചായിരുന്നു അക്രമം. തേങ്ങ പറിക്കാന്‍ പോയി തിരിച്ചു വരികയായിരുന്ന ഹാജിയുടെ കൈ വെട്ടിയെടുക്കുകയായിരുന്നു ആദ്യം ചെയ്തത്. ദിവസങ്ങള്‍ നീണ്ടു നിന്ന അക്രമത്തിന്നിടിയിലാണ് ഒക്ടോബര് 23ന് യൂസഫ്ഹാജി എന്ന മറ്റൊരു മധ്യവയസ്‌കനെ അര്‍ദ്ധരാത്രി വീട്ടില്‍ കയറി വെട്ടിക്കൊന്നത്. വാതില് വെട്ടിപ്പിളര്‍ന്ന് അകത്ത് കടന്ന് കൊല നടത്തിയ സംഘം, വീട്ടിലുണ്ടായിരുന്ന 16 പവന്‍ സ്വര്‍ണവും കൈക്കലാക്കിയാണ് സ്ഥലം വിട്ടത്.

വേട്ടയാടിയ ഇരയെ പീഡിപ്പിച്ച് ഇഞ്ചിഞ്ചായി വധിക്കുന്ന സിപിഎം രീതി പിന്നീട്അരിയില്‍ ഷുക്കൂര്‍ വധത്തില്‍ സിപിഎം നടപ്പാക്കിയതും നാദാപുരത്തെ പകയില്‍ നിന്നാണ്.

എ കണാരന്‍ ആക്രമിക്കപ്പെട്ട സംഭവത്തോടനുബന്ധിച്ച് പഴിക്കുഴിപ്പുഴ എന്ന സ്ഥലത്ത് ബോംബേറില്‍ കൊല്ലപ്പെട്ട രണ്ട് മുസ്‌ലിം ചെറുപ്പക്കാരും കോണ്ഗ്രസ് പ്രവര്‍ത്തകരായിരുന്നു. കൈവേലിയിലെ പക്രന്‍, അബ്ദുല്ല, മുള്ളമ്പത്ത്‌പൊയില്‍ യൂസഫ്ഹാജി എന്നിവരും സിപിഎം കൊലക്കത്തിക്കിരയായി. കൊലപാതകങ്ങള്‍ ഒരുവശത്ത് ഭീകരത പരത്തുമ്പോള്‍ത്തന്നെ മറുവശത്ത് മുസ്‌ലിം വീടുകള്‍ തേടിപ്പിടിച്ച് നടത്തുന്ന കൊള്ളയും കൊള്ളിവെപ്പും മനുഷ്യമനസ്സക്ഷിയെ ഞെട്ടിപ്പിച്ചു.

സപ്തംബര് 20ന് വളയത്ത് കിഴക്കെയില് പോക്കറുടെ കട പട്ടാപ്പകലാണ് സ്ഥലം പഞ്ചായത്ത് പ്രസിഡന്റ് ബാലകൃഷ്ണന്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ കൊള്ളയടിച്ചത്. ഇവിടെ തന്നെയുള്ള ചെക്കോറ്റ് ആയിശുമ്മ എന്ന വിധവയും രണ്ടു മക്കളും താമസിക്കുന്ന വീട് അഗ്‌നിക്കിരായാക്കിയവര്‍, കുമ്മങ്കോട്ടെ ജനതാപാര്‍ട്ടി പ്രവര്‍ത്തകനായ കുഞ്ഞാലിയുടെയും കായക്കൊടിയിലെ ജനതാപാര്‍ട്ടിക്കാരനായ പോക്കര്, കുഞ്ഞിസൂപ്പി, കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മൊയ്തു എന്നിവരുടെ വീടുകളും കാര്‍ഷികവിഭവങ്ങളും പൂര്‍ണമായി തീവെച്ചുനശിപ്പിച്ചു. കുനിയില്‍ അബ്ദുള്ള ഹാജിയുടെ വീട് കൊള്ളയടിച്ച സിപിഎം പ്രവര്‍ത്തകര്‍ 70 പവന് സ്വര്ണ്ണാഭരണങ്ങള്‍ മോഷ്ടിച്ചു.

നാലു പഞ്ചായത്തുകളെ തോരാത്ത കണ്ണീരിലാഴ്ത്തിയ അക്രമങ്ങള്‍ അല്പകാലത്തെ ശമനത്തിനു ശേഷം 2002ല്‍ വീണ്ടും അരങ്ങു തകര്‍്ത്തു. നാലു മനുഷ്യ ജീവനുകളാണീ സംഭവത്തില്‍ പൊലിഞ്ഞുപോയത്. നിസ്സാരപ്രശ്‌നത്തിന്റെ പേരില്‍ ആരംഭിച്ച വഴക്ക് ചെക്കിയാട്ടെ മുസ്‌ലിം വീടുകള്‍ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നതിലേക്ക് നീങ്ങി. എണ്‍പതുകാരനായ മൊയ്തു ഹാജിയെ വീട്ടില്‍ക്കയറി വെട്ടിക്കൊന്ന സിപിഎം, നെല്ലിയാട് ഖാലീദ് (40) എന്ന ചെറുപ്പക്കാരനെയുംകൊലക്കത്തിക്കിരയാക്കി. കുഞ്ഞിപ്പറമ്പത്ത് ആലിഹാജിയെ വെട്ടിക്കൊന്നവര്‍ വീട്ടിലെ 30 പവന്‍ സ്വര്‍ണും കൈക്കലാക്കാന്‍ മറന്നില്ല. തെരുവംപറമ്പില്‍ നൂറിലേറെ മുസ്‌ലിം വീടുകളാണ് മാര്‍ക്‌സിസ്റ്റുകാര്‍ കൊള്ളചെയ്തത്.

പിന്നീടങ്ങോട്ട് പ്രദേശത്ത് മാര്‍ക്‌സിസ്റ്റു പാര്‍ട്ടി കൊലപാതക രാഷ്ട്രീയത്തില്‍ നിന്ന് കൊള്ളയടി രാഷ്ട്രീയത്തിലേക്ക്മാറി. ബിനുവിന്റെ കൊലപാതകത്തിനു പകരമായി വളയത്തു നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ ചാലിയാട്ട് പൊയിലിലെ എട്ടു മുസ്‌ലിം കുടുംബങ്ങളെ അക്രമിക്കുകയും അവിടെ നിന്ന് അവരെ ആട്ടോടിക്കുകയും ചെയ്തു. മുസ്‌ലിംകള്‍ ഇട്ടെറിഞ്ഞ് പോയതെല്ലാം പിന്നീട് പാര്‍ട്ടിക്കാര്‍ കയ്യടക്കി. അതിന്നും തുടരുന്നു.

2015 ജനുവരിയില്‍ തൂണേരിയില്‍ ഷിബിന്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് പ്രദേശത്തെ 85 മുസ്‌ലിം വീടുകളാണ് മാര്‍ക്‌സിസ്റ്റുകാര്‍ തകര്‍ത്തത്. 20 കോടിയോളംരൂപയുടെ നാശനഷ്ടം. തൂണേരിയില്‍ കൊല്ലപ്പെട്ട മാര്‍ക്‌സിസ്റ്റുകാന്റെ കുടുംബത്തിന് അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ ചരിത്രത്തിലെ ഏറ്റവും കൂടിയ, 25 ലക്ഷം നഷ്ടപരിഹാരം നല്‍കി. എന്നാല്‍, ഷിബിന്‍ കേസില്‍ കോടതി വെറുതെ വിടുകയും പിന്നീട് മാര്‍ക്‌സിസ്റ്റുകാര്‍ വധശിക്ഷ വിധിക്കുകയും ചെയ്ത അസ്‌ലമിന്റഎ കുടുംബത്തിന് സര്‍ക്കാര്‍ ആ വകയില്‍ നയാ പൈസ നല്‍കിയില്ല.

കെപി കുഞ്ഞമ്മദ് കുട്ടിയെ ഒതുക്കാനാണ് കുറ്റിയാടി സീറ്റ് മണ്ഡലത്തില്‍ നാലാള്‍ തികച്ചില്ലാത്ത മാണി കോണ്‍ഗ്രസിന് സിപിഎം ദാനം ചെയ്തതെന്നത് ഇതിനകം സ്ഥിരീകരിക്കപ്പെട്ടു കഴിഞ്ഞു. പിന്നാലെയാണ് കുഞ്ഞമ്മദ് കുട്ടിക്കു വേണ്ടി നടന്ന പ്രതിഷേധങ്ങളെ 'മാപ്പിള'വിരുദ്ധ ഒറ്റമൂലിയില്‍ പാര്‍ട്ടി ശമിപ്പിച്ചു എന്ന സൂചനകളും പുറത്തു വരുന്നത്. പിണറായി അടക്കമുള്ള നേതാക്കള്‍ കുറ്റിയാടിയിലെത്തുമെന്നാണ് വാര്‍ത്തകള്‍.

Next Story

RELATED STORIES

Share it