Big stories

ഓരോ സിഗററ്റും പുരുഷന്റെ ജീവിതത്തില്‍ നിന്ന് 17 മിനിട്ട് കവരും; സ്ത്രീകളുടെ 22 മിനിട്ടും

ഓരോ സിഗററ്റും പുരുഷന്റെ ജീവിതത്തില്‍ നിന്ന് 17 മിനിട്ട് കവരും; സ്ത്രീകളുടെ 22 മിനിട്ടും
X

ലണ്ടന്‍: പുകവലിയുടെ ക്രൂരമായ ദൂഷ്യഫലങ്ങള്‍ വ്യക്തമാക്കി പുതിയപഠനം. ഓരോ സിഗററ്റും പുരുഷന്റെ ആയുര്‍ദൈര്‍ഘ്യത്തില്‍ നിന്ന് 17 മിനിട്ടും സ്ത്രീകളുടെ 22 മിനിട്ടും കവരുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നല്ല ആരോഗ്യമുള്ള മധ്യവയസിലെ സമയമാണ് സിഗററ്റ് കുറയ്ക്കുകയെന്നും വാര്‍ധക്യക്കാലത്തെ സമയമല്ല പോവുകയെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളജിലെ ഗവേഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്.

20 സിഗററ്റ് അടങ്ങിയ ഒരു പാക്കറ്റ് സിഗററ്റ് വലിക്കുന്നയാളുടെ ആയുര്‍ദൈര്‍ഘ്യത്തില്‍ നിന്നും ദിവസം ഏഴു മണിക്കൂറാണ് കുറയുക. നമ്മുടെ നാട്ടില്‍ ലഭിക്കുന്ന പത്ത് സിഗററ്റ് അടങ്ങിയ പാക്കറ്റാണെങ്കില്‍ മൂന്നര മണിക്കൂര്‍ നഷ്ടപ്പെടും. ഒരാഴ്ച്ച വലിക്കാതിരുന്നാല്‍ ഒരു ദിവസം കിട്ടും. 60 വയസ് പ്രായമുള്ള സ്ഥിരം വലിക്കാരന് വലിക്കാത്ത 70 വയസുള്ള വ്യക്തിയുടെ ആരോഗ്യമേയുണ്ടാവൂ.

'' സിഗററ്റിന്റെ ദൂഷ്യഫലത്തെ കുറിച്ച് ജനങ്ങള്‍ക്ക് അറിയാം. പക്ഷേ, അതിന്റെ ഗൗരവം എത്രയാണെന്ന് അറിയില്ല. സിഗററ്റ് നിര്‍ത്താതെ വലിക്കുന്നവര്‍ക്ക് ആരോഗ്യമുള്ള പത്തുവര്‍ഷമാണ് നഷ്ടപ്പെടുക. കുടുംബത്തിനും മക്കള്‍ക്കുമൊപ്പം ബന്ധുക്കള്‍ക്കുമൊപ്പം സന്തോഷിച്ച് ജീവിക്കേണ്ട സമയമാണ് നഷ്ടപ്പെടുക. -പഠനത്തില്‍ പങ്കെടുത്ത ഡോ. സാറാ ജാക്ക്‌സണ്‍ പറഞ്ഞു.

ജനുവരി ഒന്നിന് സിഗററ്റ് വലി നിര്‍ത്തുന്ന ഒരാള്‍ക്ക് ഫെബ്രുവരി 20 ആവുമ്പോഴേക്കും ഒരാഴ്ച ആയുര്‍ദൈര്‍ഘ്യം കൂടുതലായി ലഭിക്കും. വര്‍ഷാവസാനം വരെ വലി നിര്‍ത്തുന്നയാളുടെ ആയുര്‍ദൈര്‍ഘ്യം 50 ദിവസവും കൂടും.പുകവലിയുടെ ദൂഷ്യഫലങ്ങള്‍ ഇല്ലാതാക്കാന്‍ വലി പൂര്‍ണമായും നിര്‍ത്തണമെന്നാണ് ഗവേഷകര്‍ പറയുന്നത്. ആരോഗ്യകരമായ തോതില്‍ വലിക്കാവുന്ന ഒരു അളവ് ഇല്ല. ദിവസം ഒരെണ്ണമെന്നോ മറ്റോ പറയാവുന്ന സുരക്ഷിതമായ പുകവലികളില്ല. ദിവസം ഒരു സിഗററ്റ് വലിക്കുന്നവര്‍ക്ക് പോലും ഹൃദ്രോഗവും പക്ഷാഘാതവും വരാനുള്ള സാധ്യത വലിക്കാത്തവരേക്കാളും 50 ശതമാനം കൂടുതലാണ്.

ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യപ്രശ്‌നമാണ് പുകയില ഉപയോഗമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഒാരോ വര്‍ഷവും 80 ലക്ഷം പേരാണ് പുകയിലയുടെ ഉപയോഗം മൂലം മരിക്കുന്നത്. 13 ലക്ഷം പേര്‍ പുകയും മറ്റും തട്ടി രോഗികളാവുന്നു.

Next Story

RELATED STORIES

Share it