Big stories

ലക്ഷദ്വീപില്‍ കശ്മീര്‍ ആവര്‍ത്തിക്കാനുള്ള ബിജെപി അജണ്ടയെ ചെറുക്കണം: എസ്ഡിപിഐ

ലക്ഷദ്വീപില്‍ കശ്മീര്‍ ആവര്‍ത്തിക്കാനുള്ള ബിജെപി അജണ്ടയെ ചെറുക്കണം: എസ്ഡിപിഐ
X

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള സമാധാനപരമായ ദ്വീപ് സമൂഹങ്ങളെ മറ്റൊരു കശ്മീര്‍ ആക്കി മാറ്റാനുള്ള ബി.ജെ.പി അജണ്ടയെ ചെറുത്തുതോല്‍പ്പിക്കണമെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. ഹിന്ദുത്വ പ്രത്യയശാസ്ത്ര അടിത്തറയിലുള്ള കേന്ദ്രസര്‍ക്കാരും അവരുടെ പാവയായ ദ്വീപുകളിലെ അഡ്മിനിസ്‌ട്രേറ്ററും അടുത്തിടെ സ്വീകരിച്ച നടപടികള്‍ 96 ശതമാനത്തിലധികം മുസ്‌ലിംകള്‍ വസിക്കുന്ന ദ്വീപുകളുടെ സാംസ്‌കാരിക സ്വത്വത്തെ ദുര്‍ബലപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്നും ഇത് അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.

മദ്യ നിയന്ത്രണം ഇല്ലാതാക്കി മദ്യപാനത്തിന് അനുമതി നല്‍കുക, ഗുണ്ടാ അക്ട് നടപ്പിലാക്കുക, ലക്ഷദ്വീപിലേക്ക് ചരക്ക്് ഗതാഗതത്തിനുള്ള പോര്‍ട്ട് കേരളത്തിലെ ബേപ്പൂരില്‍ നിന്ന് കര്‍ണാടകയിലെ മംഗലാപുരത്തേക്ക് മാറ്റുക, ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന താല്‍ക്കാലിക ജീവനക്കാരെയും സ്‌കൂളുകളിലെ പാചക തൊഴിലാളികളെയും പിരിച്ചുവിടുക, കശാപ്പ് നിരോധിക്കുക തുടങ്ങിയ ദ്വീപിന്റെ നാശത്തിന് തന്നെ ഇടയാക്കുന്ന നടപടികളാണ് അധികൃതര്‍ അവിടെ നടപ്പാക്കുന്നത്.

മദ്യനിരോധനം നിലനില്‍ക്കുന്ന പ്രദേശമാണ് ലക്ഷദ്വീപ്. ഈ വിലക്ക് ഇളവ് നല്‍കി ദ്വീപില്‍ മദ്യപാനം പ്രോത്സാഹിപ്പിക്കുന്നതിനായി അധികാരികള്‍ വാതില്‍ തുറക്കുന്നു.

ക്രിമിനല്‍ പ്രവര്‍ത്തനങ്ങളൊന്നും ദ്വീപുകളില്‍ ഇല്ലെന്നത് വളരെ പ്രസിദ്ധമാണ്. അവിടെ വിചാരണ കൂടാതെ പ്രതികളെ ഒരു വര്‍ഷം വരെ കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ അധികാരികളെ അനുവദിക്കുന്ന ഗുണ്ട ആക്റ്റ് അവതരിപ്പിക്കാനുള്ള പദ്ധതി സിഎഎ വിരുദ്ധ പ്രതിഷേധത്തില്‍ പങ്കെടുത്ത മുസ്്‌ലിംകളെ ലക്ഷ്യമിട്ടാണ്. ഫാഷിസ്റ്റുകളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളോട് വിയോജിക്കുന്നവരെ ഭയപ്പെടുത്താനും നിശബ്ദരാക്കാനും ഇതുവഴി സാധിക്കും.

കേരളവും കേരള തീരവുമായി ലക്ഷദ്വീപിന്റെ ബന്ധത്തിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. ലക്ഷദ്വീപിലേക്കും പ്രധാന ഭൂപ്രദേശങ്ങളിലേക്കും യാത്രാ ചരക്ക് ഗതാഗതം പണ്ടുമുതലേ കേരളത്തിലെ ബേപ്പൂരിലെ തുറമുഖത്തു നിന്നുമാണ് നടക്കുന്നത്. കേരളവുമായുള്ള ദ്വീപ് വാസികളുടെ ഈ ബന്ധം തകര്‍ക്കാനും ഗുജറാത്ത് ആസ്ഥാനമായുള്ള ചരക്ക് കമ്പനികളെ സഹായിക്കാനുമാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ലക്ഷദ്വീപിലേക്കുള്ള ചരക്ക് ഗതാഗത തുറമുഖം ബേപ്പൂരില്‍ നിന്ന് ബിജെപി സംസ്ഥാനം ഭരിക്കുന്ന കര്‍ണാടകയിലെ മംഗലാപുരത്തേക്ക് മാറ്റാനാണ് ശ്രമിക്കുന്നത്. ദ്വീപുകളില്‍ തൊഴിലില്ലായ്മയും അശാന്തിയും സൃഷ്ടിക്കുക, തുടര്‍ന്നുള്ള സാഹചര്യത്തെ രാഷ്ട്രീയമായി ചൂഷണം ചെയ്യുക എന്നിവയാണ് താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കത്തിന്റെ ഉദ്ദേശ്യം. പശു ആരാധകരില്ലാത്ത സ്ഥലങ്ങളില്‍ പശു കശാപ്പ് നിരോധിക്കുന്നത് ജനങ്ങളെ പ്രകോപിപ്പിക്കാനുള്ള ശ്രമമാണ്.

നൂറ്റാണ്ടുകളായി കേള്‍ക്കാത്ത ഈ നീക്കങ്ങളെല്ലാം രാജ്യത്തെ മുസ്‌ലിം സമുദായത്തെ അപമാനിക്കുകയും അന്യവല്‍ക്കരിക്കുകയും ചെയ്യുക എന്ന ആര്‍എസ്എസ് അജണ്ടയുടെ ഭാഗമാണ്. മുസ്‌ലിം ഭൂരിപക്ഷമുള്ള കശ്മീര്‍ പൂര്‍ണമായും നശിപ്പിച്ചതിനുശേഷം മുസ്‌ലിം ഭൂരിപക്ഷ ലക്ഷദ്വീപിനെ അടുത്ത ലക്ഷ്യമായി തിരഞ്ഞെടുക്കുന്നതില്‍ അതിശയിക്കാനില്ല. താരതമ്യേന ഉയര്‍ന്ന മുസ്‌ലിം ജനസംഖ്യയുള്ള സംസ്ഥാനമായ അസമില്‍ എന്‍ആര്‍സി നടപ്പാക്കുന്നതിലൂടെ മുസ്‌ലിംകളെ ഉപദ്രവിക്കാനും ഭീഷണിപ്പെടുത്താനും ലക്ഷ്യമിട്ടിരുന്നു.

ആര്‍എസ്എസ് നേതാവായിരുന്ന ഗോള്‍വാള്‍ക്കര്‍ വിഭാവനം ചെയ്തതുപോലെ, മറ്റ് മതവിശ്വാസങ്ങളില്ലാത്ത, പ്രാഥമികമായി ഇസ്‌ലാമില്ലാത്ത ഹിന്ദു രാഷ്ട്രം സ്ഥാപിക്കാനുള്ള അവരുടെ അജണ്ട ത്വരിതപ്പെടുത്തുന്നതിന് സംഘി സര്‍ക്കാര്‍ രാജ്യത്തിന്റെ മതേതര സ്വഭാവവും സാമുദായിക ഐക്യവും ആസൂത്രിതമായി നശിപ്പിക്കുകയാണ്.

ഫാഷിസത്തെ പരാജയപ്പെടുത്തുന്നതിന്, രാജ്യത്തെ സ്‌നേഹിക്കുന്നവരുടെയും നാളിതുവരെ രാജ്യത്ത് നിലനിന്ന നാനാത്വത്തില്‍ ഏകത്വം തുടരണം എന്ന് ആഗ്രഹിക്കുന്നവരുടെയും ശക്തവും ഉറച്ചതുമായ ചെറുത്തുനില്‍പ്പ് ഉണ്ടാവണമെന്നും എം കെ ഫൈസി പറഞ്ഞു.

Next Story

RELATED STORIES

Share it