Big stories

മഞ്ചക്കണ്ടി പോലിസ് വെടിവയ്പ്പിന് ഒരാണ്ട്; ഇടത് സര്‍ക്കാരിന് കീഴില്‍ മൂന്ന് മാവോവാദി വേട്ട; ഏഴ് കൊലപാതകങ്ങള്‍

കേരളത്തില്‍ ഇടതുമുന്നണി സര്‍ക്കാര്‍ ഇത്തവണ അധികാരത്തില്‍ വന്ന ശേഷം കാട്ടിനുള്ളില്‍ മൂന്നു മാവോവാദി ഏറ്റുമുട്ടലുകളിലായി ഏഴു പേരാണ് പോലിസിന്റെ വെടിയേറ്റു മരിച്ചത്. ഓരോ സംഭവത്തിന് ശേഷവും ഏറ്റുമുട്ടല്‍ വ്യാജമാണെന്ന ആരോപണം ഉയര്‍ന്നിരുന്നു.

മഞ്ചക്കണ്ടി പോലിസ് വെടിവയ്പ്പിന് ഒരാണ്ട്;  ഇടത് സര്‍ക്കാരിന് കീഴില്‍ മൂന്ന് മാവോവാദി വേട്ട; ഏഴ് കൊലപാതകങ്ങള്‍
X

കോഴിക്കോട്: അട്ടപ്പാടിയിലെ മഞ്ചക്കണ്ടിയില്‍ ഒരു സ്ത്രീയടക്കം നാല് മാവോവാദികളെ പോലിസ് വെടിവയ്ച്ച് കൊന്ന സംഭവം കഴിഞ്ഞിട്ട് ഇന്നേക്ക് ഒരാണ്ട് തികയുന്നു. 2019 ഒക്‌ടോബര്‍ 28, 29 തീയതികളിലാണ് തണ്ടര്‍ബോള്‍ട്ട് മഞ്ചക്കണ്ടിയില്‍ മാവോവാദികളെ വെടിവച്ച് കൊന്നത്. തമിഴ്‌നാട് സ്വദേശികളായ രമ, അരവിന്ദ്, കാര്‍ത്തി, മണിവാസകം എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ കീഴടങ്ങാന്‍ തീരുമാനിച്ചിരുന്നവരാണെന്നും കൊലപാതകം അനാവശ്യമായിരുന്നുവെന്നും മഞ്ചക്കണ്ടി ഊരിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

ഏറ്റുമുട്ടല്‍ കൊലയാണെന്ന് പോലിസും സര്‍ക്കാര്‍ വൃത്തങ്ങളും അവകാശപ്പെട്ടെങ്കിലും പിണറായി സര്‍ക്കാരിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നു. കേരള ഹൈക്കോടതിയും മനുഷ്യവകാശ കമ്മീഷനും എല്‍ഡിഎഫിലെ മുഖ്യ ഘടകകക്ഷിയായ സിപിഐയും സര്‍ക്കാരിനെതിരേ രംഗത്ത് വന്നു.

പാലക്കാട് അട്ടപാടിക്ക് സമീപം മഞ്ചക്കണ്ടിയില്‍ ഉള്‍വനത്തിലുണ്ടായ ഏറ്റുമുട്ടലില്‍ അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത് സര്‍ക്കാരിന് തിരിച്ചടിയായി. ഏറ്റുമുട്ടലില്‍ പോലിസുകാരുടെ പങ്ക് അന്വേഷിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. ക്രൈംബ്രാഞ്ചിന് തന്നെയായിരുന്നു അന്വേഷണ ചുമതല. അന്വേഷണം തൃപ്തികരമല്ലെങ്കില്‍ ബന്ധുക്കള്‍ക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

മഞ്ചക്കണ്ടിയില്‍ പോലിസ് ഉപയോഗിച്ച തോക്കുകള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പിടിച്ചെടുക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. മഞ്ചക്കണ്ടിയിലേത് വ്യാജ ഏറ്റ്മുട്ടല്‍ കൊലയാണെന്ന് ബന്ധുക്കളും വസ്തുതാന്വേഷണ സംഘവും ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് ബന്ധുക്കളുടെ ഹരജിയിലാണ് ഹൈക്കോടതി നടപടി. പോലിസ് ഉപയോഗിച്ച ആയുധങ്ങള്‍ ഫോറന്‍സിക്ക് ബാലസ്റ്റിക്ക് പരിശോധനക്ക് അയക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാനും ഹൈക്കോടതി ഉത്തരവിട്ടു.

കുടാതെ, കൊല്ലപ്പെട്ടവരുടെ രണ്ട് കൈകളിലേയും എല്ലാ വിരലുകളുടേയും ഫിംഗര്‍ പ്രിന്റുകള്‍ ശേഖരിക്കാനും കോടതി നിര്‍ദേശം നല്‍കി.

ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരേ തുടക്കം മുതല്‍ തന്നെ വ്യാപക ആരോപണം ഉയര്‍ന്നിരുന്നു. ഇതിനിടെ ക്രൈംബ്രാഞ്ചിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. ഡിവൈഎസ്പി ഫിറോസിനെയാണ് മാറ്റിയത്. പകരം ഡിവൈഎസ്പി പി ഉല്ലാസിനെ നിയമിച്ചു. രണ്ടാംദിവസം ഉണ്ടായ ഏറ്റുമുട്ടലില്‍ ഫിറോസും സംഘത്തില്‍ ഉണ്ടായിരുന്നു. ഏറ്റുമുട്ടലിന് സാക്ഷിയായ ഉദ്യോഗസ്ഥന്‍ തന്നെ കേസ് അന്വേഷിക്കുന്നത് ഉചിതമല്ല. അന്വേഷണം സുതാര്യമാക്കാനാണ് നടപടിയെന്ന് ക്രൈംബ്രാഞ്ച് അധികൃതര്‍ അറിയിച്ചു.

പോലിസ് നടപടിക്കെതിരേ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും രംഗത്തെത്തിയത് സര്‍ക്കാരിന് തിരിച്ചടിയായി. മാവോയിസ്റ്റാണെന്ന സംശയത്തില്‍ നാലു പേരുടെ ജീവന്‍ കവരാനുള്ള അധികാരം പോലിസിനില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അഭിപ്രായപ്പെട്ടു. മനുഷ്യത്വരഹിതമായ ഇത്തരമൊരു പ്രവൃത്തി നിര്‍വഹിക്കാന്‍ കോടതി പോലിസിന് അധികാരം നല്‍കിയിട്ടുമില്ല. അതേ സമയം സ്വയം പ്രതിരോധിക്കാന്‍ ഒരാള്‍ക്ക് അവകാശമുണ്ട്'. അട്ടപ്പാടിയില്‍ അത്തരമൊരു സാഹചര്യം ഉണ്ടായതായി കാണുന്നില്ലെന്ന് കമ്മീഷന്‍ പറഞ്ഞു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസ് എടുത്തിരുന്നു.

ഒരു സ്ത്രീ ഉള്‍പ്പെടെ നാലു പേരെ കണ്ട മാത്രയില്‍ വെടിവയ്ക്കാനുള്ള പ്രകോപനം എന്താണെന്ന് ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ ഇതുവരെ വിശദീകരിച്ചിട്ടില്ലെന്ന് കമ്മീഷന്‍ പറഞ്ഞു.

രാജ്യത്തുള്ള പൗരന്‍മാര്‍ക്കെല്ലാം ജീവിക്കാനുളള അവകാശം പ്രദാനം ചെയ്തിരിക്കുന്നത് ഇന്ത്യന്‍ ഭരണഘടനയാണ്. പൊലീസ് ഉള്‍പ്പെടെ ആര്‍ക്കും ആ അവകാശം കവര്‍ന്നെടുക്കാനുള്ള അധികാരമില്ല. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 21 പോലിസ് ഉള്‍പ്പെടെയുള്ള ആരുടെയും ബാഹ്യ ഇടപെടല്‍ കൂടാതെ മാന്യമായി ജീവിക്കാനുള്ള അവകാശം ഓരോ പൗരനും വാഗ്ദാനം ചെയ്യുന്നുണ്ട്. നിയമത്തിന്റെ ഇടപെടലിലൂടെ മാത്രമേ ഇതില്‍ ബാഹ്യ ഇടപെടല്‍ കഴിയുകയുള്ളുവെന്നും കമ്മീഷന്‍ വ്യക്തമാക്കി.

മഞ്ചക്കണ്ടി സംഭവത്തില്‍ കേരള പോലിസിനെതിരേ ഗുരുതര ആരോപണങ്ങളുമായി എല്‍ഡിഎഫിലെ മുഖ്യ ഘടകകക്ഷിയായ സിപിഐയും രംഗത്തെത്തി. മഞ്ചക്കണ്ടിയില്‍ നടന്നത് തണ്ടര്‍ബോള്‍ട്ടിന്റെ ഏകപക്ഷീയ ആക്രമണമാണെന്നും ഏറ്റുമുട്ടല്‍ വ്യാജമാണെന്നും സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു ആരോപിച്ചു. അട്ടപ്പാടിയിവെ മാവോവാദി വേട്ട വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണങ്ങളെത്തുടര്‍ന്ന് സിപിഐ സംഘം സ്ഥലത്ത് സന്ദര്‍ശനം നടത്തിയിരുന്നു. ഇതിനുശേഷം തിരുവനന്തപുത്ത് മാധ്യമങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു പ്രകാശ് ബാബു. ഏറ്റുമുട്ടല്‍ പോലിസിന്റെ സൃഷ്ടിയാണ്. മഞ്ചക്കണ്ടിയില്‍ ഏറ്റുമുട്ടല്‍ നടന്നുവെന്ന് പറഞ്ഞത് തെറ്റാണെന്ന് തങ്ങള്‍ അവിടെ പോയപ്പോള്‍ ബോധ്യമായി.

അവിടുത്തെ ഊര് മൂപ്പനുമായും ആദിവാസികളുമായും ഞങ്ങള്‍ സംസാരിച്ചു. അവിടെ കാണുന്ന ഷെഡ്ഡ് മൂന്നോ നാലോ ദിവസത്തിന് മുമ്പ് പോലിസ് നിര്‍മിച്ചതാണ്. മാവോവാദികള്‍ ഉപയോഗിച്ച് വരുന്ന ഷെഡ്ഡാണിതെന്നാണ് പോലിസ് പറഞ്ഞത്. ആഹാരം കഴിച്ചുകൊണ്ടിരിക്കെ മാവോവാദികളെ പോലിസ് വെടിവച്ചുകൊല്ലുകയായിരുന്നുവെന്നാണ് ഞങ്ങള്‍ക്കവിടെ സന്ദര്‍ശിച്ചപ്പോള്‍ ബോധ്യപ്പെട്ടത്. അത്തരമൊരു ഏറ്റുമുട്ടല്‍ നടന്നതിന്റെ യാതൊരു സാഹചര്യവുമില്ല. ആരും ഇത് വിശ്വസിക്കില്ല. തണ്ടര്‍ബോള്‍ട്ട് മാവോവാദികള്‍ക്കുനേരേ ഏകപക്ഷീയമായി വെടിവയ്ക്കുകയായിരുന്നു. ഏറ്റുമുട്ടല്‍ നടന്നതിന് തെളിവായി പോലിസ് പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങള്‍ വ്യാജമാണ്. വെടിവയ്പ്പ് നടക്കുന്ന സമയത്ത് എല്ലാവരും കമിഴ്ന്ന് കിടക്കുകയാണ് ചെയ്യാറുള്ളത്. ആ സമയത്ത് ആരാണ് നിന്ന് വീഡിയോ പകര്‍ത്തിയതെന്ന് വ്യക്തമാക്കണം. കെ പ്രകാശ് ബാബു ചോദിച്ചു.

കേരളത്തില്‍ ഇടതുമുന്നണി സര്‍ക്കാര്‍ ഇത്തവണ അധികാരത്തില്‍ വന്ന ശേഷം കാട്ടിനുള്ളില്‍ മൂന്നു മാവോവാദി ഏറ്റുമുട്ടലുകളിലായി ഏഴു പേരാണ് പോലിസിന്റെ വെടിയേറ്റു മരിച്ചത്. ഓരോ സംഭവത്തിന് ശേഷവും ഏറ്റുമുട്ടല്‍ വ്യാജമാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ കരുളായിയില്‍ മാവോവാദികളായ കുപ്പു ദേവരാജനും അജിതയും കൊല്ലപ്പെടുന്നത് 2016 നവംബര്‍ അവസാന വാരത്തില്‍. ഇരുവരുടെയും ദേഹത്തുനിന്ന് 19 വെടിയുണ്ടകള്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെടുത്തു. അപ്പോള്‍ തന്നെ വ്യാജ ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് ചൂണ്ടിക്കാട്ടി കുടുംബാംഗങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തെത്തി. എന്നാല്‍, നിലമ്പൂര്‍ ഏറ്റുമുട്ടല്‍ വ്യാജമല്ലെന്നാണ് ഇതെക്കുറിച്ച് അന്വേഷിച്ച ശേഷം അന്നത്തെ മലപ്പുറം ജില്ല കലക്ടര്‍ അമിത് മീണ റിപ്പോര്‍ട്ട് നല്‍കിയത്.

വൈത്തിരിയില്‍ സി പി ജലീല്‍ കൊല്ലപ്പെട്ടതും വ്യാജ ഏറ്റുമുട്ടലിലാണെന്ന് ഉറപ്പിക്കാവുന്ന ഔദ്യോഗിക അന്വേഷണ തെളിവുകള്‍ തന്നെ പുറത്ത് വന്നു. പിണറായി സര്‍ക്കാര്‍ ഭരണത്തിലേറിയ ശേഷം മാവോവാദികളെ നിരന്തരം വേട്ടയാടിയിട്ടും വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ നടന്നിട്ടും ശക്തമായ പ്രതിഷേധം പോലും ഉയര്‍ന്നുവന്നിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

Next Story

RELATED STORIES

Share it