Big stories

'കുട്ടികളുടെ വിവാഹം ഉറപ്പിക്കുന്നത് നിയമവിരുദ്ധമാക്കണം': സുപ്രിംകോടതി

പ്രായപൂര്‍ത്തിയാവാത്തവരുടെ വിവാഹം ഉറപ്പിക്കുന്നത് അവകാശ ലംഘനമാണെന്നും സുപ്രിംകോടതി

കുട്ടികളുടെ വിവാഹം ഉറപ്പിക്കുന്നത് നിയമവിരുദ്ധമാക്കണം: സുപ്രിംകോടതി
X

ന്യൂഡല്‍ഹി: പതിനെട്ട് വയസിന് താഴെയുള്ള കുട്ടികളുടെ വിവാഹം ഉറപ്പിക്കുന്നത് നിയമവിരുദ്ധമാക്കണമെന്ന് സുപ്രിംകോടതി. ഇത്തരം വിവാഹമുറപ്പിക്കലുകള്‍ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനും സ്വന്തം താല്‍പര്യം സംരക്ഷിക്കാനുമുള്ള അവകാശം ഹനിക്കുന്നതാണെന്നും ചീഫ്ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ബാലവിവാഹം നിരോധിക്കുന്ന നിയമത്തിന്റെ പരിധിയില്‍ വിവാഹം ഉറപ്പിക്കലുകള്‍ കൂടി ഉള്‍പ്പെടുത്താനാണ് കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പുതിയ നിയമം വരുന്നത് ബാലവിവാഹത്തിന്റെ ഉത്തരവാദികളെ കണ്ടെത്താന്‍ സഹായിക്കുമെന്നും കോടതി വ്യക്തമാക്കി.

സൊസൈറ്റി ഫോര്‍ എന്‍ലൈറ്റ്‌മെന്റ് ആന്‍ഡ് വളണ്ടറി ആക്ഷന്‍ എന്ന സംഘടനയാണ് 2017ല്‍ ഹരജി നല്‍കിയത്. ബാലവിവാഹ നിരോധന നിയമം കര്‍ശനമായി നടപ്പാക്കുന്നില്ലെന്നായിരുന്നു ആരോപണം. കുട്ടികളുടെ വിവാഹമുറപ്പിക്കല്‍ തടയണമെന്ന് സ്ത്രീകള്‍ക്കെതിരായ വിവേചനം ഒഴിവാക്കണമെന്ന ആഗോള ഉടമ്പടിയില്‍ ശുപാര്‍ശയുണ്ടെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ഈ ഉടമ്പടിയില്‍ ഇന്ത്യ ഒപ്പിട്ടുണ്ട്. അതിനാല്‍ നിയമം കൊണ്ടുവരാന്‍ തടസമില്ല. ബാലവിവാഹങ്ങളില്‍ കേസുകള്‍ എടുത്ത് നിയമനടപടി സ്വീകരിക്കുന്നതു കൊണ്ട് മാത്രം ഗുണമില്ലെന്നും കോടതി പറഞ്ഞു.

''വളരെ ചെറുപ്പത്തില്‍ തന്നെ വിവാഹം കഴിക്കേണ്ടി വരുന്ന പെണ്‍കുട്ടികള്‍ക്ക് കുട്ടിക്കാലം മാത്രമല്ല നഷ്ടമാവുന്നത്. സ്വന്തം കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പിന്തുണ നല്‍കുന്നവരില്‍ നിന്നും അവര്‍ മാറി നില്‍ക്കേണ്ടി വരുന്നു. നേരത്തെ വിവാഹം കഴിക്കുന്ന ആണ്‍കുട്ടികളുടെ ചുമലില്‍ വലിയ ഉത്തരവാദിത്തങ്ങളാണ് വരുന്നത്. അവര്‍ കുടുംബത്തിന്റെ കാര്യങ്ങള്‍ നോക്കേണ്ടി വരുന്നു. സമൂഹത്തിലെ ആണ്‍കോയ്മ വിവാഹബന്ധത്തിലെ ഓരോ പങ്കാളികളെയും പ്രത്യേക ചുമതലകള്‍ ഏല്‍പ്പിക്കുന്നു. ബാലവിവാഹം ഇത്തരത്തില്‍ രണ്ടു വിഭാഗങ്ങളെയും പ്രതികൂലമായി ബാധിക്കുന്നു.''- കോടതി പറഞ്ഞു.

ചാരിത്ര്യവും കന്യകാത്വവും സംരക്ഷിക്കാന്‍ സ്ത്രീകളെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നത് ശരീരത്തിനു മേലുള്ള സ്ത്രീകളുടെ അവകാശങ്ങളുടെ കടന്നാക്രമണമാണ്. വിവാഹത്തിന് ശേഷം പെണ്‍കുട്ടികള്‍ പ്രസവിച്ച് തന്റെ ഉല്‍പ്പാദന ക്ഷമത തെളിയിക്കണം എന്നാണ് പറയുന്നത്. സ്വന്തം ശരീരത്തിന് മേലുള്ള സ്ത്രീകളുടെ അവകാശം കുടുംബത്തിന് കൈമാറുകയാണ് ഇതിലൂടെ സംഭവിക്കുന്നതെന്നും കോടതി ആരോപിച്ചു.

'' കേസുകള്‍ എടുക്കേണ്ടെന്നല്ല പറയുന്നത്. പക്ഷെ, കേസുകളുടെ എണ്ണം കൂടുന്നത് കൊണ്ട് മാത്രം ഗുണമില്ല, ബാല വിവാഹം തടയാന്‍ വേണ്ട നടപടികളും ആവശ്യമാണ്.... സമൂഹമാണ് ഇതില്‍ മുന്‍കൈ എടുക്കേണ്ടത്. കുടുംബങ്ങളെയും സമൂഹങ്ങളെയും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഗൗരവവും നാം പരിശോധിക്കണം.''- കോടതി വിശദീകരിച്ചു.

Next Story

RELATED STORIES

Share it