Big stories

മോദിയോട് മുഖംതിരിച്ച് ഇന്ത്യ;'മന്‍ കി ബാത്ത്' കേട്ടത് 22.6 ശതമാനം പേര്‍

ശ്രോതാക്കള്‍ കുത്തനെ കുറഞ്ഞെന്ന് ആകാശവാണി കണക്കുകള്‍

മോദിയോട് മുഖംതിരിച്ച് ഇന്ത്യ;മന്‍ കി ബാത്ത് കേട്ടത് 22.6 ശതമാനം പേര്‍
X
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ 'മന്‍ കി ബാത്തി'നോട് ഇന്ത്യന്‍ പൗരന്‍മാര്‍ മുഖം തിരിച്ചെന്ന് ഓള്‍ ഇന്ത്യ റേഡിയോ(എഐആര്‍-ആകാശവാണി) രേഖകള്‍. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്കുകള്‍ വിവരാവകാശ നിയമപ്രകാരം പുറത്തുവിട്ടപ്പോഴാണ്, ഏറെ കൊട്ടിഘോഷിച്ച റേഡിയോ സംഭാഷണം കേള്‍ക്കാന്‍ ആളുകള്‍ തീരെ കുറവായിരുന്നുവെന്നു വ്യക്തമായത്. ഹിന്ദിയിലും പ്രാദേശിക ഭാഷകളിലും പ്രക്ഷേപണം ചെയ്തിട്ടും ഗ്രാമങ്ങളിലും നഗരങ്ങളിലും മന്‍ കി ബാത്ത് കേട്ടവര്‍ ശരാശരി മാത്രമാണെന്നു ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിവരാവകാശ പ്രവര്‍ത്തകന്‍ യൂസുഫ് നഖ്‌വിക്കു ലഭിച്ച വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. സുപ്രധാന വിഷയങ്ങളുണ്ടാവുമ്പോള്‍ പോലും മാധ്യമങ്ങള്‍ക്കു മുന്നിലെത്താതെ, മാസാന്ത റേഡിയോ പരിപാടിയില്‍ നിലപാട് വ്യക്തമാക്കുന്നുവെന്ന് അഭിപ്രായപ്പെട്ട മോദി അനുകൂലികളെ പൂര്‍ണമായും നിരാശപ്പെടുത്തുന്നതാണ് ശ്രോതാക്കളുടെ കണക്ക്.

20 മിനുട്ട് ദൈര്‍ഘ്യമുള്ള പരിപാടി പ്രാദേശിക വകഭേദങ്ങളോടെ 2017 ജൂണ്‍ രണ്ടിനു ഛത്തീസ്ഗഢ്, ഹരിയാന, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ പ്രക്ഷേപണം ചെയ്തു. പിന്നീട് വ്യാപിപ്പിക്കാനാണ് ഉദ്ദേശിച്ചതെങ്കിലും ശ്രോതാക്കളുടെ എണ്ണം വളരെ കുറഞ്ഞു. 2015ല്‍ 30.82 ശതമാനം പേരാണ് മന്‍കി ബാത്ത് കേട്ടതെങ്കില്‍ 2016ല്‍ അത് 25.82 ആയി കുറഞ്ഞു. 2017ലാവട്ടെ പിന്നെയും കുറഞ്ഞ് വെറും 22.61 ശതമാനത്തിലേക്ക് കൂപ്പുകുത്തി. ഹിന്ദിയില്‍ പ്രക്ഷേപണം ചെയ്ത പരിപാടി നഗരങ്ങളിലാണു കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്നാല്‍ കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് ആരും തന്നെ മന്‍കി ബാത്ത് കേള്‍ക്കാനുണ്ടായിരുന്നില്ല. സ്വകാര്യ റേഡിയോ ദാതാക്കള്‍ കണക്ക് നല്‍കാന്‍ തയ്യാറായില്ലെങ്കിലും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ തലസ്ഥാനങ്ങളായ അഹ്മദാബാദ്(ഗുജറാത്ത്), നാഗ്പൂര്‍(മഹാരാഷ്ട്ര), ജയ്പൂര്‍(രാജസ്ഥാന്‍), റോതക്(ഹരിയാന), ഷിംല(ഹിമാചല്‍ പ്രദേശ്), ഭോപാല്‍(മധ്യപ്രദേശ്), ജമ്മു(ജമ്മു കശ്മീര്‍-ഈയിടെ ഭരണം നഷ്ടപ്പെട്ടു) എന്നിവിടങ്ങളില്‍ പോലും പരിപാടി പരാജയമായിരുന്നു. മാസാന്ത കണക്കെടുപ്പ് പ്രകാരം റേഡിയോ, എഫ്എം ശ്രോതാക്കള്‍ വെറും 20 മുതല്‍ 30 ശതമാനം വരെയാണ്. മാത്രമല്ല, രാജ്യത്തിന്റെ പല സ്ഥലങ്ങളിലും ശതമാനക്കണക്ക് രണ്ടക്കം പോലും കടന്നിട്ടുമില്ല. രാജ്യവ്യാപകമായി ഹിന്ദിയിലും പ്രാദേശിക ഭാഷകളിലും പ്രക്ഷേപണം ചെയ്തതില്‍ കൂടിയാല്‍ 25 ശതമാനം പേര്‍ മാത്രമാണ് ശ്രോതാക്കള്‍. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ മന്‍കി ബാത്ത് ഉണ്ടാവില്ലെന്നും മെയ് അവസാനവാരം തിരിച്ചുവരുമെന്നും ഇക്കഴിഞ്ഞ ഫെബ്രുവരി 25നു പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തിലെത്തുമെന്ന പ്രതീക്ഷ ജനിപ്പിച്ചാണ് അന്നു മോദി വിടവാങ്ങിയത്. എന്നാല്‍, മോദിയെ കേള്‍ക്കാള്‍ ഇന്ത്യക്കാര്‍ക്ക് താല്‍പര്യമില്ലെന്ന കണക്കുകള്‍ തൊട്ടുപിറകെയാണ് പുറത്തുവന്നത്. 2014 ഒക്ടോബര്‍ മൂന്നിനാണ് മന്‍കി ബാത്തിനു ഔദ്യോഗികമായി തുടക്കം കുറിച്ചത്. പ്രധാനമന്ത്രിയുടെ പ്രഭാഷണം രാജ്യത്താകെയുള്ള പാരന്‍മാരെ കേള്‍പ്പിക്കുകയെന്നതായിരുന്നു ലക്ഷ്യം. കറന്‍സി രഹിത ഇന്ത്യ, ഡിജിറ്റല്‍ നിക്ഷേപം, ജിഎസ്ടി, പരീക്ഷകള്‍, ടോയ്‌ലറ്റ് പ്രശ്‌നം തുടങ്ങിയ സുപ്രധാന വിഷയങ്ങളെല്ലാം റേഡിയോ വഴി പ്രക്ഷേപണം ചെയ്തിരുന്നു. ഇന്ത്യയിലെ ഗ്രാമീണ മേഖലകളില്‍ ടെലിവിഷന്‍ അത്ര സുപരിചിതമല്ലാത്തതിനാലാണ്, എല്ലാവരിലും നിലപാട് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ റേഡിയോയെ ഉപയോഗപ്പെടുത്തിയത്. ഇന്ത്യന്‍ ജനസംഖ്യയുടെ 90 ശതമാനം പേരിലും റേഡിയോ വഴി സന്ദേശമെത്തുമെന്നാണു കണക്കുകൂട്ടിയിരുന്നത്. 2017ല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍, 422 സ്‌റ്റേഷനുകളാണ് ഓള്‍ ഇന്ത്യ റേഡിയോയ്ക്ക് ഉണ്ടായിരുന്നത്. ഇതിനു പുറമെ സ്വകാര്യ എഫ്എം റേഡിയോ സ്റ്റേഷനുകള്‍ പുറമെയും. മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ സ്വകാര്യ എഫ്എം സ്റ്റേഷനുകള്‍ വഴിയും മന്‍കി ബാത്ത് പ്രക്ഷേപണം ചെയ്തിരുന്നു. എന്നിട്ടും ഒരിക്കല്‍ പോലും ലക്ഷ്യത്തിന്റെ പകുതി പ്രേക്ഷകരെ പോലും കേള്‍വിക്കാരായി ലഭിച്ചില്ല. പ്രധാനമായും നഗരകേന്ദ്രീകൃതമായവരെ ലക്ഷ്യം വച്ച് നടത്തിയ വിഷയങ്ങളില്‍ പോലും 10 ശതമാനം മുതല്‍ 20-25 ശതമാനം വരെയാണു ശ്രോതാക്കള്‍. ചിലപ്പോള്‍ ഇത് പൂജ്യത്തിലുമെത്തിയിരുന്നു.

2014 നവംബറില്‍ ദേശീയ ശരാശരി രേഖപ്പെടുത്തിയത് 29 ശതമാനമാണെങ്കില്‍ പിന്നീടത് 28.5 ശതമാനത്തിലേക്ക് കുറഞ്ഞു. അടുത്ത വര്‍ഷം അല്‍പം വൈവിധ്യങ്ങള്‍ നടപ്പാക്കിയപ്പോള്‍ ഗ്രാമീണര്‍ക്കിടയില്‍ ചെറിയ മാറ്റമുണ്ടായി. 31.9 ശതമാനത്തിലേക്ക് ശ്രോതാക്കളുടെ എണ്ണം കൂടി. ഫെബ്രുവരി മുതല്‍ ഡിസംബര്‍ വരെ ഓരോ മാസവും ശ്രോതാക്കളുടെ ശതമാനക്കണക്ക് ഈ വിധത്തിലാണ് ഏറ്റക്കുറച്ചിലുണ്ടായത്-30.5, 31.8, 28.5, 30.4, 31.9, 32, 32.5, 30.9, 27.9, 28.4. ഡിസംബറെത്തിയപ്പോള്‍ 28.4 ശതമാനമായി കുറഞ്ഞു. 2016ല്‍ വിശദമായി ശേഖരിച്ച കണക്കുകള്‍ പ്രകാരം വീണ്ടും കുറഞ്ഞു. ജനുവരിയില്‍ ശരാശരി 30 ശതമാനം ശ്രോതാക്കളുണ്ടായിരുന്നു. കണക്കുകള്‍ ശതമാനത്തില്‍: ഫെബ്രുവരി-29.3, മാര്‍ച്ച്-27.7, ഏപ്രില്‍-29.4, മെയ്-27.8, ജൂണ്‍-28.2, ജൂലൈ-24.5, ആഗസ്ത്-27.6, സപ്തംബര്‍-29.4, ഒക്ടോബര്‍ 23.8, നവംബര്‍-27.5, ഡിസംബര്‍-17.9. 2017ല്‍ ജനുവരി-27.9, ഫെബ്രുവരി-27.5, മാര്‍ച്ച്-24.8, ഏപ്രില്‍-28.8, മെയ്-27.9, ജൂണ്‍-26.6, ജൂലൈ-29.4, ആഗസ്ത്-29.1, സപ്തംബര്‍-27.9, ഒക്ടോബര്‍ 25.6, നവംബര്‍-27.8, ഡിസംബര്‍-25.5. ഈവര്‍ഷം ജനുവരിയില്‍ 27.5, ഫെബ്രുവരിയില്‍ 29.6, മാര്‍ച്ചില്‍ 28.8, ഏപ്രിലില്‍ 30.8 എന്നിങ്ങനെയാണ് രേഖപ്പെടുത്തിയ കണക്കുകള്‍.

എന്നാല്‍, ബിജെപിയും നരേന്ദ്രമോദിയും തങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ സര്‍ക്കാര്‍ സംവിധാനം വഴി ഇന്ത്യക്കാരിലെത്തിക്കാന്‍ പൊതുഖജനാവില്‍ നിന്ന് ചെലവിട്ട തുകയെ കുറിച്ച് വ്യക്തമായ കണക്കുകളൊന്നുമില്ല. പരിപാടിക്കു വേണ്ടി ചെലവായ തുകയെ കുറിച്ചുള്ള വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിനു അധികൃതര്‍ ഉത്തരം നല്‍കിയിട്ടില്ല. ഇതുവഴിയുണ്ടാവുന്ന വാണിജ്യ നേട്ടത്തെ കുറിച്ചും മിണ്ടാട്ടമില്ല. എന്നാല്‍, അനൗദ്യോഗിക കണക്കുകള്‍ പ്രകാരം മന്‍കി ബാത്ത് ഓള്‍ ഇന്ത്യ റേഡിയോയ്ക്ക് ഒരു സുപ്രധാന വരുമാനമാര്‍ഗമായിരുന്നു. സാധാരണയായി 10 സെക്കന്റിനു 500 രൂപ മുതല്‍ 1500 രൂപ വരെയാണ് ഓള്‍ ഇന്ത്യ റേഡിയോയുടെ പരസ്യനിരക്ക്. എന്നാല്‍ പ്രധാനമന്ത്രിയുടെ മന്‍കി ബാത്ത് പ്രഭാഷണത്തിനു 10 സെക്കന്റിനു രണ്ടു ലക്ഷത്തോളം രൂപയാണു പരസ്യചെലവ്. 2019 ജനുവരി 27നു മന്‍കി ബാത്തിന്റെ 52ാം ഭാഗമാണ് പ്രക്ഷേപണം ചെയ്തത്. 51ാമത്തെ പരിപാടിയില്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരത് പ്രഖ്യാപിച്ചതും രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതിയെത്തിച്ചെന്നും ഇന്ത്യന്‍ പൗരന്മാര്‍ ദാരിദ്ര്യത്തില്‍ നിന്ന് റെക്കോഡ് വേഗത്തില്‍ കരകയറുന്നതായി ലോക ഏജന്‍സികള്‍ അംഗീകരിക്കുന്നുവെന്നുമാണ് മോദി പറഞ്ഞത്. ശരവേഗത്തില്‍ നിഷേധാത്മക നിലപാട് പ്രചരിപ്പാക്കാനാവുന്ന പരിപാടിയില്‍ 130 കോടി ഇന്ത്യക്കാരില്‍ നല്ല സന്ദേശമെത്തിക്കാനാണ് കഴിഞ്ഞതെന്നും മോദി അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഇന്ത്യക്കാരില്‍ ബഹുഭൂരിഭാഗം പേരും മോദിയുടെ മന്‍കി ബാത്ത് കേള്‍ക്കാന്‍ താല്‍പര്യപ്പെട്ടിരുന്നില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.




Next Story

RELATED STORIES

Share it