Big stories

കന്യാസ്ത്രീക്ക് പീഡനം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ കുറ്റപത്രം സമര്‍പ്പിച്ചു

ഇന്ന് ഉച്ചയ്ക്കുശേഷം അന്വേഷണ ചുമതല വഹിക്കുന്ന വൈക്കം ഡിവൈഎസ്പി കെ സുഭാഷാണ് പാലാ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ജില്ലാ കോടതിയിലായിരിക്കും വിചാരണ നടക്കുക.

കന്യാസ്ത്രീക്ക് പീഡനം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ കുറ്റപത്രം സമര്‍പ്പിച്ചു
X

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പോലിസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഇന്ന് ഉച്ചയ്ക്കുശേഷം അന്വേഷണ ചുമതല വഹിക്കുന്ന വൈക്കം ഡിവൈഎസ്പി കെ സുഭാഷാണ് പാലാ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ജില്ലാ കോടതിയിലായിരിക്കും വിചാരണ നടക്കുക. ഫ്രാങ്കോ മുളയ്ക്കലിനെതിരേ അന്യായമായി തടഞ്ഞുവയ്ക്കല്‍, അധികാരദുര്‍വിനിയോഗം നടത്തി ലൈംഗികമായി പീഡിപ്പിച്ചു, പ്രകൃതിവിരുദ്ധ ലൈംഗികപീഡനം നടത്തി, ഭീഷണിപ്പെടുത്തല്‍, ഒരേ സ്ത്രീയെ സ്വാധീനമുപയോഗിച്ച് തുടര്‍ച്ചയായി ബലാല്‍സംഗം ചെയ്തു എന്നിങ്ങനെ അഞ്ച് ഗുരുതരവകുപ്പുകളാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ജീവപര്യന്തംവരെ തടവുശിക്ഷ കിട്ടുന്ന വകുപ്പുകളാണിവ. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയും നാല് ബിഷപ്പുമാരും ഉള്‍പ്പടെ കേസില്‍ 83 സാക്ഷികളാണുള്ളത്. കര്‍ദിനാളിന് പുറമേ പാലാ രൂപതാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്, ഭഗല്‍പൂര്‍ രൂപതാ ബിഷപ്പ് കുര്യന്‍ വലിയകണ്ടത്തില്‍, ഉജ്ജയിന്‍ രൂപതാ ബിഷപ്പ് സെബാസ്റ്റ്യന്‍ വടക്കേല്‍ എന്നിവരും 25 കന്യാസ്ത്രീമാരും 11 വൈദികരും സാക്ഷികളാണ്. പീഡനത്തിനിരയായ കന്യാസ്ത്രീയുടെയും സാക്ഷികളുടെയും രഹസ്യമൊഴികള്‍, മറ്റ് സാക്ഷിമൊഴികള്‍, ബിഷപ്പിന്റെ മൊഴികള്‍ എന്നിവയുള്‍പ്പടെ 2,000 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. സാക്ഷികള്‍ കൂറുമാറാതിരിക്കാന്‍ പ്രധാനപ്പെട്ട 10 സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. ഈ മൊഴി രേഖപ്പെടുത്തിയ ഏഴ് മജിസ്‌ട്രേറ്റുമാരും സാക്ഷികളാണ്.

മൊഴികളെല്ലാം കാമറയിലും പകര്‍ത്തിയിട്ടുണ്ട് പ്രതിക്കെതിരേ അന്വേഷണത്തില്‍ കണ്ടെത്തിയ തെളിവുകള്‍ വിശദമായി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ജിതേഷ് ജെ ബാബു, എസ്പി ഹരിശങ്കര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കുറ്റപത്രം തയ്യാറാക്കിയത്. ഏറെ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവിലാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ കുറ്റപത്രം സര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ സപ്തംബര്‍ 21നാണ് അന്വേഷണസംഘത്തലവനായ വൈക്കം ഡിവൈഎസ്പി കെ സുഭാഷ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റുചെയ്തത്. കന്യാസ്ത്രീമാര്‍ കൊച്ചിയിലെ തെരുവില്‍ സമരം നടത്തിയതിന് ശേഷമായിരുന്നു അറസ്റ്റ്. 25 ദിവസത്തിന് ശേഷം ജാമ്യത്തിലിറങ്ങി. എന്നാല്‍, സ്‌പെഷ്യല്‍ പ്രോസിക്യൂട്ടന്‍ നിയമനം വൈകി. ഉന്നതതല സമ്മര്‍ദത്തെത്തുടര്‍ന്ന് പിന്നീട് കുറ്റപത്രം ഡിജിപിയുടെ ഓഫിസില്‍ ഒരുമാസമിരുന്നു. ഒടുവില്‍ സാക്ഷികളായ കന്യാസ്ത്രീമാര്‍ വീണ്ടും തെരുവിലിറങ്ങുമെന്ന് പ്രഖ്യാപിച്ചതോടെയാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത് വേഗത്തിലാക്കിയത്.

Next Story

RELATED STORIES

Share it