Big stories

സ്‌കൂളിലെ പീഡനം: പോക്‌സോ കേസ് പ്രതിയായ റിട്ട. അധ്യാപകന്‍ ശശി കുമാര്‍ ജയില്‍മോചിതനായി

സ്‌കൂളിലെ പീഡനം:   പോക്‌സോ കേസ് പ്രതിയായ റിട്ട. അധ്യാപകന്‍ ശശി കുമാര്‍ ജയില്‍മോചിതനായി
X

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ മലപ്പുറം നഗരസഭയിലെ മുന്‍ സിപിഎം കൗണ്‍സിലറും സെന്റ് ജെമ്മാസ് സ്‌കൂളിലെ റിട്ട. അധ്യാപകനുമായ മലപ്പുറം ഡിപിഒ റോഡില്‍ രോഹിണിയില്‍ കിഴക്കേ വെള്ളാട്ട് കെ വി ശശികുമാര്‍ ജയില്‍ മോചിതനായി. മഞ്ചേരി ജയിലില്‍നിന്ന് ഇന്നലെ രാത്രിയോടെയാണ് മോചിതനായത്.

ഈ വര്‍ഷം സ്‌കൂളില്‍നിന്നു വിരമിച്ചപ്പോള്‍ ശശികുമാര്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിനുതാഴെ പൂര്‍വ വിദ്യാര്‍ഥികളിലൊരാള്‍ കമന്റിട്ടതോടെയാണ് 30 വര്‍ഷം നീണ്ടുനിന്ന പീഡന വിവരം പുറത്തറിഞ്ഞത്. പിന്നാലെ നിരവധിപേര്‍ സമാന അനുഭവങ്ങള്‍ പങ്കുവെച്ച് രംഗത്തെത്തി. വിവാദമായതോടെ ഒളിവില്‍ പോയ ഇയാളെ കഴിഞ്ഞ മാസം 13ന് വയനാട്ടില്‍നിന്നാണ് അറസ്റ്റ് ചെയ്തത്.

ഇന്നലെ ഉച്ചയോടെ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതിയില്‍ നിന്നും രണ്ട് കേസുകളില്‍ ജാമ്യം ലഭിച്ചിരുന്നു. 50,000 രൂപയുടെ രണ്ടാള്‍ ജാമ്യം, എല്ലാ ശനി, തിങ്കള്‍ ദിവസങ്ങളിലും രാവിലെ ഒമ്പതിനും 11നും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം, ഇരകളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ല, സമാനമായ കേസുകളില്‍ ഉള്‍പ്പെടരുത്, അന്വേഷണവുമായി സഹകരിക്കണം എന്നീ ഉപാധികളോടെയാണ് ജാമ്യം. തുടര്‍ന്ന് മറ്റുനാല് കേസുകളില്‍ പെരിന്തല്‍മണ്ണ കോടതി ജാമ്യം അനുവദിച്ചതോടെ മഞ്ചേരി സ്‌പെഷ്യല്‍ സബ് ജയിലില്‍ നിന്നും നടപടികള്‍ പൂര്‍ത്തിയാക്കി വൈകിട്ട് ആറരയോടെ പുറത്തിറങ്ങി.

അതേസമയം, പോക്‌സോ കേസില്‍ റിമാന്റിലായിരുന്ന മുന്‍ അധ്യാപകന്‍ കെ വി ശശികുമാറിന് വേഗത്തില്‍ ജാമ്യം ലഭിച്ചതില്‍ ആശങ്ക അറിയിച്ച് പൂര്‍വ വിദ്യാര്‍ഥികള്‍. സിപിഎം മുന്‍ കൗണ്‍സിലര്‍ ആയ അധ്യാപകന്‍ രാഷ്ട്രീയം സ്വാധീനം ഉപയോഗിച്ച് കേസില്‍ ഇടപെട്ട് ജാമ്യം വേഗത്തിലാക്കുകയായിരുന്നെന്ന ആരോപണം ശക്തമാണ്. പോക്‌സോ കുറ്റം മറച്ചു വച്ചതുമായി ബന്ധപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ക്കെതിരെ തെളിവുകള്‍ നല്‍കിയിട്ടും അന്വേഷണ പരിധിയില്‍ കൊണ്ടു വന്നില്ലെന്നാണ് പോലിസിനെതിരായ പരാതി. പൂര്‍വ വിദ്യാര്‍ഥിനി കൂട്ടായ്മ സമര്‍പ്പിച്ച മാസ് പെറ്റീഷനില്‍ ഇതു വരെയായിട്ടും അന്വേഷണം നടന്നില്ലെന്നും ആരോപണം ഉയരുന്നു.

അധ്യാപകന്‍ കെ വി ശശികുമാര്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ലൈംഗിക അതിക്രമം നടത്തുന്നു എന്ന വിവരം 2014ലും 2019ലും രക്ഷിതാക്കളില്‍ ഒരാള്‍ സ്‌കൂള്‍ അധികൃതരെ അറിയിച്ചിരുന്നു എന്ന് പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ പറയുന്നു. പക്ഷേ ഈ വിവരം സ്‌കൂധികൃതര്‍ പോലിസിനെ അറിയിച്ചില്ല.

തെളിവുകള്‍ കൈമാറിയിട്ടും പോലിസ് ഇത് അന്വേഷണ പരിധിയില്‍ കൊണ്ടുവന്നില്ലെന്നും പോക്‌സോ കുറ്റം മറച്ചു വച്ചതിന് സ്‌കൂളിന് എതിരെ കേസ് എടുത്തില്ലെന്നും പരാതിക്കാര്‍ പറയുന്നു. ഇതുവരെയുള്ള അന്വേഷണം രണ്ടു പോക്‌സോ പരാതിയില്‍ മാത്രം ഒതുങ്ങിപ്പോയെന്നും മുപ്പത് വര്‍ഷക്കാലയളവിലെ പീഡനത്തെക്കുറിച്ച് പറയുന്ന പൂര്‍വ വിദ്യാര്‍ത്ഥിനികളുടെ മാസ് പെറ്റിഷനില്‍ ഒരു എഫ്‌ഐആര്‍ പോലും ഇതുവരെ ഇട്ടില്ലെന്നും ആക്ഷേപം ഉയരുന്നു. തെളിവുകള്‍ കൈമാറിയിട്ടും ഇതിന് എന്താണ് തടസ്സമെന്നാണ് ചോദ്യം. പ്രതിയുടെ ഉന്നതതല സ്വാധീനം കാരണം കേസ് അട്ടിമറിക്കപ്പെടുമെന്ന ആശങ്ക ഉണ്ട് പല പരാതിക്കാര്‍ക്കുമെന്ന് ഈ സ്‌കൂളിലെ അലുംനി അസോസിയേഷന്‍ അംഗം ബീന പിള്ള വ്യക്തമാക്കുന്നു.

രണ്ടു പോക്‌സോ കേസുകളിലും പോക്‌സോ നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് നടന്ന ലൈംഗിക അതിക്രമ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത നാലു കേസുകളിലും ശശികുമാറിന് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലിസിനോട് വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it