Big stories

രമ്യ ഹരിദാസിനെതിരായ അശ്ലീല പരാമര്‍ശം: എ വിജയരാഘവനെതിരേ കേസെടുക്കേണ്ടെന്ന് പോലിസ്

ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് കേസെടുക്കേണ്ടതില്ലെന്ന് പോലിസിന് നിയമോപദേശം നല്‍കിയത്. എ വിജയരാഘവന്‍ കുറ്റം ചെയ്തിട്ടില്ലെന്നാണ് നിയമോപദേശം നല്‍കിയിരിക്കുന്നത്.

രമ്യ ഹരിദാസിനെതിരായ അശ്ലീല പരാമര്‍ശം:  എ വിജയരാഘവനെതിരേ കേസെടുക്കേണ്ടെന്ന് പോലിസ്
X

മലപ്പുറം: യുഡിഎഫ് ആലത്തൂര്‍ മണ്ഡലം സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരായ അശ്ലീല പരാമര്‍ശത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനെതിരേ നടപടിയെടുക്കേണ്ടതില്ലെന്ന് പോലിസ്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് കേസെടുക്കേണ്ടതില്ലെന്ന് പോലിസിന് നിയമോപദേശം നല്‍കിയത്. എ വിജയരാഘവന്‍ കുറ്റം ചെയ്തിട്ടില്ലെന്നാണ് നിയമോപദേശം നല്‍കിയിരിക്കുന്നത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം എസ്പി തൃശൂര്‍ റേഞ്ച് ഐജിക്ക് റിപ്പോര്‍ട്ട് നല്‍കി.

പൊന്നാനിയില്‍ എ വിജയരാഘവന്‍ നടത്തിയ പ്രസംഗം ദലിത് വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടിയെന്ന നിലയില്‍ തനിക്ക് വ്യക്തിപരമായി അപമാനമുണ്ടാക്കിയെന്നാണ് രമ്യ ഹരിദാസ് പോലിസില്‍ പരാതി നല്‍കിയിരുന്നത്.

എ വിജയരാഘവനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പോലിസില്‍ പരാതി നല്‍കിയിരുന്നു.ഇടതു മുന്നണി കണ്‍വീനര്‍ വിജയരാഘവന്‍ രമ്യാ ഹരിദാസിനെ മോശം പരാമര്‍ശത്തിലൂടെ അപമാനിക്കുകയും സ്ത്രീത്വത്തെ അവഹേളിക്കുകയും ചെയ്‌തെന്നും ഇന്ത്യന്‍ ശിക്ഷാ നിയമം 354 എ(1), (4) അനുസരിച്ച് സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കണമെന്നുമാണ് ചെന്നിത്തല ആവശ്യപ്പെട്ടത്. ഈ രണ്ടു പരാതികളിലും തിരൂര്‍ ഡിവൈഎസ്പിയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍.

പൊന്നാനിയില്‍ പിവി അന്‍വറിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുത്തു സംസാരിക്കുന്നതിനിടെയാണ് വിജയരാഘവന്‍ യുഡിഎഫിന്റെ വനിതാ സ്ഥാനാര്‍ഥിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്.

''സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതോടെ രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണ്. പാണക്കാട് തങ്ങളെക്കണ്ട് പിന്നെ ഓടിയത് പി കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണ്. ആ പെണ്‍കുട്ടിയുടെ കാര്യം എന്താവുമെന്ന് എനിക്കിപ്പോള്‍ പറയാനാവില്ല...'', ഇതായിരുന്നു എ വിജയരാഘവന്റെ വാക്കുകള്‍.

രമ്യ ഹരിദാസിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ താക്കീത് ചെയ്തിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശമാണെന്നും പ്രഥമദൃഷ്ട്യാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നുമാണ് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ വിലയിരുത്തിയത്.

ജനപ്രാതിനിധ്യ നിയമം 123(4) ന്റെ ലംഘനമാണിതെന്നും ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയുണ്ടായിട്ടും എ വിജയരാഘവന്‍ കുറ്റം ചെയ്തിട്ടില്ലെന്നാണ് പോലിസിന്റെ കണ്ടെത്തല്‍.

Next Story

RELATED STORIES

Share it