Big stories

വഖ്ഫ് ഭേദഗതി നിയമം: "ആദ്യം അവർ എന്നെത്തേടി വന്നു..." എന്നതിന്റെ പ്രതിധ്വനി

വഖ്ഫ് ഭേദഗതി നിയമം: ആദ്യം അവർ എന്നെത്തേടി വന്നു... എന്നതിന്റെ പ്രതിധ്വനി
X

രാം പുനിയാനി

'യൂനിഫൈഡ് വഖ്ഫ് മാനേജ്മെൻ്റ്, എംപവർമെൻ്റ്, എഫിഷ്യൻസി ആൻഡ് ഡെവലപ്മെൻ്റ് ആക്റ്റ്, 1995,അഥവാ 'UMMID' എന്ന് ചുരുക്കിപ്പറയുന്ന വഖ്ഫ് ഭേദഗതി ബില്ല് പാർലമെന്റിൻ്റെ ഇരു സഭകളും പാസാക്കി (രാഷ്ട്രപതി ഒപ്പുവച്ചതോടെ നിയമമായി-വിവർത്തകൻ). ഇതിനുശേഷം മറ്റ് സമുദായങ്ങളുടെ മതപരമായ സ്വത്തുക്കൾ ലക്ഷ്യമിടുമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രസ്താവിച്ചു. ബില്ല് പാസാക്കിയ ഉടൻ തന്നെ ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ കത്തോലിക്കാ സഭയുടെ സ്വത്തുക്കളെക്കുറിച്ച് ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. അവർ ഉടൻ തന്നെ ലേഖനം വെബ്സൈറ്റിൽനിന്ന് പിൻവലിച്ചെങ്കിലും, ആ സന്ദേശം വ്യക്തമായും ദൃഢമായും നിലനിൽക്കുന്നു.

സമാനമായ രീതിയിൽ ആർ‌എസ്‌എസ്-ബിജെപി സംഘം ആദിവാസി സ്വത്തുക്കളെ ലക്ഷ്യം വയ്ക്കുമെന്ന് ജാർഖണ്ഡിലെ ഒരു മന്ത്രിയും ആശങ്ക പ്രകടിപ്പിച്ചു. ആരായിരിക്കും അടുത്ത ഇര? ബില്ലിനെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ, നിതീഷ് കുമാർ, ചന്ദ്രബാബു നായിഡു, ചിരാഗ് പാസ്വാൻ, ജയന്ത് ചൗധരി തുടങ്ങിയ ബിജെപി ഇതര എൻ‌ഡി‌എ സഖ്യകക്ഷികളും ബിജെപിയുമായി ചേർന്ന് മുസ്‌ലിം സമൂഹത്തെ സാധ്യമായത്ര മോശം രീതിയിൽ വഞ്ചിച്ചു. ബഹുസ്വരതയുടെ ഏതെങ്കിലും തത്ത്വങ്ങൾ അവർക്ക് ഉണ്ടായിരുന്നെങ്കിൽ ബില്ല് പാസാക്കുന്നത് തടയാൻ കഴിയുമായിരുന്നു? പാസ്റ്റർ മാർട്ടിൻ നിമോയ്ളർ തൻ്റെ കവിതയിൽ വേദനയോട് പ്രതിവചിച്ചതുപോലെ, ഫാഷിസ്റ്റുകളുടെ രീതി, ഒരു സമയത്ത് ഒരു ഗ്രൂപ്പിനെ മറ്റുള്ളവരുടെ സഹായത്തോടെ ലക്ഷ്യം വയ്ക്കുകയും പിന്നീട് മറ്റ് സമുദായങ്ങളെ തകർക്കുകയും ചെയ്യുക എന്നതാണ്. കത്തോലിക്കാ ബിഷപ്പുമാർ വഖ്ഫ് ഭേദഗതി ബില്ലിനെ ആവേശത്തോടെ പിന്തുണച്ചവരാണ്. പക്ഷേ, അവരായിരിക്കാം അടുത്ത ഇരകൾ. അവർ ഇസ്‌ലാമോഫോബിയയാൽ ആഴത്തിൽ സ്വാധീനിക്കപ്പെട്ട ഒരു ഗ്രൂപ്പാണ്. അതിനാൽ സങ്കുചിത കാഴ്ചപ്പാടോടെ വർഗീയ തന്ത്രങ്ങളെ പിന്തുണയ്ക്കുന്നു.

മതപരമായ ആവശ്യങ്ങൾക്കായി മുസ്‌ലിംകൾ സംഭാവന ചെയ്യുന്ന സ്വത്താണ് വഖ്ഫ് (മറ്റുള്ളവർക്ക് പോലും ഇങ്ങനെ സംഭാവന ചെയ്യാൻ കഴിയും). ഈ വ്യവസ്ഥയിൽ ഉൾപ്പെടുന്ന വിപുലമായ സ്വത്താണ് ഇന്ത്യയിലുള്ളത്. രാജ്യത്തെ മൂന്നാമത്തെ വലിയ സ്വത്ത് ഉടമയാണ് വഖ്ഫ് എന്ന അവകാശവാദം നിലനിൽക്കുന്നുണ്ടെങ്കിലും, ഹിന്ദു ട്രസ്റ്റുകൾക്കും ക്ഷേത്രങ്ങൾക്കും ഇതിലും വലിയ സ്വത്തുണ്ട്. വഖ്ഫ് ബോർഡിൽ മുസ്‌ലിംകളുടെ നിയന്ത്രണം കുറയ്ക്കുക എന്ന ഹിന്ദു ദേശീയവാദ അജണ്ടയുടെ അടിസ്ഥാനത്തിലാണ് വഖ്ഫിലെ ഇപ്പോഴത്തെ ഭേദഗതികൾ പൂർണമായും നിർദേശിച്ചിരിക്കുന്നത്.

ഹിന്ദു ക്ഷേത്രങ്ങളുടെയും ട്രസ്റ്റുകളുടെയും നിയന്ത്രണം പൂർണമായും ഹിന്ദുക്കളുടെ കൈകളിലാണ്. എന്നാൽ, ഇപ്പോൾ വഖ്ഫ് ബോർഡിൽ മുസ്‌ലിംകളല്ലാത്തവർ ഉണ്ടായിരിക്കും. സ്വത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ജില്ലാ കളക്ടർ പ്രധാന അധികാരിയായിരിക്കും. ഹിന്ദു ട്രസ്റ്റുകളുടെയും വഖ്ഫിന്റെയും ഉടമസ്ഥാവകാശം തമ്മിലുള്ള വ്യത്യാസം തികച്ചും പക്ഷപാതപരമാണ്. ഈ കാര്യങ്ങളിൽ മുസ്‌ലിംകളുടെ അധികാരത്തെ ദുർബലപ്പെടുത്താൻ സർക്കാർ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു.

ന്യൂനപക്ഷ മന്ത്രി കിരൺ റിജ്‌ജു ബില്ല് അവതരിപ്പിച്ചുകൊണ്ട് തന്റെ പ്രസംഗത്തിൽ, ദരിദ്ര മുസ്‌ലിംകളുടെ അവസ്ഥ മെച്ചപ്പെടുത്തുക എന്നതാണ് ഈ ബില്ല് ലക്ഷ്യമിടുന്നതെന്ന് പറഞ്ഞു. വഖ്ഫ് മതപരവും സാമൂഹികവുമായ ആവശ്യങ്ങൾക്കാണ്. ദാരിദ്ര്യ നിർമാർജനം സർക്കാരിന്റെ ജോലിയാണ്. പ്രത്യേകിച്ച് ഈ സർക്കാർ ഈ ദിശയിൽ എന്തെങ്കിലും ചെയ്യുന്നതിൽനിന്ന് കൈ കഴുകിയിരിക്കുന്നു. മുസ്‌ലിംകളോ ഹിന്ദുക്കളോ മറ്റ് സമുദായങ്ങളിലെ ദരിദ്രരോ ആകട്ടെ, എല്ലാ സർക്കാർ നയങ്ങളും വൻകിട കോർപറേറ്റുകളെ സേവിക്കുന്നതിനാണ്.

അദ്ദേഹത്തിന്റെ യുക്തി ശരിയാണെങ്കിൽ ഭൂരിപക്ഷ ഹിന്ദു സമൂഹത്തിൽനിന്ന് എന്തുകൊണ്ട് തുടങ്ങിക്കൂടാ? നമ്മുടെ ഹിന്ദു ക്ഷേത്രങ്ങൾക്കും ട്രസ്റ്റുകൾക്കും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ആരോഗ്യ സൗകര്യങ്ങളെയും തൊഴിലവസരങ്ങളെയും പിന്തുണയ്ക്കാൻ കഴിയുന്ന വലിയ തോതിലുള്ള സമ്പത്തുണ്ട്. ഹിന്ദു രാഷ്ട്രം എന്ന ആർ‌എസ്‌എസ് അജണ്ടയാൽ നയിക്കപ്പെടുന്ന ഈ സർക്കാർ, ദരിദ്ര കർഷകരെയും തൊഴിലില്ലാത്ത യുവാക്കളെയും സമൂഹത്തിലെ മറ്റ് പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെയും സഹായിക്കുന്നതിന് ക്ഷേത്ര ട്രസ്റ്റ് സ്വത്തുക്കൾ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ദൗത്യം ഏറ്റെടുക്കാത്തത് എന്തുകൊണ്ട്?

ഇത് ഏറ്റെടുത്തതിന് നിരവധി ദരിദ്ര മുസ്‌ലിംകൾ തന്നോട് നന്ദി പറഞ്ഞിട്ടുണ്ടെന്ന് കിരൺ റിജ്‌ജു അവകാശപ്പെട്ടു! നല്ല തമാശ! മുസ്‌ലിം സമുദായത്തിന്റെ ശക്തി കുറയ്ക്കുന്നതിനായി ബിജെപി രാജ്യത്ത് അടിച്ചേൽപ്പിക്കുന്ന ഈ ഭേദഗതിക്കെതിരേ നിരവധി മുസ്‌ലിം സംഘടനകൾ എതിർപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. നിരവധി ദരിദ്ര മുസ്‌ലിംകൾ അദ്ദേഹത്തെ വഖ്ഫ് ഭ്രഭഗതി നടപ്പാക്കാൻ പ്രേരിപ്പിച്ചെന്നത് വിചിത്രമായ വാദമാണ്.

ജനാധിപത്യ, മതേതര മൂല്യങ്ങളെ സംബന്ധിച്ചിടത്തോളം ബിജെപിക്ക് അതിനെക്കുറിച്ച് ഒട്ടും താൽപ്പര്യമില്ല. ഇന്ത്യയിലെ മുസ്‌ലിംകളുടെ ദുരവസ്ഥയിൽ അവരുടെ കള്ളക്കണ്ണീർ മുതലകളെ പോലും ലജ്ജിപ്പിക്കും. കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ വന്നതിന്റെ ഏറ്റവും വലിയ ഇരകൾ മുസ്‌ലിംകളാണ്. റോഡുകളിൽ നമസ്കരിച്ചതിനും ബീഫ് കഴിച്ചതിനും ഹിന്ദു ഉൽസവങ്ങളിൽ ബഹിഷ്കരിച്ചതിനും അവർ പീഡിപ്പിക്കപ്പെടുകയാണ്. 'കൊറോണ ജിഹാദി'ന്റെ പേരിലോ 'തുപ്പൽ ജിഹാദി'ന്റെ പേരിലോ അവരെ മർദ്ദിക്കുന്നു. സുപ്രിംകോടതിയുടെ വിലക്കുകൾ ഉണ്ടായിരുന്നിട്ടു പോലും, ഭരണകൂടങ്ങൾ മുസ്‌ലിംകളുടെ സ്വത്തുക്കൾക്കെതിരേ ബുൾഡോസറുകൾ ഉപയോഗിക്കുന്നു.

ആദരസൂചകമായി മോദി ഭരണഘടന നെറ്റിയിൽ വച്ചു. 2024 ലെ പൊതുതിരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അത്. ഇൻഡ്യ സഖ്യം ഭരണഘടനയെ അവരുടെ പ്രചാരണത്തിന്റെ പ്രധാന പ്രതീകമായി കൊണ്ടുനടന്നിരുന്നു. ബിജെപിക്ക് ഭരണഘടന വെറും ഒരു പ്രദർശനവസ്തുവാണ്. യുപിയിൽ വഖ്ഫ് നിയമത്തെ എതിർക്കുന്ന ഏതൊരു സംഘടനയും രണ്ടുലക്ഷം രൂപയുടെ ബോണ്ട് നൽകേണ്ടിവരും. ഈ ഭരണകൂടത്തിലെ നമ്മുടെ ജനാധിപത്യ സ്വാതന്ത്ര്യങ്ങൾക്ക് എത്ര വലിയ വിലയാണ് ഒടുക്കേണ്ടത് എന്നോർക്കുക!

വഖ്ഫ് ഭേദഗതി ബില്ല് ഇന്ത്യൻ ഭരണഘടനയെ അക്ഷരാർഥത്തിൽ ലംഘിക്കുന്നു. പി ചിദംബരം ഇത് നന്നായി സംഗ്രഹിക്കുന്നുണ്ട്: "... ഒരു അമുസ്‌ലിം സൃഷ്ടിച്ച വഖ്ഫിനെ കോടതികൾ അംഗീകരിച്ചിട്ടുണ്ട്. ഉദാഹരണങ്ങൾ നിരവധിയാണ്. കൂടാതെ, നിലവിലുള്ള നിയമപ്രകാരം, വഖ്ഫ് പൊതുവെ സ്വതന്ത്രവും സ്വയംഭരണാധികാരമുള്ളതുമാണ്. ഒരു സംസ്ഥാനത്തെ ഏറ്റവും ഉയർന്ന നിയന്ത്രണ സ്ഥാപനം വഖ്ഫ് ബോർഡാണ്, അതിൽ എല്ലാ അംഗങ്ങളും മുസ്‌ലിംകളാണ്. ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഒരു മുസ്‌ലിമായിരിക്കണം. ബോർഡ് അതിന്റെ അധികാരങ്ങൾ വിനിയോഗിക്കുമ്പോൾ "വഖ്ഫിന്റെ നിർദേശങ്ങൾ, വഖ്ഫിന്റെ ഉദ്ദേശ്യങ്ങൾ, വഖ്ഫിന്റെ ഏതെങ്കിലും ഉപയോഗം അല്ലെങ്കിൽ ആചാരം എന്നിവയ്ക്ക് അനുസൃതമായി പ്രവർത്തിക്കേണ്ടതുണ്ട്. വഖ്ഫുകളുടെ മേൽ വിധിന്യായ അധികാരപരിധിയുള്ള ഒരേയൊരു സ്ഥാപനം ജില്ലാ ജഡ്ജി അധ്യക്ഷനായ ജുഡീഷ്യൽ സ്ഥാപനമായ ട്രൈബ്യൂണലാണ്."

ബിജെപി അവതരിപ്പിച്ച ബില്ല് അതിന്റെ യഥാർഥ ഉദ്ദേശ്യത്തെ പൂർണമായും തകർക്കുന്നു. മുസ്‌ലിംകളെ ഭയപ്പെടുത്താനും ശാക്തീകരിക്കാതിരിക്കാനുമുള്ള ഒരു ചുവടുവയ്പ് കൂടിയാണിത്. വഖ്ഫ് വിഷയങ്ങളിലെ അഴിമതിയെക്കുറിച്ചുള്ള ചോദ്യം ഗൗരവമുള്ള കാര്യമാണ്. ജൻ ലോക്പാലിനായുള്ള അണ്ണാ ഹസാരെ-കെജ്‌രിവാൾ പ്രചാരണം അത്തരം രീതികൾ ഫലപ്രദമല്ലെന്ന് തെളിയിച്ചിട്ടുണ്ട്. നമ്മുടെ സ്ഥാപനങ്ങളെ കൂടുതൽ സുതാര്യവും ജനാധിപത്യപരവുമാക്കുന്നതിലൂടെ അവയുടെ രാഷ്ട്രീയത്തിൽനിന്ന് അഴിമതി ഇല്ലാതാക്കാൻ എന്തുചെയ്യാൻ കഴിയും. ഇത് വഖ്ഫിന് മാത്രമല്ല, സമ്പത്തും ഭൂമിയും നിയന്ത്രിക്കുന്ന മിക്ക മതസംഘടനകൾക്കും ബാധകമാണ്.

കത്തോലിക്കരുടെ സ്വത്തുക്കളെക്കുറിച്ചുള്ള ലേഖനവുമായി ഓർഗനൈസർ നടത്തിയ കടന്നുകയറ്റം നമ്മെ ഓർമിപ്പിക്കുന്നത്, മുസ്‌ലിം സമുദായത്തിനെതിരായ ആക്രമണത്തെ പിന്തുണയ്ക്കുന്നവർ മറ്റ് ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളെ പിന്തുണയ്ക്കുന്നതിലൂടെ സ്വയം രക്ഷിക്കാൻ കഴിയുമെന്ന മിഥ്യാധാരണയിലാകരുത് എന്നാണ്.

മുസ്‌ലിം സമൂഹത്തിൽ പ്രതിഷേധം ഉയരുമ്പോൾ, ജനാധിപത്യപരവും ബഹുസ്വരവുമായ മൂല്യങ്ങളെ പിന്തുണയ്ക്കണമെന്ന് വിശ്വസിക്കുന്ന എല്ലാവരും ഇവയ്‌ക്കൊപ്പം ഉറച്ച ഐക്യത്തോടെ നിലകൊള്ളണം. അധികാരത്തിനും സ്വാർഥതാൽപ്പര്യങ്ങൾക്കുമായി അവസരവാദ നിലപാട് സ്വീകരിക്കുന്നവർ തുറന്നുകാട്ടപ്പെടണം. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും മറ്റ് പ്രചാരണങ്ങളിലും ചരിത്രത്തിലെ ചവറ്റുകുട്ടയിലായിരിക്കും അവരുടെ സ്ഥാനമെന്ന് തെളിയിക്കാൻ രാജ്യത്തെ ജനങ്ങൾ ഉണർന്നെഴുന്നേൽക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കടപ്പാട്: മുസ്‌ലിം മിറർ

Next Story

RELATED STORIES

Share it