Big stories

സംഭല്‍ ബിജെപിയുടെ അടുത്ത കാശിയും മഥുരയുമോ?

സംഭല്‍ വാര്‍ത്തകളുടെ ശ്രദ്ധാകേന്ദ്രമാവുന്നത് യാദൃച്ഛികമല്ല. മേഖലയില്‍ ബിജെപി തങ്ങളുടെ നീക്കങ്ങള്‍ നന്നായി ആസൂത്രണം ചെയ്താണ് നടപ്പാക്കുന്നത്.2024 ഫെബ്രുവരിയില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭലില്‍ ഒരു ക്ഷേത്രത്തിന് തറക്കല്ലിട്ടു. വിഷ്ണുവിന്റെ പത്താമത്തെ അവതാരമെന്ന് പ്രചരിപ്പിക്കപ്പെടുന്ന കല്‍ക്കിയുടെ പേരിലുള്ള ക്ഷേത്രത്തിനാണ് തറക്കല്ലിട്ടത്.

സംഭല്‍ ബിജെപിയുടെ അടുത്ത കാശിയും മഥുരയുമോ?
X

ബിശ്വജീത് ബാനര്‍ജി

ഒരുകാലത്ത് ശാന്തമായ ചരിത്ര നഗരമായിരുന്നു പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ സംഭല്‍. എന്നാല്‍ പിന്നിട്ട ഒരു വര്‍ഷമായി തീവ്രമായ രാഷ്ട്രീയ, സാമുദായിക, വര്‍ഗീയ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രബിന്ദുവായി ആ നഗരം മാറിയിരിക്കുന്നു. ബിജെപി തങ്ങളുടെ വിശാലമായ ഹിന്ദുത്വ തന്ത്രങ്ങളുമായി ഈ മേഖലയില്‍ അവരുടെ ഇടപെടല്‍ ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി കല്‍ക്കി ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്തിയതു മുതല്‍ വര്‍ഗീയ സംഘര്‍ഷങ്ങളില്‍ സമീപകാലത്തുണ്ടായ വന്‍കുതിപ്പു വരെയുള്ള സംഭവ വികാസങ്ങള്‍ ആസൂത്രിത തിരക്കഥയുടെ ഭാഗമാണ്. 2027ലെ സംസ്ഥാന തിരഞ്ഞെടുപ്പിന് മുന്നോടിയായി ഈ പട്ടണം നിര്‍ണായക യുദ്ധക്കളമായി ഉയര്‍ന്നുവന്നിട്ടുണ്ട്.

സംഭല്‍ സമീപകാലത്ത് വര്‍ധിച്ച തോതില്‍ വാര്‍ത്തകളുടെ ശ്രദ്ധാകേന്ദ്രമാവുന്നത് യാദൃച്ഛികമല്ല. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ (എഎസ്‌ഐ) ഇടപെടലുകളും ചരിത്രപ്രസിദ്ധമായ ശാഹീ ജാമിഅ് മസ്ജിദ് ഉള്‍പ്പെടെയുള്ള മതസ്ഥലങ്ങളെച്ചൊല്ലിയുള്ള നിയമപോരാട്ടങ്ങളും ചേര്‍ന്ന് ഈ മേഖലയിലെ ബിജെപിയുടെ നീക്കങ്ങള്‍ നന്നായി ആസൂത്രണം ചെയ്ത ഒരു തന്ത്രത്തെയാണ് സൂചിപ്പിക്കുന്നത്. ചൊവ്വാഴ്ച എഎസ്‌ഐ പറഞ്ഞത് ശാഹീ ജാമിഅ് മസ്ജിദ് ഇനി മുതല്‍ ജുമാ മസ്ജിദ് എന്നറിയപ്പെടുമെന്നാണ്.

പ്രതിപക്ഷ പാര്‍ട്ടികള്‍, പ്രത്യേകിച്ച് സമാജ്‌വാദി പാര്‍ട്ടി (എസ്പി), കോണ്‍ഗ്രസ് എന്നിവ പ്രതിവാദങ്ങള്‍ നിരത്താന്‍ അശക്തരാവുന്നതിലൂടെ ബിജെപിയെ അതിന്റെ ആഖ്യാനങ്ങള്‍ക്ക് മേല്‍ക്കൈ നേടാന്‍ അനുവദിക്കുകയാണ്. പ്രദേശത്തിന്റെ രാഷ്ട്രീയവും മതപരമായ ഭൂപ്രകൃതി മാറുന്നതിനനുസരിച്ച്, ഇന്ത്യയിലുടനീളം നടക്കുന്ന വിശാലമായ പ്രത്യയശാസ്ത്ര പോരാട്ടത്തിന്റെ ഒരു സൂക്ഷ്മരൂപമായി സംഭല്‍ മാറിയിരിക്കുന്നു.

കല്‍ക്കി ക്ഷേത്രവും രാഷ്ട്രീയ പുനസ്സംഘടനകളും

2024 ഫെബ്രുവരിയില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭലില്‍ ഒരു വലിയ കല്‍ക്കി ക്ഷേത്രത്തിന് തറക്കല്ലിട്ടു. മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായി സങ്കല്‍പ്പിക്കപ്പെടുന്ന കല്‍ക്കിയെ ആരാധിക്കുന്ന ക്ഷേത്രമാണിത്. കോണ്‍ഗ്രസ് മുന്‍ നേതാവും ഇപ്പോള്‍ ബിജെപിയുമായി സഖ്യത്തിലായതുമായ ആചാര്യ പ്രമോദ് കൃഷ്ണമാണ് ഈ സംരംഭത്തിന് നേതൃത്വം നല്‍കിയത്. കാശി, മഥുര എന്നിവയ്ക്ക് സമാനമായ ഒരു പ്രധാന മതകേന്ദ്രമായിട്ടാണ് ഈ ക്ഷേത്രം വിഭാവനം ചെയ്തിരിക്കുന്നത്. കൂടാതെ ഈ മേഖലയിലെ ഹിന്ദു വോട്ടുകള്‍ ഏകീകരിക്കാനുള്ള ഒരു നീക്കമായും ഇത് വ്യാപകമായി കണക്കാക്കപ്പെടുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രസംഗത്തില്‍ പറഞ്ഞു: 'ശ്രീരാമന്‍ ഭരിച്ചപ്പോള്‍, അതിന്റെ സ്വാധീനം ആയിരക്കണക്കിന് വര്‍ഷങ്ങളായി അനുഭവപ്പെട്ടു. ശ്രീരാമനെപ്പോലെ, കല്‍ക്കിയും ആയിരം വര്‍ഷത്തേക്ക് സ്വാധീനിക്കും'. '18 വര്‍ഷത്തെ കാത്തിരിപ്പിന്' ശേഷമാണ് ചടങ്ങ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.

രാമനെപ്പോലെ കല്‍ക്കിയും വിഷ്ണുവിന്റെ അവതാരം!

പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം ക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുത്ത ശ്രീ കല്‍ക്കി ധാം നിര്‍മാണ്‍ ട്രസ്റ്റിന്റെ ചെയര്‍മാന്‍ ആചാര്യ പ്രമോദ് കൃഷ്ണം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു: 'മോദി കല്‍ക്കി ധാം സന്ദര്‍ശിച്ചതിനുശേഷം, സംഭലില്‍ ഒന്നിനുപുറകെ ഒന്നായി അദ്ഭുതങ്ങള്‍ അനുഭവിച്ചു. പുതിയ കണ്ടെത്തലുകള്‍ പുറത്തുവരുന്നു. ദൈവത്തിന്റെ അവതാരം ആസന്നമാണെന്ന് തോന്നുന്നു'.പുതിയ കണ്ടെത്തലുകള്‍ എന്നതുകൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത് സംഭലിലെ ക്ഷേത്രങ്ങളുടെയും ബാവ്‌ലിയുടെയും 'കണ്ടെത്തല്‍' ആയിരിക്കാം.

കല്‍ക്കി ക്ഷേത്ര നിര്‍മാണത്തിന് ആഴത്തിലുള്ള രാഷ്ട്രീയ പ്രത്യാഘാതങ്ങളുണ്ട്. പരമ്പരാഗതമായി സംഭല്‍ സമാജ്‌വാദി പാര്‍ട്ടിയുടെ ഒരു ശക്തികേന്ദ്രമാണ്. ഇവിടുത്തെ ഗണ്യമായ മുസ്‌ലിം ജനസംഖ്യ തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. പട്ടണത്തില്‍ ഹിന്ദു മത പദ്ധതി പ്രോല്‍സാഹിപ്പിച്ച് ഏകൃകൃത ഹിന്ദു വോട്ടുബാങ്ക് ഉണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇതിലൂടെ പിന്നാക്ക ജാതി വിഭാഗങ്ങളുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയത്തെ തകര്‍ക്കാമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.

കല്‍ക്കി ക്ഷേത്രത്തിന്റെ അടിത്തറ പാകി എട്ട് മാസങ്ങള്‍ക്ക് ശേഷം, 2024 നവംബറില്‍, ശാഹീ ജാമിഅ് മസ്ജിദില്‍ കോടതി ഉത്തരവിട്ട എഎസ്‌ഐ സര്‍വേയെ തുടര്‍ന്ന് സംഭലില്‍ വര്‍ഗീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. ഒരു പുരാതന ഹിന്ദു ക്ഷേത്രത്തിന് മുകളിലാണ് പള്ളി നിര്‍മിച്ചതെന്ന അവകാശവാദത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍വേ ആരംഭിച്ചത്. നിയമനടപടിയായി ആരംഭിച്ച സംഗതി ഉടന്‍ തന്നെ തെരുവിലെ അക്രമമായി മാറി, ഇത് നാല് കൊലപാതകങ്ങള്‍ക്കും 20ലധികം പേര്‍ക്ക് പരിക്കേല്‍ക്കുന്നതിനും കാരണമായി. പിരിമുറുക്കങ്ങളുടെ ദ്രുതഗതിയിലും വന്‍ തോതിലുമുള്ള മുന്നേറ്റം, രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി ഈ സംഭവങ്ങള്‍ തന്ത്രപരമായും സമയബന്ധിതമായും നടപ്പിലാക്കുന്നുണ്ടോ എന്ന ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.

ഉത്തര്‍പ്രദേശ് നിയമസഭയുടെ അടുത്തിടെ നടന്ന ശീതകാല സമ്മേളനത്തില്‍, നവംബറില്‍ അക്രമത്തിന് കാരണമായ സംഭലിലെ ഒരു പഴയ പള്ളിയിലെ സര്‍വേയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ന്യായീകരിച്ചു. ബാബര്‍നാമയില്‍ നിന്നുള്ള പരാമര്‍ശങ്ങള്‍ ഉദ്ധരിച്ച്, ആ സ്ഥലത്ത് ഒരിക്കല്‍ ഒരു ക്ഷേത്രം നിലനിന്നിരുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. കൂടാതെ, പുരാണങ്ങളില്‍ പരാമര്‍ശിച്ചിരിക്കുന്നതുപോലെ, വിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കല്‍ക്കിയുമായുള്ള സംഭലിന്റെ ബന്ധവും അദ്ദേഹം എടുത്തുകാണിച്ചു.

സംഭലിലെ ഒരു പുരാതന ശിവ-ഹനുമാന്‍ ക്ഷേത്രം വീണ്ടും തുറന്നത് സാമുദായിക വികാരങ്ങള്‍ക്ക് കൂടുതല്‍ ആക്കം കൂട്ടി. 1978 മുതല്‍ ക്ഷേത്രം അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാല്‍ ശാഹീ ജാമിഅ് മസ്ജിദിന് സമീപമുള്ള കൈയേറ്റ വിരുദ്ധ നീക്കത്തിനിടെയാണ് ഇത് വീണ്ടും കണ്ടെത്തിയത്. ശുചീകരണ പ്രവര്‍ത്തനത്തിനിടെ, ക്ഷേത്രത്തിനു സമീപമുള്ള ഒരു കിണറിനു സമീപം മൂന്ന് വിഗ്രഹങ്ങള്‍ അധികൃതര്‍ കണ്ടെത്തി. അവ ഇപ്പോള്‍ പൈതൃകപുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പള്ളിയില്‍ എഎസ്‌ഐ നടത്തിയ സര്‍വേയുടെ പശ്ചാത്തലത്തില്‍ ക്ഷേത്രം വീണ്ടും തുറന്നത് വര്‍ഗീയ വിഭജനം കൂടുതല്‍ ആഴത്തിലാക്കി. ഹിന്ദു ആരാധനാലയങ്ങള്‍ക്കെതിരായ ചരിത്രപരമായ അനീതികളെക്കുറിച്ചുള്ള തങ്ങളുടെ ആഖ്യാനത്തിന് ബിജെപി നേതാക്കള്‍ ഈ സംഭവവികാസത്തെ അവലംബമാക്കുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് വര്‍ഗീയ വികാരങ്ങള്‍ ഇളക്കിവിടാന്‍ മനപ്പൂര്‍വം ലക്ഷ്യമിട്ടുള്ളതാണ് ഇത്തരം നടപടികളെന്ന് വാദിക്കുന്ന പ്രതിപക്ഷ നേതാക്കളില്‍ നിന്ന് ഈ നീക്കത്തിനെതിരേ കടുത്ത വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

പടിഞ്ഞാറന്‍ യുപി: ബിജെപിയുടെ തന്ത്രങ്ങളുടെ പരീക്ഷണ കേന്ദ്രം

സമമായ ഹിന്ദു-മുസ്‌ലിം ജനസംഖ്യയും വര്‍ഗീയ സംഘര്‍ഷങ്ങളുടെ ചരിത്രവുമുള്ള പശ്ചിമ ഉത്തര്‍പ്രദേശ് സ്വന്തമാക്കാനുള്ള വിശാലമായ പദ്ധതിയുടെ ഭാഗമാണ് സംഭലില്‍ ബിജെപിയുടെ ആക്രമണാത്മക മുന്നേറ്റം. 2013ലെ മുസാഫര്‍നഗര്‍ കലാപത്തിന് ശേഷം അവര്‍ക്ക് വന്‍ വിജയങ്ങളുണ്ടായിട്ടുണ്ട്.

പടിഞ്ഞാറന്‍ യുപി വളരെക്കാലമായി ബിജെപിയുടെ സ്വാധീനവലയത്തിനു പുറത്തായിരുന്നു. ആര്‍എല്‍ഡിയുമായുള്ള സഖ്യത്തിലും അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ സംഭലിനടുത്തുള്ള എസ്പി കോട്ടയായ കുന്ദര്‍കി പിടിച്ചെടുക്കാന്‍ സഹായിച്ച നീക്കത്തിലും ബിജെപി തന്ത്രം പ്രതിഫലിച്ചു. ഈ നീക്കത്തിന്റെ ഭാഗമായി, യുപിയിലെ പാര്‍ട്ടിയുടെ പ്രമുഖ മതകേന്ദ്രങ്ങളായി അയോധ്യ, മഥുര, കാശി (വാരണാസി) എന്നിവയുമായി സംഭലും ചേരുമെന്ന് ബിജെപി വൃത്തങ്ങള്‍ പറഞ്ഞു.

ചരിത്രപരമായി, മുസ്‌ലിം-ദലിത് പിന്തുണയെ ആശ്രയിക്കുന്ന എസ്പിയുടെയും ബഹുജന്‍ സമാജ് പാര്‍ട്ടിയുടെയും (ബിഎസ്പി) ശക്തികേന്ദ്രമാണ് സംഭല്‍. ദേശീയ തലത്തില്‍ ആധിപത്യം പുലര്‍ത്തിയിട്ടും ബിജെപി ഇവിടെ സ്വാധീനം ചെലുത്താന്‍ പാടുപെട്ടു. 2019, 2024 ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ എസ്പി നേതാവ് ഷഫീഖുര്‍ റഹ്മാന്‍ ബര്‍ഖും അദ്ദേഹത്തിന്റെ ചെറുമകന്‍ സിയാഉര്‍ റഹ്മാന്‍ ബര്‍ഖും സീറ്റ് നിലനിര്‍ത്തി. അതുപോലെ, 2022 ലെ സംസ്ഥാന തിരഞ്ഞെടുപ്പില്‍, ബിജെപി സംസ്ഥാന വ്യാപകമായി മികച്ച പ്രകടനം കാഴ്ചവച്ചിട്ടും എസ്പിയുടെ ഇഖ്ബാല്‍ മഹ്മൂദ്, തന്റെ നിയമസഭാ മണ്ഡലം നിലനിര്‍ത്തി.

എന്നിരുന്നാലും, ബിജെപിയുടെ സമീപകാല നീക്കങ്ങള്‍ ഈ സമവാക്യം മാറ്റാനുള്ള വ്യക്തമായ ശ്രമത്തെ സൂചിപ്പിക്കുന്നു. മതപരമായ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, പിന്നാക്ക ജാതി രാഷ്ട്രീയത്തിന് അതീതമായ ഒരു ഹിന്ദു വോട്ട് ബാങ്ക് സൃഷ്ടിക്കുക എന്നതാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. വിജയിച്ചാല്‍, ഈ തന്ത്രം എസ്പിയുടെ പരമ്പരാഗത പിന്തുണയ്ക്ക് ആധാരമായ വോട്ട് ബാങ്ക് അടിത്തറയെ ഗണ്യമായി ദുര്‍ബലപ്പെടുത്തും.

പതിറ്റാണ്ടുകളായി സംഭലിന്റെ രാഷ്ട്രീയ ഭൂപ്രകൃതിയില്‍ നാടകീയമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. സ്വാതന്ത്ര്യാനന്തരം, ശാന്തി ദേവി ലോക്‌സഭയില്‍ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചുകൊണ്ട് കോണ്‍ഗ്രസ് ആധിപത്യം സ്ഥാപിച്ചു. 1990 കളില്‍, എസ്പി, ബിഎസ്പി തുടങ്ങിയ പ്രാദേശിക പാര്‍ട്ടികള്‍ പ്രാമുഖ്യം നേടി, പിന്നാക്ക ജാതി അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയത്തിന്റെ ഒരു യുഗത്തിന് തുടക്കമിട്ടു.

എസ്പി സ്ഥാപകന്‍ മുലായം സിങ് യാദവ് 1998ലും 1999ലും സംഭലിന്റെ എംപിയായി സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് 2004ല്‍ അദ്ദേഹത്തിന്റെ ബന്ധുവായ രാം ഗോപാല്‍ യാദവും. 2009ലും 2019ലും വിജയിച്ചുകൊണ്ട് ഷഫീഖുര്‍ റഹ്മാന്‍ ബര്‍ഖ് ഈ പാരമ്പര്യം തുടര്‍ന്നു. എന്നിരുന്നാലും, 2014ല്‍ സത്യപാല്‍ സിങ് സൈനി സീറ്റ് നേടിയപ്പോള്‍ ബിജെപി ഒരു വഴിത്തിരിവ് ഉണ്ടാക്കി. അതിനുശേഷം, പാര്‍ട്ടി തങ്ങളുടെ സ്ഥാനം ഉറപ്പിക്കാന്‍ കരുതലോടെയുള്ള നീക്കങ്ങള്‍ നടത്തിവരുകയാണ്. സംഭല്‍ ജില്ലയിലെ അഞ്ച് നിയമസഭാ സീറ്റുകളില്‍ ബിജെപി ഒരെണ്ണം മാത്രമേ നേടിയുള്ളൂ. ബാക്കി നാലെണ്ണം എസ്പിയുടെ കൈകളിലേക്ക് പോയി.

വര്‍ധിച്ചുവരുന്ന വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കിടയിലും, ഫലപ്രദമായ ഒരു പ്രതിരോധ തന്ത്രം മെനയുന്നതില്‍ പ്രതിപക്ഷം പരാജയപ്പെട്ടു. അഖിലേഷ് യാദവിന്റെ പ്രതികരണങ്ങള്‍ ഇടയ്ക്കിടെ മാത്രമായിരുന്നു. കോണ്‍ഗ്രസ് മിക്കവാറും നിശ്ശബ്ദത പാലിച്ചു. മതപരമായ സംവാദങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ജാഗ്രത പാലിക്കുന്നുണ്ടെന്നും അത് അവരുടെ വോട്ടര്‍ അടിത്തറയിലെ ചില വിഭാഗങ്ങളെ അകറ്റി നിര്‍ത്തുമെന്ന ഭയത്താലാണെന്നും വിശകലന വിദഗ്ധര്‍ വാദിക്കുന്നു. ഈ നിഷ്‌ക്രിയത്വം ബിജെപിയുടെ വാദഗതികളും ആഖ്യാനങ്ങളും വെല്ലുവിളിക്കപ്പെടാതെ തുടരാന്‍ അനുവദിക്കുകയായിരുന്നു.

മുന്നോട്ടുള്ള പാത: 2027 തിരഞ്ഞെടുപ്പുകളും അതിനുമപ്പുറവും

2027ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, സംഭല്‍ ബിജെപിയുടെ ഒരു പ്രധാന യുദ്ധക്കളമായി മാറിയിരിക്കുന്നു. ശക്തമായ ഹിന്ദു വോട്ട് ബാങ്ക് സൃഷ്ടിക്കാന്‍ മതപരമായ ധ്രുവീകരണവും ഹിന്ദു ഏകീകരണവും ഉപയോഗിക്കുക എന്നതാണ് പാര്‍ട്ടിയുടെ തന്ത്രം. ഇതിനെ ഫലപ്രദമായി നേരിടുന്നതില്‍ പ്രതിപക്ഷം പരാജയപ്പെട്ടാല്‍, സംഭല്‍ മാത്രമല്ല, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ മറ്റ് ശക്തികേന്ദ്രങ്ങളും നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്.

രാഷ്ട്രീയ ചൂട് ഉയരുമ്പോള്‍, ഇന്ത്യയുടെ വലിയ പ്രത്യയശാസ്ത്ര പോരാട്ടത്തിന്റെ ഒരു സൂക്ഷ്മരൂപമായി സംഭല്‍ പ്രവര്‍ത്തിക്കുന്നു. സാമുദായിക ഐക്യത്തിന്റെ ഒരു വിളക്കുമാടമായോ അതോ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ഒരു കേന്ദ്രമായോ ഉള്ള പട്ടണത്തിന്റെ ഭാവി 2027ലെ തിരഞ്ഞെടുപ്പിന് മുമ്പുള്ള മാസങ്ങളില്‍ തീരുമാനിക്കപ്പെടും.

കടപ്പാട്: മണി കണ്‍ട്രോള്‍

Next Story

RELATED STORIES

Share it