Big stories

ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി സിദ്ദിഖ് കാപ്പന്‍ സുപ്രിം കോടതിയില്‍

ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി സിദ്ദിഖ് കാപ്പന്‍ സുപ്രിം കോടതിയില്‍
X

ന്യൂഡല്‍ഹി: ഹാത്‌റസ് ഗൂഢാലോചന കേസില്‍ രണ്ട് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം ജാമ്യം ലഭിച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ജാമ്യ വ്യവസ്ഥകളില്‍ ഇളവ് തേടി സുപ്രിം കോടതിയെ സമീപിച്ചു. എല്ലാ തിങ്കളാഴ്ചയും ഉത്തര്‍പ്രദേശിലെ പോലിസ് സ്‌റ്റേഷനില്‍ ഹാജരാവണമെന്ന ജാമ്യ വ്യവസ്ഥയില്‍ ഇളവ് വേണമെന്നാണ് ആവശ്യം. 2022 സപ്തംബര്‍ 9നാണ് സുപ്രിം കോടതി മുന്‍ ചീഫ് ജസ്റ്റിസ് യു യു ലളിതും ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ടും കാപ്പന് ജാമ്യം അനുവദിച്ചത്. ജാമ്യം നിഷേധിച്ചുകൊണ്ടുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെയുള്ള അപ്പീല്‍ അനുവദിച്ചായിരുന്നു നടപടി.

ഹാത്‌റസില്‍ പ്രായപൂര്‍ത്തിയാവാത്ത ദലിത് പെണ്‍കുട്ടിയെ സവര്‍ണര്‍ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രദേശത്തേക്കു പോവുന്നതിനിടെയാണ് മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ ഉള്‍പ്പെടെയുള്ളവരെ യുപി പോലിസ് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തി ജയിലിലടച്ചത്. കലാപമുണ്ടാക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ചാണ് യുഎപിഎ സെക്ഷന്‍ 17/18, സെക്ഷന്‍ 120 ബി, 153 എ/295 എ ഐപിസി, 65/72 ഐടി ആക്റ്റ് എന്നിവ പ്രകാരം 2020 ഒക്ടോബര്‍ 6 മുതല്‍ സിദ്ദീഖ് കാപ്പനെ ജയിലിലിടച്ചത്. കാപ്പനോടൊപ്പമുണ്ടായിരുന്ന കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തകരെയും വാഹനത്തിന്റെ ഡ്രൈവറെയും അറസ്റ്റ് ചെയ്തിരുന്നു.

രണ്ടുവര്‍ഷത്തിലേറെ കഴിഞ്ഞാണ് സിദ്ദീഖ് കാപ്പന് സുപ്രിംകോടതിയില്‍ നിന്ന് ഉപാധികളോടെ ജാമ്യം ലഭിച്ചത്. ഇതില്‍ പ്രധാനപ്പെട്ടതാണ് എല്ലാ തിങ്കളാഴ്ചയും പ്രാദേശിക പോലിസ് സ്‌റ്റേഷനില്‍ ഹാജരാവണമെന്നത്. ആദ്യത്തെ ആറ് ആഴ്ചയ്ക്കു ശേഷം കേരളത്തിലേക്ക് പോവാന്‍ അനുമതി നല്‍കിയെങ്കിലും എല്ലാ തിങ്കളാഴ്ചകളിലും സമാനമായ രീതിയില്‍ ലോക്കല്‍ പോലിസ് സ്‌റ്റേഷനില്‍ റിപോര്‍ട്ട് ചെയ്യുകയും രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും വേണമെന്നായിരുന്നു വ്യവസ്ഥ. അപേക്ഷകന്‍ തന്റെ പാസ്‌പോര്‍ട്ട് നല്‍കണം, സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യരുത്, വിവാദവുമായി ബന്ധപ്പെട്ട ആരുമായും ബന്ധപ്പെടരുത് തുടങ്ങിയ വ്യവസ്ഥകളുമുണ്ടായിരുന്നു. 2022 ഡിസംബറില്‍ അലഹബാദ് ഹൈക്കോടതി പിഎംഎല്‍എ കേസില്‍ സിദ്ദീഖ് കാപ്പന് ജാമ്യം അനുവദിക്കുകയും 2023 ഫെബ്രുവരിയില്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങുകയും ചെയ്തിരുന്നു.

ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്ന സിദ്ദീഖ് കാപ്പന്റെ ഹര്‍ജിയില്‍ ജസ്റ്റിസുമാരായ പി എസ്. നരസിംഹ, ആര്‍ മഹാദേവന്‍ എന്നിവര്‍ രണ്ടാഴ്ചയ്ക്ക് ശേഷം വാദം കേള്‍ക്കും. അതേസമയം, കേസില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ അഭിഭാഷകനോട് കോടതി റിപോര്‍ട്ട് തേടിയിട്ടുണ്ട്.

Next Story

RELATED STORIES

Share it