Big stories

വിദേശ തബ് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരായ കേസ് വേഗത്തിലാക്കണമെന്ന് സുപ്രിംകോടതി

വിദേശ തബ് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരായ കേസ് വേഗത്തിലാക്കണമെന്ന് സുപ്രിംകോടതി
X
ന്യൂഡല്‍ഹി: വിസ നിയമങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത വിദേശ തബ് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരായ കേസിലെ വാദം കേള്‍ക്കല്‍ വേഗത്തിലാക്കണമെന്ന് സുപ്രിംകോടതി വിചാരണ കോടതികള്‍ക്കു നിര്‍ദേശം നല്‍കി. ഡല്‍ഹിയിലെ നിസാമുദ്ദീന്‍ മര്‍കസിലെ ചടങ്ങില്‍ പങ്കെടുത്തതിന് തബ് ലീഗ് ജമാഅത്ത് അംഗങ്ങളായ വിദേശികളെ കരിമ്പട്ടികയില്‍ പെടുത്തിയതിനെതിരെ സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചിന്റെ നിര്‍ദേശം. കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി നവംബര്‍ 20ലേക്കു മാറ്റി. എട്ട് പേരെ ഒഴിവാക്കണമെന്ന അപേക്ഷ നവംബര്‍ 10ന് വിചാരണക്കോടതിയില്‍ നല്‍കുമെന്ന് ചില ജമാഅത്ത് അംഗങ്ങള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനേക ഗുരുസ്വാമി പറഞ്ഞു.

ചില വിദേശ ജമാഅത്ത് അംഗങ്ങളെ ഡിസ്ചാര്‍ജ് ചെയ്ത കേസുകളില്‍ അധികൃതര്‍ പുനരവലോകനം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മറ്റൊരു മുതിര്‍ന്ന അഭിഭാഷകന്‍ സി യു സിങ് പറഞ്ഞു. ഇത്തരം അപേക്ഷകള്‍ കോടതികള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് ബെഞ്ച് നിര്‍ദേശിച്ചു. പുനവരലോകന അപേക്ഷകള്‍ സമര്‍പ്പിച്ച ശേഷവും ഇത് അവര്‍ക്കൊരു ശിക്ഷയായി മാറിയിരിക്കുകയാണെന്നും അവരെ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാന്‍ അനുവദിക്കുന്നില്ലെന്നും സിങ് പറഞ്ഞു.

വിസ നിയമലംഘനം നടത്തിയെന്നാരോപിച്ച് 13 വിദേശ തബ് ലീഗ് ജമാഅത്ത് അംഗങ്ങള്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് പട്‌ന ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രിം കോടതി നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ എതിര്‍പ്പില്ലെന്നും വിചാരണ ഏകീകരിക്കാമെന്നും ഡല്‍ഹിയിലെ ഒരു കോടതി അത്തരം കേസുകള്‍ കേള്‍ക്കുന്നുണ്ടെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. നേരത്തേ, തബ് ലീഗ് ജമാഅത്ത് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായെന്ന് ആരോപിച്ച് 35 രാജ്യങ്ങളിലെ നിരവധി പൗരന്മാരെ കരിമ്പട്ടികയില്‍പെടുത്തിയ സര്‍ക്കാര്‍ ഉത്തരവിനെ സുപ്രിംകോടതിയില്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ചിലര്‍ക്കെതിരായ നോട്ടീസ് പിന്‍വലിച്ചതായി കേന്ദ്രം സുപ്രിം കോടതിയെ അറിയിച്ചിരുന്നു.

11 സംസ്ഥാനങ്ങളില്‍ നിന്നായി 205 എഫ്‌ഐആറുകളിലാണ് വിദേശ തബ് ലീഗ് ജമാഅത്ത് അംഗങ്ങള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2,765 വിദേശികളെ ഇതുവരെ കരിമ്പട്ടികയില്‍ പെടുത്തിയതായി കേന്ദ്രം സത്യവാങ്മൂലത്തില്‍ പറയുന്നു. ഇതില്‍ 2,679 വിദേശികളുടെ (9 ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡ് ഉടമകള്‍ ഉള്‍പ്പെടെ) വിസ റദ്ദാക്കി. ബാക്കി 86 പേര്‍ വിസ ആവശ്യമില്ലാത്ത നേപ്പാള്‍ പൗരന്‍മാരാണ്.

Speed Up Hearing Against Foreign Islamic Sect Members: Supreme Court To Trial Courts




Next Story

RELATED STORIES

Share it