Big stories

ശ്രീലങ്കയിലെ സ്‌ഫോടന പരമ്പര; മരണം 200 കവിഞ്ഞു

ശ്രീലങ്കയിലെ സ്‌ഫോടന പരമ്പര; മരണം 200 കവിഞ്ഞു
X

കൊളംബോ: ശ്രീലങ്കയില്‍ എട്ടിടങ്ങളിലുണ്ടായ സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 207ഓളമായി. 450ലേറെ പേര്‍ക്ക് പരിക്ക്. മൂന്ന് ക്രിസ്ത്യന്‍ പള്ളികളിലും മൂന്ന് ഹോട്ടലുകളിലും ഉള്‍പ്പെടെ എട്ടിടങ്ങളിലാണ് സ്‌ഫോടനം നടന്നത്.

കൊച്ചിക്കാഡെ, നെഗോംബോ, ബത്തിക്കലോവ എന്നിവിടങ്ങളിലെ ക്രിസ്ത്യന്‍ പള്ളികളില്‍ രാവിലെ ഈസ്റ്റര്‍ കുര്‍ബാന നടക്കുന്നതിനിടെയായിരുന്നു സ്‌ഫോടനം. ഇതിന് പുറമേ തലസ്ഥാനമായ കൊളംബോയിലെ ആഡംബര ഹോട്ടലുകളായ ഷാന്‍ഗ്രി ലാ, സിന്നമോണ്‍ ഗ്രാന്‍ഡ്, കിങ്‌സ് ബറി എന്നിവിടങ്ങളിലാണ് പൊട്ടിത്തെറിയുണ്ടായത്.സ്‌ഫോടനത്തെതുടര്‍ന്ന് ദേശീയ കര്‍ഫ്യുവിന് ഉത്തരവിടുകയും രാജ്യത്ത് സോഷ്യല്‍ മീഡിയ താല്‍ക്കാലികമായി റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

ഏഴോളം ആളുകളെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരിക്കുന്നതായാണ് വിവരം. എന്നാല്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഏത് രീതിയിലാണ് സ്‌ഫോടനം നടത്തിയതെന്ന കാര്യവും വ്യക്തമല്ല. മരണസംഖ്യ ഇനിയും കൂടാനിടയുണ്ടെന്നാണ് റിപോര്‍ട്ട്. ജനങ്ങള്‍ ശാന്തരായിരിക്കണമെന്നും അന്വേഷണത്തില്‍ അധികൃതരുമായി സഹകരിക്കണമെന്നും പ്രസിഡന്റ് മൈത്രിപാല സിരിസേന ആവശ്യപ്പെട്ടു. പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ അടിയന്തര യോഗം വിളിച്ചു. മരണവും അരക്ഷിതാവസ്ഥയും സൃഷ്ടിക്കാനുദ്ദേശിച്ച് നടത്തിയ ആസൂത്രിത ആക്രമണമാണിതെന്ന് ധനമന്ത്രി മംഗള സമരരവീര പറഞ്ഞു.

നേരത്തേ ബുദ്ധമതക്കാരായ സിംഹള വിഭാഗം മസ്ജിദുകള്‍ക്കു നേരെ നടത്തിയ ആക്രമണ പരമ്പര രാജ്യത്ത് വലിയ കലാപത്തിനിടയാക്കിയിരുന്നു.

Next Story

RELATED STORIES

Share it