Big stories

കശ്മീരികള്‍ക്ക് എതിരായ ആക്രമണം തടയാന്‍ സുപ്രിം കോടതി നിര്‍ദേശം

കശ്മീരികള്‍ക്ക് എതിരായ ആക്രമണം തടയാന്‍ സുപ്രിം കോടതി നിര്‍ദേശം
X

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന കശ്മീരികള്‍ക്ക് എതിരായ ആക്രമണം തടയാന്‍ സുപ്രിംകോടതി നിര്‍ദേശം. കശ്മീരികള്‍ക്കെതിരായ ഭീഷണി ശ്രദ്ധയില്‍ പെട്ടാല്‍ അടിയന്തിര നടപടി എടുക്കണമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കും പോലിസ് മേധാവികള്‍ക്കും ഡല്‍ഹി പോലിസ് കമ്മീഷണര്‍ക്കും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അദ്ധ്യക്ഷനായ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്. വിഷയത്തില്‍ 11 സംസ്ഥാനങ്ങള്‍ക്ക് സുപ്രിം കോടതി നോട്ടീസ് അയച്ചു. കശ്മീരികള്‍ക്കെതിരായ ആക്രമണം തടയാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതി അഭിഭാഷകനായ താരിഖ് അബീദ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. എല്ലാ കശ്മീരികളെയും ബഹിഷ്‌കരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് മേഘാലയ ഗവര്‍ണറും ബിജെപി ബംഗാള്‍ ഘടകം പ്രസിഡന്റുമായിരുന്ന തഥാ ഗത റോയി എഴുതിയ ട്വിറ്റര്‍ കുറിപ്പും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്. അതേസമയം കശ്മീരി വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ടെന്നും നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് വേണ്ടി സുപ്രിം കോടതിയെ അറിയിച്ചു. അക്രമം തടയണമെന്ന് ഇതിനോടകം തന്നെ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഇതോടെ, സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കി അഡൈ്വസറിക്ക് പരമാവധി പ്രചാരണം നല്‍കണമെന്ന് കോടതി വ്യക്തമാക്കി.

Next Story

RELATED STORIES

Share it