Big stories

മുസ് ലിംകള്‍ തീവ്രവാദികളെന്ന് അധ്യാപകന്‍; ചോദ്യം ചെയ്ത വിദ്യാര്‍ഥിനിയെ ബന്ദിയാക്കി, കൊല്ലാന്‍ ശ്രമിച്ചു

മുസ് ലിംകള്‍ തീവ്രവാദികളെന്ന് അധ്യാപകന്‍; ചോദ്യം ചെയ്ത വിദ്യാര്‍ഥിനിയെ ബന്ദിയാക്കി, കൊല്ലാന്‍ ശ്രമിച്ചു
X

ജയ്പൂര്‍: ഉഡുപ്പിയില്‍ ക്ലാസ് മുറിയില്‍ വച്ച് മുസ് ലിം വിദ്യാര്‍ഥിയെ അധ്യാപകന്‍ ഭീകരനെന്ന് അധിക്ഷേപിച്ച സംഭവം വിവാദമായതിനു പിന്നാലെ രാജസ്ഥാനിലും സമാന അധിക്ഷേപം. രാജസ്ഥാനിലെ ബലോത്രയിലെ എംബിആര്‍ കോളജിലെ ചരിത്രവിഭാഗം പ്രഫസര്‍ പദം സിങ് ആണ് മുസ് ലിംകളെ തീവ്രവാദികളെന്നും പാകിസ്ഥാനികളെന്നും വിളിക്കുകയും ഖുര്‍ആന്‍ നിന്ദ നടത്തുകയും ചെയ്തത്. ഇതിനെ ചോദ്യം ചെയ്ത ബിഎ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനി ഹസീനാ ബാനുവിനെ കോളജ് അധികൃതര്‍ മണിക്കൂറുകളോളം ബന്ദിയാക്കുകയും വാഹനമിടിച്ച് കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തതായും ആരോപണമുണ്ട്. 200ഓളം വിദ്യാര്‍ഥികള്‍ക്ക് ഹിസ്റ്ററി ക്ലാസ് എടുക്കുന്നതിനിടെയാണ് അധ്യാപകന്‍ പദം സിങ് മുസ് ലിം വിരുദ്ധ പരാമര്‍ശം നടത്തിയത്. ഗൗതം ബുദ്ധയെ കുറിച്ചുള്ള ഭാഗം പഠിപ്പിക്കുന്നതിനിടെ ഡല്‍ഹിയിലെ ശ്രദ്ധ കൊലക്കേസും പ്രതിയായ അഫ്താബ് പൂനെവാലെയെയും കുറിച്ച് പരാമര്‍ശിക്കുകയായിരുന്നു. മുസ് ലിംകള്‍ ഒട്ടും ദയയില്ലാത്തവരാണ്. അവളെ പോലും 35 കഷണങ്ങളാക്കി. അയാള്‍ക്ക് ഒന്നും തോന്നിയില്ലെന്നു പറഞ്ഞ അധ്യാപകന്‍ പെട്ടെന്ന് ഇവിടെ ആരെങ്കിലും മുസ് ലിം ഉണ്ടോ എന്ന് ചോദിച്ചു. ആരും ഒന്നും പറയാതിരുന്നതോടെയാണ് അധ്യാപകന്‍ വിഷം ചീറ്റിയത്. ഒരു ഹിന്ദുവിനെ കൊന്നാല്‍ ഹജ്ജ് ചെയ്ത പ്രതിഫലം ലഭിക്കുമെന്നാണ് മുസ് ലിംകള്‍ പറയുന്നത് നിങ്ങള്‍ക്കറിയുമോ എന്നായിരുന്നു അധ്യാപകന്റെ ചോദ്യം. രണ്ട് ഹിന്ദുക്കളെ കൊന്നാല്‍ സ്വര്‍ഗം കിട്ടും. അവര്‍ ഹിന്ദുക്കളെ കാഫിര്‍ എന്നാണ് വിളിക്കുന്നത്. അവര്‍ തീവ്രവാദികളും പാകിസ്താനികളുമാണ്. അവര്‍ നമുക്കെതിരാണ്. അവരില്‍ നിന്ന് അകലം പാലിക്കണമെന്നും പറഞ്ഞതായി ഹസീനാ ബാനു പറഞ്ഞു. ഇത്രയും പറഞ്ഞപ്പോള്‍ ഞാന്‍ എഴുന്നേറ്റ് നിന്നു. ഉടന്‍ അധ്യാപകന്‍ താന്‍ എങ്ങോട്ട് പോവുകയാണെന്ന് ചോദിച്ചപ്പോള്‍ താങ്കള്‍ക്ക് എങ്ങനെയാണ് ഇങ്ങനെ പറയാന്‍ കഴിയുന്നതെന്ന് തിരിച്ചുചോദിച്ചു. ഇതൊക്കെ പാഠത്തിന്റെ ചര്‍ച്ചയുടെ ഭാഗമാണോ എന്ന ചോദ്യത്തിന് അല്ലെന്നായിരുന്നു മറുപടി. പിന്നെന്തിനാണ് ഇങ്ങനെ പറയുന്നതെന്ന് ചോദിച്ചപ്പോള്‍ ഖുര്‍ആനില്‍ ഇങ്ങനെയുണ്ടെന്നായിരുന്നു മറുപടി. ഞാന്‍ ഖുര്‍ആന്‍ പഠിച്ചിട്ടുണ്ട്. ഖുര്‍ആനില്‍ എവിടെയാണ് ഇങ്ങനെ പറയുന്നതെന്ന് കാണിച്ചു തരണമെന്ന് പറഞ്ഞ് ഞാന്‍ ക്ലാസില്‍ നിന്ന് ഇറങ്ങിപ്പോയതായും ഹസീനാ ബാനു പറഞ്ഞു. പിന്നീട് ഓഫിസിലെത്തി പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയുമെടുത്തില്ല. ഈ പ്രശ്‌നം ഇവിടെ അവസാനിപ്പിക്കണമെന്നും പുറത്തറിയിക്കരുതെന്നുമാണ് ഉത്തരവാദിത്തപ്പെട്ടവര്‍ പറഞ്ഞത്. ഇതോടെ ഞാന്‍ കോളജില്‍ നിന്ന് പുറത്തിറങ്ങി. അവര്‍ എന്റെ മുഖത്ത് നോക്കി വാതിലടച്ചു. എന്നെ പുറത്ത് വിടരുതെന്നും പുറത്തുപോയാല്‍ പ്രശ്‌നമുണ്ടാക്കുമെന്നും പറഞ്ഞു. അവളെ ഇവിടെത്തന്നെ പിടിച്ചുനിര്‍ത്തി പ്രശ്‌നം ഇവിടെ തീര്‍ക്കണമെന്ന് പറഞ്ഞു. പിന്നെ രാജു ചൗധരി വന്നു. എന്നിട്ട് നീ പോലിസ് സ്‌റ്റേഷനില്‍ പോകുന്നുണ്ടെങ്കില്‍ പൊയക്കോ എന്നും അതിനുശേഷം ഞങ്ങള്‍ നിന്നോട് ചെയ്യുന്നതെന്തെന്ന് കാണാമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു.

മുസ് ലിംകള്‍ തെമ്മാടികള്‍ തന്നെയാണെന്ന് ഞാനും പറയുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇറച്ചി തിന്നുന്നവരല്ലേ നിങ്ങള്‍. നിങ്ങള്‍ തെമ്മാടികള്‍ തന്നെയാണ്. നിങ്ങള്‍ പ്രവാചകന്‍ മുഹമ്മദിന്റെ പിന്‍ഗാമികളല്ലേ. ഒരിക്കലും നന്നാവില്ല എന്ന് പറഞ്ഞപ്പോള്‍ കൂടുതലൊന്നും പറയേണ്ടെന്നും പോലിസ് സ്‌റ്റേഷനില്‍ പോയി പരാതി നല്‍കുമെന്നും ഞാന്‍ പറഞ്ഞു. അപ്പോള്‍ താന്‍ എങ്ങനെ പുറത്തുപോവുമെന്ന് കാണട്ടേയെന്നു പറഞ്ഞ് തന്റെ കാലിലേക്ക് വാഹനം ഓടിച്ചുകയറ്റിയതായും ഹസീനാ ബാനു പറഞ്ഞു. ഇതിനു ശേഷം ആ പെണ്ണിനെ അകത്തേക്ക് പിടിച്ചുകൊണ്ടുപോകൂ എന്നും പറഞ്ഞ് അവരെന്നെ രണ്ടു മണിക്കൂര്‍ കോളജിനുള്ളില്‍ ഇരുത്തി. നീ പുറത്ത് പോവുകയാണെങ്കില്‍ ഞങ്ങള്‍ക്ക് ഓരുപാട് ആണ്‍കുട്ടികളുണ്ട്. നിന്നെ എന്ത് ചെയ്യണമെന്ന് ഞങ്ങള്‍ക്കറിയാം. എല്ലാവരും ബലം പ്രയോഗിച്ച് അകത്ത് കയറുമെന്ന് ഭയപ്പെടുത്തിയതോടെ ഞാന്‍ ഇക്കാര്യം പുറത്ത് ആരോടും പറയില്ലെന്ന് പറഞ്ഞതായും വിദ്യാര്‍ഥിനി പറഞ്ഞു. അങ്ങനെ ഞാന്‍ പുറത്തിറങ്ങി. എനിക്ക് ചുറ്റും ആണ്‍കുട്ടികള്‍ കൂട്ടംകൂടിയിരുന്നു. നിനക്ക് വീട്ടിലേക്ക് പോവുന്നതാണ് നല്ലതെന്നും പോലിസ് സ്‌റ്റേഷനിലേക്ക് പോയാല്‍ നിന്നെ പിന്തുടരുമെന്നും അവര്‍ ഭീഷണിപ്പെടുത്തുന്നുണ്ടായിരുന്നു. ഞാനാകെ ഭയന്നുപോയി. ഞാനെന്റെ അധ്യാപകനെ വിളിച്ചെങ്കില്‍ അവര്‍ ഫോണെടുത്തില്ല. ഞാന്‍ വീട്ടിലെത്തി നടന്ന കാര്യങ്ങളെല്ലാം വീട്ടുകാരോട് പറഞ്ഞു. അപ്പോള്‍ എന്റെ സഹോദരന്‍ താലിബാണ് രാജു ചൗധരി ഭീഷണിപ്പെടുത്തുന്ന വീഡിയോ വൈറലായ കാര്യം പറഞ്ഞത്. പിന്നീട് ഒരു മാഡം എന്റെ വീട്ടിലേക്ക് വന്ന് എല്ലാകാര്യങ്ങളും റിപോര്‍ട്ട് ചെയ്തു. തനിക്കൊപ്പം ഞാനുണ്ടാവുമെന്നും നടപടിയെടുക്കുമെന്നും അവര്‍ പറഞ്ഞു. പക്ഷേ, ഇതുവരെ ഒരു നടപടിയുമെടുത്തില്ല. 27ാം തിയ്യതിയാണ് റിപോര്‍ട്ട് നല്‍കിയത്. ഇതുവരെ ഒരു നടപടിയുമെടുത്തില്ലെന്നും ഹസീനാ ബാനു മാധ്യമങ്ങളോട് പറഞ്ഞു. കര്‍ണാടക ഉഡുപ്പിയിലെ മണിപ്പാല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ സഹപാഠികള്‍ക്കു മുന്നില്‍ വച്ച് മുംബൈ ആക്രമണക്കേസ് പ്രതി അജ്മല്‍ കസബിന്റെ പേരുവിളിച്ച് സംബോധന ചെയ്ത സിവില്‍ എന്‍ജിനീയറിങ് വിഭാഗം അസി. പ്രഫസര്‍ രവീന്ദ്രനാഥിന് ഒന്നാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി രോഷത്തോടെ മറുപടി നല്‍കുന്ന വീഡിയോ പുറത്തുവന്നതോടെ കോളജ് അധികൃതര്‍ ഇദ്ദേഹത്തെ സസ്‌പെന്റ് ചെയ്തിരുന്നു. വിദ്യാര്‍ഥി പ്രതികരിച്ചതോടെ ഞാന്‍ തമാശയ്ക്കു പറഞ്ഞതാണെന്നും തന്റെ മകനെ പോലെയാണെന്നും പറഞ്ഞ് ക്ഷമാപണം നടത്താന്‍ ശ്രമിച്ചെങ്കിലും അധ്യാപകന്റെ വംശീയാധിക്ഷേപത്തിന് വിദ്യാര്‍ഥി ചുട്ട മറുപടിയാണ് നല്‍കിയിരുന്നത്. യുനെസ്‌കോ പ്രതിനിധി അശോക് സ്വെയിന്‍ ഉള്‍പ്പെടെ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു.

Next Story

RELATED STORIES

Share it