Big stories

ഒത്തുതീര്‍പ്പിന്റെ മറവില്‍ നിരന്തരം ചതികളേറ്റുവാങ്ങുന്ന മുസ്‌ ലിം സമുദായം...

നരേന്ദ്രന്‍ കമ്മീഷന്‍ കണ്ടെത്തിയ ബാക്ക് ലോഗ് നികത്തുന്നതില്‍ 2006ലെ യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ കൊടും ചതിയുടെ ആവര്‍ത്തനം തന്നെയാണ് പാലോളി പദ്ധതിയിലെ 80:20 ചതിക്കു പിന്നാലെ ഇപ്പോള്‍ നടക്കുന്ന 'സമവായ' അട്ടിമറി നീക്കങ്ങള്‍. മുസ് ലിം ക്ഷേമ പദ്ധതികളെ നക്കിക്കൊല്ലുന്ന സമവായമല്ല, അവകാശങ്ങളാണു നടപ്പിലാവേണ്ടതെന്ന് സമുദായം ഒറ്റക്കെട്ടായി നിവര്‍ന്നുനിന്ന് പറയാത്തിടത്തോളം ഭരണകൂട നീതിനിഷേധങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടു കൊണ്ടേയിരിക്കും...

ഒത്തുതീര്‍പ്പിന്റെ മറവില്‍ നിരന്തരം ചതികളേറ്റുവാങ്ങുന്ന മുസ്‌ ലിം സമുദായം...
X

പരമ്പര-3

പി സി അബ്ദുല്ല

കോഴിക്കോട് : ചതികളേറ്റു വാങ്ങാന്‍ ചന്തുവിന്‍റെ ജീവിതം പിന്നെയും ബാക്കി എന്ന എം ടി വാസുദേവന്‍ നായരുടെ വരികള്‍ മുസ്‌ ലിം സമുദായത്തിന്‍റെ കാര്യത്തില്‍ ഏറെ അന്വര്‍ഥമാണ്. സാമൂഹിക സന്തുലനത്തിനായി ഭരണഘടന അനുശാസിക്കുന്ന മുസ്‌ലിം ക്ഷേമ പദ്ധതികളെല്ലാം കൊടും ചതിയിലൂടെ ഭരണകൂടങ്ങളും കപടരാഷ്ട്രീയക്കാരും സങ്കുചിത ജാതി-മത താല്‍പര്യക്കാരും സംഘടിതമായി അട്ടിമറിച്ചതാണ് മുസ്‌ലിംകള്‍ക്കു ലഭിക്കേണ്ട സംവരണ, സാമൂഹിക ക്ഷേമ പദ്ധതികളുടെ നാളിതു വരെയുള്ള ചരിത്രം.

കേരള സംസ്ഥാന സര്‍വീസ്, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണസ്ഥാപനങ്ങള്‍, യൂണിവേഴ്‌സിറ്റികള്‍ എന്നിവിടങ്ങളിലെ പിന്നാക്ക സമുദായ പ്രാതിനിധ്യത്തെക്കുറിച്ചു പഠിച്ചു റിപോര്‍ട്ട് സമര്‍പ്പിക്കാനായി ജസ്റ്റിസ് കെ കെ നരേന്ദ്രന്റെ നേതൃത്വത്തിലുള്ള കമ്മീഷന്‍ നിയമിക്കപ്പെട്ടത് 2000 ഫെബ്രുവരി 11നാണ്. 2001 നവംബര്‍ 9ന് കമീഷന്‍ റിപോര്‍ട്ട് സമര്‍പ്പിച്ചു. നരേന്ദ്രന്‍ കമ്മീഷന്‍ റിപോര്‍ട്ട് പ്രകാരം 18,525 തസ്തികകളില്‍ പിന്നാക്ക സമുദായങ്ങളില്‍നിന്ന് നിയമനം നടക്കേണ്ടതുണ്ടെന്ന് കണ്ടെത്തി. ജനസംഖ്യാനുപാതിക പ്രാതിനിധ്യത്തില്‍ ഏറ്റവുമധികം നഷ്ടം സംഭവിച്ചതു മുസ്‌ലികള്‍ക്കായിരുന്നു. 7,383 തസ്തികകളുടെ കുറവ്. ലത്തീന്‍ കത്തോലിക്കര്‍ക്ക് 4,370, നാടാര്‍ക്ക് 2,614, ദലിത് ക്രൈസ്തവര്‍ക്ക് 2,290, ധീവരര്‍ക്ക് 1,250, മറ്റ് ഒ ബി സികള്‍ക്ക് 460, വിശ്വകര്‍മജര്‍ക്ക് 147 എന്നിങ്ങനെയായിരുന്നു കമീഷന്‍ കണക്കാക്കിയ നഷ്ടം. ഈഴവര്‍ക്ക് കേവലം 5 തസ്തികകളുടെ കുറവാണുണ്ടായിരുന്നത്. ഓരോ പിന്നാക്ക വിഭാഗവും നേടിയിട്ടുള്ള തസ്തികകള്‍ അവരുടെ സംവരണ ക്വാട്ടയോടു താരതമ്യപ്പെടുത്തുമ്പോള്‍ വരുന്ന എണ്ണക്കുറവാണ് ഈ ബാക് ലോഗ് ആയി കണക്കാക്കിയത്.

മുസ്‌ലിംകള്‍ അടക്കമുള്ളവര്‍ക്ക് എന്തുകൊണ്ടാണ് ഈ കനത്ത നഷ്ടം സംഭവിച്ചതെന്നതിനെകുറിച്ച് കൃത്യമായ ധാരണ കമീഷന് ഉണ്ടായിരുന്നില്ല. സംവരണ സീറ്റുകള്‍ നികത്താന്‍ യോഗ്യരായവര്‍ അതതു സംവരണ സമുദായ ഉദ്യോഗാര്‍ഥി റാങ്ക് ലിസ്റ്റില്‍ ഇല്ലാതെ വരുന്ന സാഹചര്യത്തില്‍ ആ ഒഴിവുകള്‍ ജനറല്‍ വിഭാഗത്തില്‍ നിന്നു നികത്തിയതുകൊണ്ടു സംഭവിച്ച നഷ്ടമാണിതെന്നാണു പൊതുവേ ഉണ്ടായിരുന്ന ധാരണ.

നരേന്ദ്രന്‍ കമ്മീഷന്‍ കണ്ടെത്തിയ ബാക്ക് ലോഗ് നികത്താനായി സംവരണ സമുദായങ്ങള്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ ആവിഷ്കരിച്ചു. ബാക് ലോഗ് നികത്തുവാന്‍ സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് നടത്തണമെന്ന ആവശ്യം ശക്തമായി.

എല്ലാ പിന്നാക്ക വിഭാഗങ്ങളെയും അണി നിരത്തിയുള്ള സംവരണ സമുദായ മുന്നണിയുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭത്തിൽ മുഖ്യ പങ്കാളിത്തം വഹിച്ച മുസ്‌ലിം പക്ഷത്തുനിന്നുള്ള പ്രധാന സംഘടനകളായിരുന്നു എന്‍ ഡി എഫ്, മെക്ക, മുസ്‌ലിം ലീഗ് തുടങ്ങിയവ. 1998 മുതല്‍ പ്രക്ഷോഭം ആരംഭിച്ചു. 2000ല്‍ എന്‍ ഡി എഫ് നടത്തിയ സംവരണ സമര ജാഥയിലൂടെ സംവരണ നഷ്ടം നികത്താൻ സ്പെഷ്യൽ റിക്രൂട്ട്മെന്റ്, ജനസംഖ്യാനുപാതിക പ്രാതിനിധ്യം തുടങ്ങിയ ആവശ്യങ്ങൾ പൊതു ശ്രദ്ധയിൽ കൊണ്ടുവന്നു.

തുടര്‍ പ്രക്ഷോഭങ്ങളുടെ ഭാഗമായി എൻ ഡി എഫ് 2006ല്‍ രണ്ടാം സംവരണ സമര ജാഥ പ്രഖ്യാപിച്ചു. സംവരണപ്രക്ഷോഭം ശക്തമാവുമെന്ന് കണ്ടതോടെ 2006 ലെ യുഡിഎഫ് സര്‍ക്കാര്‍ ഒത്തു തീര്‍പ്പ് പാക്കേജുമായി രംഗത്തു വന്നു. മുസ്‌ലിംകള്‍ അടക്കം സമരരംഗത്തുള്ള പിന്നാക്ക സമുദായങ്ങള്‍ക്ക് കനത്ത നഷ്ടം സംഭവിക്കുന്നതും സമരമൊന്നും ചെയ്യാതെ കാഴ്ചക്കാരായി നിന്ന മുന്നാക്ക സമുദായങ്ങള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതുമായിരുന്നു യു ഡി എഫ് സര്‍ക്കാരിന്‍റെ പാക്കേജ്.

പിന്നാക്ക സമുദായങ്ങളുടെ പ്രാതിനിധ്യക്കുറവ് നികത്താന്‍ സ്പെഷ്യല്‍ റിക്യൂട്ട്മെന്‍റിനു തയ്യാറാവാതെ ഒത്തുതീര്‍പ്പ് ഫോര്‍മുലയായി യു ഡി എഫ് സര്‍ക്കാര്‍ കെ എസ് ആന്റ് എസ് എസ് ആർ 15 (എ) നിയമം ഭേദഗതി ചെയ്തു. സംവരണ സമുദായങ്ങളില്‍ നിന്ന് ഉദ്യോഗാര്‍ഥിയെ നിയമനത്തിനു ലഭ്യമല്ലാത്തപക്ഷം ആ തസ്തികള്‍ ജനറല്‍ വിഭാഗത്തില്‍നിന്ന് നിയമനം നടത്താതെ മാറ്റി വയ്ക്കണമെന്നതായിരുന്നു യു ഡി എഫ് പാക്കേജിന്‍റെ അന്തസ്സത്ത. സംവരണ സമുദായങ്ങളുടെ ഒഴിവ് നികത്താതെ സൂക്ഷിക്കേണ്ടതും ആ സെലക്‌ഷന്‍ വര്‍ഷത്തേക്ക് ആ സമുദായത്തിനോ ആ സമുദായങ്ങളുടെ ഗ്രൂപ്പിനോ പ്രത്യേകമായി വിജ്ഞാപനം ചെയ്യേണ്ടതും ആ സമുദായത്തില്‍നിന്നോ സമുദായ ഗ്രൂപ്പില്‍നിന്നോ മാത്രം നേരിട്ടുള്ള റിക്രൂട്ട്‌മെന്റ് വഴി നികത്തേണ്ടതുമാണെന്നായിരുന്നു ഭേദഗതി.

രണ്ടു പ്രാവശ്യത്തില്‍ കുറയാത്ത പുനര്‍വിജ്ഞാപനത്തിനുശേഷവും ബന്ധപ്പെട്ട സമുദായത്തില്‍ നിന്നോ സമുദായങ്ങളുടെ ഗ്രൂപ്പില്‍നിന്നോ അനുയോജ്യനായ ഉദ്യോഗാര്‍ഥി ലഭ്യമല്ലാത്തപക്ഷം ലഭ്യമായ മറ്റു പിന്നാക്ക വിഭാഗങ്ങളിലെ ഉദ്യോഗാര്‍ഥികളില്‍നിന്നു സെലക്ഷന്‍ നടത്തേണ്ടതാണ്. ഇതിൽ തന്നെയും 'രണ്ടു തവണയിൽ കുറയാത്ത പുനർ വിജ്ഞാപന'മെന്ന നിബന്ധനയുടെ ഫലമായുണ്ടാകുന്ന കാലവിളംബം യഥാർഥത്തിൽ സംവരണ സമുദായ ഉദ്യോഗാർഥികൾക്ക് പാരയാണ്. ഈ നിബന്ധനയിൽ 'രണ്ടു തവണയിൽ കുറയാത്ത' എന്നതിനുപകരം രണ്ടു തവണയിൽ കവിയാത്തതെന്നോ രണ്ടു തവണത്തെ പുനർ വിജ്ഞാപനത്തിനു ശേഷമെന്നോ ഭേദഗതി വരുത്തിയാൽ നിയമനങ്ങളിലെ കാലവിളംബവും അവസര നഷ്ടവും ഒഴിവാക്കാവുന്നതാണ്.

മറ്റു പിന്നാക്ക സമുദായങ്ങളില്‍പ്പെട്ട ഉദ്യാഗാര്‍ഥികളുടെ അഭാവത്തില്‍ ലഭ്യമായ പട്ടികജാതി ഉദ്യോ ഗാര്‍ഥികളില്‍നിന്നും അവരുടെ അഭാവത്തില്‍ ലഭ്യമായ പട്ടികവര്‍ഗ ഉദ്യോഗാര്‍ഥികളില്‍നിന്നും സെലക്‌ഷന്‍ നടത്തേണ്ടതാണ്. ബാക്ക് ലോഗ് ആവര്‍ത്തിക്കപ്പെടില്ലെന്ന ഗുണപരമായ വശത്തിനപ്പുറം, പിന്നാക്ക വിഭാഗങ്ങള്‍ക്കു ഗുണത്തേക്കാളേറെ നഷ്ടമാണുണ്ടാക്കുന്നതായിരുന്നു ഈ ഭേദഗതി. പാക്കേജിന്‍റെ മറവില്‍ മുന്നാക്ക വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ പ്രവേശനത്തിന് പത്തു ശതമാനം സാമ്പത്തിക സംവരണം നടപ്പിലായെന്നത് ഒത്തു തീര്‍പ്പിന്‍റെ മറവില്‍ നടന്ന ഗൂഢാലോചനയായിയുന്നു.

പി എസ് സിയുടെ ജോലി ഭാരം വര്‍ധിച്ചു എന്ന സാങ്കേതിക കാരണത്താല്‍ നിയമ ഭേദഗതിയിലൂടെ നിര്‍ദേശിക്കപ്പെട്ട പിന്നാക്ക സമുദായങ്ങളുടെ നിയമന നടപടികള്‍ സമയബന്ധിതമായി നടക്കാതായതുമൂലം അവസര നഷ്ടമുണ്ടാക്കി. നേരത്തെ നിയമനം കിട്ടാനുള്ള നിരവധി ഒ ബി സി ഉദ്യോഗാര്‍ഥികളുടെ അവസരം ഭേദഗതിയിലൂടെ നഷ്ടമാവുകയും ചെയ്തു.

എല്‍ പി സ്‌കൂള്‍ മുതല്‍ ആര്‍ട്‌സ് കോളജുകള്‍ വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നൂറുകണക്കിന് അറബിഭാഷാധ്യാപക തസ്തികകളിലടക്കം വര്‍ഷങ്ങളായി നിയമനം നടക്കുന്നുമില്ല.

യു ഡി എഫിന്‍റെ നിയമ ഭേദഗതി പ്രകാരമുള്ള എന്‍ സി എ നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെന്ന സാങ്കേതികത്വത്തില്‍ പി എസ് സി നിയമനം നടത്താത്തനിടയില്‍ മുസ്‌ലിം ഉദ്യോഗാര്‍ഥികള്‍ക്കു നിയമനം ലഭിക്കേണ്ട പല റാങ്കുലിസ്റ്റുകളുടെയും കാലാവധി കഴിയുകയും ചെയ്തു. എന്‍സിഎ (നോണ്‍ കാന്‍ഡിഡേറ്റ് അവെയ്‌ലബിള്‍) ആയി പരിഗണിച്ച് രണ്ടില്‍ കുറയാത്ത വിജ്ഞാപനമിറക്കി ഉദ്യോഗാര്‍ഥികളെ കിട്ടാനില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് പി എസ് സി മുസ്‌ലിംകളെ ഈ തസ്തികകളില്‍ നിയമിക്കുന്നത്. ഓരോ വിജ്ഞാപനമിറക്കുന്നതിനും പി എസ് സി മൂന്നു മുതല്‍ അഞ്ചു വരെ വര്‍ഷമെടുക്കുന്നത് അവസര നിഷേധമായി മാറുന്നുവെന്നാണ് പല റിപ്പോര്‍ട്ടുകളും തെളിയിക്കുന്നത്.

ബാക്ക് ലോഗ് നികത്താന്‍ വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരിൽ പ്രധാനികളായിരുന്നു സംവരണമുദായ മുന്നണി നേതാക്കളായ കുട്ടി അഹമ്മദ് കുട്ടി, വി ദിനകരൻ, എൻ കെ അലി, എ സി താണു തുടങ്ങിയവർ. പോപുലര്‍ ഫ്രണ്ടിന്‍റെ പൂര്‍വരൂപമായ എന്‍ ഡി എഫിന്റെ അന്നത്തെ നേതൃത്വം, മെക്ക നേതൃത്വം തുടങ്ങിയവർ യു ഡി എഫ് സര്‍ക്കാരിന്‍റെ ഒത്തുതീര്‍പ്പ് പാക്കേജിലെ ദൂരവ്യാപക അപകടം അന്നുതന്നെ ചൂണ്ടിക്കാട്ടുക്കാട്ടുകയും ചര്‍ച്ചകളില്‍ സംബന്ധിച്ച ഇ എം അബ്ദുറഹ്‌മാന്‍, നാസറുദ്ദീന്‍ എളമരം, എൻ കെ അലി അടക്കമുള്ള നേതാക്കള്‍ കടുത്ത വിയോജിപ്പുകള്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ബാക്ക് ലോഗ് ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള നിയമ ഭേദഗതി സ്വാഗതം ചെയ്യപ്പെട്ടു. ഒത്തുതീര്‍പ്പിന്‍റെ മറവില്‍ മുന്നാക്ക വിഭാഗങ്ങള്‍ക്ക് പത്തു ശതമാനം സാമ്പത്തിക സംവരണം എര്‍പ്പെടുത്തിയതിനെതിരേ എന്‍ ഡി എഫ് നേതാക്കളും മെക്കയും ഭരണ പക്ഷത്തുനിന്നു തന്നെയുള്ള അന്തരിച്ച കോൺഗ്രസ് നേതാവ് എം എെ ഷാനവാസ്, മുസ്‌ലിം ലീഗിലെ കെ കുട്ടി അഹമ്മദ് കുട്ടി തുടങ്ങിയവരും കടുത്ത പ്രതിഷേധവുമായി രംഗത്തു വന്നു. എന്നാല്‍, എന്‍ എസ് എസിന്‍റെ സമ്മര്‍ദ്ദത്തിനു യു ഡി എഫ് വഴങ്ങുകയും സമുദായത്തിന്‍റെ വിശാല താല്‍പര്യം അവഗണിച്ച് പതിവു പോലെ താല്‍ക്കാലിക ഭരണ പ്രതിസന്ധിയൊഴിവാക്കുന്ന സമീപനം പികെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍ അടക്കമുള്ള ലീഗ് നേതാക്കള്‍ സ്വീകരിക്കുകയും ചെയ്തു. അന്നത്തെ ഉഭയകക്ഷി ചര്‍ച്ചകളില്‍ സാമ്പത്തിക സംവരണത്തിനെതിരേ എന്‍ ഡി എഫ് നേതാക്കളും എം ഐ ഷാനവാസും കുട്ടി അഹമ്മദ് കുട്ടിയും ഗൗരവതരമായ വാദ മുഖങ്ങള്‍ ഉന്നയിച്ചപ്പോള്‍ സമുദായ താല്‍പര്യങ്ങളെ ഹനിച്ച് താല്‍ക്കാലിക പ്രശ്ന പരിഹാരത്തിനായി ലീഗ് നേതാക്കള്‍ നിലയുറപ്പിച്ചതോടെയാണ് നരേന്ദ്രന്‍ കമ്മീഷനും ഫലത്തില്‍ ദുരന്തമോ പ്രഹസനമോ ആയി മാറിയത്.

എതിര്‍പ്പുകള്‍ മാനിക്കാതെ പ്രത്യേക ഉത്തരവിലൂടെ പാക്കേജ് പ്രഖ്യാപിക്കുകയാണ് യു ഡി എഫ് സര്‍ക്കാര്‍ അന്നു ചെയ്തത്. ഒത്തു തീര്‍പ്പ് അട്ടിമറിക്കെതിരേ എന്‍ ഡി എഫിന്‍റെ നേതൃത്വത്തില്‍ തുടര്‍ പ്രക്ഷോഭങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, നരേന്ദ്രന്‍ കമ്മീഷന്‍ പ്രകാരമുള്ള ബാക്ക്ലോഗില്‍ ഈഴവ സമുദായത്തിന് കാര്യമായ നിയമന നഷ്ടം സംഭവിക്കാത്തതു ചൂണ്ടിക്കാട്ടി വെള്ളാപ്പള്ളി നടേശനെ യു ഡി എഫ് പാട്ടിലാക്കി. സംവരണ സമുദായ മുന്നണിയില്‍നിന്നും എസ് എന്‍ ഡി പി പിന്‍മാറുകയും എന്‍ എസ് എസ്- യു ഡി എഫ്- വെള്ളാപ്പള്ളി ഉപജാപത്തില്‍ ആ പ്രക്ഷോഭങ്ങള്‍ അട്ടിമറിക്കപ്പെടുകയും ചെയ്തു.

(അവസാനിക്കുന്നില്ല)

Next Story

RELATED STORIES

Share it