Big stories

ത്രിപുര: അഭിഭാഷകര്‍ക്കെതിരേ യുഎപിഎ ചുമത്തിയ എഫ്‌ഐആര്‍ പിന്‍വലിക്കണം; പോലിസ് നടപടിയെ അപലപിച്ച് എന്‍സിഎച്ച്ആര്‍ഒ

ത്രിപുരയില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരേ അക്രമം അഴിച്ചുവിട്ടവര്‍ക്കെതിരേ ഉചിതമായ നടപടി സ്വീകരിക്കണമെന്നും ഇരകള്‍ക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കണമെന്നും എന്‍സിഎച്ച്ആര്‍ഒ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. മുസ്‌ലിം വിരുദ്ധ കലാപത്തിന്റെ ഇരകളെ നേരില്‍ കണ്ടശേഷമാണ് സംഘം റിപോര്‍ട്ട് തയ്യാറാക്കിയത്.

ത്രിപുര: അഭിഭാഷകര്‍ക്കെതിരേ യുഎപിഎ ചുമത്തിയ എഫ്‌ഐആര്‍ പിന്‍വലിക്കണം; പോലിസ് നടപടിയെ അപലപിച്ച് എന്‍സിഎച്ച്ആര്‍ഒ
X

ന്യൂഡല്‍ഹി: ത്രിപുരയിലെ മുസ്‌ലിം വിരുദ്ധ ആക്രമണങ്ങളെക്കുറിച്ച് വസ്തുതാന്വേഷണം നടത്തിയ സംഘത്തിലുണ്ടായിരുന്ന അഭിഭാഷകര്‍ക്കെതിരേ യുഎപിഎ ചുമത്തി കേസെടുത്തതിനെ എന്‍സിഎച്ച്ആര്‍ഒ ശക്തമായി അപലപിച്ചു. സുപ്രിംകോടതി അഭിഭാഷകനും എന്‍സിഎച്ച്ആര്‍ഒ അംഗവുമായ അന്‍സാര്‍ ഇന്‍ഡോറി, ഹൈക്കോടതി അഭിഭാഷകനും പീപ്പിള്‍സ് യൂനിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (പിയുസിഎല്‍) പ്രതിനിധി മുകേഷിനുമെതിരേയാണ് വെസ്റ്റ് അഗര്‍ത്തല പോലിസ് യുഎപിഎ പ്രകാരം കേസെടുത്തത്. അഭിഭാഷകര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ പിന്‍വലിക്കണം.

ത്രിപുരയില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരേ അക്രമം അഴിച്ചുവിട്ടവര്‍ക്കെതിരേ ഉചിതമായ നടപടി സ്വീകരിക്കണമെന്നും ഇരകള്‍ക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കണമെന്നും എന്‍സിഎച്ച്ആര്‍ഒ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. മുസ്‌ലിം വിരുദ്ധ കലാപത്തിന്റെ ഇരകളെ നേരില്‍ കണ്ടശേഷമാണ് സംഘം റിപോര്‍ട്ട് തയ്യാറാക്കിയത്. മുസ്‌ലിംകളുടെ 12 മസ്ജിദുകളും ഒമ്പത് കടകളും മൂന്ന് വീടുകളും ആക്രമിക്കപ്പെട്ടതായി റിപോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുട്ടുണ്ട്. സുപ്രിംകോടതി അഭിഭാഷകന്‍ എതേഷാം ഹാഷ്മിയാണ് സംഘത്തെ നയിച്ചത്.

അഡ്വ. അമിത് ശ്രീവല്‍സവയും സംഘത്തിലുണ്ടായിരുന്നു. വര്‍ഗീയ ആക്രമണങ്ങളെ അപലപിച്ച സംഘം, ആക്രമണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണ സമിതി രൂപീകരിക്കണമെന്നും ഇരകള്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെടുകയുണ്ടായി. അഭിഭാഷകരായ ഇന്‍ഡോറിയും മുകേഷും ഇരുമതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തിയതിന് ഉത്തരവാദികളായതിന്റെ പേരിലാണ് യുഎപിഎ ചുമത്തിയെന്നാണ് പോലിസ് പറയുന്നത്.

ജനങ്ങള്‍ക്കെതിരേ ഇത്തരം ആക്രമണങ്ങളുണ്ടാവുമ്പോഴെല്ലാം പൗരാവകാശ പ്രവര്‍ത്തകര്‍ അവിടെ ചെന്ന് ജനങ്ങളെ കാണുകയും സത്യം കണ്ടെത്തുകയും അത് പ്രസിദ്ധീകരിക്കുകയും ചെയ്യാറുണ്ടായിരുന്നു. നിരവധി അതിക്രമങ്ങളില്‍ കോടതികള്‍ അത്തരം റിപോര്‍ട്ടുകള്‍ അംഗീകരിക്കുകയും ആവശ്യങ്ങളും കാഴ്ചപ്പാടുകളും പരിഗണിക്കുകയും ചെയ്തിട്ടുണ്ടെന്ന് എന്‍സിഎച്ച്ആര്‍ഒ ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ ആദ്യത്തെ വസ്തുതാന്വേഷണ സംഘത്തെ നയിച്ചത് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയാണ്. 1919ല്‍ ജാലിയന്‍ വാലാബാഗില്‍ ജനറല്‍ ഡയര്‍ അഞ്ഞൂറിലധികം പേരെ വെടിവച്ചുകൊന്ന സംഭവമായിരുന്നു അത്. അദ്ദേഹത്തിന്റെ റിപോര്‍ട്ട് നിരവധി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. അധികാരികള്‍ക്ക് മുന്നില്‍ സത്യം പറയുന്നവരാണ് മനുഷ്യാവകാശ പ്രവര്‍ത്തകരെന്നും അവര്‍ക്കെതിരായ നടപടി പിന്‍വലിക്കണമെന്നും എന്‍സിഎച്ച്ആര്‍ഒ ചെയര്‍പേഴ്‌സന്‍ പ്രഫ. എ മാര്‍ക്‌സ്, ജനറല്‍ സെക്രട്ടറി പ്രഫ.പി കോയ എന്നിവര്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it