Big stories

ആകാശത്ത് വീണ്ടും അജ്ഞാത വസ്തു; അമേരിക്കന്‍ സൈന്യം വെടിവച്ചിട്ടു

ആകാശത്ത് വീണ്ടും അജ്ഞാത വസ്തു; അമേരിക്കന്‍ സൈന്യം വെടിവച്ചിട്ടു
X

വാഷിങ്ടണ്‍: കനേഡിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഹ്യൂറോണ്‍ തടാകത്തിന് സമീപം ആകാശത്ത് പ്രത്യക്ഷപ്പെട്ട അജ്ഞാതവസ്തുവിനെ അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ (യുഎസ് എഫ് 22) വെടിവച്ചിട്ടു. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. പേടകത്തിന്റെ അവശിഷ്ടങ്ങള്‍ പരിശോധിക്കുമെന്ന് ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ ദുരൂഹതയുണര്‍ത്തി പേടകങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ പേടകത്തെ വെടിവച്ചിടാന്‍ താന്‍ ഉത്തരവിട്ടെന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

കാനഡ- യുഎസ് അതിര്‍ത്തിയില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെയാണ് പേടകം പതിച്ചത്. വടക്കേ അമേരിക്കയില്‍ അടുത്തിടെ വെടിവച്ചിടുന്ന നാലാമത്തെ വസ്തുവാണിത്. ഒരാഴ്ച മുമ്പ് ചൈനീസ് ചാരബലൂണ്‍ അമേരിക്ക വെടിവച്ചിട്ടിരുന്നു. വെള്ളിയാഴ്ച അലാസ്‌കന്‍ ആകാശത്ത് കണ്ട അജ്ഞാത വസ്തുവിനെയും ശനിയാഴ്ച കാനഡയിലെ യൂക്കോണില്‍ 40,000 അടി ഉയരത്തില്‍ പറന്ന വസ്തുവിനെയും അമേരിക്ക വെടിവച്ചിട്ടിരുന്നു.

ഹ്യൂറോണ്‍ തടാകത്തിന് മുകളില്‍ ആകാശത്തു കണ്ട വസ്തുവിനെ വെടിവച്ചിടാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് ഉത്തരവിട്ടത്. 20,000 അടി (6,100 മീറ്റര്‍) ഉയരത്തിലായിരുന്നു ഈ വസ്തു സഞ്ചരിച്ചത്. ചൈനീസ് ചാരബലൂണിനെ അപേക്ഷിച്ച് വളരെ ചെറിയ വസ്തുവാണിതെന്ന് പ്രതിരോധസേന ഉദ്യോഗസ്ഥര്‍ പറഞ്ഞു. അഷ്ടഭുജാകൃതിയിലുള്ള ഈ വസ്തു വാണിജ്യവിമാനങ്ങളുടെ സഞ്ചാരപാതയിലെത്താന്‍ സാധ്യതയുള്ളതിനാലാണ് വെടിവച്ചിട്ടത്. യുദ്ധവിമാനത്തില്‍ നിന്ന് തൊടുത്ത മിസൈലാണ് ഇത് തകര്‍ത്തത്. വസ്തുവിന്റെ അവശിഷ്ടങ്ങള്‍ വീണ്ടെടുക്കാന്‍ ശ്രമം തുടങ്ങി.

അതേസമയം, ചൈനയുടെ തുറമുഖ നഗരമായ ക്വിങ്ഡാവോയ്ക്ക് സമീപത്ത് അജ്ഞാത പേടകത്തെ കണ്ടെത്തിയതായും റിപോര്‍ട്ടുകളുണ്ട്. ഇതിനെ വെടിവച്ചിടാന്‍ ചൈന ഒരുങ്ങുകയാണെന്നും റിപോര്‍ട്ടുകളുണ്ട്. ബന്ധപ്പെട്ട അധികാരികള്‍ അഞ്ജാത വസ്തുവിനെ താഴെ എത്തിക്കാനുള്ള ശ്രമത്തിലാണെന്ന് സമുദ്ര വികസന അതോറിറ്റിയിലെ ഒരു ജീവനക്കാരന്‍ പറഞ്ഞതായി മിന്റ് റിപോര്‍ട്ട് ചെയ്യുന്നു. പ്രദേശത്തെ മല്‍സ്യത്തൊഴിലാളികളോട് ജാഗ്രത പാലിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്.

Next Story

RELATED STORIES

Share it