Big stories

കനകമല: 'നഷ്ടപ്പെട്ട മൂന്ന് വര്‍ഷം ആര് തിരിച്ച്തരും'; യുഎപിഎ പഠനവും ജീവിതവും തകര്‍ത്തെന്ന് ജാസിം

'യുഎപിഎ പ്രകാരം കുറ്റം ചുമത്തിയിരുന്നില്ലെങ്കില്‍ എനിക്ക് ജാമ്യം ലഭിക്കുകയും വിദ്യാഭ്യാസം പൂര്‍ത്തിയാക്കുകയും ചെയ്യാമായിരുന്നു. ഞാനും എന്റെ കുടുംബവും ഏറെ ദുരിതങ്ങള്‍ അനുഭവിച്ചു'. ജാസിം പറയുന്നു.

കനകമല:   നഷ്ടപ്പെട്ട മൂന്ന് വര്‍ഷം ആര് തിരിച്ച്തരും;   യുഎപിഎ പഠനവും ജീവിതവും തകര്‍ത്തെന്ന് ജാസിം
X
കൊച്ചി: 'നഷ്ടപ്പെട്ട എന്റെ മൂന്ന് വര്‍ഷം ആര് തിരിച്ച് തരും. യുഎപിഎ തകര്‍ത്തത് എന്റെ ജീവിതവും പഠനവുമാണ്. യുഎപിഎ ചാര്‍ജ്ജ് ചെയ്തിരുന്നില്ലെങ്കില്‍ എനിക്ക് ജാമ്യം ലഭിക്കുമായിരുന്നു'. കനകമല കേസില്‍ തെളിവില്ലെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ട ആറാം പ്രതിയായിരുന്ന കോഴിക്കോട് കുറ്റിയാടി സ്വദേശി എന്‍ കെ ജാസിം പറയുന്നു.

'യുഎപിഎ കാരണമാണ് ഞങ്ങള്‍ക്ക് ജാമ്യം ലഭിക്കാത്തത്. മൂന്ന് വര്‍ഷത്തിലേറെയാണ് ഞങ്ങള്‍ ജയിലില്‍ കഴിഞ്ഞത്. 2016 ല്‍ എന്നെ അറസ്റ്റിലാവുമ്പോള്‍ ഞാന്‍ ബെംഗളൂരുവില്‍ എഎംഐഇ എന്‍ജിനീയറിങ് പഠിക്കുകയായിരുന്നു. യുഎപിഎ പ്രകാരം കുറ്റം ചുമത്തിയിരുന്നില്ലെങ്കില്‍ എനിക്ക് ജാമ്യം ലഭിക്കുകയും വിദ്യാഭ്യാസം പൂര്‍ത്തിയാക്കുകയും ചെയ്യാമായിരുന്നു. ഞാനും എന്റെ കുടുംബവും ഏറെ ദുരിതങ്ങള്‍ അനുഭവിച്ചു'. ജാസിം പറയുന്നു.

അറസ്റ്റിലായതിന് ശേഷം തുടര്‍ച്ചയായി നടന്ന മാധ്യമ വിചാരണയും ഭീകര കഥകളും എന്നേയും കുടുംബത്തേയും സുഹൃത്തുക്കളേയും സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്തി. നഷ്ടപ്പെട്ട അഭിമാനവും ജീവിതവും ആര്‍ക്കും മടക്കിത്തരാനാവില്ല. സമൂഹം ഏത് രീതിയിലാണ് ഇനി എന്നെ കാണുക. ഇതുപോലെ ജയിലില്‍ കഴിയുന്ന ആയിരക്കണക്കിന് നിരപരാധികളുടേയും അവസ്ഥ ഇത് തന്നേയാണ്'. ജാസിം പറഞ്ഞു.

'ഞങ്ങളെ ആദ്യം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചു, പിന്നീട് അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റി. ജയിലില്‍ കഴിഞ്ഞ മൂന്ന് വര്‍ഷം വായനക്കും പഠനത്തിനുമാണ് ഉപയോഗിച്ചത്. വിദൂരവിദ്യാഭ്യാസത്തിലൂടെ ഞാന്‍ ബിസിഎ പഠിക്കാന്‍ തുടങ്ങി. ആദ്യം ബിസിഎ കോഴ്‌സ് പൂര്‍ത്തിയാക്കി ജോലി നേടണം,' ജാസിം പറഞ്ഞു. കോടതി വെറുതെ വിട്ട ജാസിമിന് വേണ്ടി പ്രമുഖ അഭിഭാഷകന്‍ കെ പി മുഹമ്മദ് ഷെരീഫ് ആണ് ഹാജരായത്.

എട്ട് പേര്‍ക്കെതിരേയാണ് കനകമല കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതില്‍ ആറുപേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കേസില്‍ അറസ്റ്റിലായ എട്ടുപേര്‍ക്കെതിരേയും യുഎപിഎ ചുമത്തിയങ്കിലും ആറുപേര്‍ക്കെതിരേ മാത്രമേ കുറ്റം തെളിയിക്കാനായുള്ളൂ. കേസില്‍ ഒരാള്‍ അഫ്ഗാനിലേക്ക് കടന്നതായും അവിടെ കൊല്ലപ്പെട്ടു എന്നുമാണ് പോലിസ് ഭാഷ്യം. ഒരാള്‍ മാപ്പു സാക്ഷിയായി. 2017 മാര്‍ച്ചില്‍ എന്‍ഐഎ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 2016 ഒക്ടോബറില്‍ ഇവര്‍ കനകമലയില്‍ യോഗം ചേര്‍ന്ന് ഐഎസുമായി ചേര്‍ന്ന് ആക്രമണത്തിന് പദ്ധതി തയ്യാറാക്കിയെന്നായിരുന്നു ആരോപിച്ചിരുന്നത്.

Next Story

RELATED STORIES

Share it