Book Reviews

ഉംബെര്‍ട്ടൊ എക്കൊയുടെ ആന്റി ലൈബ്രറി

എന്തൊരു പുസ്തകശേഖരമാണ് സാറെ, ഇവയൊക്കെ ഈ ആയുസ്സിനുള്ളില്‍ വായിച്ചു തള്ളിയല്ലോ എന്റെ പഹയാ, എന്ന് എന്തിനു പറയിപ്പിക്കുന്നു? വായനദിനത്തില്‍ ഉംബെര്‍ട്ടൊ എക്കൊയുടെ ആന്റി ലൈബ്രറി ആശയം വായനക്കാരനെ പ്രകോപിപ്പിക്കുന്നു, വായനയെ പ്രചോദിപ്പിക്കുന്നു.

ഉംബെര്‍ട്ടൊ എക്കൊയുടെ ആന്റി ലൈബ്രറി
X

പി കെ ഗണേശന്‍

വായിച്ചു കഴിഞ്ഞ പുസ്തകങ്ങള്‍ കൈവിടൂ. ആ പുസ്തകങ്ങളില്‍ വായനക്കാര്‍ എന്ന നിലയില്‍ പിന്നെ എന്തിനു ഉടമസ്ഥത? വായിച്ചുകഴിഞ്ഞാല്‍ ഉപേക്ഷിക്കൂ, ബുക്ക്‌ഷെല്‍ഫുകളില്‍ നിന്ന് എടുത്തു മാറ്റൂ, ആര്‍ക്കെങ്കിലും കൈമാറിയൊഴിവാക്കൂ വായിച്ചുകഴിഞ്ഞ പുസ്തകങ്ങള്‍. പകരം സ്ഥാനം പിടിക്കട്ടെ വായിക്കാനുള്ള, ഇനിയും വായിക്കാതെ പോയ, വായന കാത്തിരിക്കുന്ന പുസ്തകങ്ങള്‍.

എന്തൊരു പുസ്തകശേഖരമാണ് സാറെ, ഇവയൊക്കെ ഈ ആയുസ്സിനുള്ളില്‍ വായിച്ചു തള്ളിയല്ലോ എന്റെ പഹയാ, എന്ന് എന്തിനു പറയിപ്പിക്കുന്നു? വായനദിനത്തില്‍ ഉംബെര്‍ട്ടൊ എക്കൊയുടെ ആന്റി ലൈബ്രറി ആശയം വായനക്കാരനെ പ്രകോപിപ്പിക്കുന്നു, വായനയെ പ്രചോദിപ്പിക്കുന്നു.

എത്ര പുസ്തകങ്ങള്‍ ഇതുവരെ വായിച്ചുതള്ളി, കൈയും കണക്കുമുണ്ടോ? എന്നിട്ടെന്തായി? എന്തു നേടി? ഈ ചോദ്യം വായനക്കാര്‍ ഏതെങ്കിലും ഒരു ഘട്ടത്തില്‍ സ്വയം ചോദിച്ചതോ, വായനക്കാരെ തേടിവന്ന ആരോ ചോദിച്ചതോ ആണ്. ഒരു വായനയ്ക്കും വായനക്കാരിലോ വായനക്കാരുടെ സമൂഹത്തിലോ സവിശേഷമായതൊന്നും സംഭവിപ്പിക്കാനാവുന്നില്ല എങ്കില്‍ പിന്നെ എന്തിനാണു വായിക്കുന്നത്? പുസ്തകവായന ബുദ്ധിജീവികളെ മാത്രമല്ല, ക്വിക്‌സോട്ടുകളെയും സൃഷ്ടിച്ചിട്ടുണ്ട്. മലമുകളില്‍ കാണുന്ന കാറ്റാടിയന്ത്രം കാറ്റത്തിളകുന്നതു കണ്ടിട്ട് പിശാച് തന്നെ യുദ്ധത്തിനു മാടിവിളിക്കുകയാണെന്നു കരുതി കൈയില്‍ കിട്ടിയ വടിയുമേന്തി യുദ്ധം ചെയ്യാന്‍ പോയ ക്വിക്‌സോട്ട് ഒന്നാന്തരം പുസ്തകവായനക്കാരനായിരുന്നു.

ഒരേതരം പുസ്തകങ്ങള്‍ വാരിവലിച്ചു വായിച്ചു. വായനയ്ക്കുമുണ്ട് യൂനിഫോം. ഒരേ നിറത്തില്‍ ഒരേ ബോധത്തില്‍ ഒരേ ഇഷ്ടത്തില്‍ തന്റെ നിലനില്‍പിനാവശ്യമായ ഇന്ധനം എന്ന നിലയില്‍. ഒന്നും വായിക്കാതിരുന്ന സാഞ്ചൊപാന്‍സ നിരന്തരം ക്വിക്‌സോട്ടിനെ തിരുത്താന്‍ ശ്രമിച്ചിട്ടുണ്ട്. കൂട്ടുകാരനായിരുന്ന സാഞ്ചൊപാന്‍സ പുസ്തകങ്ങളേ വായിച്ചിരുന്നില്ല. വായിച്ചുവായിച്ച് കിളിപോയ ക്വിക്‌സോട്ടിനു സാഞ്ചൊപാന്‍സ ഊന്നുവടിയായി, വഴികാട്ടിയായി യാഥാര്‍ഥ്യത്തിലേക്കു നടത്തി. യഥാതഥമായതൊന്നും ക്വിക്‌സോട്ട് കണ്ടില്ല, കാണാന്‍ ശ്രമിച്ചതേയില്ല. സാഞ്ചൊ പുസ്തകങ്ങള്‍ വായിച്ചതേയില്ല, അനുഭവങ്ങളില്‍ നിന്നു ജീവിതം വായിച്ചു, മനനം ചെയ്തു പഠിച്ചു. നമ്മില്‍ പലരും പുസ്തകങ്ങള്‍ വായിക്കുന്നത് നമ്മിലെ ആയുധങ്ങളെ മൂര്‍ച്ചകൂട്ടാനാണ്, അല്ലെങ്കില്‍ ബൗദ്ധികമായ പ്രതിരോധത്തിന്റെ ഭാഗമായി വായിക്കുന്നു. നിരുപാധികമേയല്ല ആ വായന. അരത്തിന്റെ പണി വായന ചെയ്യുന്നു. അരയും തലയും മുറുക്കി എപ്പോഴും ശത്രുവിനെ അഭിമുഖീകരിക്കാന്‍ സന്നദ്ധമായി നില്‍ക്കുന്ന യുദ്ധോല്‍സുക മനോഭാവത്തില്‍. ആന്റി ലൈബ്രറിസം പ്രസക്തമാവുന്ന സന്ദര്‍ഭമാണിവിടെ.

വായന നമ്മെ നഷ്ടപ്പെടുത്തുന്നു. നാം മറ്റാര്‍ക്കോ വേണ്ടി വായിക്കുന്നു. രണ്ടുതരം ചാവേറുകള്‍ ഉണ്ടല്ലോ. കായികമായി ഇല്ലാതാക്കുന്ന ചാവേറും ബൗദ്ധികമായി ഇല്ലാതാക്കുന്ന ചാവേറും. പേനയുടെ യുദ്ധമുറകളുണ്ടായിട്ടുണ്ടല്ലോ, പുസ്തകങ്ങളുടെ യുദ്ധങ്ങളുണ്ടായിട്ടുണ്ടല്ലൊ, എഴുത്തുകാര്‍ ചേരിതിരിഞ്ഞു യുദ്ധം ചെയ്തിട്ടുണ്ടല്ലൊ. വാക്കേറ്റ്, വാക്കിനാല്‍ മുറിവേറ്റ് എത്രയോ പേര്‍ പിടഞ്ഞുവീണിട്ടുണ്ട്, അവരുടെ നിലവിളികളാല്‍ മുഖരിതമായിട്ടുണ്ട്.

അങ്ങനെ വരുമ്പോള്‍ പുസ്തകവായന അത്രമേല്‍ വാഴ്ത്തപ്പെടേണ്ട ഒന്നല്ല. Books are dull, its endless strife എന്ന് എഴുതിയ വേഡ്‌സ്‌വര്‍ത്ത് സ്വന്തം സുഹൃത്തിനെ ക്ഷണിക്കുന്നു, പുസ്തകം ഉപേക്ഷിച്ചു വരൂ, ഈ മണ്ണില്‍ ചവിട്ടി വരൂ കാട്ടിലേക്ക്, അവിടുത്തെ പാട്ടു കേള്‍ക്കൂ, പുസ്തകത്തില്‍ നിന്ന് നിന്റെ ഗുരുക്കന്മാര്‍ പഠിപ്പിച്ചതിനേക്കാള്‍ പാഠങ്ങളുണ്ട് കാട്ടിലെ പാട്ടില്‍. ഇതു തന്നെയാണല്ലോ തോറ ജീവിതത്തില്‍ അഭ്യസിച്ചത്. അപരിഷ്‌കൃതമെന്നു നാഗരികന്‍ ഇകഴ്ത്തുന്ന ഗ്രാമസത്തയുടെ ആത്മാംശങ്ങളില്‍ കാട് നമ്മെ നിറയ്ക്കുന്നു. നാമൊന്നും വായിച്ചിട്ടില്ല, നാം വായിച്ചതൊക്കെയും നാടിനും കാടിനും അവിടുത്തെ ജീവിതത്തിനും എതിരായിരുന്നു എന്നൊക്കെ തിരിച്ചറിയുമ്പോള്‍ നമ്മില്‍ നടക്കുന്ന പൊളിച്ചെഴുത്തുണ്ടല്ലോ, യഥാര്‍ഥത്തില്‍ അതാണ് അപനിര്‍മാണം. എല്ലാവരിലും വായന അതു സാധ്യമാക്കണമെന്നില്ല. എത്ര ഊര്‍ജത്തോടെയാണ് വാക്കൗട്ട് (Walk out)നടത്തിയത്, അതേ ഊര്‍ജത്തോടെ വാക്കിന്‍(Walk in) നടത്തുന്നവരാണേറെ. ഇറങ്ങിപ്പോരല്‍ അത്ര എളുപ്പമുള്ള കാര്യമല്ല. ബുദ്ധനാവുക അത്ര എളുപ്പമല്ല, ബുദ്ധിസ്റ്റാവുന്നതു പോലെ എളുപ്പമല്ല അത്. വല്ലാത്തൊരു negative capbiltiy നമ്മില്‍ സാധിച്ചെടുക്കാനുണ്ട്. അത്രയെളുപ്പമല്ല ആ പ്രക്രിയ. നാമൊരിക്കലും സ്വയം പൊളിയാനേ തയ്യാറല്ല. ഏതു പ്രളയത്തിലും നാം ഒരു കര കണ്ടെടുക്കുന്നു. രക്ഷപ്പെടാനൊരു ദ്വീപ് നമ്മിലെന്നോ ഉണ്ടല്ലോ.

ആത്മത്തെ തകര്‍ക്കുക വഴി കൈവരുന്ന മറ്റൊന്നിലേക്കുള്ള പരാവര്‍ത്തനമാണ് വായനകൊണ്ട് സാധ്യമാവുന്ന കെമിസ്ട്രി. അപ്പോള്‍ ഞാന്‍ നിന്നെ വായിക്കുന്നു എന്നാവുന്നു, നീ എന്നെ വായിക്കുന്നു എന്നാവുന്നു. I am become you are എന്നൊരു ആയിത്തീരല്‍. ഞാന്‍ നീയായും നീ ഞാനായും മാറുന്ന സംക്രമണങ്ങളിലൂടെ ജീവിതം പുതിയ വസന്തം സൃഷ്ടിക്കുന്നു. മറ്റൊരു വായന സാധ്യമാക്കുന്ന സാധ്യത, ആ വായനയ്ക്ക് പുസ്തകവുമായിട്ടേ ബന്ധമില്ല. ഗാന്ധിജി വെറുതെ പറഞ്ഞതല്ല അണ്‍ ടു ദ ലാസ്റ്റ്, ഭഗവദ്ഗീത, ഖുര്‍ആന്‍, ബൈബിള്‍... ഇവ നാലെണ്ണമാണ് ഞാന്‍ വായിച്ചതെന്ന്, മറ്റാരും വായിക്കാത്ത നിലയില്‍ ആ പുസ്തകങ്ങള്‍ ഗാന്ധി വായിച്ചു. അങ്ങനെയാണ് അദ്ദേഹത്തിന് ഒരു ജനതയെ സ്വന്തം മാറോടു ചേര്‍ത്തുനിര്‍ത്താനായത്. ആ വായനയുള്ള ഒരാളും പിന്നീട് ഉണ്ടാവാത്തതിന്റെ നിര്‍ഭാഗ്യമാണ് ഈ നാടിന്റെ നിലയ്ക്കാത്ത നിലവിളി... നമ്മുടെ ഊന്നുവടികള്‍ ഓരോന്നായി നമുക്ക് നഷ്ടപ്പെട്ടു.

ഊന്നുവടികളുടെ നിലതെറ്റിച്ചത് അതിവായനയോ ലളിതവായനയോ ആണ്. വായിച്ചുവായിച്ചു നിലതെറ്റി. മൂലധനവും കമ്മ്യൂണിസ്റ്റ് മാനിഫെസ്‌റ്റൊയും എഴുതിയ കാള്‍ മാര്‍ക്‌സില്‍ ഒരു മില്‍ട്ടണ്‍, ഷേക്‌സ്പിയര്‍, ബൈബിള്‍ വായനക്കാരനുണ്ട്. ആ വായനക്കാരനെ മാര്‍ക്‌സ് ആവോളം തൃപ്തിപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടാണ് ഷേക്‌സ്പിയര്‍ നാടകങ്ങളില്‍ വര്‍ഗരാഷ്ട്രീയം പഠിക്കാന്‍ ഒരുമ്പെടുകയും ഷേക്‌സ്പിയറിന്റേത് കമ്മ്യൂണിസ്റ്റ്‌വിരുദ്ധ സാഹിത്യമാണെന്നു ലേബലൊട്ടിക്കാന്‍ തുനിയുകയും ചെയ്ത ആ രീതിയില്‍ വിമര്‍ശനമെഴുതിയ അര്‍ണോള്‍ഡ് റൂഷിനെ മരത്തലയന്‍ എന്നു മാര്‍ക്‌സിനു വിളിക്കേണ്ടി വന്നത്. അതിവായനയുടെ അപകടം മാര്‍ക്‌സ് മുന്‍കൂട്ടി കണ്ടിരുന്നു. മറ്റൊരു ഘട്ടത്തില്‍ ഞാന്‍ മാര്‍ക്‌സിസ്‌റ്റേയല്ല എന്ന് അദ്ദേഹത്തിനു വെളിപ്പെടുത്തേണ്ടിവന്നതും. ആന്റിലൈബ്രറിസം പല രീതിയില്‍ പല കാലങ്ങളില്‍ പ്രവര്‍ത്തിച്ചതായി കാണാം.

ഞാന്‍ വായിക്കാറേയില്ല, instead I meditate എന്നൊരു കമന്റ് ഒ വി വിജയന്‍ നടത്തിയിട്ടുണ്ട്. നമ്മെ നിര്‍മിക്കുന്ന, അപനിര്‍മിക്കുന്ന വിരലിലെണ്ണാവുന്ന പുസ്തകങ്ങളേയുള്ളൂ, ബാക്കിയെല്ലാം ഈ പുസ്തകങ്ങളുടെ കോപ്പിയോ പുനസന്ദര്‍ശനങ്ങളോ ആണ്. ഒറിജിനല്‍ വായിച്ചു കഴിഞ്ഞാല്‍, അനന്തരം പിന്നെയും മറ്റ് പലതും വായിച്ചു കൊണ്ടിരിക്കുന്നുവെങ്കില്‍ അതിനര്‍ഥം വായനക്കാരന്‍ യന്ത്രമായിപ്പോയി എന്നാണ്. ധ്യാനാത്മകതയില്ലാത്ത ആ വായനക്കാരില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കാനില്ല. നിലച്ച ഘടികാരം അല്ലെങ്കില്‍ മറ്റെന്താണ് ആ വായനക്കാരന്‍.

ആയതിനാല്‍ ആന്റിലൈബ്രറിസം നീണാള്‍ വാഴട്ടെ. ആ ആശയം വികസിപ്പിച്ച ഓര്‍മ പുസ്തകത്തില്‍ ഇനിയും മരിക്കാത്ത പ്രിയ എഴുത്തുകാരന്‍ ഉംബെര്‍ട്ടൊ എക്കൊ, ആ ആശയത്തെ അങ്ങനെയൊരു പേരിട്ടു വിളിച്ച നിക്കോളോവോസ് ടാലിബ്... നന്ദി.




Next Story

RELATED STORIES

Share it