Movies

സത്യങ്ങള്‍ തുറന്നെഴുതുന്ന 'റൈറ്റര്‍'

സത്യങ്ങള്‍ തുറന്നെഴുതുന്ന റൈറ്റര്‍
X

യാസിര്‍ അമീന്‍

നിലനില്‍ക്കുന്ന സിസ്റ്റത്തോട് കലഹിക്കുന്ന സിനിമ നിര്‍മിക്കുക എന്നത് അല്‍പ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. ആ സിസ്റ്റം ചിലപ്പോള്‍ സാമൂഹിക വ്യവസ്ഥിതിയാകാം അല്ലെങ്കില്‍ അധികാര സ്ഥാപനങ്ങളാകാം. രണ്ടായാലും അവയോട് കലഹിക്കുക എന്നത് വിപ്ലവ പ്രവര്‍ത്തനം തന്നെയാണ്, പ്രത്യേകിച്ച് ഫാഷിസം വാഴുന്ന ഇന്ത്യന്‍ സാഹചര്യത്തില്‍.

ഹിന്ദി ബെല്‍റ്റുകള്‍ അത്തരത്തിലുള്ള സിനിമാനിര്‍മാണങ്ങള്‍ 2014ന് മുമ്പ് തന്നെ നിര്‍ത്തിയതാണ്. ആര്‍ട്ടിക്കിള്‍ 15, സര്‍ദ്ദാര്‍ ഉദ്ദം സിങ് തുടങ്ങിയ വിരലിലെണ്ണാവുന്ന സിനിമകള്‍. എന്നിട്ടും ബോളിവുഡില്‍നിന്ന് പുറത്തുവന്നു എന്നത് തീര്‍ച്ചയായും പ്രതീക്ഷ തന്നെയാണ്. സൗത്ത് ഇന്ത്യന്‍ സിനിമകളാണ് മലിനമായ അധികാരസ്ഥാപനങ്ങള്‍ക്കും സാമൂഹിക വ്യവസ്ഥക്കുമെതിരേ ഇപ്പോള്‍ കലഹിക്കുന്നത്. അങ്ങനെ കലഹിക്കുന്ന സിനിമകളില്‍ തമിഴ് സിനിമയുടെ സ്ഥാനം എന്നും മുന്നില്‍ തന്നെയാണ്. പാ രജ്ഞിത്ത് എന്ന ഒറ്റ പേര് തന്നെയാണ് തമിഴ് സിനിമയുടെ ആ മാറ്റത്തിന് കാരണം. പാ രജ്ഞിത്ത് നിര്‍മാണത്തില്‍ 2022ല്‍ പുറത്തിറങ്ങിയ സിനിമയാണ് റൈറ്റര്‍. പുതുമുഖമായ ഫ്രാങ്കല്‍ന്‍ ജേക്കബിന്റെ സംവിധാനത്തില്‍ വന്ന റൈറ്റര്‍ ഇപ്പോള്‍ ചര്‍ച്ചായിയിരിക്കുകയാണ്.


ഒരുപാട് ലെയറുകള്‍ ഉള്ള സിനിമയാണ് റൈറ്റര്‍. ജാതീയത, അധികാരം, വ്യാജ യുഎപിഎകേസ്, തൊഴിലാളി യൂനിയനിന്റെ പ്രസക്തി തുടങ്ങി നിരവധി കാര്യങ്ങള്‍ സിനിമ ചര്‍ച്ച ചെയ്യുന്നുണ്ട്. എന്നാല്‍ അവയൊന്നും മുഴപ്പിക്കാതെ, കഥയുടെ ഒഴുക്കിനെ തെല്ലുപോലും ബാധിക്കാതെയാണ് ഫ്രാങ്കല്‍ന്‍ കഥ പറയുന്നത്. ഇവയില്‍ ഏത് സാമൂഹിക വിഷയമാണ് സിനിമ ഊന്നിപറയുന്നത് എന്ന് ചോദിച്ചാല്‍ ഉത്തരം പറയല്‍ ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. എല്ലാം അത്ര ഡീറ്റയിലിങ്ങിലാണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒരു പോലിസ് റൈറ്ററുടെ ജീവിതത്തിലൂടെയാണ് സിനിമ വികസിക്കുന്നത്. പോലിസുകാര്‍ക്കുവേണ്ടിയുള്ള യൂനിയന്‍ രൂപീകരിക്കാനുള്ള നിയമപോരാട്ടത്തിലാണ് സിനിമയിലെ മുഖ്യകഥാപാത്രമായ തങ്കരാജ്. എഴുപതില്‍ തുടങ്ങിയ പോരാട്ടം ഇപ്പോഴും അദ്ദേഹം തുടരുകയാണ്. അയാളുടെ കുടുംബം, മാനസികാവസ്ഥ, നിസ്സഹായത തുടങ്ങിയ ഘടകങ്ങളിലൂടെയാണ് സിനിമയുടെ ആദ്യ ഘട്ടം സഞ്ചരിക്കുന്നത്. സമുദ്രകനിയാണ് ഈ വേഷം ചെയ്തിരിക്കുന്നത്. കഥാപാത്രത്തോട് 100 ശതമാനം കൂറുപുലര്‍ത്തിയ പ്രകടനമാണ് സമുദ്രകനി കാഴ്ചവച്ചിരിക്കുന്നത്. മേലുദ്യോഗസ്ഥന്‍ അദ്ദേഹത്തെ മര്‍ദ്ദിക്കുമ്പോള്‍ മുഖത്ത് മിന്നിമറയുന്ന ദേഷ്യവും സങ്കടവും അമര്‍ഷവുമെല്ലാം അത്ര ഭംഗിയോടെയാണ് സമുദ്രകനി ചെയ്തിരിക്കുന്നത്. സിനിമയുടെ തുടക്കത്തില്‍ പോലിസുകാരെ മനുഷ്യരാക്കി മാറ്റാന്‍ തങ്കരാജ് സഹപ്രവര്‍ത്തകനെ ഉപദേശിക്കുന്ന രംഗമുണ്ട്. അതുതന്നെയാണ് സിനിമയുടെ ആകെ തുകയും. സഹജീവിസ്‌നേഹമുള്ള പോലിസുകാരെയാണ് ഈ സിനിമ അന്വേഷിക്കുന്നത്.

സാധാരണക്കാരെ തങ്ങളില്‍ നിന്ന് അകറ്റാന്‍ വേണ്ടി ബ്രിട്ടീഷുകാര്‍ രൂപീകരിച്ചതാണ് ഇന്ത്യയിലെ പോലിസ് സേന എന്ന് സമുദ്രകനിയുടെ കഥാപാത്രം ഒരവസരത്തില്‍ പറയുന്നുണ്ട്. ഇന്നും അത് അങ്ങനെ തന്നെ തുടരുന്നുവെന്നും പറയുന്നു. ഇവിടം മുതലാണ് സിനിമ അതിന്റെ കാതലായ ഭാഗത്തേക്ക് കടക്കുന്നത്. ഒരു സാധാരണ പൗരനെ പോലിസ് എങ്ങനെ മാവോവാദിയും തീവ്രവാദിയുമാക്കി മാറ്റുന്നുവെന്നാണ് സിനിമ പിന്നീട് പറയുന്നത്. പോലിസ് എന്നും സ്‌റ്റേറ്റിന്റെ മര്‍ദനോപാധിയാണ്. തങ്ങള്‍ക്കെതിരേ ശബ്ദിക്കുന്നവരെ തീവ്രവാദിയും മാവോയിസ്റ്റുമാക്കി കല്‍തുറങ്കിലടക്കാന്‍ ഭരണകൂടം പോലിസിനെ ഉപയോഗിക്കുന്നു. റൈറ്റര്‍ എന്ന ഈ സിനിമയില്‍ സ്‌റ്റേറ്റ് അദൃശ്യമാണെങ്കിലും സ്‌റ്റേറ്റിന്റെ മര്‍ദനോപാധിയായ പോലിസ് തന്നെ സ്‌റ്റേറ്റായി പരിണിക്കുന്നുണ്ട്.


ജാതിവിവേചനമാണ് സിനിമ മുന്നോട്ട് വയ്ക്കുന്ന മറ്റൊരു സാമൂഹിക യാഥാര്‍ത്ഥ്യം. ഇന്ത്യയിലെ ഏതൊരു സര്‍ക്കാര്‍ വകുപ്പിലും ജാതീയത അദൃശ്യമായി ഇന്നും നിലനില്‍ക്കുന്നുണ്ട്. മേലുദ്യോഗസ്ഥന്‍ പലപ്പോഴും ജോലി ഇതര ആജ്ഞകള്‍ പുറപ്പെടുവിക്കുന്നത് അയാളുടെ സവര്‍ണബോധത്തില്‍ നിന്നായിരിക്കും. ഇത് തിരിച്ചറിയുക ആ വിവേചനം നേരിടുന്നവര്‍ മാത്രമായിരിക്കും. പുറത്ത് നിന്ന് നോക്കുന്നവര്‍ക്ക് ചിലപ്പോഴത് ഈഗോ പ്രശ്‌നമായോ വ്യക്തികളുടെ പ്രശ്‌നമായോ മാത്രമായിരിക്കും തോന്നുക. എന്നാല്‍ അവിടെയെല്ലാം പ്രവര്‍ത്തിക്കുന്നത് ജാതി തന്നെയാണെന്ന യാഥാര്‍ത്ഥ്യമാണ് ഈ സിനിമ നമുക്ക് മുന്നില്‍ തുറന്നുകാട്ടുന്നത്.

പോലിസുകാര്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദത്തെകുറിച്ചും സിനിമ സംസാരിക്കുന്നുണ്ട്. ജാതി അധിക്ഷേപത്തിന് പുറമെ നടക്കുന്ന തൊഴിലിടങ്ങളിലെ പീഡനങ്ങളും സിനിമ ചര്‍ച്ച ചെയ്യുന്നു. നല്ല പോലിസ്-ചീത്ത പോലിസ് എന്ന സ്ഥിരം ക്ലീഷേക്കപ്പുറം സിനിമ സഞ്ചരിക്കുന്നുണ്ട്. പോലിസ് എന്നത് മര്‍ദനോപാധിതന്നെയാണെന്നാണ് സിനിമ പറഞ്ഞുവയ്ക്കുന്നത്. മനസില്‍ നന്മയുണ്ടെങ്കില്‍ അത് നല്ല പോലിസ് ആയത് കൊണ്ടല്ല മറിച്ച് നല്ല മനുഷ്യന്‍ ആയത് കൊണ്ടാണെന്നാണ് സിനിമ കാണിച്ചുതരുന്നത്.

ഒരുകാലത്ത് ഭരണകൂടം എന്‍ഐഎ, ഐബി തുടങ്ങിയ ഏജന്‍സികളെ ഉപയോഗിച്ചായിരുന്നു ശബ്ദിക്കുന്നവരെ വേട്ടയാടിയിരുന്നത്. എന്നാല്‍ വര്‍ത്തമാനകാല ഇന്ത്യയില്‍ ആ വേട്ടയാടല്‍ പോലിസ് ആണ് നടത്തുന്നത്. കേരളത്തില്‍ പോലും അതിന്റെ ഒച്ചപ്പാടുകള്‍ നാം കേള്‍ക്കുന്നുണ്ട്. അലന്‍, താഹ, ഹത്രാസിലെ പെണ്‍കുട്ടി, രോഹിത് വെമുല, നജീബ് തുടങ്ങി ഒരുപാട് പേരുകള്‍ ഈ സിനിമ കാണുമ്പോള്‍ മനസ്സിലേക്ക് എത്തും. അത് തന്നെയാണ് ഈ സിനിമയുടെ വിജയവും. രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് ഒരു തവണയെങ്കിലും പ്രേക്ഷനെകൊണ്ട് ഈ സിനിമ ചിന്തിപ്പിക്കും. തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ് റൈറ്റര്‍. ആഹാ ഒടിടി പ്ലാറ്റ്‌ഫോമില്‍ സിനിമ ലഭ്യമാണ്.

Next Story

RELATED STORIES

Share it