Movies

'കശ്മീര്‍ ഫയല്‍സ്': മുസ്‌ലിം വംശഹത്യയ്ക്ക് പരസ്യ ആഹ്വാനവുമായി സംഘപരിവാരം; സിനിമയ്ക്ക് പിന്തുണയുമായി പ്രധാനമന്ത്രിയും ബിജെപി സര്‍ക്കാരുകളും

മുസ്‌ലിംകള്‍ക്കെതിരേ വെറുപ്പ് പ്രചരിപ്പിക്കുകയും മുസ്‌ലിംകളെ കൊല്ലുന്നതിന് തുറന്ന ആഹ്വാനവുമാണ് വീഡിയോകളിലുള്ളത്. മുസ്‌ലിംകളുടെ ജനസംഖ്യാ വര്‍ധനവ് കുറയ്ക്കാന്‍ അവരുടെ സ്ത്രീകളെ നിര്‍ബന്ധിച്ച് വിവാഹം കഴിക്കുകയെന്നതാണ് മറ്റൊരു ആഹ്വാനം.

കശ്മീര്‍ ഫയല്‍സ്: മുസ്‌ലിം വംശഹത്യയ്ക്ക് പരസ്യ ആഹ്വാനവുമായി സംഘപരിവാരം; സിനിമയ്ക്ക് പിന്തുണയുമായി പ്രധാനമന്ത്രിയും ബിജെപി സര്‍ക്കാരുകളും
X

ന്യൂഡല്‍ഹി: കശ്മീര്‍ പണ്ഡിറ്റുകളുടെ പലായനത്തെ ആസ്പദമാക്കിയുള്ള വിവാദ ബോളിവുഡ് സിനിമ 'കശ്മീര്‍ ഫയല്‍സ്' സംഘപരിവാരത്തിന്റെ മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രചരണത്തിന് പുതിയ ചുവടുവയ്പ്പ് നല്‍കിയിരിക്കുകയാണ്. കശ്മീര്‍ പണ്ഡിറ്റുകളുടെ ദുരിതജീവിതത്തിലേക്ക് വെളിച്ചം വീശുന്നതെന്ന് അണിയറ പ്രവര്‍ത്തകരും സംഘപരിവാരവും അവകാശപ്പെടുന്ന സിനിമ കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലുടനീളം റിലീസ് ചെയ്തത്. 90 കളിലെ കലാപകാലത്ത് ദുരിതമനുഭവിച്ച കശ്മീരി പണ്ഡിറ്റുകളുടെ ദുരവസ്ഥയാണ് സിനിമ 'ഹൈലൈറ്റ്' ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയത് മുതല്‍ ആരംഭിച്ച സംഘപരിവാര സോഷ്യല്‍ മീഡിയ ഹാന്റിലുകള്‍ വഴി മുസ്‌ലിം വിരുദ്ധ സൈബര്‍ ആക്രമണങ്ങള്‍ ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്നു.

'കശ്മീര്‍ ഫയല്‍സ്' പ്രചോദനം ഉള്‍ക്കൊള്ള സംഘപരിവാര്‍ സിനിമാ പ്രേമികള്‍ പരസ്യമായി മുസ്‌ലിം വംശഹത്യയ്ക്ക് ആഹ്വാനം ചെയ്യുന്ന വീഡിയോ ക്ലിപ്പുകള്‍ വ്യാപകമായി പ്രചരിക്കുകയാണ്. മുസ്‌ലിംകള്‍ക്കെതിരേ വെറുപ്പ് പ്രചരിപ്പിക്കുകയും മുസ്‌ലിംകളെ കൊല്ലുന്നതിന് തുറന്ന ആഹ്വാനവുമാണ് വീഡിയോകളിലുള്ളത്. മുസ്‌ലിംകളുടെ ജനസംഖ്യാ വര്‍ധനവ് കുറയ്ക്കാന്‍ അവരുടെ സ്ത്രീകളെ നിര്‍ബന്ധിച്ച് വിവാഹം കഴിക്കുകയെന്നതാണ് മറ്റൊരു ആഹ്വാനം. ഹിന്ദുത്വ ഗ്രൂപ്പുകള്‍ക്ക് വിദ്വേഷ പ്രചാരണം തുടരാന്‍ അവസരമൊരുക്കുക മാത്രമല്ല, കശ്മീര്‍ താഴ്‌വരയിലെ ജനങ്ങളോട് ചെയ്ത തെറ്റുകള്‍ 'മറയ്ക്കാന്‍' നരേന്ദ്രമോദി സര്‍ക്കാരിന് പുതിയൊരു അടിത്തറ നല്‍കുകയാണ് സിനിമ ചെയ്തിരിക്കുന്നത്.

അതേസമയം, സംഘപരിവാര്‍ വംശഹത്യയും കലാപാഹ്വാനവും നടത്തുമ്പോഴും സിനിമയ്ക്ക് പൂര്‍ണപിന്തുണയുമായി രംഗത്തുവന്നിരിക്കുകയാണ് രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി ഭരിക്കുന്ന സര്‍ക്കാരുകളും. സിനിമ കണ്ടശേഷം പുറത്തിറങ്ങിയ വ്യക്തിയാണ് ഹിന്ദു യുവാക്കളോട് മുസ്‌ലിം സ്ത്രീകളെ നിര്‍ബന്ധിച്ച് വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടത്. 20 നും 25 നും ഇടയില്‍ പ്രായമുള്ള ഓരോ ഹിന്ദു യുവാവും മുസ്‌ലിം സ്ത്രീകളെ വിവാഹം കഴിക്കാന്‍ തുടങ്ങിയാല്‍ അവരുടെ ജനസംഖ്യ മൂന്ന് തലമുറയില്‍ പകുതിയായി കുറയും- സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ വൈറലായ വീഡിയോ ക്ലിപ്പില്‍ പറയുന്നു.

നിരവധി വീഡിയോകളില്‍ വംശഹത്യ അനുകൂല മുദ്രാവാക്യങ്ങള്‍ ഉയരുകയാണ്. ചില മുദ്രാവാക്യങ്ങള്‍ ഇപ്രകാരമാണ്: മുസ്‌ലിംകളെ കഷണങ്ങളായി മുറിക്കും... അവര്‍ റാം റാം എന്നും ജയ് ശ്രീറാം എന്ന് വിളിക്കേണ്ടിവരും. ഇത്തരത്തിലുള്ള മുദ്രാവാക്യങ്ങളും വിദ്വേഷ പ്രസംഗങ്ങളും ചെറുപട്ടണങ്ങളില്‍ നിന്ന് മാത്രമല്ല, പ്രധാന നഗരങ്ങളില്‍ നിന്നും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

മിക്ക വീഡിയോകളിലും ബിജെപിക്കും നരേന്ദ്രമോദിക്കും അനുകൂലമായ മുദ്രാവാക്യങ്ങളും ഉയരുന്നു. രാജ്യതലസ്ഥാനത്തും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ട്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണെന്ന് വ്യക്തമായിട്ടും പോലിസില്‍ നിന്നും ഭരണകൂടത്തില്‍ നിന്നും തികഞ്ഞ നിശബ്ദതയാണുണ്ടാവുന്നത്. ബിജെപി ഐടി സെല്ലും പാര്‍ട്ടിയുടെ മുഴുവന്‍ പ്രചാരണ യന്ത്രങ്ങളും മോദി ഹിന്ദുക്കളുടെ രക്ഷകനെന്ന പ്രതിച്ഛായ ശക്തിപ്പെടുത്താന്‍ സിനിമയെ ഉപയോഗിക്കുന്നു എന്നതില്‍ തര്‍ക്കമില്ല.

സിനിമയ്ക്ക് നികുതി ഒഴിവാക്കി ബിജെപി സര്‍ക്കാരുകള്‍

മോദിയും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും പരസ്യമായി ചിത്രത്തിന് പ്രോല്‍സാഹനവുമായി രംഗപ്രവേശനം ചെയ്തതോടെ വിദ്വേഷ പ്രചാരണത്തിന് ബിജെപിയുടെയും ആര്‍എസ്എസ്സിനും ലൈസന്‍സായി. ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന, കര്‍ണാടക, ഗോവ, അസം എന്നീ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും ചിത്രത്തെ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതിന് പുറമെ, അസമില്‍ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സിനിമ കാണാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അര്‍ധ ദിവസത്തെ അവധിയും അനുവദിച്ചു.

സിനിമയെ അപലപിച്ച് കശ്മീരിലെ ഹിന്ദുക്കള്‍

1990 ലെ അക്രമത്തിന്റെ ഇരകളായ നിരവധി കശ്മീരി ഹിന്ദുക്കള്‍ പൂര്‍ണമായും സിനിമയെ നിരസിക്കുകയാണ് ചെയ്തത്. മുസ്‌ലിം വിരുദ്ധ പ്രചാരണം ലക്ഷ്യമിട്ട് സംഘപരിവാര്‍ അച്ചില്‍ വാര്‍ത്തെടുത്ത സിനിമയോട് മുഖംതിരിക്കുന്ന സമീപനമാണ് കശ്മീര്‍ ഹിന്ദുക്കളില്‍ നിന്ന് ഉണ്ടായത് എടുത്തുപറയേണ്ടതാണ്. 'കശ്മീര്‍ ഫയല്‍സ്' ഒരു ദുഷിച്ച അജണ്ടയോടെയാണ് നിര്‍മിച്ചതെന്ന് അവര്‍ വിശ്വസിക്കുന്നു. സിനിമയിലൂടെ മുസ്‌ലിം സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിനെ അവര്‍ അപലപിച്ചു. തങ്ങളുടെ അജണ്ട നടപ്പാക്കുന്നതിന് സിനിമയെ ഉപയോഗിച്ചതിന് ബിജെപിയെയും ആര്‍എസ്എസ്സിനെയും കശ്മീര്‍ ഹിന്ദുക്കള്‍ ആക്ഷേപിക്കുകയും ചെയ്തു.

സിനിമയോടുള്ള മോദിയുടെ ഇരട്ടത്താപ്പ്

2002ലെ ഗുജറാത്തിലെ മുസ്‌ലിം വിരുദ്ധ വംശഹത്യയെക്കുറിച്ചുള്ള സിനിമകളെ അപലപിച്ച നരേന്ദ്രമോദിയാണ് 'കശ്മീര്‍ ഫയല്‍സ്' ന് പൂര്‍ണപിന്തുണയുമായി രംഗത്തുവന്നത്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് 2002ല്‍ നൂറുകണക്കിന് മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്യുകയും ആയിരക്കണക്കിന് ആളുകളെ നാടുകടത്തുകയും ചെയ്തു. നിരവധി സ്ത്രീകള്‍ ബലാല്‍സംഗം ചെയ്യപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു.

നിരവധി പേരെ ജീവനോടെ ചുട്ടുകൊന്നു. ഈ സംഭവങ്ങളെ ആസ്പദമാക്കി സിനിമകളും ഡോക്യുമെന്ററികളും തയ്യാറായി. എന്നാല്‍, ആ ചിത്രങ്ങള്‍ ഗുജറാത്തില്‍ പ്രദര്‍ശിപ്പിക്കില്ലെന്നായിരുന്നു മോദിയുടെ ഭീഷണി. മോദിയുടെ ഗുജറാത്തില്‍ 2007ല്‍ പുറത്തിറങ്ങിയ ഒരു ബോളിവുഡ് ചിത്രമാണ് പര്‍സാനിയ. ഫൈനല്‍ സൊല്യൂഷന്‍ എന്ന പേരില്‍ 2004ല്‍ പുറത്തിറങ്ങിയ ഡോക്യുമെന്ററി അന്നത്തെ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു.

ബിജെപി സര്‍ക്കാരിന്റെ പൂര്‍ണപിന്തുണയോടെ കൃത്യമായ അജണ്ടയോടെയാണ് കശ്മീര്‍ ഫയല്‍സ് നിര്‍മിച്ചിരിക്കുന്നതെന്നാണ് സാമൂഹിക നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. മുസ്‌ലിം വിരുദ്ധ വികാരം വര്‍ധിപ്പിക്കുകയും സമുദായത്തിനെതിരേ അക്രമത്തിന് പ്രേരണ നല്‍കുകയും ചെയ്യുന്നതാണ് സിനിമയെന്ന് പുറത്തുവന്ന റിപോര്‍ട്ടുകള്‍ അടിവരയിടുന്നു.

Next Story

RELATED STORIES

Share it