Kannur

വനിതാ ജീവനക്കാരെ ആക്ഷേപിച്ചെന്ന്; കെ സുധാകരനെതിരേ മഹിളാ അസോസിയേഷന്‍

വനിതാ ജീവനക്കാരെ ആക്ഷേപിച്ചെന്ന്; കെ സുധാകരനെതിരേ മഹിളാ അസോസിയേഷന്‍
X

കണ്ണൂര്‍: തിരഞ്ഞെടുപ്പു ഡ്യൂട്ടിക്കു നിയോഗിക്കപ്പെടുന്ന വനിതാ ജീവനക്കാരെ ആക്ഷേപിച്ച കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍ പരാമര്‍ശം പിന്‍വലിച്ച് പരസ്യമായി മാപ്പുപറയണമെന്ന് ജനാധിപത്യ മഹിളാ അസോസിയഷന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വനിതാ ഉദ്യോഗസ്ഥര്‍ക്ക് തിരഞ്ഞെടുപ്പ് ചുമതല കൃത്യമായി നിര്‍വഹിക്കാനാവില്ലെന്നും അവരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്നും ആവശ്യപ്പെടുന്ന സുധാകരന്‍ ഏതു ലോകത്താണ് ജീവിക്കുന്നത്?. ഇയാള്‍ക്ക് നാണമില്ലേ ഇങ്ങനെയൊക്കെ വിളിച്ചു പറയാനെന്ന് ജില്ലാ പ്രസിഡന്റ് കെ പി വി പ്രീതയും സെക്രട്ടറി പി കെ ശ്യാമളയും പ്രസ്താവനയില്‍ ചോദിച്ചു. ലോകത്തെ ഒരു തൊഴില്‍ മേഖലയും സ്രതീകള്‍ക്ക് അന്യമല്ലെന്നു തെളിയിക്കപ്പെട്ടു കൊണ്ടിരിക്കുന്ന കാലമാണിത്. കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരിലും അധ്യാപകരിലും 50 ശതമാനത്തിലധികവും സ്ത്രീകളാണ്. ഇവരെ ഒഴിവാക്കി തിരഞ്ഞെടുപ്പ് നടത്താന്‍ കഴിയുമോ. വനിതാ ജീവനക്കാരെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേഗം കൈയിലെടുക്കാനും ഭീഷണിപ്പെടുത്തി നിര്‍ത്താനുമാകുമെന്നാണ് സുധാകരന്‍ പറയുന്നത്. എത്ര തരംതാണതാണ് അദ്ദേഹത്തിന്റെ സാമൂഹികബോധമെന്ന് വീണ്ടുംവീണ്ടും തെളിയിക്കുന്നതാണ് ഈ വാക്കുകള്‍. വനിതകള്‍ മാത്രം പോളിങ് നിയന്ത്രിച്ച മാതൃകാ ബൂത്തുകള്‍ മുന്‍ തിരഞ്ഞെടുപ്പുകളിലുണ്ടായിരുന്നു. എവിടെയെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായതായി അറിവില്ല. ഈ തിരഞ്ഞെടുപ്പിലും അത്തരം ബൂത്തുകള്‍ ഉണ്ടെന്നാണ് മനസ്സിലാക്കുന്നത്. സ്ത്രീകളെ ഇപ്പോഴും രണ്ടാംതരം പൗരന്മാരായി കാണുന്ന സുധാകരന്മാരോട് വോട്ടിലൂടെ കണക്കു തീര്‍ക്കാന്‍ ഇരുവരും പ്രസ്താവനയില്‍ സ്ത്രീസമൂഹത്തെ ആഹ്വാനം ചെയ്തു.

വനിതാ ജീവനക്കാര്‍ക്കെതിരെ ആക്ഷേപകരമായ പ്രസ്താവന നടത്തിയ കെ സുധാകരന്റെ നടപടിയില്‍ എഫ്എസ്ഇടിഒ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. വനിതാജീവനക്കാര്‍ സത്യസന്ധവും സ്വതന്ത്രവുമായി തിരഞ്ഞെടുപ്പ് ജോലി നിര്‍വഹിക്കാന്‍ കെല്‍പില്ലാത്തവരാണെന്നും സിപിഎംകാരുടെ ഭീഷണിക്കു മുമ്പില്‍ പതറിപ്പോകുന്നവരുമാണെന്നുമാണ് സുധാകരന്റെ പ്രസ്താവന. ഇത് സ്വതന്ത്രമായ തിരഞ്ഞെടുപ്പിനുവേണ്ടി ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്ന ജീവനക്കാരെയാകെ ആക്ഷേപിക്കുന്നതിനു തുല്യമാണ്. മുന്‍ തിരഞ്ഞെടുപ്പുകാലങ്ങളിലും സുധാകരന്‍ ഇത്തരത്തില്‍ ജീവനക്കാരെ ആക്ഷേപിച്ചിരുന്നുവെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

AIDWA against K Sudhakaran




Next Story

RELATED STORIES

Share it