Kannur

കണ്ണൂരില്‍ ലീഗ് ജില്ലാ സെക്രട്ടറിയുടെ പഞ്ചായത്തില്‍ ലീഗ് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വിമത

കണ്ണൂരില്‍ ലീഗ് ജില്ലാ സെക്രട്ടറിയുടെ പഞ്ചായത്തില്‍ ലീഗ് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വിമത
X

കണ്ണൂര്‍: യുഡിഎഫിലെ തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ ജില്ലയില്‍ മുസ് ലിം ലീഗിലും പലയിടത്തും വിമതഭീഷണി. പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കെതിരേ മല്‍സരിക്കുന്നവരെ പുറത്താക്കുമെന്ന് സംസ്ഥാന നേതൃത്വം താക്കീത് നല്‍കിയിട്ടും പലയിടത്തും വിമത ഭീഷണിയാണ് അഭിമുഖീകരിക്കേണ്ടിവരുന്നത്. അതില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുന്നതാണ് മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി അഡ്വ. അബ്ദുല്‍ കരീം ചേലേരിയുടെ പഞ്ചായത്തില്‍ നിന്നു തന്നെ വിമത ഭീഷണി ഉയര്‍ന്നത്. കാലങ്ങളായി മുസ് ലിം ലീഗ് ഭരിക്കുന്ന കൊളച്ചേരി പഞ്ചായത്തിലാണ് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ കെ എം പി സറീന മല്‍സരിക്കുന്നത്. കൊളച്ചേരി പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് പന്ന്യങ്കണ്ടിയില്‍ മല്‍സരിക്കാനായാണ് സറീന നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. നിലവില്‍ മൂന്നാം വാര്‍ഡില്‍ ലീഗിന്റെ ജനപ്രതിനിധിയാണ് കെ എം പി സറീന. ലീഗിന്റെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ഥി മജീദിനെതിരേയാണ് സറീനയുടെ അങ്കം.

ഇവിടെ എല്‍ഡിഎഫിനു വേണ്ടി സപിഐയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി എ പി സുബൈറാണ് മല്‍സരിക്കുന്നത്. കഴിഞ്ഞ തവണ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ലീഗിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി പാമ്പുരുത്തി വാര്‍ഡില്‍ നിന്നുള്ള കെ താഹിറയെ കാലുവാരിയാണ് കെ എം പി സറീന പഞ്ചായത്ത് പ്രസിഡന്റായത്. ബിജെപി-സിപിഎം-കോണ്‍ഗ്രസ് അംഗങ്ങളുടെ പിന്തുണയോടെയാണ് ലീഗിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയെ സറീന പരാജയപ്പെടുത്തിയത്. ലീഗ് ജില്ലാ സെക്രട്ടറിയുടെ നാട്ടില്‍ ലീഗ് വിമത ബിജെപി-സിപിഎം-കോണ്‍ഗ്രസ് അംഗങ്ങളുടെ പിന്തുണയില്‍ ലീഗ് സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ചത് ഏറെ വിവാദമായിരുന്നു. പാര്‍ട്ടി വിപ്പ് ലംഘിച്ച് വിമതയായി പ്രസിഡന്റായ സറീനയ്ക്കും പിന്തുണച്ചവര്‍ക്കുമെതിരേ നടപടിയെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും 11 മാസത്തോളം കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ കെ എം പി സറീനയായിരുന്നു. അയോഗ്യയാക്കുക ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ കൈക്കൊള്ളുമെന്ന് നേതൃത്വം ഉറപ്പുനല്‍കിയിരുന്നെങ്കിലും ഉണ്ടായില്ല. 11 മാസത്തിനു ശേഷം കെ എം പി സറീന പാര്‍ട്ടിയുമായി ധാരണയിലെത്തി രാജിവയ്ക്കുകയും കെ താഹിറ അവശേഷിക്കുന്ന മാസങ്ങളില്‍ പ്രസിഡന്റാവുകയും ചെയ്തു. ഇപ്പോള്‍ വീണ്ടും കെ എം പി സറീന വിമത ശബ്ദമുയര്‍ത്തുന്നത് നേതൃത്വത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

Former League Panchayath President rebel in the League District Secretary's Panchayath in Kannur

Next Story

RELATED STORIES

Share it