Kottayam

ഭൂരേഖകളുടെ കൃത്യത; കോട്ടയം ജില്ലയില്‍ ഡിജിറ്റല്‍ ഡ്രോണ്‍ സര്‍വേയ്ക്ക് തുടക്കം

ഭൂരേഖകളുടെ കൃത്യത; കോട്ടയം ജില്ലയില്‍ ഡിജിറ്റല്‍ ഡ്രോണ്‍ സര്‍വേയ്ക്ക് തുടക്കം
X

കോട്ടയം: ഭൂരേഖകളുടെ കൃത്യത ഉറപ്പാക്കാനുള്ള ഒറ്റരേഖാ ഡിജിറ്റല്‍ ഡ്രോണ്‍ സര്‍വേയ്ക്ക് ജില്ലയില്‍ തുടക്കം. നടുവില വില്ലേജിലാണ് ആദ്യം ഡ്രോണ്‍ സര്‍വേ നടത്തുന്നത്. ജിപിഎസ് സര്‍വേ പോയിന്റുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ ജില്ലയില്‍ പൂര്‍ത്തീകരിച്ചു. പൊതുജനപങ്കാളിത്തത്തോടെ മറ്റു വില്ലേജുകളിലും നടത്തുന്ന ഡ്രോണ്‍ സര്‍വേയില്‍ ഉദ്യോഗസ്ഥര്‍ വീടുതോറും നല്‍കുന്ന ഫോറം ഒന്ന് (എ) പൂരിപ്പിച്ച് തിരികെ നല്‍കണമെന്ന് സര്‍വേയ്ക്ക് നേതൃത്വം നല്‍കുന്ന ജില്ലാ സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു.

ഭൂരേഖകള്‍ക്ക് കൃത്യത ഉറപ്പാക്കാന്‍ ഡിജിറ്റല്‍ സര്‍വേ ചെയ്ത് നാലുവര്‍ഷത്തിനുളളില്‍ റെക്കോഡുകള്‍ റവന്യൂ വകുപ്പിന് കൈമാറും. ഡിജിറ്റല്‍ റെക്കോഡുകള്‍ നിലവില്‍ വരുന്നതോടെ നിലവിലെ രേഖകള്‍ കാലഹരണപ്പെടുകയും ഭൂമിയുടെ ഇപ്പോഴത്തെ കൈവശങ്ങള്‍, നിയമങ്ങള്‍ എന്നിവയനുസരിച്ച് പുതിയ നമ്പറുകള്‍ നല്‍കുകയും ചെയ്യും.

കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിക്ക് രാജ്യത്തെ ഏഴു ലക്ഷം വില്ലേജുകളില്‍ തുടക്കം കുറിച്ചിട്ടുണ്ട്. കേന്ദ്ര പഞ്ചായത്തീ രാജ് മന്ത്രാലയം, സംസ്ഥാന റവന്യൂ, സര്‍വേ വകുപ്പുകള്‍, സര്‍വേ ഓഫ് ഇന്ത്യ എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ഡ്രോണ്‍ സര്‍വേയ്ക്കു യോജിച്ച പ്രദേശങ്ങള്‍ പ്രത്യേകം കണ്ടെത്തും. ഇതിനായി സ്ഥലമുടമകള്‍ മഞ്ഞ അല്ലെങ്കില്‍ ചുവപ്പ് പെയിന്റ് ഉപയോഗിച്ച് കൈവശ അതിര്‍ത്തികള്‍ അടയാളപ്പെടുത്തണം. ഈ അതിരുകള്‍ മാത്രമേ ഡ്രോണ്‍ കാമറകള്‍ക്കു തിരിച്ചറിയാനാകൂ. ബാക്കി സ്ഥലങ്ങള്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സാങ്കേതിക വിദഗ്ധര്‍ ആധുനിക ഡ്രോണ്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് സര്‍വേ നടത്തും. സര്‍വേ റിപ്പോര്‍ട്ടുകള്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സെര്‍വറിലാണ് ഉള്‍പ്പെടുത്തുന്നത്.

Next Story

RELATED STORIES

Share it