Malappuram

ചാലിയാറില്‍ ബോട്ട് മറിഞ്ഞു; ഏഴംഗ കുടുംബത്തെ രക്ഷപ്പെടുത്തി യുവാക്കള്‍

ചാലിയാറില്‍ ബോട്ട് മറിഞ്ഞു; ഏഴംഗ കുടുംബത്തെ രക്ഷപ്പെടുത്തി യുവാക്കള്‍
X

ചാലിയാറില്‍ മറിഞ്ഞ ഉല്ലാസ ബോട്ടിലുണ്ടായിരുന്ന ഏഴംഗ കുടുംബത്തെ രക്ഷപ്പെടുത്തിയ യുവാക്കള്‍

അരീക്കോട്: ചാലിയാറില്‍ ഉല്ലാസ ബോട്ട് മറിഞ്ഞു. ഉല്ലാസ ബോട്ടിലുണ്ടായിരുന്ന ഏഴംഗ കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. ചാലിയാര്‍ പുഴയിലെ കുനിയില്‍ ഇരുമാന്‍കടവിന് സമീപമാണ് അപകടം സംഭവിച്ചത്. പൂങ്കുടി ഭാഗത്തുനിന്ന് ചെറിയ മോട്ടോര്‍ ഘടിപ്പിച്ച ബോട്ടില്‍ മൂന്ന് കുട്ടികളടക്കം ഏഴുപേരുമായി പോവുകയായിരുന്ന ബോട്ടാണ് ആഴമുള്ള സ്ഥലത്ത് മറിഞ്ഞത്. ലൈഫ് ജാക്കറ്റും സ്വയം രക്ഷാ ഉപകരണങ്ങളുമില്ലാത്തതിനാല്‍ മരണം മുന്നില്‍ കണ്ട കുട്ടികളുടെയും സ്ത്രീകളുടെയും നിലവിളി കേട്ട പുഴക്കരികിലെ വീട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ കണ്ടത് പുഴയുടെ നടുവില്‍ മറിഞ്ഞ ബോട്ടും അതിനരികില്‍ മുങ്ങിത്താഴുന്ന യാത്രക്കാരെയുമാണ്.

ഉടനെ സമീപവീടുകളിലുണ്ടായിരുന്ന ചെറുപ്പക്കാര്‍ പുഴയിലേക്ക് എടുത്തുചാടി. നാലുപേര്‍ വെള്ളത്തിലേക്ക് ചാടി അവര്‍ക്കരികിലേക്ക് നീന്തിയെത്തി. മുങ്ങിത്താഴുകയായിരുന്ന കുട്ടികളെ മറിഞ്ഞ ബോട്ടിന്റെ പുറത്തേയ്ക്ക് കയറ്റിനിര്‍ത്തി. മറ്റുള്ളവരെ ബോട്ടിന്റെ വശത്ത് പിടിച്ചുനിര്‍ത്തി. തുടര്‍ന്ന് പുഴയുടെ അരികുചേര്‍ത്ത് കെട്ടിയിരുന്ന തോണിയെടുത്ത് അവര്‍ക്കരികിലേക്ക് തുഴഞ്ഞെത്തി. ഓരോരുത്തരെയായി തോണിയില്‍ കയറ്റി കരയിലേക്കെത്തിച്ചു. ഏഴ് ജീവനുകളാണ് ചെറുപ്പക്കാരുടെ ധീരമായ ഇടപെടല്‍ കൊണ്ട് രക്ഷപ്പെട്ടത്.

വലിയ ദുരന്തമായി മാറുമായിരുന്ന സാഹചര്യത്തില്‍ ധൈര്യത്തോടെ രക്ഷാപ്രവര്‍ത്തനം നടത്തിയ ചെറുപ്പക്കാരായ ശിഹാബ്, റഫീഖ്, ഷഫീഖ്, ഷാനിബ്, റാസിഖ്, അന്നാഫ് എന്നിവര്‍ നാടിന്റെ അഭിമാനമായി മാറിയിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയവരെ കീഴുപറമ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി പി സഫിയ, മലപ്പുറം ഫയര്‍ സ്റ്റേഷന്‍ ഓഫിസര്‍ എം എ ഗഫൂര്‍ എന്നിവര്‍ അഭിനന്ദിച്ചു. സ്വകാര്യ ബോട്ടിന് സര്‍വീസ് നടത്താനുള്ള അനുമതിയുണ്ടായിരുന്നില്ല.

Next Story

RELATED STORIES

Share it