Malappuram

അപകീര്‍ത്തിവാര്‍ത്ത: സുപ്രഭാതം പത്രത്തിനെതിരെ നടപടിക്കൊരുങ്ങി പോപുലര്‍ ഫ്രണ്ട്

അപകീര്‍ത്തിവാര്‍ത്ത: സുപ്രഭാതം പത്രത്തിനെതിരെ നടപടിക്കൊരുങ്ങി പോപുലര്‍ ഫ്രണ്ട്
X

തിരൂര്‍: കഴിഞ്ഞദിവസം പറവണ്ണയില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ അപകീര്‍ത്തിപെടുത്തുന്ന രീതിയില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച സുപ്രഭാതം ദിനപത്രത്തിനും സുപ്രഭാതം ഓണ്‍ലൈന്‍ ചാനലിനുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പോപുലര്‍ ഫ്രണ്ട് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി അറിയിച്ചു. തികച്ചും യാദൃശ്ചികവും വ്യകതിപരവുമായ കാരണങ്ങളാല്‍ നടന്ന സംഭവത്തില്‍ പോപുലര്‍ ഫ്രണ്ടിനെ ബോധപൂര്‍വ്വം വലിച്ചിഴക്കാനാണ് പത്രം ശ്രമിക്കുന്നത്.

സംഘര്‍ഷവുമായി സംഘടനയ്ക്ക് ബന്ധമില്ലെന്ന് ബന്ധപ്പെട്ടവരോട് വ്യക്തമാക്കിയിട്ടും മാധ്യമ ധര്‍മ്മത്തിന് നിരക്കാത്ത നുണകള്‍ എഴുതിവിടുകയാണ് സുപ്രഭാതം പത്രം. സംഭവത്തിന്റെ നിജസ്ഥിതി ബോധ്യമായിട്ടും പോപുലര്‍ ഫ്രണ്ടില്‍ നിന്ന് രാജിവച്ചതിന്റെ കാരണത്താലാണ് സംഘര്‍ഷം എന്ന് വരുത്തിത്തീര്‍ക്കാനുള്ള ആസൂത്രിത ശ്രമം ഈ വാര്‍ത്തയ്ക്ക് പിന്നിലുണ്ടെന്ന് വ്യക്തമാണ്. യാഥാര്‍ത്ഥ്യം ബോധ്യമായിട്ടും നിരന്തരം നുണകള്‍ ആവര്‍ത്തിക്കുന്ന നടപടി സമസ്തയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സുപ്രഭാതം പോലുള്ള പത്രത്തില്‍ വരുന്നത് ഗൗരവതരമാണ്.

പത്ര മാനേജ്‌മെന്റിന് വിശദീകരണം നല്‍കിയിട്ടും പ്രസ്തുത വാര്‍ത്തയില്‍ ഖേദം പ്രകടിപ്പിക്കാതിരിക്കുകയും നുണകള്‍ ആവര്‍ത്തിക്കുകയും ചെയ്യുന്നതിനെതിരെ സുപ്രഭാതം പത്രാധിപര്‍ക്കും പത്രത്തിന്റെ ഒണ്‍ലൈന്‍ എഡിഷനും ലേഖകനുമെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോവാന്‍ തീരുമാനിച്ചതായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി വികെ അബ്ദുല്‍ അഹദ് അറിയിച്ചു.


Next Story

RELATED STORIES

Share it