Malappuram

പിടികിട്ടാപ്പുള്ളി ഉള്‍പ്പെടെ കുപ്രസിദ്ധ മോഷ്ടാക്കള്‍ പിടിയില്‍

പിടികിട്ടാപ്പുള്ളി ഉള്‍പ്പെടെ കുപ്രസിദ്ധ മോഷ്ടാക്കള്‍ പിടിയില്‍
X

താനൂര്‍: അന്തര്‍ സംസ്ഥാന മോഷ്ടാവ് ഉള്‍പ്പെടെ നിരവധി മോഷണക്കേസുകളില്‍ പ്രതികളായ കുപ്രസിദ്ധ മോഷ്ടാക്കളെ താനൂര്‍ പോലിസ് പിടികൂടി. കേരളത്തിലെ വിവിധ ജില്ലകളിലായി നൂറിലധികം മോഷണം നടത്തി മോഷണ പരമ്പരകള്‍ സൃഷ്ടിച്ച കുപ്രസിദ്ധ മോഷ്ടാവ് സുഡാനി ഹമീദ് എന്ന അബ്ദുല്‍ ഹമീദി (38) നെയും താനാളൂര്‍ പഞ്ചായത്ത് കുണ്ടുങ്ങല്‍ വാടകവീട്ടില്‍ വീട്ടില്‍ ആഷിക്കി (32) നെയുമാണ് താനൂര്‍ പോലിസ് പിടികൂടിയത്. കഴിഞ്ഞമാസം 24ന് താനൂര്‍ ശോഭ പറമ്പ് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന മുരളീധരന്റെ അടച്ചിട്ട വീടിന്റെ മുന്‍ഭാഗം വാതില്‍ കുത്തിത്തുറന്നാണ് ഹമീദ് ഇന്‍വെര്‍ട്ടര്‍ മോഷ്ടിച്ചത്. നിരവധി വാഹനങ്ങളും സിസിടിവിയും പരിശോധിച്ചാണ് പ്രതി ഹമീദാണെന്ന് പോലിസിന് വ്യക്തമായത്. തുടര്‍ന്ന് പ്രതികള്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മംഗലാപുരത്തും തമിഴ്‌നാട്ടിലെ സേലത്തും പോലിസ് അന്വേഷണം നടത്തി.

ആദ്യം മംഗലാപുരത്തുണ്ടായിരുന്ന ഹമീദ് പോലിസിന്റെ നീക്കം മനസ്സിലാക്കിയാണ് സേലത്തേക്ക് കടന്നത്. ഇവിടെ വച്ച് ഇരുവരെയും പോലിസ് പിടികൂടുകയായിരുന്നു. പ്രതികള്‍ കുറ്റം സമ്മതിച്ചതായി പോലിസ് പറഞ്ഞു. ഹമീദിന് നിലവില്‍ പരപ്പനങ്ങാടി, താനൂര്‍, നിലമ്പൂര്‍, പട്ടാമ്പി, ആലത്തൂര്‍, തൃത്താല, ആലത്തിയൂര്‍, ഒറ്റപ്പാലം, കോഴിക്കോട്, കോങ്ങാട് നല്ലളം, കൊണ്ടോട്ടി മെഡിക്കല്‍ കോളജ് പോലിസ് സ്‌റ്റേഷന്‍ എന്നിവിടങ്ങളിലായി മോഷണക്കേസുകള്‍ നിലവിലുണ്ട്. കൂടാതെ മോഷ്ടാവിന്റെ കുറ്റസമ്മതപ്രകാരം തിരൂര്‍, പെരുന്തല്ലൂര്‍, പൊന്നാനി ഈശ്വരമംഗലം, കോട്ടത്തറ തുടങ്ങിയ സ്ഥലങ്ങളിലും ജില്ലയ്ക്ക് പുറത്തും മോഷണം നടത്തിയതായി അറിവായിട്ടുണ്ട്.

കേസുകള്‍ക്ക് ഹാജരാവാതെ മുങ്ങിനടക്കുന്നതിനാല്‍ കോടതി ഹമീദിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതാണ്. ഓണ്‍ലൈനിലൂടെ പഴയ വാഹനങ്ങള്‍ വാങ്ങുകയും പകല്‍സമയങ്ങളില്‍ ഈ വാഹനങ്ങളില്‍ യാത്ര ചെയ്ത് റോഡരികിലുള്ള വീടുകള്‍ നിരീക്ഷിച്ച് അടച്ചിട്ട വീടുകള്‍ മനസ്സിലാക്കിയാണ് മോഷണം നടത്തിവന്നത്. ആഷിക്കിന് തേഞ്ഞിപ്പാലം പോലിസ് സ്‌റ്റേഷനില്‍ കൊലപാതക കേസും ഹമീദിന് മേലാറ്റൂര്‍ പോലിസ് സ്‌റ്റേഷനില്‍ ബലാല്‍സംഗ കേസും നിലവിലുണ്ടെന്ന് പോലിസ് അറിയിച്ചു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

മലപ്പുറം ജില്ലാ പോലിസ് മേധാവി സുജിത് ദാസിന്റെ നിര്‍ദേശപ്രകാരം ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ എന്‍ ശ്രീജിത്ത്, ഹരിദാസ്, സുബൈര്‍, താനൂര്‍ ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണസംഘാംങ്ങളായ ഇന്‍സ്‌പെക്ടര്‍ ഹണി കെ ദാസ്, സീനിയര്‍ സിപിഒ, കെ സലേഷ്, ജിനേഷ്, എം പി സബറുദ്ദീന്‍, ആല്‍ബിന്‍, അഭിമന്യു, വിപിന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Next Story

RELATED STORIES

Share it