Palakkad

ജില്ലാ ജഡ്ജിയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി പണം തട്ടാന്‍ ശ്രമം

ജില്ലാ ജഡ്ജിയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി പണം തട്ടാന്‍ ശ്രമം
X

പാലക്കാട്: ജില്ലാ ജഡ്ജിയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി പണം തട്ടാന്‍ ശ്രമം. പാലക്കാട് അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി മോഹന്‍ദാസിന്റെ പേരിലാണ് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി സുഹൃത്തുക്കളില്‍നിന്ന് പണം തട്ടിയെടുക്കാന്‍ ശ്രമം നടത്തിയത്. സംഭവത്തില്‍ ജില്ലാ ജഡ്ജി സൈബര്‍ സെല്ലിന് പരാതി നല്‍കി. ജഡ്ജിയുടെ സുഹൃത്തുക്കളാണ് ഇക്കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നത്.

അക്കൗണ്ടില്‍നിന്നും പണം ആവശ്യപ്പെട്ടതോടെ സംശയം തോന്നിയ സുഹൃത്തുക്കള്‍ ജഡ്ജിയെ വിളിച്ചതോടെയാണ് തട്ടിപ്പ് വ്യക്തമായത്. ജില്ലാ ജഡ്ജിയുടെ നിരവധി സുഹൃത്തുക്കള്‍ക്കാണ് വ്യാജ അക്കൗണ്ടില്‍നിന്നും സന്ദേശങ്ങള്‍ പോയിട്ടുള്ളത്. സുഹൃത്ത് മറുപടി നല്‍കി തുടങ്ങുന്നതോടെ പണം ആവശ്യപ്പെട്ട് മെസേജ് അയക്കും. ഇതോടെയാണ് സംശയം തോന്നി സുഹൃത്തുക്കള്‍ ജില്ലാ ജഡ്ജിയെ തന്നെ വിളിച്ചത്.

അടുത്ത കാലത്തായി വ്യാജ അക്കൗണ്ടുണ്ടാക്കി തട്ടിപ്പ് നടത്തുന്നത് വ്യാപകമാവുകയാണ്. പ്രമുഖരുടെയും അല്ലാത്തവരുടെയുമെല്ലാം പേരില്‍ അക്കൗണ്ടുണ്ടാക്കിയാണ് തട്ടിപ്പ് നടത്തുന്നത്. എന്നാല്‍, ഇത് വ്യാപകമായതോടെ ആളുകള്‍ക്കും തട്ടിപ്പിനെക്കുറിച്ച് അറിയാമെന്നതിനാല്‍ പണം നഷ്ടപ്പെടുന്നവരുടെ എണ്ണം കുറവാണ്. എന്നാലും ചിലര്‍ ഈ കെണിയില്‍ വീണ് തട്ടിപ്പിനിരയാവുന്നുണ്ട്. ഇത്തരം സംഭവങ്ങളില്‍ നൂറുകണക്കിന് പരാതികളാണ് സംസ്ഥാനത്തെ സൈബര്‍ പോലിസിന് ലഭിച്ചിട്ടുള്ളത്. തട്ടിപ്പ് നടത്തുന്നത് കൂടുതലും ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണെന്ന് പോലിസ് പറയുന്നു.

Next Story

RELATED STORIES

Share it