Thiruvananthapuram

ലിനാക് ബ്ലോക്ക് മുതല്‍ പുതിയ വെബ്‌പോര്‍ട്ടല്‍ വരെ; 10 നൂതന സംവിധാനങ്ങളുമായി തിരുവനന്തപുരം മെഡിക്കല്‍ കോളജ്

35 ഓളം പുതിയ സംവിധാനങ്ങളാണ് പ്രവര്‍ത്തനസജ്ജമായി വരുന്നത്. ഇതിന്റെ ആദ്യ ഘട്ടമായാണ് 10 സംവിധാനങ്ങളുടെ ഉദ്ഘാടനം നടക്കുന്നത്.

ലിനാക് ബ്ലോക്ക് മുതല്‍ പുതിയ വെബ്‌പോര്‍ട്ടല്‍ വരെ; 10 നൂതന സംവിധാനങ്ങളുമായി തിരുവനന്തപുരം മെഡിക്കല്‍ കോളജ്
X

തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ 10 നൂതന സംവിധാനങ്ങള്‍ 13ന് രാവിലെ 11ന് മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്യും. ലിനാക് ബ്ലോക്ക്, കാന്‍സര്‍ രജിസ്ട്രി, ന്യൂറോ സര്‍ജറി ഓപ്പറേറ്റിങ് മൈക്രോസ്‌കോപ്പ്, അത്യാധുനിക 3 ഡി കളര്‍ ഡോപ്ലര്‍ എക്കോ മെഷീന്‍, സമ്പൂര്‍ണ ഡിജിറ്റല്‍ എക്സ്റേ, നവീകരിച്ച വാര്‍ഡ് 22, പ്രീപെയ്ഡ് ആംബുലന്‍സ് സംവിധാനം, ബയോഗ്യാസ് പ്ലാന്റുകള്‍, രണ്ടാമത്തെ മെഡിസിന്‍ ഐസിയു., പീഡിയാട്രിക് കാര്‍ഡിയോളജി സര്‍ജറി, പുതിയ വെബ് പോര്‍ട്ടല്‍ എന്നിവയുടെ ഉദ്ഘാടനമാണ് നടക്കുന്നത്.

മെഡിക്കല്‍ കോളജുകളെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായുള്ള സമഗ്ര വികസന പ്രവര്‍ത്തനങ്ങളാണ് തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 35 ഓളം പുതിയ സംവിധാനങ്ങളാണ് പ്രവര്‍ത്തനസജ്ജമായി വരുന്നത്. ഇതിന്റെ ആദ്യ ഘട്ടമായാണ് 10 സംവിധാനങ്ങളുടെ ഉദ്ഘാടനം നടക്കുന്നത്. ഇതിന് പുറമേ മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനത്തിനായി ആവിഷ്‌കരിച്ച 717 കോടിയുടെ മാസ്റ്റര്‍ പ്ലാനിലെ പദ്ധതികള്‍ യാഥാര്‍ത്ഥ്യമായി വരികയാണെന്നും മന്ത്രി പറഞ്ഞു.

ലിനാക് ബ്ലോക്ക് നിര്‍മ്മാണോദ്ഘാടനം

കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമായ നൂതന റേഡിയേഷന്‍ ചികില്‍സയ്ക്കുള്ള 25 കോടിയോളം രൂപ വരുന്ന ലീനിയര്‍ ആക്സിലറേറ്റര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ സ്ഥാപിക്കാനായുള്ള ലിനാക് ബ്ലോക്കിന്റെ നിര്‍മ്മാണോദ്ഘാടനമാണ് ആദ്യത്തേത്. ഒപി ബ്ലോക്കിനും പിഡബ്ല്യുഡി ബില്‍ഡിങിനും ഇടയ്ക്കുള്ള സ്ഥലത്താണ് കെട്ടിടം നിര്‍മ്മിക്കുന്നത്. മെഡിക്കല്‍ കോളജിന് അനുവദിച്ച 18.05 കോടി രൂപ വരുന്ന ലീനിയര്‍ ആക്സിലറേറ്റര്‍, 4 കോടി രൂപയുടെ സിടി സിമുലേറ്റര്‍, 1.8 കോടി രൂപയുള്ള ബ്രാക്കി തെറാപ്പി എന്നിവ സ്ഥാപിക്കാനാണ് ലിനാക്ക് ബ്ലോക്ക് നിര്‍മ്മിക്കുന്നത്. നിലവില്‍ കൊബാള്‍ഡ് മെഷീന്‍ മാത്രമാണ് മെഡിക്കല്‍ കോളജിലുള്ളത്. 2.8 കോടി രൂപയുടെ രണ്ടാമത്തെ കൊബാള്‍ട്ട് മെഷീന്‍ രണ്ടു മാസത്തിനകം പ്രവര്‍ത്തനക്ഷമമാകും.

എന്‍സിഡിഐആര്‍ കാന്‍സര്‍ രജിസ്ട്രി

കേരള കാന്‍സര്‍ കണ്‍ട്രോള്‍ സ്ട്രാറ്റജി പ്രകാരം സംസ്ഥാനത്ത് ജനസംഖ്യാധിഷ്ഠിത കാന്‍സര്‍ കണ്‍ട്രോള്‍ രജിസ്ട്രി സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രീകരിച്ചും രജിസ്ട്രി സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിച്ചു വരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 2000 വര്‍ഷം മുതല്‍ കാന്‍സര്‍ രോഗികളുടെ രോഗവിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുന്ന രജിസ്ട്രി ലഭ്യമാണ്. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് ഇന്‍ഫര്‍മേറ്റീവ് ആന്റ് റിസര്‍ച്ചിന്റെ (എന്‍സിഡിഐആര്‍) നേതൃത്വത്തില്‍ ആശുപത്രിയെ അടിസ്ഥാനമാക്കിയുള്ള കാന്‍സര്‍ രോഗികളുടെ രജിസ്ട്രി നടത്തുവാന്‍ ഐസിഎംആര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. കാന്‍സര്‍ പ്രതിരോധത്തിനും നിര്‍ണയത്തിനും ചികില്‍സയ്ക്കും ഈ രജിസ്ട്രി വളരെയേറെ സഹായകമാവും.

ന്യൂറോ സര്‍ജറി ഓപ്പറേറ്റിങ് മൈക്രോസ്‌കോപ്പ്

ലോകത്തെ വന്‍കിട ആശുപത്രികളില്‍ മാത്രം ഉപയോഗിച്ചുവരുന്ന അത്യാധുനിക ഉപകരണമാണ് സര്‍ജറി ഓപ്പറേറ്റിങ് മൈക്രോസ്‌കോപ്പ്. ഇന്‍ഫോസിസിസാണ് രണ്ടരക്കോടിരൂപ ചെലവഴിച്ച് മൈക്രോസ്‌കോപ്പ് മെഡിക്കല്‍ കോളജിന് വാങ്ങിനല്‍കിയത്. സെയ്സ് കമ്പനിയുടെ പെന്ററോ 900 മൈക്രോ സ്‌കോപ്പ് ന്യൂറോ സര്‍ജറി വിഭാഗത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. തലച്ചോറിലെ അന്യൂറിസം അഥവാ ധമനിവീക്കം കൃത്യമായി കണ്ടെത്താന്‍ ഇതിലൂടെ കഴിയും. മുഴകള്‍ ക്ലിപ്പ് ചെയ്യുന്ന അവസരത്തില്‍ ഉണ്ടാകുന്ന രക്ത ധമനികളിലെ തകരാര്‍ കൃത്യമായി കണ്ടെത്താനും സാധിക്കും.

അത്യാധുനിക 3ഡി കളര്‍ ഡോപ്ലര്‍ എക്കോ മെഷീന്‍

ഹൃദയ വാല്‍വിന്റ പ്രവര്‍ത്തനങ്ങള്‍, പ്രവര്‍ത്തന ക്ഷമത, തകരാറുകള്‍, ജന്മനായുള്ള ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവ കണ്ടെത്തുന്നതിനുള്ളതാണ് 85 ലക്ഷം രൂപ വിലവരുന്ന അത്യാധുനിക 3 ഡി കളര്‍ ഡോപ്ലര്‍ എക്കോ മെഷീന്‍. കാന്‍സര്‍ രോഗികള്‍ക്ക് കീമോ തെറാപ്പി നല്‍കുമ്പോള്‍ പാര്‍ശ്വഫലമായി ഹൃദയ മാംസ പേശികള്‍ക്കുണ്ടാകുന്ന തകരാറുകള്‍ നേരത്തെ കണ്ടുപിടിച്ച് ചികില്‍സിക്കാനും ഇതിലൂടെ സാധിക്കുന്നു. കീമോ തെറാപ്പിയുടെ അളവ് കുറയ്ക്കാനും കഴിയും. നിലവില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 3 എക്കോ മെഷീനുകളാണുള്ളത്.

സമ്പൂര്‍ണ ഡിജിറ്റല്‍ എക്സ്റേ

മെഡിക്കല്‍ കോളജിനെ സമ്പൂര്‍ണ ഡിജിറ്റല്‍ എക്സ്റേ ആക്കുന്നതിനായി 40 ലക്ഷം രൂപ വിലയുള്ള രണ്ട് സിആര്‍ ഉപകരണങ്ങളാണ് പുതുതായി സജ്ജമാക്കിയിരിക്കുന്നത്. നിലവിലുള്ള 5 കോടി രൂപ വിലയുള്ള 5 ഡിആര്‍ എക്സ്റേ മെഷീനോടൊപ്പം ഇവ കൂടി പ്രവര്‍ത്തന സജ്ജമായതോടെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൂര്‍ണമായും ഡിജിറ്റല്‍ എക്സ്റേയിലേക്ക് മാറുന്നത്. ഇതോടെ പൂര്‍ണമായും ഡിജിറ്റല്‍ എക്സ്റേയുള്ള ഇന്ത്യയിലെ അപൂര്‍വം മെഡിക്കല്‍ കോളേജുകളില്‍ ഒന്നായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് മാറും. നേരത്തെയുണ്ടായിരുന്ന എക്സ്റേ ഫിലിം പ്രോസസ് ഇല്ലാതെ നേരിട്ട് തന്നെ പ്രിന്റ് എടുക്കാന്‍ ഇതിലൂടെ സാധിക്കും. കാലതാമസം കൂടാതെ കൂടുതല്‍ വ്യക്തതയോടെ പ്രിന്റെടുക്കാനും സാധിക്കുന്നു. പ്രതിദിനം 600 ഓളം രോഗികള്‍ക്കാണ് ഡിജിറ്റല്‍ ഇവിടെ നിന്നും എക്സ്റേ എടുക്കുന്നത്. 30 ലക്ഷം രൂപ വിലയുള്ള 2 അള്‍ട്രാ സൗണ്ട് മെഷീനുകളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.

നവീകരിച്ച വാര്‍ഡ് 22

ഇഎന്‍ടി മെഡിസിന്‍ വിഭാഗങ്ങളിലെ രോഗികളെ ചികില്‍സിക്കുന്ന സ്ഥലമാണ് വാര്‍ഡ് 22. അപര്യാപ്തതകള്‍ പരിഹരിച്ച് രോഗികള്‍ക്ക് മെച്ചപ്പെട്ട സൗകര്യമൊരുക്കുന്ന തരത്തിലാണ് ഈ വാര്‍ഡ് നവീകരിച്ചിട്ടുള്ളത്. 60 കിടക്കകളുള്ള ഈ വാര്‍ഡില്‍ 25 കിടക്കകള്‍ ഇഎന്‍ടിക്കും 35 കിടക്കകള്‍ മെഡിസിന്‍ വിഭാഗത്തിനുമാണുള്ളത്. തീവ്രപരിചരണം ആവശ്യമായ ഗുരുതര രോഗമുള്ളവരെ ചികിത്സിയ്ക്കാനായി പ്രത്യേക തീവ്ര പരിചരണ വിഭാഗവും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഇഎന്‍ടിക്ക് അധികം കിടക്കകള്‍ ലഭിച്ചതോടെ എംഎസ് ഇഎന്‍ടിക്ക് അധിക നാല് സീറ്റ് നേടിയെടുക്കാനും സാധിക്കും.

പ്രീപെയ്ഡ് ആംബുലന്‍സ് സംവിധാനം

ആബുലന്‍സുകാര്‍ അമിത ചാര്‍ജ് ഈടാക്കുന്നു എന്ന പരാതികള്‍ വ്യാപകമാണ്. ആംബുലന്‍സ് സംവിധാനം കുറ്റമറ്റതാക്കാനും രോഗികള്‍ക്ക് ന്യായമായ തുകയ്ക്ക് ആംബുലന്‍സ് സൗകര്യം ലഭ്യമാക്കാനും ഉദ്ദേശിച്ചു നടപ്പാക്കിയതാണ് പ്രീപെയ്ഡ് ആംബുലന്‍സ് സംവിധാനം. മത്സരങ്ങളില്ലാതെ ആംബുലന്‍സുകള്‍ക്ക് അവരവരുടെ ടേണ്‍ അനുസരിച്ച് രോഗികളെ കയറ്റാനുള്ള അവസരം പുതിയ സംവിധാനത്തോടെ വന്നുചേരും. എസ്എടി, ശ്രീചിത്ര, ആര്‍സിസി എന്നീ ആശുപത്രികളെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടാണ് പ്രീപെയ്ഡ് ആംബുലന്‍സ് സംവിധാനം വിപുലീകരിച്ചത്.

ബയോഗ്യാസ് പ്ലാന്റ്

മെഡിക്കല്‍ കോളജ് കാംപസിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി 93 ലക്ഷം രൂപ ചെലവഴിച്ച് കാംപസിന്റെ വിവിധ ഭാഗങ്ങളിലായി ആറ് ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിച്ചു. പിഐപിഎംഎസ്, വിമന്‍സ് ഹോസ്റ്റല്‍ വളപ്പിലും എസ്എടി ആശുപത്രി പരിസരത്തും 600 കിലോഗ്രാമിന്റെ രണ്ടും ലേഡീസ് ഹോസ്റ്റല്‍, മെന്‍സ് ഹോസ്റ്റല്‍ വളപ്പില്‍ 200 കിലോഗ്രാമിന്റെ ഓരോന്നും സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക്, പുതിയ ഒപി ബ്ലോക്ക്് എന്നിവിടങ്ങളില്‍ 500 കിലോഗ്രാമിന്റെ ഓരോ ബയോഗ്യാസ് പ്ലാന്റുമാണ് സ്ഥാപിച്ചത്. മെഡിക്കല്‍ കോളജിലെ വിവിധ വിഭാഗങ്ങളിലും പരിസരത്തുമുള്ള ആഹാരാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യം സംസ്‌കരിക്കാന്‍ ഇതിലൂടെ കഴിയുന്നു. ഇവിടെ നിന്ന് ഉത്പാദിപ്പിക്കുന്ന ബയോഗ്യാസ് ക്യാന്റീനുകളിലും മെസുകളിലും മൈക്രോബയോളജി ലാബിലും ലഭ്യമാക്കും. മൈക്രോബയോളജി ലാബില്‍ ബയോഗ്യാസ് നല്‍കുന്നതുവഴി പ്രതിമാസം 40000 രൂപ വരെ ലാഭിക്കാം.

രണ്ടാമത്തെ മെഡിസിന്‍ ഐസിയു

നിലവിലുള്ള മെഡിസിന്‍ തീവ്ര പരിചരണ വിഭാഗത്തിന് പുറമേ മറ്റൊരു എംഐസിയു കൂടി സജ്ജമാക്കുകയാണ്. നിലവിലുണ്ടായിരുന്ന കാര്‍ഡിയോളജി ഐസിയു പുതിയ മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലേക്ക് മാറ്റിയിരുന്നു. ഈ സ്ഥലത്താണ് 10 കിടക്കകളുള്ള രണ്ടാമത്തെ എംഐസിയു സജ്ജമാക്കുന്നത്. ഇതോടെ കൂടുതല്‍ രോഗികള്‍ക്ക് മികച്ച തീവ്രപരിചരണം നല്‍കാന്‍ കഴിയും.

പീഡിയാട്രിക് കാര്‍ഡിയോളജി സര്‍ജറി

എസ്എടി ആശുപത്രിയുടെ ദീര്‍ഘകാല സ്വപ്‌നമായ പീഡിയാട്രിക് കാര്‍ഡിയോളജി സര്‍ജറി യാഥാര്‍ത്ഥ്യമാവുകയാണ്. തീയറ്ററിന് ആവശ്യമായ 80 ലക്ഷം രൂപയുടെ ഹാര്‍ട്ട് ലങ് മെഷീന്‍, വെന്റിലേറ്റര്‍, മറ്റ് അനുബന്ധ ഉപകരണങ്ങളെല്ലാം എന്നിവയെല്ലാം എത്തിയതിനാല്‍ രോഗികള്‍ക്ക് ചികിത്സ വൈകാതിരിക്കാന്‍ എസ്എടിയില്‍ നിര്‍മ്മിക്കുന്ന ഓപ്പറേഷന്‍ തീയേറ്ററിന്റെ നിര്‍മാണപ്രവര്‍ത്തനം പൂര്‍ത്തിയാകുന്നതുവരെ മെഡിക്കല്‍ കോളജ് മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ തിയറ്ററിലാണ് ഉപകരണങ്ങള്‍ സ്ഥാപിച്ച് ചികില്‍സ ആരംഭിക്കുന്നത്. എസ്എടി ആശുപത്രി ഗോള്‍ഡന്‍ ജൂബിലി മന്ദിരത്തില്‍ പുതിയ തിയേറ്റര്‍ നിര്‍മാണപ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും.

പുതിയ വെബ് പോര്‍ട്ടല്‍

സംയോജിത അക്കാഡമിക് മാനേജ്മെന്റ് സംവിധാനത്തോടു കൂടിയ പുതിയ വെബ് പോര്‍ട്ടലിനും മെഡിക്കല്‍ കോളജില്‍ തുടക്കമാവുകയാണ്. മെഡിക്കല്‍ കോളജിലെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി വളരെയധികം പ്രയോജനപ്പെടത്തക്ക വിധത്തിലാണ് വെബ് പോര്‍ട്ടലിന് രൂപം നല്‍കിയിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ പ്രവേശന സമയത്തുതന്നെ വിവരങ്ങള്‍ ശേഖരിക്കാനും അതിലൂടെ അധ്യായന കാലത്തുടനീളം ഉപയോഗിക്കാവുന്ന ഇ-ഐഡന്റിറ്റി, വിദ്യാര്‍ത്ഥികളും അധ്യാപകരും തമ്മിലുള്ള ആശയ വിനിമയത്തിനായുള്ള മെസേജ് ബോര്‍ഡ് സംവിധാനം, നേരിട്ടോ ഗ്രൂപ്പ് ആയോ സന്ദേശം അയയ്ക്കാനുള്ള സംവിധാനം, ന്യൂസ് പോര്‍ട്ടല്‍ എന്നിവ വെബ് പോര്‍ട്ടലിന്റെ പ്രത്യേകതയാണ്.

Next Story

RELATED STORIES

Share it