Thrissur

അഷ്ടമിച്ചിറ ലിഫ്റ്റ് ഇറിഗേഷന്റെ പ്രവര്‍ത്തനം നിലച്ചു; പദ്ധതി പ്രദേശങ്ങള്‍ കുടിവെള്ളക്ഷാമത്തിലേക്ക്

കിണറുകളിലെ ജലവിധാനം അപകടകരമായ വിധത്തില്‍ താഴ്ന്നിരിക്കുകയാണ്. കൊവിഡ് 19 ഭീഷണിയുടെ സാഹചര്യത്തില്‍ ചെറാല്‍ പാടശേഖരത്തിലെ കൊയ്‌തെടുക്കാന്‍ പാകമായ നെല്ല് കൊയ്യാന്‍ കഴിയാതെ വന്നതോടെയാണ് അഷ്ടമിച്ചിറ ലിഫ്റ്റ് ഇറിഗേഷന്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ചത്.

അഷ്ടമിച്ചിറ ലിഫ്റ്റ് ഇറിഗേഷന്റെ പ്രവര്‍ത്തനം നിലച്ചു; പദ്ധതി പ്രദേശങ്ങള്‍ കുടിവെള്ളക്ഷാമത്തിലേക്ക്
X
അഷ്ടമിച്ചിറ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയിലെ പുല്ലന്‍കുളം

മാള: അഷ്ടമിച്ചിറ ലിഫ്റ്റ് ഇറിഗേഷന്റെ പ്രവര്‍ത്തനം നിലച്ചതോടെ പദ്ധതി പ്രദേശങ്ങള്‍ കുടിവെള്ളക്ഷാമത്തിലേക്ക്. മാള ഗ്രാമപ്പഞ്ചായത്തിലെ പുളിയിലക്കുന്ന്, അഷ്ടമിച്ചിറ, മാരേക്കാട്, വടമ, കാട്ടിക്കരക്കുന്ന് തുടങ്ങിയ പ്രദേശങ്ങളില്‍ അഷ്ടമിച്ചിറ ലിഫ്റ്റ് ഇറിഗേഷന്‍ വഴി വെള്ളം ലഭിക്കാതെ വന്നതോടെയാണ് കുടിവെള്ളക്ഷാമം രൂക്ഷമാവുന്നത്. കിണറുകളിലെ ജലവിധാനം അപകടകരമായ വിധത്തില്‍ താഴ്ന്നിരിക്കുകയാണ്. കൊവിഡ് 19 ഭീഷണിയുടെ സാഹചര്യത്തില്‍ ചെറാല്‍ പാടശേഖരത്തിലെ കൊയ്‌തെടുക്കാന്‍ പാകമായ നെല്ല് കൊയ്യാന്‍ കഴിയാതെ വന്നതോടെയാണ് അഷ്ടമിച്ചിറ ലിഫ്റ്റ് ഇറിഗേഷന്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ചത്.

കൊയ്ത്ത് മെതിയന്ത്രം പ്രവര്‍ത്തിപ്പിക്കുന്ന ഇതരസംസ്ഥാനക്കാര്‍ രണ്ടാഴ്ച മുമ്പ് നാട്ടിലേക്ക് പോയതോടെയാണ് കൊയ്ത്ത് പ്രതിസന്ധിയിലായത്. അഷ്ടമിച്ചിറ ലിഫ്റ്റ് ഇറിഗേഷന്‍ വഴി വെള്ളം ഒഴുക്കിയാല്‍ പാടശേഖരത്തില്‍ വെള്ളം നിറഞ്ഞ് നെല്‍കൃഷി നശിക്കാനിടയാവും. അതിനാലാണ് രണ്ടാഴ്ചയായി അഷ്ടമിച്ചിറ ലിഫ്റ്റ് ഇറിഗേഷന്റെ പ്രവര്‍ത്തനം നിര്‍ത്തിയത്. മൂന്ന് പതിറ്റാണ്ട് മുമ്പ് കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് അഷ്ടമിച്ചിറ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി ആരംഭിച്ചത്. ചാലക്കുടി പുഴയില്‍നിന്നാണ് അഷ്ടമിച്ചിറ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയിലേക്ക് വെള്ളമെത്തിക്കുന്നത്.

സമ്പാളൂരിലെ ഞറളക്കടവ് പാലത്തിനടുത്ത് സ്ഥാപിച്ചിട്ടുള്ള പമ്പിങ് കേന്ദ്രത്തിലുള്ള 100 എച്ച്പിയുടെ മോട്ടോര്‍ ഉപയോഗിച്ച് പമ്പുചെയ്യുന്ന വെള്ളം തോട്ടിലൂടെയാണ് പുളിയിലക്കുന്നിലെ പുല്ലന്‍കുളത്തിലെത്തിക്കുന്നത്. പുല്ലന്‍കുളത്തില്‍നിന്ന് വീണ്ടും മോട്ടോര്‍ ഉപയോഗിച്ച് വെള്ളം ലിഫ്റ്റ് ചെയ്ത് പാടശേഖരങ്ങളിലേക്കെത്തിക്കുകയാണ് ചെയ്യുന്നത്. പുളിയിലക്കുന്നിലെ പുല്ലന്‍കുളത്തിലേക്ക് വെള്ളമെത്തിക്കാന്‍ കഴിയാതെ വന്നതോടെയാണ് ലിഫ്റ്റ് ഇറിഗേഷന്‍ പ്രവര്‍ത്തനം നിലച്ചത്. പാടശേഖരത്തിലെ കൊയ്ത് നടത്താനും അഷ്ടമിച്ചിറ ലിഫ്റ്റ് ഇറിഗേഷന്‍ പ്രവര്‍ത്തനം പുനരാരംഭിക്കാനും അധികൃതര്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it