Thrissur

മലയാളസിനിമയ്ക്ക് തനതായ ശൈലി സംഭാവനചെയ്ത നടനാണ് മാള അരവിന്ദന്‍: വി കെ ശ്രീരാമന്‍

മാള അരവിന്ദന്റെ ശൈലിയില്‍ പിന്നീട് ഒരു കലാകാരനും സിനിമയിലെത്തിയിട്ടില്ല. മറ്റു പല ഹാസ്യതാരങ്ങള്‍ക്കും അനുകരണക്കാര്‍ പലരും വന്നെങ്കിലും മാള അരവിന്ദന്റെ ശൈലി മാളയ്ക്ക് മാത്രമാണുണ്ടായിരുന്നത്.

മലയാളസിനിമയ്ക്ക് തനതായ ശൈലി സംഭാവനചെയ്ത നടനാണ് മാള അരവിന്ദന്‍: വി കെ ശ്രീരാമന്‍
X

മാള: മലയാളസിനിമയ്ക്ക് തനതായ ശൈലി സംഭാവനചെയ്ത നടനാണ് മാള അരവിന്ദനെന്ന് പ്രശസ്ത നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്‍. മാള അരവിന്ദന്റെ അഞ്ചാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് അരവിന്ദസ്മരണ 2020 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാള അരവിന്ദന്റെ ശൈലിയില്‍ പിന്നീട് ഒരു കലാകാരനും സിനിമയിലെത്തിയിട്ടില്ല. മറ്റു പല ഹാസ്യതാരങ്ങള്‍ക്കും അനുകരണക്കാര്‍ പലരും വന്നെങ്കിലും മാള അരവിന്ദന്റെ ശൈലി മാളയ്ക്ക് മാത്രമാണുണ്ടായിരുന്നത്.

സിനിമയില്‍ ഏറ്റവും കൂടുതല്‍ വെല്ലുവിളികള്‍ നേരിടുന്നത് ഹാസ്യനടന്‍മാരാണ്. സാധാരണ നടന്‍മാര്‍ക്ക് സംവിധായകനും മറ്റും സംഭാഷണം എഴുതിനല്‍കുമെങ്കിലും ഹാസ്യനടന്‍മാരുടെ സംഭാഷണം അതാത് സമയങ്ങളില്‍ അവര്‍തന്നെയുണ്ടാക്കണം. ഹാസ്യത്തിലൂടെ ഹിറ്റ്‌ലറെ പോലും കുറ്റപ്പെടുത്തിയ നടനാണ് ചാര്‍ലി ചാപ്ലിന്‍. അദ്ദേഹത്തിന് തുല്യമായ സ്വയം വിമര്‍ശനശൈലിയാണ് ശ്രീനിവാസനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹാസ്യത്തിന്റെ പ്രസക്തി പണ്ടുകാലത്തും നിലവിലുണ്ടെന്ന വിഷയത്തില്‍ സിനിമാതാരം അനൂപ് സംസാരിച്ചു. മാള ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശോഭ സുഭാഷ് അധ്യക്ഷത വഹിച്ചു. വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ മുഖ്യാതിഥിയായിരുന്നു.

കാര്‍മല്‍ കോളജ് പ്രിന്‍സിപ്പാള്‍ ഡോ. സി ലിജോ സിഎംസി, ഗ്രാമപ്പഞ്ചായത്ത് മെംബര്‍മാരായ ബിജു ഉറുമീസ്, നിത ജോഷി, ഫൗണ്ടേഷന്‍ പ്രസിഡന്റ് ഡോ. രാജു ഡേവീസ് പെരേപ്പാടന്‍, സെക്രട്ടറി ഷാന്റി ജോസഫ് തട്ടകത്ത്, കിഷോര്‍ അരവിന്ദന്‍, പി യു വിത്സന്‍, ബൈജു മണന്തറ, ഇ സി ഫാന്‍സിസ്, അജയന്‍ അതിയാരത്ത് സംസാരിച്ചു. മാള അരവിന്ദന്‍ ഫൗണ്ടേഷനും മാള കാര്‍മല്‍ കോളജ് മലയാള വിഭാഗവും സംയുക്തമായാണ് അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചത്.

Next Story

RELATED STORIES

Share it