Thrissur

ഇനിയും പ്രവര്‍ത്തനസജ്ജമാവാതെ മാളയിലെ നിറവ് കെപ്‌കോ ഫീഡ്‌സ് ഫാക്ടറി

രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് കോഴിത്തീറ്റയുടെ ഉത്പന്നോദ്ഘാടനം നടത്തിയത്. 2014 സപ്തംബറില്‍ ഫാക്ടറിയില്‍നിന്നുള്ള പെല്ലറ്റ് രൂപത്തിലുള്ള കോഴിത്തീറ്റ ഉല്‍പാദനത്തിന് തുടക്കമുണ്ടായി.

ഇനിയും പ്രവര്‍ത്തനസജ്ജമാവാതെ മാളയിലെ നിറവ് കെപ്‌കോ ഫീഡ്‌സ് ഫാക്ടറി
X

മാള: സര്‍ക്കാരിന്റെ പ്രഥമ കോഴിത്തീറ്റ ഫാക്ടറിയായ മാള കൂഴൂരിലെ നിറവ് കെപ്‌കോ ഫീഡ്‌സ് ഫാക്ടറി ഇനിയും പ്രവര്‍ത്തനസജ്ജമായില്ല. മുന്‍സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതിയില്‍പെടുത്തി ഫാക്ടറിയുടെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഫാക്ടറിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനംചെയ്ത അന്നത്തെ മുഖ്യമന്ത്രി 2012 ലെ ഓണത്തിന് മുമ്പായി ഫാക്ടറി ഉല്‍പ്പന്നം ജനങ്ങള്‍ക്കായി പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇത് യാഥാര്‍ഥ്യമായില്ല. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് കോഴിത്തീറ്റയുടെ ഉത്പന്നോദ്ഘാടനം നടത്തിയത്. 2014 സപ്തംബറില്‍ ഫാക്ടറിയില്‍നിന്നുള്ള പെല്ലറ്റ് രൂപത്തിലുള്ള കോഴിത്തീറ്റ ഉല്‍പാദനത്തിന് തുടക്കമുണ്ടായി.

എന്നാല്‍, അഞ്ചുവര്‍ഷം കഴിഞ്ഞെങ്കിലും ഒരുബാഗ് കോഴിത്തീറ്റ പോലും ഇതുവരെ ഇവിടെ നിന്നും വിപണിയിലേക്കിറക്കിയിട്ടില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് മറ്റ് ചില പദ്ധതികളെപ്പോലെ മെഷിനറികളും മറ്റും പൂര്‍ണമായും സജ്ജമാക്കാതെ ഉദ്ഘാടനമാമാങ്കം നടത്താനായി തട്ടിക്കൂട്ടിയ പ്രഹസനമായിരുന്നുവെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് 10 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. താല്‍കാലികമായി മെഷിനറികള്‍ സജ്ജീകരിച്ചും വൈദ്യുതി കണക്ഷനുമായി തുടങ്ങിയ ഫാക്ടറി പ്രവര്‍ത്തനം സജീവമാക്കാനായില്ല. 2016 ല്‍ കോഴിയും മുട്ടയും മാത്രമായി ചുരുങ്ങി. അടിയന്തരശ്രദ്ധ നല്‍കി ഫാക്ടറി പ്രവര്‍ത്തനം വിപുലമാക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.

1993 ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന്‍ മുന്‍കൈയെടുത്താണ് ഫാക്ടറിക്ക് ശ്രമമാരംഭിച്ചത്. മാള കുഴൂര്‍ കാക്കുളിശ്ശേരിയില്‍ 5.13 ഏക്കര്‍ സ്ഥലം വാങ്ങി. ഫാക്ടറിയുടെ തറക്കല്ലിടല്‍ അന്നത്തെ കൃഷിമന്ത്രി പി പി ജോര്‍ജിന്റെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി കെ കരുണാകരന്‍ തന്നെ നിര്‍വഹിച്ചു. ഫാക്ടറിക്ക് 217.20 ലക്ഷം രൂപയാണ് അടങ്കല്‍തുക നിശ്ചയിച്ചിരുന്നത്. 49.74 ലക്ഷം രൂപ ചെലവഴിച്ച ശേഷം പ്രതീക്ഷിച്ച ബാങ്ക് ലോണ്‍ ലഭ്യമായില്ല. ഇതേ തുടര്‍ന്ന് പ്ലാന്റിന്റെ പണി നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. ഇതിനുശേഷം പ്ലാന്റിന്റെ ജോലി തുടരാന്‍ സാധിക്കാതെ സ്ഥലവും കെട്ടിടവും വെറുതെ കിടന്നു. ഉയര്‍ത്തിയ പില്ലറുകളും ബീമുകളും മഞ്ഞും മഴയും വെയിലുമേറ്റ് നശിച്ചുകൊണ്ടിരുന്നു.

പിന്നീട് 2011 ലാണ് അന്നത്തെ സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയില്‍ ഈ ഫാക്ടറി ഉള്‍പ്പെടുത്തുന്നതും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതും. ഇതോടെ ഫാക്ടറിയുടെ പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ജീവന്‍വച്ചു. പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി സര്‍ക്കാര്‍ ഏജന്‍സിയായ കിറ്റ്‌കോയെ ഏല്‍പിച്ചു. 9.86 കോടി രാഷ്ട്രീയ കൃഷി വികാസ് യോജന പ്രകാരവും 5.75 കോടി രൂപ സംസ്ഥാന വിഹിതവും ചേര്‍ത്ത് 15.55 കോടി രൂപയാണ് നിര്‍മാണ ചെലവ് കണക്കാക്കിയിരുന്നത്. 90ഓളം അവിദഗ്ധ തൊഴിലാളികള്‍ക്കും മുന്നൂറോളം പേര്‍ക്ക് നേരിട്ടല്ലാതെയും ഇവിടെ തൊഴില്‍ സാധ്യതയുണ്ടെന്നായിരുന്നു വാഗ്ദാനം.

Next Story

RELATED STORIES

Share it