Wayanad

സുല്‍ത്താന്‍ ബത്തേരിയില്‍ വൈറോളജി ലാബ് പൂര്‍ണതോതില്‍ യാഥാര്‍ഥ്യാമാവുന്നു

സുല്‍ത്താന്‍ ബത്തേരിയില്‍ വൈറോളജി ലാബ് പൂര്‍ണതോതില്‍ യാഥാര്‍ഥ്യാമാവുന്നു
X

കല്‍പറ്റ: മണിപ്പാല്‍ യൂനിവേഴ്‌സിറ്റിയുടെ സഹകരണത്തോടെ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ സജ്ജീകരിച്ച വൈറോളജി ലാബ് പൂര്‍ണ തോതില്‍ പ്രവര്‍ത്തനസജ്ജമാവാന്‍ വഴിയൊരുങ്ങുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ ലാബ് ഏറ്റെടുത്ത് പ്രവര്‍ത്തിപ്പിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസറെ അധികാരപ്പെടുത്തി ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ല ഉത്തരവിറക്കി. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. മണിപ്പാല്‍ യൂനിവേഴ്‌സിറ്റി രാജ്യത്ത് ആദ്യമായി 2016ലാണ് ഇത്തരത്തിലുള്ള സംവിധാനം ഒരുക്കിയത്. ഇവിടെ കുരങ്ങുപനി പോലുള്ള ഗുരുതര രോഗങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ കണ്ടെത്താന്‍ കഴിയും. ജില്ലാ കലക്ടറുടെ ഉത്തരവിറങ്ങിയതോടെ കൊവിഡ് പരിശോധനയും ഇവിടെ നടത്താന്‍ വഴി തുറന്നിരിക്കുകയാണ്. നിലവില്‍ മൂന്നുകോടി രൂപയുടെ ഉപകരണങ്ങള്‍ ലാബിലുണ്ട്. മുന്‍കാലങ്ങളില്‍ കുരങ്ങുപനി പടര്‍ന്നുപിടിച്ചപ്പോഴാണ് വയനാട്ടില്‍ വൈറോളജി ലാബ് തുടങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചത്. ബത്തേരിയില്‍ ആരംഭിക്കുന്ന പബ്ലിക് ഹെല്‍ത്ത് ലാബില്‍ തന്നെ വൈറോളജി ലാബും തുടങ്ങാനായിരുന്നു ആദ്യ തീരുമാനം.

വന്‍ തുക ആവശ്യമുള്ളതിനാല്‍ പദ്ധതി ആരംഭിക്കാന്‍ കഴിയാതെ വന്നു. ഇതേത്തുടര്‍ന്നാണ് മണിപ്പാല്‍ യൂനിവേഴ്‌സിറ്റിയുടെ സഹകരണത്തോടെ വൈറോളജി ലാബ് തുടങ്ങാന്‍ നടപടിയെടുത്തത്. തുടര്‍ന്നിങ്ങോട്ട് ലാബ് പ്രവര്‍ത്തിച്ചുവരികയായിരുന്നു. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടുമായുള്ള കരാര്‍ കാലാവധി കഴിഞ്ഞതോടെ ഏതാനും മാസങ്ങളായി ലാബ് പ്രവര്‍ത്തിച്ചിരുന്നില്ല. ജില്ലാ കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പ് ഏറ്റെടുക്കുന്നതോടെ ലാബ് പൂര്‍ണ തോതില്‍ പ്രവര്‍ത്തനസജ്ജമാവും. ലൈസന്‍സും അനുബന്ധ രേഖകളും ലഭിക്കുന്ന മുറയ്ക്ക് പിസിആര്‍ മെഷീന്‍ പോലുള്ള അത്യാധുനിക ഉപകരണങ്ങള്‍ കൂടുതലായി സജ്ജീകരിച്ച് കൊവിഡ് പരിശോധനയും തുടങ്ങാം. കൂടുതല്‍ ജീവനക്കാരെയും നിയമിക്കാന്‍ കഴിയും.


Next Story

RELATED STORIES

Share it