Editors Pick

ഡല്‍ഹി വംശീയാതിക്രമം: ഡല്‍ഹി പോലിസിന്റെ അന്വേഷണം മുസ്‌ലിം വേട്ടയാണ്

ഭർത്താവ് കലാപക്കേസുകളില്‍ അറസ്റ്റു ചെയ്യപ്പെട്ട ഒരു മുസ്‌ലിം സ്ത്രീയോട് പോലിസ് ചോദിച്ചത് ''നിങ്ങളുടെ ആസാദി കിട്ടിയോ?'' എന്നാണ്

ഡല്‍ഹി വംശീയാതിക്രമം: ഡല്‍ഹി പോലിസിന്റെ അന്വേഷണം മുസ്‌ലിം വേട്ടയാണ്
X

കോഴിക്കോട്: ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന വംശീയാതിക്രമത്തിനെ തുടര്‍ന്നുള്ള പോലിസ് അന്വേഷണത്തില്‍ പക്ഷപാതമില്ലെന്ന് പോലിസ് കമ്മീഷണര്‍ എസ്എന്‍ ശ്രീവാസ്തവ അവകാശപ്പെടുന്നു. തെളിവായി പോലിസ് രജിസ്റ്റര്‍ ചെയ്ത പ്രഥമ വിവര റിപോര്‍ട്ടുകളുടെ എണ്ണം അദ്ദേഹം ഉദ്ധരിച്ചു. 410 ല്‍ അധികം എഫ്‌ഐആര്‍ മുസ്‌ലിംകളുടെ പരാതികളെ അടിസ്ഥാനമാക്കിയുള്ളതാണ്, അതേസമയം 190 എഫ്‌ഐആര്‍ ഹിന്ദുക്കളുടെ പരാതികളില്‍ നിന്നാണെന്ന് അദ്ദേഹം പറയുന്നു.

ഡല്‍ഹി പോലിസ് തന്നെ പുറത്തുവിട്ട മറ്റൊരു സ്ഥിതിവിവരക്കണക്കുമായി ഇത് താരതമ്യം ചെയ്യുക, പോലിസ് അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ കുറ്റം ചുമത്തപ്പെട്ട 1,153 പേരില്‍ 571 പേര്‍ ഹിന്ദുവും 582 പേര്‍ മുസ്‌ലിംകളുമാണ്. പോലിസ് കമ്മീഷണര്‍ ശ്രീവാസ്തവയുടെ അവകാശവാദവും ഈ കണക്കുകളും കൂട്ടിവായിച്ചാല്‍, ഹിന്ദുക്കള്‍ക്കെതിരായ മുസ്‌ലിംകളുടെ പരാതികളില്‍ നിന്ന് ഉണ്ടായ കലാപ കേസുകളുടെ എണ്ണം ഇരട്ടിയാണ്. ആറു മാസത്തിനുശേഷം കോടതിയില്‍ ഏറ്റവും കൂടുതല്‍ കുറ്റം ചുമത്തപ്പെട്ടത് മുസ്‌ലിംകളാണെന്നതാണ് വസ്തുത.

ലളിതമായി പറഞ്ഞാല്‍ മുസ്‌ലിംകള്‍ക്കെതിരായ കലാപ കേസുകള്‍ അന്വേഷിക്കുന്നതില്‍ പോലിസ് കൂടുതല്‍ കാര്യക്ഷമമാണ്. മുസ്‌ലിംകള്‍ക്കെതിരായ കുറ്റപത്രങ്ങള്‍ ഹിന്ദുക്കള്‍ക്കെതിരായതിനേക്കാള്‍ കൂടുതലാണെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഡല്‍ഹി പോലിസ് ഇതുവരെ മറുപടി പറഞ്ഞിട്ടില്ലെന്ന് പ്രത്യേകം ശ്രദ്ധിക്കണം.

മുസ്‌ലിംകള്‍ക്കെതിരേ ശക്തമായ തെളിവുകള്‍ കണ്ടെത്തിയതായി ഡല്‍ഹി പോലിസ് അവകാശപ്പെട്ടേക്കാം. ദേശീയ തലസ്ഥാനത്ത് നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഭീകരമായ വംശീയാതിക്രമത്തെ അത് കൈകാര്യം ചെയ്ത രീതി കണക്കിലെടുക്കുമ്പോള്‍, കൂടുതല്‍ വ്യക്തമാകുന്നത്, മുസ്ലിംകളെ പ്രതി ചേര്‍ക്കാന്‍ അവര്‍ ഉത്സുകരാണെന്നും ഹിന്ദുക്കളെ പിന്തുടരാന്‍ ജാഗ്രത പുലര്‍ത്തുന്നുവെന്നും ആയിരിക്കും. എല്ലാത്തിനുമുപരി, ഒരു മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ ''ഹിന്ദു സമൂഹത്തില്‍ നീരസം'' ഉള്ളതിനാല്‍ ഹിന്ദുക്കളെ അറസ്റ്റുചെയ്യുമ്പോള്‍ ''വേണ്ടത്ര ശ്രദ്ധയും മുന്‍കരുതലും'' നടത്തണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

മുസ്‌ലിം സ്ഥാപനങ്ങളും വീടുകളും ഹിന്ദുത്വര്‍ കത്തിക്കുമ്പോള്‍ പോലിസ് നോക്കിനില്‍ക്കുകയായിരുന്നു. ഹിന്ദുത്വ ആള്‍ക്കൂട്ടം പോലിസിനെ മുസ്ലിം വിരുദ്ധ മുദ്രാവാക്യങ്ങളുമായാണ് സ്വാഗതം ചെയ്തത്. പോലിസ് ഹിന്ദുത്വരോടൊപ്പം മുസ്‌ലിംകള്‍ക്ക് നേരെ കല്ലെറിയുന്നതും നമ്മള്‍ ദൃശ്യങ്ങളിലൂടെ കണ്ടതാണ്. അഞ്ച് മുസ്‌ലിം യുവാക്കളെ പോലിസ് ക്രൂരമായി ആക്രമിക്കുകയും ദേശീയഗാനം ആലപിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ഇവരില്‍ ഒരാളായ 23കാരനായ ഫൈസാന്‍ 36 മണിക്കൂറിനു ശേഷം പോലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു. ഭർത്താവ് കലാപക്കേസുകളില്‍ അറസ്റ്റു ചെയ്യപ്പെട്ട ഒരു മുസ്‌ലിം സ്ത്രീയോട് പോലിസ് ചോദിച്ചത് ''നിങ്ങളുടെ ആസാദി കിട്ടിയോ?'' എന്നാണ്.

ഇന്ത്യയിലെ പോലിസ് സേനയിലെ മുസ്‌ലിം വിരുദ്ധ പക്ഷപാതം ഒരു പുതിയ പ്രതിഭാസമല്ല. പോലിസിന് മേല്‍ ആരാണ് രാഷ്ട്രീയ അധികാരം പ്രയോഗിക്കുന്നത് എന്നതാണ് പ്രധാന ഘടകം. മുസ്‌ലിംകളോടുള്ള വെറുപ്പ് മറച്ചുവെക്കേണ്ടതിന്റെ ആവശ്യകത ഒരിക്കലും വന്നിട്ടില്ലാത്ത ഒരു വ്യക്തിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ആഭ്യന്തര മന്ത്രാലയമാണ് ഡല്‍ഹി പോലിസിനെ ഭരിക്കുന്നത്. വാസ്തവത്തില്‍, ആഭ്യന്തരമന്ത്രി അമിത് ഷായുടെ മുസ്‌ലിം വിരുദ്ധ രാഷ്ട്രീയമാണ് ഡല്‍ഹി അക്രമത്തിന് അടിത്തറയിട്ടത്.

പൗരത്വ ഭേദഗതി നിയമം 2019 ഡിസംബറില്‍ പാര്‍ലമെന്റില്‍ പാസാക്കിയത് മോദി സര്‍ക്കാരിനെതിരേ രാജ്യവ്യാപകമായി പ്രതിഷേധം ഉയരാന്‍ ഇടയാക്കി. മുസ്‌ലിം സ്ത്രീകളുടെ നേതൃത്വത്തില്‍ ഇന്ത്യയിലുടനീളം അനിശ്ചിതകാല സമരങ്ങള്‍ ഉയര്‍ന്നുവന്നു. ഫെബ്രുവരിയിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ ധ്രുവീകരിക്കാനായി ഡല്‍ഹിയില്‍ ഉയര്‍ന്നുവന്ന പ്രതിഷേധം മുതലെടുക്കാന്‍ ബിജെപി ശ്രമിച്ചു. മുസ്‌ലിം പ്രക്ഷോഭകര്‍ക്കെതിരേ ബിജെപി നേതാക്കള്‍ വിദ്വേഷം നിറഞ്ഞ പ്രസംഗങ്ങള്‍ നടത്തി.

ദിവസങ്ങള്‍ക്കുശേഷം, വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി കപില്‍ മിശ്ര, പൗരത്വ വിരുദ്ധ പ്രക്ഷോഭകരെ ഒഴിപ്പിക്കാന്‍ അക്രമം നടത്തുമെന്ന് ഭീഷണിപ്പെടുത്തി. മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ ടിവി ക്യാമറകള്‍ക്ക് മുന്നില്‍ നിന്നാണ് അദ്ദേഹം ഭീഷണി മുഴക്കിയത്. മണിക്കൂറുകള്‍ക്കകം തെരുവുകളില്‍ ഏകപക്ഷീയ ആക്രമണങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. പിറ്റേന്ന്, അത് പൂര്‍ണ്ണമായ വംശീയാക്രമത്തിലേക്ക് മാറുകയായിരുന്നു.

വാട്സ്ആപ്പ് സംഭാഷണങ്ങളുടെ പകര്‍പ്പുകള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടും ബിജെപി നേതാക്കള്‍ക്കെതിരേ തെളിവുകളില്ലെന്ന് ഡല്‍ഹി പോലിസ് ഇപ്പോള്‍ അവകാശപ്പെടുന്നു. ഇത്രയും ശക്തമായ തെളിവുകള്‍ അവഗണിച്ച്, പൗരത്വ നിയമത്തിനെതിരേ പ്രതിഷേധിക്കുന്ന ജനങ്ങള്‍ക്കെതിരായി കലാപത്തിന്റെ എല്ലാ കുറ്റങ്ങളും ഡല്‍ഹി പോലിസ് ചുമത്തിയിട്ടുണ്ട്. ഈ ആഴ്ച, 15 പേര്‍ക്കെതിരേ 17,000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു. പ്രതിഷേധത്തിന്റെ മറവില്‍ സാമുദായിക അതിക്രമങ്ങള്‍ നടത്തി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഡാലോചന നടത്തിയെന്നാരോപിച്ചാണ് 15 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.

അവരുടെ അഭിഭാഷകര്‍ക്ക് ഈ കുറ്റപത്രത്തിന്റെ പകര്‍പ്പുകള്‍ ഇനിയും ലഭിച്ചിട്ടില്ല. പ്രധാന ഗൂഡാലോചന കേസിലെ 15 പ്രതികളില്‍ 13 പേരും മുസ്‌ലിംകളാണ്. മുസ്ലിംകളുടെ ജീവനെടുത്ത അക്രമത്തിന് മുസ്ലിംകള്‍ കാരണമായെന്ന് ഡല്‍ഹി പോലിസ് വിശ്വസിക്കും. നീതി എന്ന വാക്കു തന്നെ അപഹാസ്യമാകാന്‍ മറ്റെന്തെങ്കിലും വേണോ എന്നതാണ് സമകാലിക ഇന്ത്യയില്‍ ഉയര്‍ത്താവുന്ന പ്രസക്തമായ ചോദ്യം.

Next Story

RELATED STORIES

Share it