Emedia

എയര്‍ ഇന്ത്യ വില്‍പ്പന; പ്രതിഷേധമില്ലാതെ പൊതുബോധം

എയര്‍ ഇന്ത്യ വില്‍പ്പന; പ്രതിഷേധമില്ലാതെ പൊതുബോധം
X

ഡോ. ടി എം തോമസ് ഐസക്


എയര്‍ ഇന്ത്യ ടാറ്റക്ക് വിറ്റഴിച്ചിരിക്കുന്നു. വില്‍പ്പനയേക്കാള്‍ പ്രശ്‌നമായിരുന്നു അതിനോടുള്ള പൊതുബോധത്തിന്റെ പ്രതികരണം. കാവ്യനീതിയായി ഈ വില്‍പ്പനയെ കണ്ട നിരവധിപേരുണ്ട്. എന്നാല്‍ ഈ വില്‍പ്പനക്കുള്ളില്‍ അടങ്ങിയിട്ടുള്ള അനീതി പലരും ശ്രദ്ധിച്ചതായി കണ്ടില്ലെന്ന് ചൂണ്ടിക്കാട്ടുകയാണ് മുന്‍ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ

പോസ്റ്റിന്റെ പൂര്‍ണ രൂപം

വലിയൊരു പ്രതിഷേധം ഒന്നുമില്ലാതെ എയര്‍ ഇന്ത്യ വില്‍പ്പനയോടു പൊതുബോധം പൊരുത്തപ്പെട്ട മട്ടാണ്. മാധ്യമങ്ങളുടെ തലക്കെട്ടുതന്നെ നോക്കിയാല്‍മതി. വലിയൊരു വിഭാഗം കാവ്യനീതിയായിട്ടാണ് ഇതിനെ കാണുന്നത്. മറ്റുള്ളചിലര്‍ എയര്‍ ഇന്ത്യ തറവാട്ടില്‍ തിരിച്ചെത്തിയെന്ന് ആശ്വസിക്കുകയാണ്. ബിജെപി ടിവിയുടെ ഇന്‍ഡ്രോയാണ് കലക്കിയത്. 'നെഹ്‌റുവിന്റെ ചതിക്ക് കാലത്തിന്റെ തിരുത്ത്; പറക്കും മഹാരാജയെ വീണ്ടെടുത്ത് ടാറ്റ'.

മറ്റു പല രാജ്യങ്ങളിലുമെന്നപോല രാജ്യത്തിന്റെ ഉടമസ്ഥതയില്‍ അന്താരാഷ്ട്ര വിമാനക്കമ്പനി വേണമെന്ന കാഴ്ചപ്പാടില്‍ 1953ല്‍ എയര്‍ ഇന്ത്യ ദേശസാല്‍ക്കരിക്കുമ്പോള്‍ ഏതാനും വിമാനങ്ങളേ കമ്പനിക്ക് ഉണ്ടായിരുന്നുള്ളൂ. ഇന്ന് 128 വിമാനങ്ങളുള്ള ലോകത്തെ പ്രമുഖ കമ്പനികളില്‍ ഒന്നായി വളര്‍ന്നത് രാജ്യത്തിന്റെ ഭീമമായ നിക്ഷേപത്തിന്റെ അടിസ്ഥാനത്തിലാണ്. ഇന്ത്യാ സര്‍ക്കാരിന്റെ ഹോള്‍ഡിംഗ് കമ്പനിയിലേയ്ക്ക് നോണ്‍ കോര്‍ അസറ്റുകള്‍ മാറ്റിയിട്ടും സര്‍ക്കാരിന്റെ കണക്കു പ്രകാരം 50,000ത്തില്‍പ്പരം കോടി രൂപയാണ് എയര്‍ ഇന്ത്യയുടെ ആസ്തികള്‍. ലോഗോ, ആര്‍ട്ട് കളക്ഷന്‍, ബ്രാന്‍ഡ് നെയിം ഇതൊക്കെ എങ്ങനെയാണു വിലയിട്ടിരിക്കുന്നതെന്നു പരിശോധിക്കുമ്പോഴേ അറിയൂ. ഈ 50,000 കോടി രൂപയുടെ ആസ്തിയുടെ നിയന്ത്രണം 2,700 കോടി രൂപ ക്യാഷായി നല്‍കി ടാറ്റ ഏറ്റെടുത്തിരിക്കുന്നു. ബിജെപി എത്ര ഉദാരമായിട്ടാണു നെഹ്‌റുവിന്റെ കൈത്തെറ്റിനെ തിരുത്തുന്നത്.

62,000 കോടി രൂപയാണ് മൊത്തം കടബാധ്യത. ഇതില്‍ വലിയൊരു പങ്ക് രണ്ടാം യുപിഎയുടെ കാലത്ത് 110 ബോയിംങ് പ്ലെയിനുകള്‍ വാങ്ങുന്നതിന് ഉണ്ടാക്കിയ കരാര്‍ സൃഷ്ടിച്ചതാണ്. ഇതിനെക്കുറിച്ച് സിഎജിയുടെ അതിനിശിതമായ വിമര്‍ശനം അന്നു വലിയ കോളിളക്കം സൃഷ്ടിച്ചതാണ്. ഈ ഭീമമായിട്ടുള്ള കടബാധ്യതയ്ക്കു കൊടുക്കേണ്ടിവരുന്ന പലിശയാണ് എയര്‍ ഇന്ത്യയെ നഷ്ടത്തിലാക്കുന്നത്.

2015-16 മുതല്‍ എയര്‍ ഇന്ത്യ ഓപ്പറേറ്റിംഗ് ലാഭത്തിലാണ്. അതായത് പലിശ, ഡിപ്രിസിയേഷന്‍, നികുതി എന്നിവ കുറയ്ക്കുന്നതിനുമുമ്പ് എയര്‍ ഇന്ത്യ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ലാഭത്തിലാണ്. ഇതില്‍ ഏറ്റവും വലിയയിനം പലിശയാണ്. ഈ പലിശയില്‍ നിന്നും റ്റാറ്റയുടെ എയര്‍ ഇന്ത്യയ്ക്കു മോചനം ലഭിച്ചിരിക്കുകയാണ്. സ്വാഭാവികമായും കമ്പനി ലാഭത്തിലാകും. ഇത് ടാറ്റയുടെ വലിയ മാജിക്കായി പ്രകീര്‍ത്തിക്കപ്പെടുകയും ചെയ്യും.

ആരാണ് ഈ പലിശ കൊടുക്കുക? നികുതിപ്പണംകൊണ്ട് ഇന്ത്യാ സര്‍ക്കാര്‍ നല്‍കും. കാരണം 18,000 കോടി രൂപയുടെ ബാധ്യത മാത്രമേ ടാറ്റ ഏറ്റെടുക്കുന്നുള്ളൂ. ബാക്കി മുഴുവന്‍ പൊതുമേഖലയിലുള്ള പുതിയൊരു ഹോള്‍ഡിംഗ് കമ്പനിയിലേയ്ക്കു മാറ്റിയിരിക്കുകയാണ്. ഈ 18,000 കോടി രൂപയിലാണ് കാശായി 2,700 കോടി രൂപ കൊടുക്കുന്നത്. ബാക്കി എയര്‍ ഇന്ത്യ ഭാവിയില്‍ ഉണ്ടാക്കുന്ന ലാഭത്തില്‍ നിന്നും തട്ടിക്കിഴിക്കാനാണു നിശ്ചയിച്ചിരിക്കുന്നത്. എന്നുവച്ചാല്‍ അത്രയും തുകയ്ക്കുള്ള കോര്‍പ്പറേറ്റ് നികുതി ടാറ്റ നല്‍കണ്ട. ഇതാണു കാവ്യനീതി.

ഭൂമി പോലുള്ള നോണ്‍കോര്‍ അസറ്റ്‌സ് ഹോള്‍ഡിംഗ് കമ്പനിയിലേയ്ക്കു മാറ്റിയതും വില്‍പ്പനയെ വെള്ളപൂശാനാണോയെന്നു സംശയിക്കേണ്ടതുണ്ട്. എയര്‍ ഇന്ത്യയ്ക്കു കൈമാറിയ ആസ്തികള്‍ ഇരിക്കുന്നസ്ഥലം എങ്ങനെയാണു പുറത്തുള്ള ഒരാള്‍ക്കു മോണിറ്റൈസ് ചെയ്തു കൈമാറാന്‍ കഴിയുക? സ്ഥലം റ്റാറ്റയ്ക്കു കൈമാറി കിട്ടിയിട്ടില്ലായെന്നേയുള്ളൂ. അതിന്റെ തുടരുപയോഗം റ്റാറ്റയ്ക്കു തന്നെ.

എയര്‍ ഇന്ത്യയുടെ വിജയകരമായ വില്‍പ്പനമൂലം ഇന്ത്യാ സര്‍ക്കാരിന്റെ പൊതുമേഖലാ വില്‍പ്പനകള്‍ക്കു ചിറകുവച്ചിരിക്കുകയാണ് എന്നാണു റിപ്പോര്‍ട്ട്. ഈ മാതൃകയിലാണു വില്‍പ്പനയെങ്കില്‍ സ്ഥാപനങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്കു കിട്ടും. പക്ഷെ, സര്‍ക്കാരിന് എന്തു കിട്ടും? എത്രയോ പതിറ്റാണ്ടു ജനങ്ങളില്‍ നിന്നു പിരിച്ച നികുതികൊണ്ടു സ്വരൂപിച്ച നാടിന്റെ പൊതുസ്വത്തുക്കള്‍ ചുളുവിലയ്ക്കു വില്‍ക്കുന്ന ഏര്‍പ്പാടാണു സ്വകാര്യവല്‍ക്കരണവും മോണിറ്റൈസേഷനും.

Next Story

RELATED STORIES

Share it