Emedia

ഹിന്ദു, മുസ്‌ലിം പേരുകളിലായി ലക്ഷക്കണക്കിന് വ്യാജ പ്രൊഫൈലുകള്‍; രാജ്യത്തെ ക്രമസമാധാനം തകര്‍ക്കാന്‍ ബിജെപിക്ക് വെറും ഒരു മണിക്കൂര്‍: മുന്‍ ഐടി സെല്‍ പ്രവര്‍ത്തകന്‍

മുസ്‌ലിം പേരുകളുള്ള വ്യാജ അക്കൗണ്ടുകള്‍ നിര്‍മ്മിച്ച് ഖുര്‍ആന്‍ സൂക്തങ്ങള്‍ ഷെയര്‍ ചെയ്യുന്നു. മറ്റ് പോസ്റ്റുകളില്‍ പോയി അള്ളാഹു അക്ബര്‍, അമീന്‍ എന്ന് മറ്റും കമന്റ് ചെയ്ത് ആധികാരികത സൃഷ്ടിക്കാന്‍ ശ്രമിക്കും. പിന്നീട് ബജെപിയെ പിന്തുണയ്ക്കുന്ന പോസ്റ്റുകള്‍ ഷെയര്‍ ചെയ്യും.

ഹിന്ദു, മുസ്‌ലിം പേരുകളിലായി ലക്ഷക്കണക്കിന് വ്യാജ പ്രൊഫൈലുകള്‍;  രാജ്യത്തെ ക്രമസമാധാനം തകര്‍ക്കാന്‍ ബിജെപിക്ക് വെറും ഒരു മണിക്കൂര്‍: മുന്‍ ഐടി സെല്‍ പ്രവര്‍ത്തകന്‍
X

സോഷ്യല്‍ മീഡിയ വഴി വര്‍ഗീയത വിതച്ച് തിരഞ്ഞെടുപ്പ് നേട്ടം കൊയ്യുന്നതെങ്ങനേയെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ ബിജെപി ഐടി സെല്‍ വിദഗ്ധന്‍. സമകാലിക വിഷയങ്ങളില്‍ പഠനം നടത്തി വീഡിയോ പോസ്റ്റ് ചെയ്യുന്ന പ്രമുഖ യൂട്യൂബര്‍ ധ്രുവ് രതി നടത്തിയ അഭിമുഖത്തിലാണ് മഹാവിര്‍ പ്രസാദ് എന്ന ഐടി സെല്‍ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തല്‍ നടത്തിയത്.


ഹിന്ദു, മുസ്‌ലിം പേരുകളിലായി ലക്ഷക്കണക്കിന് വ്യാജ പ്രൊഫൈലുകള്‍ നിലവിലുണ്ടെന്ന് മഹാവിര്‍ പറഞ്ഞു.

മുസ്‌ലിം പേരുകളുള്ള വ്യാജ അക്കൗണ്ടുകള്‍ നിര്‍മ്മിച്ച് ഖുര്‍ആന്‍ സൂക്തങ്ങള്‍ ഷെയര്‍ ചെയ്യുന്നു. മറ്റ് പോസ്റ്റുകളില്‍ പോയി അള്ളാഹു അക്ബര്‍, അമീന്‍ എന്ന് മറ്റും കമന്റ് ചെയ്ത് ആധികാരികത സൃഷ്ടിക്കാന്‍ ശ്രമിക്കും. പിന്നീട് ബജെപിയെ പിന്തുണയ്ക്കുന്ന പോസ്റ്റുകള്‍ ഷെയര്‍ ചെയ്യും.

ഫേസ്ബുക്കില്‍ ബിജെപിക്കെതിരെ ഒന്നും ചെയ്യാന്‍ സാധിക്കില്ല. അത്രമേല്‍ സ്വാധീനം ഇതിനോടകം ഐടി സെല്‍ മുഖേന ഫേസ്ബുക്കില്‍ ബിജെപി നേടി കഴിഞ്ഞു. ഒരു മണിക്കൂര്‍ കൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ രാജ്യത്തെ ക്രമസമാധാനം തകര്‍ക്കാന്‍ ബിജെപിക്ക് സാധിക്കും. ലക്ഷകണക്കിന് ലൈക്കുകളുള്ള മഹാപുരുഷന്മാരുടെയും, ഇന്ത്യന്‍ ആര്‍മി ആരാധകരുടെയും നിരവധി പേജുകള്‍ നിലവില്‍ ഉണ്ട്. ഇന്ത്യന്‍ ആര്‍മി ആരാധകര്‍ക്കായി തന്നെ വിവിധ പേരുകളില്‍ 500ഓളം പേജുകളുണ്ട്. ഈ പേജുകള്‍ക്കെല്ലാം തന്നെ ലക്ഷങ്ങള്‍ ലൈക്കുകളുമുണ്ട്. ഇത് വഴിയാണ് ബിജെപി തങ്ങളുടെ വ്യാജ വാര്‍ത്തകളും, മുസ്‌ലിം വിദ്വേഷവുമെല്ലാം രാജ്യത്ത് പ്രചരിപ്പിക്കുന്നത്. മഹാവീര്‍ പറയുന്നു.

ഏതൊരു വിഷയത്തെയും വര്‍ഗീയ വല്‍കരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുക എന്നതാണ് ഐടി സെല്ലിന്റെ പ്രധാന പ്രവര്‍ത്തനം. ഇത്തരം പോസ്റ്റുകളെ ഇന്‍സിസ്റ്റ് പോസ്റ്റ്.കോം, ന്യൂസ് ട്രെന്‍ഡ്.ന്യൂസ്, വൈറല്‍ ഇന്‍ ഇന്ത്യ.ഇന്‍ വഴി ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്തിരുന്നു. 4 കോടി സന്ദര്‍ശകരാണ് ന്യൂസ് ട്രെന്‍ഡ്.ന്യൂസ് പോലുള്ള സൈറ്റുകളില്‍ ഒരു ദിവസം സന്ദര്‍ശിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന ആദ്യ പത്ത് സൈറ്റുകളില്‍ ഒന്നാണിത്.

ബിജെപിക്കെതിരായി ശബ്ദിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകരെയും, മാധ്യമങ്ങളെയും ട്രോളുക എന്നതാണ് ഐടി സെല്ലിന്റെ പ്രധാന ലക്ഷ്യം. അത്തരം ഫേസ്ബുക്ക് പേജുകളെ റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിക്കുക. സെല്ലിന്റെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ 150 ആണ് ട്രോളുകള്‍ നിര്‍മ്മിക്കുന്നത്. തങ്ങളുടെ ജോലി എന്നത് ലക്ഷങ്ങള്‍ ലൈക്കുകളുള്ള അനേകം ബിജെപി സ്‌പോണ്‍സേര്‍ഡ് പേജുകളില്‍ ഇത് ഷെയര്‍ ചെയ്യുക എന്നതായിരുന്നു.

ഒരോ ഐടി സെല്‍ പ്രവര്‍ത്തകനും ഒരു ലാപ്‌ടോപ്പും, പത്ത് മൊബൈല്‍ ഫോണുകളും നല്‍കിയിരുന്നു. ഇതു ഉപയോഗിച്ച് വാട്‌സാപ്പിലൂടെയും, ഫേസ്ബുക്കിലൂടെയും വ്യാജ, വര്‍ഗീയ ചുവയുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുക എന്നതാണ് പ്രധാന ടാസ്‌ക്. ഒരോ മൊബൈലിലും അടങ്ങുന്ന 300 വാട്‌സാപ്പ് ഗ്രൂപ്പുകളിലേക്ക് തങ്ങള്‍ നിര്‍മ്മിക്കുന്ന വാര്‍ത്തകള്‍ ഷെയര്‍ ചെയ്തിരുന്നു.

2012 ല്‍ നിധിന്‍ ഖഡ്കരി ഐടി സെല്‍ അധ്യക്ഷനായിരുന്ന അവസരത്തിലാണ് മഹാവീര്‍ ഐടി സെല്ലില്‍ എത്തിപ്പെടുന്നത്. സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നതിലുള്ള പ്രാവീണ്യം കണ്ട് ബിജെപി പ്രവര്‍ത്തകര്‍ തന്നെയാണ് എന്നെ ഐടി സെല്ലിലേക്ക് ക്ഷണിച്ചത്. മൂന്ന് വര്‍ഷത്തിന് ശേഷം 2015ല്‍ സെല്ലില്‍ നിന്നും രാജിവെച്ചു.

രാജ്യത്തെ വര്‍ഗീയമായി ഭിന്നിപ്പിക്കുക എന്നതാണ് ബിജെപി ഐടി സെല്ലിന്റെ ലക്ഷ്യം. ആര്‍എസ്എസ് പശ്ചാത്തലമുള്ള ബിജെപി പ്രവര്‍ത്തകര്‍ക്ക് മോദിയെ മാറ്റി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രധാനമന്ത്രിയാക്കുക എന്നതാണ് ആത്യന്തിക ലക്ഷ്യം. ഇതിനായുള്ള ശ്രമങ്ങള്‍ നേരത്തെ തുടങ്ങിയിരുന്നു എന്നാല്‍ മോദിയെ ബിജെപിയുടെ മുഖമാക്കാന്‍ പിആര്‍ കമ്പനികള്‍ക്ക് ടെന്‍ഡര്‍ നല്‍കി കഴിഞ്ഞതിനാല്‍ യോഗിക്ക് അവസരം ലഭിച്ചില്ല. രാജ്യത്തെ കാവിവത്കരിച്ച് മനുസ്മൃതിക്ക് ആധാരമായി ഭരണഘടന തിരുത്തുക എന്ന ലക്ഷ്യവും ഇവര്‍ മുന്നില്‍ കാണുന്നുണ്ട്.

എല്ലാ സംസ്ഥാനങ്ങളിലും ബിജെപി ഐടി സെല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്വകാര്യ പിആര്‍ കമ്പനികളും സെല്ലിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. ബിജെപി ഐടി സെല്‍ സൂപ്പര്‍ 150 എന്ന് കൂട്ടായ്മയുണ്ട്. ഇവരെ അസിസ്റ്റ് ചെയ്യുന്നതിനായി 50 പേര്‍ അടങ്ങുന്ന മറ്റൊരു സംഘവും ഉണ്ട്. ഞാന്‍ പ്രവര്‍ത്തിച്ചിരുന്നത് ആ സംഘത്തിലായിരുന്നു. ചെയ്യുന്ന പ്രവര്‍ത്തിയില്‍ മനസ് മടുത്തിട്ടാണ് ആ ജോലി ഉപേക്ഷിച്ചത്. ബിജെപി പശ്ചാത്തലമുള്ളയാണ് താനെങ്കിലും ഒരു പരിധി കഴിഞ്ഞപ്പോള്‍ ചെയ്യുന്നത് തെറ്റാണെന്ന ബോധ്യമുണ്ടായി. പ്രതിദിനം 1000 രൂപ ലഭിക്കുമായിരുന്നു. അമിത് മാളവ്യ, വികാസ് പാണ്ഡെ പോലുള്ള ബിജെപി ദേശീയ ഐടി സെല്‍ പ്രവര്‍ത്തകര്‍ക്ക് ലക്ഷങ്ങളാണ് വരുമാനം. രാജ്യത്തെ തൊഴിലില്ലായ്മ തന്നെയാണ് ഇത്തരം കൂട്ടായ്മകളില്‍ ചെന്ന് പെടാന്‍ കാരണം. മഹാവീര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it