Emedia

ഒരു കാമറ തല്ലിത്തകര്‍ത്താല്‍, നിങ്ങള്‍ക്ക് കാഴ്ചകളെ ഇരുട്ടിലാക്കാന്‍ ആകില്ല

ഒരു ക്യാമറ തല്ലിത്തകര്‍ത്താല്‍, നിങ്ങള്‍ക്ക് കാഴ്ചകളെ ഇരുട്ടിലാക്കാന്‍ ആകില്ല. ചുറ്റിലും നിരവധി ക്യാമറകള്‍ കണ്ണു തുറക്കും. ദൃശ്യങ്ങളിലൂടെ സത്യം പുറത്തു വരും. ദൃശ്യങ്ങളുടെ രാഷ്ട്രീയത്തെപ്പറ്റി അടിവരയിട്ടു പറഞ്ഞ ഗൊദ്ദാദിന്റെ വാക്കുകള്‍ ഓര്‍ക്കുക. 'Photography is truth'. വൈശാഖ് കുറിച്ചു.

ഒരു കാമറ തല്ലിത്തകര്‍ത്താല്‍, നിങ്ങള്‍ക്ക് കാഴ്ചകളെ ഇരുട്ടിലാക്കാന്‍ ആകില്ല
X

പൗരത്വ ഭേദഗതി നിയമത്തിനെതിരായി ഡല്‍ഹി ജുമാ മസ്ജിദില്‍ ഭീം ആര്‍മി ആഹ്വാനം ചെയ്ത പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാതൃഭൂമി കാമറാമാന്‍ വൈശാഖ് ജയപാലന്റെ ഫേസ്ബുക്ക് കുറിപ്പ്. 'ഡല്‍ഹിയില്‍ ഇപ്പോഴും പ്രതിഷേധങ്ങള്‍ തുടരുന്നു. ക്യാമറകളും മൈക്കുമായി ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ഇപ്പോഴും തെരുവിലുണ്ട്. പലരും ആഗ്രഹിക്കാത്ത കാഴ്ചകള്‍ ലോകത്തിന് മുന്നില്‍ വെളിപ്പെടുത്താന്‍. ഒരു ക്യാമറ തല്ലിത്തകര്‍ത്താല്‍, നിങ്ങള്‍ക്ക് കാഴ്ചകളെ ഇരുട്ടിലാക്കാന്‍ ആകില്ല. ചുറ്റിലും നിരവധി ക്യാമറകള്‍ കണ്ണു തുറക്കും. ദൃശ്യങ്ങളിലൂടെ സത്യം പുറത്തു വരും. ദൃശ്യങ്ങളുടെ രാഷ്ട്രീയത്തെപ്പറ്റി അടിവരയിട്ടു പറഞ്ഞ ഗൊദ്ദാദിന്റെ വാക്കുകള്‍ ഓര്‍ക്കുക. 'Photography is truth'. വൈശാഖ് കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം.

ഒരു ക്യാമറ തല്ലിത്തകര്‍ത്താല്‍, നിങ്ങള്‍ക്ക് കാഴ്ചകളെ ഇരുട്ടിലാക്കാന്‍ ആകില്ല

പൗരത്വ ഭേദഗതി ബില്ലിന് എതിരായ പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വെളിയാഴ്ച (2012-19) രാവിലെ 10 മണിയോടെ ഞനും റിപ്പോര്‍ട്ടര്‍ ട Arunsankar റും ഡല്‍ഹിയിലെ ജുമാ മസ്ജിദില്‍ എത്തി. ഭീം ആര്‍മിയുടെ പ്രതിഷേധ ആഹ്വാനം ഉളളതിനാല്‍ മസ്ജിദില്‍ കനത്ത പോലീസ് കാവല്‍. ഒരുമണിയോടെ നിസ്‌കാരം തുടങ്ങി. മസ്ജിദിന് അഭിമുഖമായ രണ്ടാം നമ്പര്‍ ഗേറ്റിലായിരുന്നു ഞങ്ങള്‍. നിസ്‌കാരം കഴിഞ്ഞതിനു ശേഷവും അവിടെ വലിയ സമരമോ പ്രതിഷേധമോ ഒന്നും കണ്ടില്ല. കുറച്ചു നിമിഷങ്ങള്‍ക്കുശേഷം പ്രതിഷേധം ഒന്നാം ഗേറ്റിലാണെന്ന് സംഘാടകരുടെ അറിയിപ്പ് വന്നു. ഒന്നാം ഗേറ്റില്‍ എത്തിയപ്പോള്‍ അവിടെ കണ്ടത് അമ്പരപ്പിക്കുന്ന കാഴ്ച!

മസ്ജിദ് കവാടത്തിലെ പ്രതിഷേധ സമുദ്രം

ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ പളളിയുടെ ഒരു ഭാഗം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നു. മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളുമായി പ്രതിഷേധം അതിന്റെ സര്‍വശക്തിയോടെ നിറഞ്ഞുനില്‍ക്കുന്ന കാഴ്ച്ച. കുട്ടികളടക്കം സമരത്തില്‍ പങ്കാളികള്‍. അപ്പോഴേക്കും പളളിയില്‍ നിന്നും പ്രതിഷേധം ജന്ദര്‍ മന്ദറിലേക്ക് പുറപ്പെട്ടു. പളളിയില്‍ നിന്ന് പ്രധാന റോഡിലേക്കു കയറുന്ന ഭാഗത്ത് പോലീസ് ബാരിക്കേഡുകള്‍ വച്ചിരുന്നു. പ്രതിഷേധക്കാര്‍ കൂട്ടത്തോടെ വന്നതിനാല്‍ അവിടെവച്ച് അവരെ പോലീസ് തടഞ്ഞില്ല. ബാരിക്കേഡ് മറികടന്ന് അവര്‍ മുന്നോട്ട് നീങ്ങി..

പിന്നാലെ ഡല്‍ഹി ഗേറ്റില്‍ പോലീസ് ബാരിക്കേഡുകള്‍ നിരത്തി. പോലീസ് ബസുകളും ആര്‍.എ.എഫിന്റെ ലോറികളും റോഡിനു കുറുകെയിട്ട് റോഡ് പൂര്‍ണ്ണമായും അടച്ചു. സമരക്കാര്‍ ബാരിക്കേഡ് മറികടക്കാതെ ഡല്‍ഹി ഗേറ്റിനു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഉച്ചക്ക് 1.30 മുതല്‍ വൈകുന്നേരം 6 മണിവരെ സമാധാനപരമായിരുന്നു സമരം.

ആറു മണിക്ക് ശേഷം സംഭവിച്ചത്.

വൈകുന്നേരം 6 മണിക്ക് ശേഷം പ്രതിഷേധക്കാരില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായെന്ന വിവരം പരന്നു. കുറച്ചുപേര്‍ ചേര്‍ന്ന് ബാരിക്കേഡുകള്‍ മറിച്ചിടാന്‍ ശ്രമിച്ചു. അവരെ പിന്തിരിപ്പിക്കാന്‍ മുതിര്‍ന്ന ആള്‍ക്കാരുടെ ശ്രമം. എന്നാല്‍ പിന്മാറാതെ വീണ്ടും അവര്‍ ബാരിക്കേഡുകള്‍ മറിച്ചിടാന്‍ നോക്കി. അതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാര്‍ ചിതറി ഒടാന്‍ തുടങ്ങി. പരസ്പരം കല്ലേറു തുടങ്ങിയതോടെ ഡല്‍ഹി ഗേറ്റ് കണ്ടത് യുദ്ധക്കളത്തിന് സമാനമായ കാഴ്ചകള്‍. ബാരിക്കേഡുകള്‍ പോലീസ് തന്നെ മറിച്ചിട്ട് സമരക്കാരുടെ അടുത്തേക്ക് കുതിച്ചു.

മനുഷ്യപ്പറ്റില്ലാതെ പോലീസ് നായാട്ട്

ലാത്തിച്ചാര്‍ജ് തുടങ്ങിയതോടെ പോലീസിന്റെ നീക്കങ്ങള്‍ പകര്‍ത്തി ഞാന്‍ സമരക്കാര്‍ നിന്ന ഭാഗത്തേക്ക് പ്രവേശിച്ചു. എല്ലാ മാധ്യമപ്രവര്‍ത്തകരും അവിടെ ഉണ്ടായിരുന്നു. ഞങ്ങള്‍ ഉള്ളിലേക്ക് പോയപാടെ കണ്ട കാഴ്ച ഞെട്ടിപ്പിക്കുന്നതായിരുന്നു. പോലീസ് മര്‍ദനമേറ്റ് ഒരാളുടെ തലപൊട്ടി ചോര ഒഴുകുന്നു. അയാള്‍ക്ക് എഴുന്നേല്‍ക്കാന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ല. ഞാന്‍ ദ്യശ്യങ്ങള്‍ എടുക്കുമ്പോള്‍ കണ്ടത് എഴുന്നേല്‍ക്കാന്‍ കഴിയാത്ത രീതിയില്‍ കിടന്നിട്ടും അയാളുടെ പൊട്ടിയ തലയില്‍ പോലീസ് വീണ്ടും അടിക്കുന്ന കാഴ്ച. ബാരിക്കേഡിന്റെ പുറത്തുകടക്കുന്ന പ്രതിഷേധക്കാരെ 20തോളം പോലീസുകാര്‍ ചേര്‍ന്ന് വളഞ്ഞിട്ടടിക്കാന്‍ തുടങ്ങി. മറ്റൊരു ഭാഗത്ത് ഇരുചക്ര വാഹനങ്ങള്‍ക്കിയില്‍പെട്ട സമരക്കാരെ ക്രൂരമായി മര്‍ദ്ധിക്കുന്നു.

ക്യാമറക്കണ്ണ് മൂടാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ തിരിഞ്ഞ് പോലീസ്.

പോലീസ് അതിക്രമം മാധ്യമപ്രവര്‍ത്തകരിലേക്ക് നീങ്ങുന്നുവെന്ന് നേരിട്ടറിഞ്ഞത് മാതൃഭൂമി റിപ്പോര്‍ട്ടര്‍ അരുണ്‍ ശങ്കറിന് നേരെ പോലീസ് ലാത്തി നീണ്ടപ്പോഴാണ്. അരുണിന്റെ തലയ്ക്ക്, പിന്നില്‍ നിന്നും പോലീസ് അടിച്ചു, അടിച്ചോടിക്കാന്‍ ആയിരുന്നു പോലീസ് ശ്രമം. ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് സ്വന്തം സഹപ്രവര്‍ത്തകന് നേരെ നീളുന്ന അക്രമം ഞാന്‍ അറിഞ്ഞത്. ഒരു കൈ ഉയര്‍ത്തി അറിയാവുന്ന ഹിന്ദിയില്‍ ഉറക്കെ ഒച്ച വച്ചു. പക്ഷെ അപ്പോഴേക്കും അവര്‍ എന്നെ തേടി വന്നു.

ക്യാമറയുടെ ലൈറ്റ് അടിച്ചു പൊട്ടിച്ചു. മൂന്ന് നാല് പോലീസുകാര്‍ ഒരുമിച്ചായിരുന്നു മര്‍ദ്ദിച്ചത്. എന്റെ രണ്ട് കൈകളിലും ഫൈബര്‍ ലാത്തികൊണ്ട് നിര്‍ത്താതെ അടിച്ചു. മീഡിയയില്‍ നിന്നാണെന്നും നിങ്ങള്‍ ചെയ്യുന്നത് അക്രമമാണെന്നും പരമാവധി ശബ്ദം ഉയര്‍ത്തി പറഞ്ഞെങ്കിലും പൊലീസുകാര്‍ വകവച്ചില്ല. എന്നെ താഴെ വീഴ്ത്താന്‍ ലാത്തികൊണ്ട് അവര്‍ തലയ്ക്കടിച്ചു. അതോടെ ഞാന്‍ എതിര്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായി. പ്രതിഷേധം കൊണ്ടു ശരീരം തിളക്കുമ്പോഴും നട്ടെല്ലിലൂടെ ഭയം ഇരച്ചു കയറി. ശബ്ദം തൊണ്ടയില്‍ കുരുങ്ങി.

പോലീസ് എന്നെ കീഴ്‌പ്പെടുത്തി ക്യാമറ പിടിച്ചുവാങ്ങി നിലത്തെറിഞ്ഞു. അതില്‍ പതിഞ്ഞ അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ ഒരു കാരണവശാലും പുറം ലോകം കാണരുതെന്ന വാശിയോടെയായിരുന്നു യൂണിഫോം ഇട്ട പോലീസുകാരുടെ ഈ ഭീരുത്വം നിറഞ്ഞ നടപടി.അതോടെ ഉപകരണങ്ങള്‍ക്ക് തകര്‍ക്കുന്നത് തടയുക എന്നതിലായി എന്റെ മുഴുവന്‍ ശ്രദ്ധയും. കയ്യില്‍ അവശേഷിക്കുന്നത് തത്സമയ സംപ്രേക്ഷണത്തിനുള്ള ലൈവ് യു. അതെടുത്ത് ഓടുക മാത്രമായി മുന്നിലുള്ള വഴി.

ഏകദേശം അരക്കിലോമീറ്റര്‍ പിന്നിട്ടാണ് പോലീസ് ആദ്യം നിന്ന ഭാഗത്തേക്ക് എത്തിയത്. പോകുന്ന വഴിയില്‍ മുഴുവന്‍ ഭീകരമായി പിറകിലും നെഞ്ചിലും ലാത്തികൊണ്ട് അടിയ്ക്കുകയായിരുന്നു പോലീസ്. വേദനയും ക്ഷീണവും കൊണ്ട് ഞാനൊരു സ്ഥലത്ത് ഇരുന്നു. അത്രയും ഭീകരാന്തരീക്ഷമായിരുന്നു അവിടെ. പോലീസ് നായാട്ട് തുടരുന്നതിനാല്‍ ക്യാമറ തിരഞ്ഞു പോകാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു. അതിനകം തന്നെ ഭൂരിഭാഗം ദൃശ്യങ്ങളും മാത്യുഭൂമി ന്യൂസിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യപ്പെട്ടിരുന്നു.

നടന്നത് തിരഞ്ഞു പിടിച്ചുള്ള വേട്ടയാടല്‍

ലാത്തിചാര്‍ജ് നടക്കുന്നയിടത്ത് ആദ്യം എത്തിയത് ഞങ്ങളായിരുന്നു. ദൃശ്യങ്ങള്‍ എടുക്കുന്നത് കണ്ടാണ് പൊലീസുകാര്‍ ഞങ്ങള്‍ക്ക് നേരെ തിരിഞ്ഞത്. ലൈവായത് കൊണ്ട് പക്ഷെ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യപ്പെട്ടു. പിടിച്ചു വാങ്ങിയെറിഞ്ഞ ക്യാമറ ഇതുവരെയും പോലീസ് തിരിച്ചുതന്നിട്ടില്ല. സമരക്കാര്‍ ആയിരം പേരുണ്ടായിരുന്നെങ്കില്‍ അത്രയും തന്നെ പോലീസും അവിടെയുണ്ടായിരുന്നു. ലാത്തിച്ചാര്‍ജ് നടന്ന സ്ഥലത്തേക്ക് ഒരു മാധ്യമപ്രവര്‍ത്തകരെ പോലും വിടുന്നില്ലായിരുന്നു. അവിടെ എന്താണ് നടക്കുന്നതെന്ന് പോലും പുറത്തുള്ളവര്‍ക്ക് അറിയില്ല, അല്ലെങ്കില്‍ അറിയിക്കില്ല. ഇങ്ങനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ജനങ്ങള്‍ കാണരുതെന്ന വാശിയാണ് പോലീസിന്. രാത്രിയിലെ ഇരുട്ടിന്റെ മറവിലെ പോലീസ് നടപടി ഡല്‍ഹിയില്‍ പതിവാകുന്നതയാണ് അനുഭവം. ജെ.എന്‍.യു വിദ്യാര്‍ഥികളെ തെരുവുവിളക്കുകള്‍ അണച്ചായിരുന്നു പോലീസ് മര്‍ദിച്ചതെന്ന് ഓര്‍ക്കണം.

ചോരയും നിലവിളികളും പടര്‍ന്ന ആശുപത്രി

ശരീരത്തില്‍ വേദന ശക്തമായി തുടങ്ങിയിരുന്നു. അരുണ്‍ ശങ്കറിന്റെ തലയില്‍ മുറിപ്പാട് കാണാമായിരുന്നു. ആമഹമഴീുമഹ. ആ.

Balagopal. B. Nair ചേട്ടനും,Jagdish Bisht ജഗതീഷേട്ടനും കൂടെ ജഗതീഷേട്ടനും കൂടെ ഞങ്ങളെ എല്‍.എന്‍.ജി.പി ആശുപത്രിയിലേക്ക് കൊണ്ടുപോയി. (ഞങ്ങള്‍ നാലുപേരാണ് പ്രധിഷേധം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയിരുന്നത്.) ആശുപത്രിയില്‍ പ്രവേശിക്കാന്‍ അനുമതി ലഭിക്കാതെ ഗേറ്റിനു പുറത്ത് മാധ്യമപ്രവര്‍ത്തകര്‍ നില്‍ക്കുന്നു. ഞങ്ങളെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അവിടെയും യുദ്ധസമാനമായ സാഹചര്യം.

ചങ്കുപൊട്ടിയുള്ള നിലവിളികളും കരച്ചിലും കേട്ടുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥ. സ്ട്രക്ച്ചറുകളിലും ബെഡ്ഡുകളിലും രക്തം പുരണ്ടിരിക്കുന്നു. ഞങ്ങള്‍ കിടക്കുന്ന ബെഡ്ഡിനപ്പുറം ഒരു മനുഷ്യന്‍ രക്തം വാര്‍ന്ന് അനക്കമില്ലാതെ കിടക്കുകയാണ്. മുഖം പോലും തിരിച്ചറിയാല്‍ കഴിയാത്തവിധം അയാളുടെ മുഖം അടിച്ചു ചതച്ചിരിക്കുന്നു.

അത്യാഹിത വിഭാഗത്തിനകത്ത് പോലീസിന്റെ വലിയ വിന്യാസമുണ്ടായിരുന്നു. ചിത്രങ്ങള്‍ പകര്‍ത്താല്‍ ആരേയും അനുവദിക്കുന്നില്ല. മാധ്യമപ്രവര്‍ത്തകരെ അകത്തു കടത്തുന്നുമില്ല. ഞങ്ങളെ ഇന്‍ജക്ഷന്‍ നല്‍കി കിടത്തിയിരിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ കൊണ്ട് വരുന്നുണ്ട്. ഗുരുതര പരിക്കുളളവരെ മറ്റൊരുവഴിയിലൂടെ മുകളിലെ സര്‍ജിക്കല്‍ വിഭാഗത്തിലേക്ക് കൊണ്ട് പോവുന്നതായി മനസിലായി.

കുട്ടികള്‍ക്കടക്കം ഭീകരമായി പരിക്കേറ്റിട്ടുണ്ട്. അവിടെ 14 വയസുകാരന്‍ സോനുവിനെ കണ്ടു. അവന്റെ തലയുടെ പുറകില്‍ ഏകദേശം രണ്ട് ഇഞ്ച് നീളത്തില്‍ പൊട്ടി ചോരയൊലിക്കുന്നു. വേദന കൊണ്ട് കരയുകയായിരുന്നു അവന്‍. അതുപോലെ നിരവധി കുട്ടികള്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നതായി അറിഞ്ഞു. കുട്ടികളെപോലും വിടാതെയായിരുന്നു പോലീസിന്റെ കിരാതകൃത്യങ്ങള്‍.

ഇപ്പോഴും ഞങ്ങള്‍ തെരുവില്‍ തന്നെയുണ്ട്

ഡല്‍ഹിയില്‍ ഇപ്പോഴും പ്രതിഷേധങ്ങള്‍ തുടരുന്നു. ക്യാമറകളും മൈക്കുമായി ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ഇപ്പോഴും തെരുവിലുണ്ട്. പലരും ആഗ്രഹിക്കാത്ത കാഴ്ചകള്‍ ലോകത്തിന് മുന്നില്‍ വെളിപ്പെടുത്താന്‍. ഒരു ക്യാമറ തല്ലിത്തകര്‍ത്താല്‍, നിങ്ങള്‍ക്ക് കാഴ്ചകളെ ഇരുട്ടിലാക്കാന്‍ ആകില്ല. ചുറ്റിലും നിരവധി ക്യാമറകള്‍ കണ്ണു തുറക്കും. ദൃശ്യങ്ങളിലൂടെ സത്യം പുറത്തു വരും. ദൃശ്യങ്ങളുടെ രാഷ്ട്രീയത്തെപ്പറ്റി അടിവരയിട്ടു പറഞ്ഞ ഗൊദ്ദാദിന്റെ വാക്കുകള്‍ ഓര്‍ക്കുക. 'Photography is truth'





Next Story

RELATED STORIES

Share it