- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'പേര്‍ഷ്യക്കാരന്റെ ഓള്'
നജീബ് മൂടാടി
ഒരു വനിതാദിനത്തിലും എവിടെയും പരാമര്‍ശിക്കപ്പെടാത്ത, സ്ത്രീ മുന്നേറ്റങ്ങളെ കുറിച്ച് വാചാലരാകുന്നവരുടെയൊന്നും കണ്ണില്‍ പെടാത്ത കുറെ പെണ്ണുങ്ങളെ കുറിച്ചാണ്. എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ട ഏറ്റവും കരുത്തരായ പെണ്ണുങ്ങളെ കുറിച്ച്. എഴുപതുകളിലൊക്കെ ഞങ്ങളുടെ നാട്ടുമ്പുറങ്ങളില്‍ 'പേര്‍ഷ്യക്കാരന്റെ ഓള് എന്നും, പിന്നീട് ഗള്‍ഫുകാരന്റെ ഭാര്യ എന്നും വിളിക്കപ്പെട്ട, എന്നാല്‍ ഗള്‍ഫുകാരന് കിട്ടിയ ഒരു പത്രാസും കിട്ടാതെ പോയവര്‍. അന്നുമിന്നും ഭര്‍ത്താവ് വിദേശത്തായതിനാല്‍ നാട്ടില്‍ വീടും കുടുംബവും മക്കളെയും നോക്കി കഴിയുന്ന എല്ലാ സ്ത്രീകളെ കുറിച്ചും.
നാട്ടില്‍ പട്ടിണിക്കും ദാരിദ്ര്യത്തിനും ക്ഷാമമില്ലാതിരുന്ന, പഠിച്ചവരൊക്കെ പണി കിട്ടാതെ നിരാശരായി നടന്ന എഴുപതുകളില്‍ ലോഞ്ചിലും പത്തേമാരിയിലും കടല്‍ കടന്നുപോയി മരുഭൂമിയില്‍ കഷ്ടപ്പെട്ട് പൊന്നും പണവുമായി നാട്ടിലെത്തിയ കുറെ ചെറുപ്പക്കാര്‍. അടുപ്പില്‍ പൂച്ച പെറ്റുകിടന്ന അവരുടെ ചെറ്റപ്പുരകളും കട്ടപ്പുരകളും അപ്പോഴേക്കും ഓടിട്ടതും വാര്‍പ്പിട്ടതുമായ വമ്പന്‍ വീടുകളായി മാറിയിരുന്നു. ബെല്‍ബോട്ടം പാന്റും കൂളിംഗ് ഗ്ലാസും 'ജന്നത്തുല്‍ ഫിര്‍ദൗസ്' അത്തറിന്റെ മണവും കയ്യില്‍ 555 സിഗരറ്റിന്റെ പെട്ടിയുമായി നടന്ന ആ ചെറുപ്പക്കാരെ പെണ്‍മക്കള്‍ക്ക് വരനായി കിട്ടാന്‍ ആളുകള്‍ പരക്കം പാഞ്ഞകാലം. വിവാഹ മാര്‍ക്കറ്റില്‍ തറവാട്ടുമഹിമക്കോ പഠിപ്പിനോ സര്‍ക്കാര്‍ ജോലിക്കു പോലുമോ പേര്‍ഷ്യക്കാരന്റെ പകിട്ടിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതിരുന്ന കാലം. ആ പത്രാസുകാരുടെ ജീവിതസഖികളായി വന്നു കയറിയ പെണ്‍കുട്ടികള്‍ നമുക്ക് കത്തുപാട്ടിലെ വിരഹിണി മാത്രമായിരുന്നു.
എന്നാല്‍ അവള്‍ അനുഭവിച്ചത് വിരഹദുഃഖം മാത്രമായിരുന്നില്ലെന്നും ഒരേ സമയം ഗൃഹനാഥനും ഗൃഹനാഥയും മാതാവും പിതാവും ആയി അവള്‍ വേഷം കെട്ടേണ്ടി വന്നതിനെ കുറിച്ച് ആ കഠിനഭാരത്തെ കുറിച്ച് ആരാണ് പറഞ്ഞത്.
കുടുംബത്തെ ഇല്ലായ്മകളില്‍ നിന്ന് കരകയറ്റിയ മകന്റെ/സഹോദരന്റെ ജീവിതാവകാശിയായി കയറി വന്ന 'അന്യപെണ്ണി'നോടുള്ള മനോഭാവം പലവീടുകളിലും അത്ര സുഖകരമായിരുന്നില്ല. കൂട്ടുകുടുംബത്തിനകത്ത് അവള്‍ പലപ്പോഴും ഒറ്റപ്പെട്ടു. പ്രിയതമനോടൊന്ന് മനസ്സറിഞ്ഞു മിണ്ടണമെങ്കില്‍ പോലും വിരുന്നിനോ സല്‍ക്കാരത്തിനോ വേണ്ടി പുറത്തിറങ്ങുന്ന നേരം നോക്കേണ്ടി വന്നു. ഈ ശ്വാസം മുട്ടുന്ന അന്തരീക്ഷത്തില്‍ പ്രിയതമയെ വിട്ടേച്ചു കൊണ്ടാണ് പല പ്രവാസികളും കടല്‍കടന്നത്.
വലിയ വിദ്യാഭ്യാസമോ ലോകവിവരമോ ഇല്ലാത്ത, ചെറുപ്രായത്തില്‍ തന്നെ വിവാഹിതയായ ആ പെണ്‍കുട്ടിയില്‍ ഒരേ സമയം വിരഹത്തിന്റെ നോവും അതോടൊപ്പം ഭര്‍തൃവീട്ടിലെ പ്രശ്‌നങ്ങളും ഉണ്ടാക്കിയ മാനസിക തകര്‍ച്ച ഊഹിക്കാവുന്നതേ ഉള്ളൂ. മക്കളാവുന്നതോടെ ഉത്തരവാദിത്തവും ഏറുകയാണ്. ഭര്‍ത്താവിന്റെ അഭാവത്തില്‍ മക്കളെ ഒന്ന് ആശുപത്രിയില്‍ കാണിക്കണമെങ്കില്‍ പോലും ബന്ധുക്കളെ ആശ്രയിക്കേണ്ട അവസ്ഥ. അതും കഴിഞ്ഞു സ്വന്തമായി വീട് പണി തുടങ്ങുമ്പോള്‍ അതിനായുള്ള ഓട്ടങ്ങള്‍. ഇതൊക്കെ ഒറ്റക്ക് നിര്‍വ്വഹിക്കേണ്ടി വരുന്നു. ബാങ്കില്‍, വില്ലേജ് ഓഫിസില്‍, പഞ്ചായത്തില്‍, ഇക്ട്രിസിറ്റി ആപ്പീസില്‍.... ജീവിതത്തില്‍ ഇതൊന്നും പരിചയമില്ലാത്ത ഒരു പെണ്ണ് ഒറ്റക്ക് പലവട്ടം കയറി ഇറങ്ങിയാണ് ആരും സഹായമില്ലാതെ ഓരോ കാര്യങ്ങള്‍ നിര്‍വ്വഹിച്ചത് .
വീട് വെച്ചാലും ഭര്‍ത്താവിന്റെ മാതാപിതാക്കളുടെ ശുശ്രൂഷ പരിചരണം ആശുപത്രിവാസം ഇതിനൊക്കെ ഇവള്‍ തന്നെയാണ് കൂട്ട്. ഇങ്ങനെയുള്ള ആവശ്യത്തിന് ഒരു ഓട്ടോറിക്ഷ വിളിക്കേണ്ടി വന്നാല്‍, മക്കളെ ആശുപത്രിയില്‍ കാണിച്ചു തിരിച്ചു വരാന്‍ ഇരുട്ടായിപ്പോയാല്‍ അതൊക്കെ വെച്ച് അപവാദകഥകള്‍ ഉണ്ടാക്കുന്നവര്‍ വേറെ. ആണ്‍തുണയില്ലാതെ ചെറിയ മക്കളുമായി താമസിക്കുന്ന പെണ്ണിന്റെ വീട്ടില്‍ പാതിരാക്ക് വാതിലില്‍ മുട്ടാനും കല്ലെറിഞ്ഞു പേടിപ്പിക്കാനും നടക്കുന്നവരും കുറവായിരുന്നില്ല. ഇതൊന്നും കണ്ണെത്താദൂരത്തുള്ള ഭര്‍ത്താവിനെ അറിയിക്കാതെ ഉരുകിയാണ് ഈ പെണ്ണുങ്ങള്‍ അന്യരുടെ കണ്ണിലെ പണക്കാരായ ഗള്‍ഫുകാരന്റെ ഭാര്യ ഓരോ ദിവസവും കഴിച്ചു കൂട്ടിയതെന്ന് ആരറിഞ്ഞു.
തങ്ങള്‍ പഠിച്ചില്ലെങ്കിലും മക്കള്‍ നാലക്ഷരം പഠിച്ചു കണ്ണ് തെളിയണം എന്നവര്‍ ഉത്സാഹിച്ചത് ഇങ്ങനെ ഒരുപാട് കയ്‌പ്പേറിയ അനുഭവങ്ങള്‍ കൊണ്ടുകൂടിയാണ്. ബാങ്കില്‍, ആശുപത്രിയില്‍, സര്‍ക്കാര്‍ ഓഫിസുകളില്‍ അവര്‍ അനുഭവിച്ച പുച്ഛവും അവഗണയും മക്കളെ ഡോക്ടറാക്കാന്‍, സിവില്‍ സര്‍വീസ് എടുക്കാന്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരാക്കാന്‍ അവരെ ഉത്സാഹിപ്പിച്ചു. പിതാവ് അടുത്തില്ലാത്ത ആണ്‍മക്കള്‍ മുതിരും തോറും കാണിക്കുന്ന സ്വാതന്ത്ര്യം കൂട്ടുകെട്ട് തന്നിഷ്ടം ഇവിടെയൊക്കെ അവര്‍ സഹിച്ചത്... ഇതൊക്കെ മേനേജ് ചെയ്തത്... പറഞ്ഞാല്‍ തീരാത്ത എത്ര അനുഭവങ്ങള്‍ ഉണ്ടാകും ഒറ്റക്കായിപ്പോയ ഓരോ പ്രവാസി ഭാര്യമാര്‍ക്കും.
ഒറ്റക്കായിപ്പോയ ഒരു പെണ്ണ് സമൂഹത്തില്‍ നിന്നും ചിലപ്പോള്‍ ബന്ധുക്കളില്‍ നിന്നും അനുഭവിക്കേണ്ടി വന്ന നോവിക്കുന്ന അനുഭവങ്ങള്‍. ഇതിലെല്ലാം ഉപരി, നീണ്ട രണ്ടും മൂന്നും വര്‍ഷങ്ങള്‍ ഇണയുമായി പിരിഞ്ഞിരിക്കുന്നതിന്റെ മാനസിക ശാരീരിക പ്രശ്‌നങ്ങള്‍ ഇതൊക്കെ ഉള്ളില്‍ ഒതുക്കിയാണ് അവര്‍ കഴിഞ്ഞത്. നീണ്ട കത്തുകളില്‍ കണ്ണീര് വീഴാതെ കരുതലോടെ സന്തോഷം മാത്രം അറിയിച്ചവര്‍. വര്‍ഷങ്ങള്‍ക്ക് ശേഷം ഭര്‍ത്താവ് നാട്ടില്‍ വരുമ്പോള്‍ എണ്ണിച്ചുട്ട അവധി ദിവസങ്ങളില്‍ ഏറെയും പലപ്പോഴും ബന്ധുക്കള്‍ക്കും സ്വന്തക്കാര്‍ക്കും വേണ്ടി തീര്‍ന്നു പോകുന്നത് വേദനയോടെ നോക്കി നില്‍ക്കേണ്ടി വന്നവള്‍.
വിദ്യാഭ്യാസം കൊണ്ടോ വായന കൊണ്ടോ ക്ലാസുകള്‍ കേട്ടോ അല്ല. ആരുമില്ലാത്ത നിസ്സഹായവസ്ഥയെ, നിവൃത്തികേടിനെ മനസ്സിന്റെ കരുത്തു കൊണ്ട് മറികടന്നാണ് അവള്‍ തന്റേടം ഉണ്ടാക്കിയത്. ലോകം കാണാത്ത ഒന്നുമറിയാത്ത പെണ്‍കുട്ടിയില്‍ നിന്ന്, വീടും കുടുംബവും മക്കളെയും സ്വത്തും എല്ലാം ഒറ്റക്ക് കൈകാര്യം ചെയ്യാനുള്ള പ്രാപ്തി നേടിയ സ്ത്രീയിലേക്ക് മാറിയ ആ പെണ്ണിനെ ആരും കാര്യമായി വിശകലനം ചെയ്തിട്ടില്ല. നിശബ്ദമായി സമൂഹത്തില്‍ അവരുണ്ടാക്കിയ വിപ്ലവത്തെ കുറിച്ച് ആരും ചര്‍ച്ച ചെയ്തിട്ടില്ല. പ്രവാസം കൊണ്ട് രക്ഷപ്പെട്ട നാട്ടിലെ
സിനിമാക്കാരും കഥയെഴുത്തുകാരും പ്രവാസിയുടെ ജീവിതം കാണാതെ പോയെങ്കിലും അവരുടെ ഭാര്യമാരെ അവിഹിതത്തിന് പ്രലോഭിപ്പിക്കുന്ന പെണ്ണായി വരച്ചുവെച്ച് അശ്ലീലച്ചിരി ചിരിച്ചു. പോരാത്തതിന് ധൂര്‍ത്തയും പൊങ്ങച്ചക്കാരിയുമാക്കി.
പുതിയ തലമുറ വിശേഷിച്ചും പെണ്‍കുട്ടികള്‍ വിദ്യാഭ്യാസത്തില്‍ മുന്നേറിയതടക്കം സമൂഹത്തിലുണ്ടായ എത്രയോ മാറ്റങ്ങള്‍ക്ക് പിന്നില്‍ ഈ പ്രവാസി ഭാര്യമാരുടെ പങ്കുണ്ട്. എന്നിട്ടും എന്തുകൊണ്ടായിരിക്കും നമ്മുടെ സമൂഹ വിശകലന വിശാരദന്മാര്‍ അതൊന്നും കാണാതെ പോയത്. അതെ കുറിച്ച് പഠിക്കാതെ പോയത്?
മാസത്തില്‍ ഒന്നോ രണ്ടോ കത്തിന്റെ സ്ഥാനത്ത് വീഡിയോ കോള്‍ വിളിയില്‍ എത്തി നില്‍ക്കുന്ന ഇക്കാലത്തും എത്രയോ സ്ത്രീകള്‍ പ്രവാസിയായ ഭര്‍ത്താവ് അകലെയായതിനാല്‍ ഒരേ സമയം അമ്മയും അച്ഛനുമായി നാട്ടില്‍ കുടുംബം നടത്തുന്നുണ്ട്. പഴയ കാലത്തെ അപേക്ഷിച്ച് കാര്യങ്ങള്‍ എളുപ്പമായിരിക്കാമെങ്കിലും മാനസിക സംഘര്‍ഷങ്ങള്‍ക്ക് അവര്‍ക്കും കുറവുണ്ടാകില്ല.
വനിതാദിനങ്ങള്‍ ഇനിയും ഒരുപാട് കടന്നുപോകും. നമ്മുടെ ചുറ്റുവട്ടത്ത്, നമ്മുടെ വീടുകളില്‍ ഒരേ സമയം മാതാവായും പിതാവായും വീട്ടുജോലിക്കാരിയായും നഴ്‌സ് ആയും അധ്യാപികയായും അങ്ങനെ പലവിധ വേഷങ്ങള്‍ കെട്ടിയാടുന്ന ഈ സ്ത്രീജന്മങ്ങളെ കുറിച്ച് ആരെങ്കിലും ഓര്‍ക്കുമോ?
പത്തുനാല്പത് കൊല്ലം മുമ്പ് 'പേര്‍ഷ്യക്കാരന്റെ ഓളാ'യി ഭര്‍തൃവീട്ടിലേക്ക് കയറിച്ചെന്ന ഒരു പെണ്ണ് ഇപ്പോഴും നിങ്ങളുടെ വീടിനുള്ളിലൊ അയല്പക്കത്തോ ഉണ്ടാവും. മക്കളും പേരക്കുട്ടികളുമായി ചിലപ്പോള്‍ രോഗിയായി അവശയായി....
ചോദിച്ചു നോക്കൂ അവര്‍ കടന്നുപോന്ന വഴികളെ കുറിച്ച്... ഒറ്റക്ക് നീന്തിയ കടലിനെ കുറിച്ച്. ഈ വനിതാദിനത്തിലെങ്കിലും.
RELATED STORIES
ഭര്‍ത്താവില്‍ നിന്ന് 500 കോടി രൂപ ജീവനാംശം തേടി ഭാര്യ; 12 കോടി...
22 Dec 2024 12:05 PM GMTതടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപനിബാധിച്ച് കുവൈത്തില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMT