Emedia

ഇന്ധനവില വര്‍ധന: കേന്ദ്രസര്‍ക്കാരിന്റേത് കുയുക്തിമാത്രം

ഇന്ധനവില വര്‍ധന: കേന്ദ്രസര്‍ക്കാരിന്റേത് കുയുക്തിമാത്രം
X

ഡോ. ടി എം തോമസ് ഐസക്

തിരുവനന്തപുരം: ഇന്ധനവില രാജ്യത്ത് കുതിച്ചുയരുകയാണ്. രണ്ടാഴ്ചക്കിടെ ഏകദേശം പത്ത് രൂപക്കടുത്ത വിലവര്‍ധന. കോര്‍പറേറ്റുകള്‍ക്ക് നല്‍കുന്ന നികുതി ഇളവ് പരിഹരിക്കാന്‍ നാട്ടുകാരെ പിഴിയുകയാണ് കേന്ദ്രസര്‍ക്കാരെന്ന് മുന്‍ കേരള സംസ്ഥാന ധനമന്ത്രി ടി എം തോമസ് ഐസക്. തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്.

പോസ്റ്റിന്റെ പൂര്‍ണരൂപം:

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്നും വര്‍ദ്ധനവ്. പെട്രോള്‍ ലിറ്ററിന് 44 പൈസയും ഡീസലിന് 42 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. രണ്ടാഴ്ചയ്ക്കിടെ പെട്രോളിനു വര്‍ദ്ധിപ്പിച്ചത് 9.15 രൂപയും ഡീസലിന് ഇതുവരെ 8.84 രൂപയുമാണ് വര്‍ദ്ധിപ്പിച്ചത്.

ഇത് ഇവിടെയൊന്നും നില്‍ക്കാന്‍ പോകുന്നില്ല. ഏതാണ്ട് 20 രൂപ ചില്ലറ വില വര്‍ദ്ധിപ്പിച്ചാല്‍ മാത്രമേ പെട്രോളിയം കമ്പനികള്‍ക്ക് ക്രൂഡോയില്‍ വില വര്‍ദ്ധനവിന്റെ ഫലമായി ലാഭത്തിലുണ്ടായ കുറവ് നികത്താനാകൂവെന്നാണ് അവരുടെ ചില വക്താക്കള്‍ പറയുന്നത്. ഇതാണ് കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഇന്നലെ പറയാതെ പറഞ്ഞുവച്ചത്. അന്തര്‍ദേശീയ മാര്‍ക്കറ്റില്‍ ക്രൂഡോയിലിന്റെ വിലയില്‍ ഉണ്ടായ വര്‍ദ്ധനവിന്റെ തോതില്‍ ഇന്ത്യയിലെ വില വര്‍ദ്ധിച്ചിട്ടില്ലായെന്നു പറയുന്ന കേന്ദ്രമന്ത്രി ക്രൂഡോയിലിന്റെ വില കുറഞ്ഞപ്പോള്‍ ഇന്ത്യയില്‍ എന്തുകൊണ്ട് പെട്രോളിന്റെയും ഡീസലിന്റെയും വില കുറഞ്ഞില്ലായെന്നതിനു വിശദീകരണം നല്‍കാമോ?

അന്തര്‍ദേശീയ മാര്‍ക്കറ്റില്‍ ക്രൂഡോയിലിനു വില കൂടിയപ്പോള്‍ വില പെട്രോളിനുള്ള വില നിയന്ത്രണം എടുത്തുകളഞ്ഞതുകൊണ്ട് മന്‍മോഹന്‍ സിംഗിന്റെ ഭരണകാലത്ത് ചില്ലറ വില്‍പ്പന വില കുത്തനെ ഉയര്‍ന്നു. അതിനെതിരെ സമരം ചെയ്താണ് 2014ല്‍ മോദി അധികാരത്തിലേറിയത്. എന്നാല്‍ ഇതേ മോദി അന്തര്‍ദേശീയ കമ്പോളത്തില്‍ ക്രൂഡോയിലിന്റെ വില കുത്തനെ ഇടിഞ്ഞപ്പോള്‍ ഡീസലിന്റെ നികുതി 9 മടങ്ങും പെട്രോളിന്റേത് 3.5 മടങ്ങും വര്‍ദ്ധിപ്പിച്ച് ക്രൂഡോയില്‍ വിലയിടിവിന്റെ നേട്ടം ജനങ്ങള്‍ക്കു നിഷേധിച്ചു. നികുതി വര്‍ദ്ധിച്ചതുകൊണ്ട് വില വര്‍ദ്ധിക്കില്ലായെന്നാണ് അന്നു പറഞ്ഞ ന്യായം. ഈ ന്യായം അനുസരിച്ച് ഇപ്പോള്‍ ക്രൂഡോയിലിന്റെ വില കൂടിക്കൊണ്ടിരിക്കുമ്പോള്‍ വര്‍ദ്ധിപ്പിച്ച നികുതി പിന്‍വലിക്കണ്ടേ? അതു ചെയ്യാന്‍ വിസമ്മതിക്കുകയാണ്. നവംബര്‍ മാസത്തില്‍ വര്‍ദ്ധനയുടെ ഒരു ഭാഗം കുറച്ചു. ബാക്കിയുള്ള നികുതി വര്‍ദ്ധനവുകൂടി എന്തുകൊണ്ട് പിന്‍വലിക്കാന്‍ തയ്യാറല്ലായെന്നതാണു കേന്ദ്രമന്ത്രി മുരളീധരന്‍ വിശദീകരിക്കേണ്ടത്.

കോര്‍പ്പറേറ്റുകള്‍ക്കു നികുതിയിളവ് നല്‍കുന്നതിനും അധികവിഭവസമാഹരണത്തിനുമുള്ള കേന്ദ്രസര്‍ക്കാരിന്റെ ധനതന്ത്രത്തിന്റെ ഭാഗമാണ് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് ഉണ്ടായ വില വര്‍ദ്ധനവ്. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍വന്ന 2014-15ല്‍ പെട്രോളിയത്തില്‍ നിന്നുള്ള നികുതി വരുമാനം 0.74 ലക്ഷം കോടി രൂപയായിരുന്നു. എന്നാല്‍ 2021-22ല്‍ ഏതാണ്ട് 3.5 ലക്ഷം കോടി രൂപയായി വര്‍ദ്ധിച്ചിരിക്കുകയാണ്. ഏതാണ്ട് അഞ്ചുമടങ്ങ് വര്‍ദ്ധന. കേന്ദ്രസര്‍ക്കാരിന്റെ റവന്യു വരുമാനം പെട്രോളിയം മേഖലയുടെ പങ്ക് 5.4 ശതമാനമായിരുന്നത് 12.2 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്.

കേന്ദ്രമന്ത്രി മുരളീധരന്റെ ആവശ്യം സംസ്ഥാനം നികുതി കുറയ്ക്കണമെന്നാണ്. അതിനു സംസ്ഥാനം നികുതി കൂട്ടിയിട്ടില്ലല്ലോ. കേന്ദ്രമല്ലേ കൂട്ടിയത്.

Next Story

RELATED STORIES

Share it