- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഓണസന്ദേശ വിവാദത്തിലൂടെ ഹിന്ദു ഐക്യവേദി ലക്ഷ്യമിട്ടത് വര്‍ഗീയ മുതലെടുപ്പ്: കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍
ഹിന്ദു ഐക്യവേദി എന്ന തീവ്രഹിന്ദുത്വ സംഘടനയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന ശശികലയും മറ്റുള്ളവരും ഈ വിഷയത്തില്‍ തങ്ങളുടെ പ്രതിഷേധപ്രകടനങ്ങള്‍ രൂക്ഷമാക്കുകയും ജനം ടിവി, ജന്‍മഭൂമി പത്രം, നിരവധി സംഘപരിവാര്‍പക്ഷ ഓണ്‍ലൈന്‍ ചാനലുകള്‍ തുടങ്ങി നിരവധി മാധ്യമങ്ങള്‍ ഈ വിഷയത്തെ കൂടുതല്‍ ആളിക്കത്തിക്കാന്‍ പോന്ന വിധത്തില്‍ വാര്‍ത്തകള്‍ നല്‍കുകയും ചെയ്തിരുന്നതിനാല്‍ ഈ വിവാദം ആസൂത്രിതം എന്നേ കരുതാനാവൂ. ഈ വിവാദത്തില്‍ ആര്‍എസ്എസ്സും, ബിജെപിയും, അനുബന്ധ രാഷ്ട്രീയനിലപാടുകള്‍ വച്ചുപുലര്‍ത്തുന്ന സാംസ്‌കാരിക പ്രവര്‍ത്തകരും പാലിച്ച മൗനവും അതിന്റെ ആസൂത്രിത സ്വഭാവത്തിലേക്ക് വിരല്‍ചൂണ്ടുന്നു.
കോഴിക്കോട്: വിദ്യാര്‍ഥികള്‍ക്കയച്ച ഓണസന്ദേശം ഹിന്ദു വിരുദ്ധമെന്നും ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തിയെന്നുമാരോപിച്ച് അധ്യാപികയ്‌ക്കെതിരേ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതും മാപ്പ് പറയിപ്പിക്കുന്നതും വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്. നെടുംകുന്നം സെന്റ് തെരേസാസ് ഹൈസ്‌കൂള്‍ അധ്യാപികയ്ക്കാണ് ഇത്തരമൊരു ദുരനുഭവമുണ്ടായത്. ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് അധ്യാപികയെ പോലിസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മാപ്പുപറയിപ്പിച്ചിരുന്നു.
പരാതിക്കാരുടെ ആവശ്യപ്രകാരം സിസ്റ്റര്‍ മാപ്പ് പറഞ്ഞെങ്കിലും എഴുതിക്കൊടുക്കണമെന്നായിരുന്നു ആവശ്യം. എഴുതിയത് വായിച്ചുകേള്‍പ്പിക്കണമെന്ന് പറയുകയും അതിന്റെ അതിന്റെ വീഡിയോ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളില്‍ അധ്യാപികയ്‌ക്കെതിരേ സംഘപരിവാര്‍ പ്രവര്‍ത്തകരില്‍നിന്ന് വലിയതോതിലുള്ള അസഭ്യവര്‍ഷമാണുണ്ടായത്. അധ്യാപികയെ പിന്തുണച്ചും പോലിസിന്റെയും സംഘപരിവാര്‍ പ്രവര്‍ത്തകരുടെയും നടപടികളെ രൂക്ഷമായി വിമര്‍ശിച്ചും നിരവധിപേര്‍ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.
ഓണസന്ദേശ വിവാദത്തിലൂടെ ഹിന്ദു ഐക്യവേദി ലക്ഷ്യമിട്ടത് വര്‍ഗീയ മുതലെടുപ്പാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് കെസിബിസിയുടെ ഐക്യ ജാഗ്രതാ കമ്മീഷന്‍. രാജ്യം നേരിടുന്ന യഥാര്‍ഥ പ്രതിസന്ധികളെ തിരിച്ചറിഞ്ഞുകൊണ്ടും യഥാര്‍ഥ ശത്രുക്കളെ മനസ്സിലാക്കിയും മുന്നേറേണ്ട കാലമാണിതെന്ന് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ജാഗ്രതാ കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി.
കെസിബിസി ജാഗ്രതാ കമ്മീഷന്‍ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ഓണസന്ദേശ വിവാദം വര്‍ഗീയ മുതലെടുപ്പിന്... (ഐക്യ ജാഗ്രതാ കമ്മീഷന്‍)
നെടുംകുന്നം സെന്റ് തെരേസാസ് ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക സി ദിവ്യ സിഎംസി ആഗസ്ത് 31ന് കുട്ടികള്‍ക്കായി നല്‍കിയ ഓണസന്ദേശത്തെ ചിലര്‍ വിവാദമാക്കി മാറ്റുകയും വര്‍ഗീയപ്രശ്‌നമാക്കി വളര്‍ത്താന്‍ ശ്രമിക്കുകയും ചെയ്ത സംഭവം അത്യന്തം ഖേദകരമാണ്. കേരളത്തിലെ മതേതരസമൂഹം ഒരേ മനസ്സോടെ സസന്തോഷം കൊണ്ടാടുന്ന ഏക ആഘോഷമാണ് ഓണം എന്നിരിക്കെ, ഇത്തരമൊരു ഉല്‍സവവേളയില്‍ ഇതെച്ചൊല്ലി ബാലിശമായ ഒരുവിവാദം അനാവശ്യമായിരുന്നു എന്ന് പറയാതെ വയ്യ. അത്തരമൊരു വിവാദം സൃഷ്ടിച്ചവര്‍ അത് കരുതിക്കൂട്ടിയാണ് ചെയ്തതെങ്കില്‍ തീര്‍ച്ചയായും പ്രതിഷേധാര്‍ഹമാണ്.
ഹിന്ദു ഐക്യവേദി എന്ന തീവ്രഹിന്ദുത്വ സംഘടനയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന ശശികലയും മറ്റുള്ളവരും ഈ വിഷയത്തില്‍ തങ്ങളുടെ പ്രതിഷേധപ്രകടനങ്ങള്‍ രൂക്ഷമാക്കുകയും ജനം ടിവി, ജന്‍മഭൂമി പത്രം, നിരവധി സംഘപരിവാര്‍പക്ഷ ഓണ്‍ലൈന്‍ ചാനലുകള്‍ തുടങ്ങി നിരവധി മാധ്യമങ്ങള്‍ ഈ വിഷയത്തെ കൂടുതല്‍ ആളിക്കത്തിക്കാന്‍ പോന്ന വിധത്തില്‍ വാര്‍ത്തകള്‍ നല്‍കുകയും ചെയ്തിരുന്നതിനാല്‍ ഈ വിവാദം ആസൂത്രിതം എന്നേ കരുതാനാവൂ. ഈ വിവാദത്തില്‍ ആര്‍എസ്എസ്സും, ബിജെപിയും, അനുബന്ധ രാഷ്ട്രീയനിലപാടുകള്‍ വച്ചുപുലര്‍ത്തുന്ന സാംസ്‌കാരിക പ്രവര്‍ത്തകരും പാലിച്ച മൗനവും അതിന്റെ ആസൂത്രിത സ്വഭാവത്തിലേക്ക് വിരല്‍ചൂണ്ടുന്നു.
കേരളത്തിലെ സാംസ്‌കാരികോല്‍സവമായ ഓണത്തിന്റെ, അറിയപ്പെടുന്നതും പറയപ്പെടുന്നതുമായ ഐതിഹ്യം, നീതിമാനായ ചക്രവര്‍ത്തിയായിരുന്ന മഹാബലിയെ വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുകയും അദ്ദേഹത്തെ വര്‍ഷത്തില്‍ ഒരിക്കല്‍ സ്വന്തം പ്രജകളെ കാണാനായി കേരളം സന്ദര്‍ശിക്കാന്‍ അനുവദിക്കുകയും ചെയ്തു എന്നുള്ളതാണ്. സ്വന്തം ജനതയെ ഏറ്റവും സന്തോഷത്തോടെ കാണാനാഗ്രഹിക്കുന്ന മാവേലിയെ സന്തോഷിപ്പിക്കാന്‍ ദിവസങ്ങള്‍ നീണ്ട ഒരുക്കങ്ങള്‍ നടത്തുന്ന മലയാളികള്‍ ഓണദിവസങ്ങളില്‍ ഏറ്റവും സന്തോഷത്തോടെയും ഉല്‍സാഹത്തോടെയും വ്യാപരിക്കുന്നു.
അതിനപ്പുറമുള്ള കഥാപശ്ചാത്തലങ്ങള്‍ കേരളത്തിലെ സാമാന്യജനതയ്ക്ക് അറിയാമെന്നു കരുതുന്നതില്‍ യുക്തിയില്ല. മാത്രമല്ല, ഇതേ ഐതിഹ്യമാണ് മുമ്പ് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള നിരവധി ഗ്രന്ഥങ്ങളിലും ഉദ്യോഗിക ചരിത്രരേഖകളിലും കണ്ടെത്താന്‍ കഴിയുന്നത്. ഈ വിധത്തില്‍ തന്നെ, CENSUS OF INDIA 1961 പാര്‍ട്ട് 7 B യില്‍ ഓണത്തിന്റെ ഐതിഹ്യം, ചരിത്രം തുടങ്ങിയവയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. കവികളും, കഥാകാരന്മാരും മുതല്‍ ചരിത്രകാരന്മാര്‍ വരെ തങ്ങളുടെ എണ്ണമറ്റ രചനകളില്‍ പറഞ്ഞുവച്ചിട്ടുള്ള ആശയവും സമാനമാണ്.
ഈ ഓണത്തോടനുബന്ധിച്ച് ആഗസ്ത് 30ന് ഒരു പ്രമുഖദിനപ്പത്രത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട, പ്രഫ.എം കെ സാനുവിന്റെ ഓണസന്ദേശത്തില്‍ ഇപ്രകാരം അദ്ദേഹം എഴുതിയിരിക്കുന്നു: 'മനുഷ്യമാനവികതയ്ക്ക് ദൈവികച്ഛായ പകരാന്‍ ക്രൂശിതനായ ക്രിസ്തുവിനെ നാം സ്മരിക്കുന്നതുപോലെ, തന്റെ നാടിന് രക്ഷപകരാന്‍ സ്വയം പരാജിതനായ രാജാവായി മഹാബലിയെയും കാലം സ്മരിക്കുകയാണ്.
ലോകത്തില്‍ ധര്‍മവും നീതിയുമാണെന്നും നിലനില്‍ക്കുന്നത്. ധര്‍മസംസ്ഥാപനാര്‍ഥം ഈശ്വരന്‍ ജനിക്കുമെന്നാണ് ഭഗവത്ഗീത പറയുന്നതെങ്കിലും ഇവിടെ ധര്‍മസംസ്ഥാപനാര്‍ഥം ജീവിക്കുകയും ജീവിതം സമര്‍പ്പിക്കുകയും പ്രജാക്ഷേമ പരിലാളനത്തിനുവേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കുകയും ഒടുവില്‍ ഈശ്വരപാദങ്ങള്‍ ശിരസ്സിലേറ്റി പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തപ്പെടുകയും ചെയ്യുന്ന ആ മഹാബലിയാണ് കാലത്തില്‍ പ്രകീര്‍ത്തിക്കപ്പെടുന്നത്.
അപ്പോള്‍, ഇപ്പോഴും നിലനില്‍ക്കുന്നത് ധര്‍മവും നീതിയുമാണ്. സത്യവും കരുണയുമാണ് എന്നും നിലനില്‍ക്കുന്നതെന്ന സന്ദേശമാണ് മഹാബലി നല്‍കുന്നത്.' തൊട്ടടുത്ത ദിവസം തന്റെ വിദ്യാര്‍ഥികള്‍ക്കുള്ള ഓണസന്ദേശത്തില്‍ ഈ ആശയം പറഞ്ഞതിലൂടെ 'ഹൈന്ദവ വിശ്വാസത്തെ' അവഹേളിച്ചു എന്ന കുറ്റം ചുമത്തിയാണ് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരും അനേകം തീവ്രഹിന്ദുത്വവാദികളും സി ദിവ്യയെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി അപമാനിച്ചത്.
സി ദിവ്യയെ മാത്രമായിരുന്നില്ല അവരില്‍ പലരും ലക്ഷ്യംവച്ചത്. അവഹേളനശരങ്ങള്‍ കേരളത്തിലെ പതിനായിരക്കണക്കിനായ സന്യസ്തര്‍ക്ക് നേരെയും ക്രൈസ്തവ സമൂഹത്തിനും കത്തോലിക്കാ സഭയ്ക്കും നേരെയും നീണ്ടു. ഓണാനുബന്ധമായി പതിറ്റാണ്ടുകളുടെ ഓര്‍മ്മകളുള്ളവരുടെ മനസ്സിലും പതിഞ്ഞിരിക്കുന്ന ഒരു ചിത്രത്തെ നന്മയുടെ സന്ദേശമായി, ഈ ലോകത്തില്‍ ജീവിച്ചിരുന്ന ചില ചരിത്രപുരുഷന്മാരുമായും ബന്ധിപ്പിച്ച് സംസാരിച്ച സി ദിവ്യ അവതരിപ്പിച്ച ആശയത്തിലെ തെറ്റ് എന്താണെന്ന് ഇനിയും കേരളസമൂഹത്തിന് വ്യക്തമായിട്ടില്ല.
'സര്‍വം ജയിച്ചു ഭരിച്ചു പോന്നോര്‍
ബ്രാഹ്മണര്‍ക്കീര്‍ഷ്യ വളര്‍ന്നു വന്നി
ഭൂതി കെടുക്കാനവര്‍ തുനിഞ്ഞു.
കൗശലമാര്‍ന്നൊരു വാമനനെ
വിട്ടു ചതിച്ചവര്‍ മാബലിയെ.
ദാനം കൊടുത്ത സുമതി തന്റെ
ശീര്‍ഷം ചവിട്ടി യാചകനും.
അന്നുതൊട്ടിന്ത്യയധ:പതിച്ചു
മന്നിലധര്‍മ്മം സ്ഥലംപിടിച്ചു.'
സഹോദരന്‍ അയ്യപ്പന്‍ രചിച്ച 'മാവേലി നാട് വാണീടും കാലം...' എന്നു തുടങ്ങുന്ന ഗാനത്തിന്റെ പൂര്‍ണരൂപത്തില്‍നിന്നുമുള്ള ചില വരികളാണിത്. കേരളത്തിലെ ഏറ്റവും പ്രശസ്തമായ ആ ഓണപ്പാട്ട് അവസാനിക്കുന്നത് ഇങ്ങനെയാണ്:
'വാമനാദര്‍ശം വെടിഞ്ഞിടേണം
മാബലിവാഴ്ച വരുത്തിടേണം
ഓണം നമുക്കിനി നിത്യമെങ്കില്‍
ഊനം വരാതെയിരുന്നുകൊള്ളും.'
ഓണത്തിന്റെ പിന്നിലെ ഐതിഹ്യങ്ങളും അതിന്റെ മതപരമായ അര്‍ഥതലങ്ങളും പൂര്‍ണ്ണമായ അളവില്‍ മനസ്സിലാക്കാത്തിടത്തോളം, 'ഓണം' എന്ന ഉല്‍സവവുമായി ബന്ധപ്പെട്ട കേരളത്തിന്റെ പൊതുബോധം തന്നെയാണ് ഓണത്തിന്റെ അവസരത്തില്‍ ഇവിടെ ആശയവിനിമയം ചെയ്യപ്പെടുന്നത്. അത്തരം ആശയങ്ങള്‍ തുടച്ചുനീക്കപ്പെടേണ്ടതുണ്ട് എന്ന് ചിന്തിക്കുന്ന പക്ഷം, ഓണത്തിന്റെ ഐതിഹ്യവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ മുന്നില്‍ നില്ക്കുന്നവര്‍ തന്നെ, ഇതിന്റെ 'വാസ്തവങ്ങള്‍' പൊതുസമൂഹത്തെ ബോധ്യപ്പെടുത്താന്‍ ബാധ്യസ്ഥരാണ്.
കഴിഞ്ഞ വര്‍ഷം വരെയും പാടിപ്പഴകിയ ചില ഈരടികള്‍ പെട്ടെന്നൊരു ദിവസം അവഹേളനമാകുന്നതെങ്ങനെ എന്ന് വിശദീകരണം നല്കാനുള്ള ബാധ്യതയും അവര്‍ക്കുണ്ട്. തന്റെ വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ നിലവിലുള്ള ഓണസന്ദേശം പങ്കുവച്ച ആ പ്രധാനാധ്യാപികയല്ല ആദ്യമായി ഓണത്തിന് ഇത്തരമൊരു സന്ദേശം നല്‍കുന്നതെന്നും താന്‍ കേട്ടതിനെ സിസ്റ്റര്‍ വളച്ചൊടിക്കുകയായിരുന്നില്ലെന്നും വ്യക്തമായി അറിയാവുന്ന കേരളത്തിലെ മതേതര സമൂഹത്തിനും ഈ വിഷയം തുറന്നുപറയാനുള്ള ബാധ്യതയുണ്ട്.
ഇവിടെ ഒരു വിവാദം സൃഷ്ടിക്കുക മാത്രമായിരുന്നു ചിലരുടെ ഉദ്ദേശ്യമെന്ന് വ്യക്തം. പ്രധാനാധ്യാപികയായ സന്ന്യാസിനിയെ മാത്രമല്ല, ചില രാഷ്ട്രീയ നേതാക്കളെയും പ്രശസ്ത വ്യക്തികളെയും ഈ വിവാദത്തിന് കൊഴുപ്പുകൂട്ടാന്‍ അവര്‍ കൂട്ടുപിടിച്ചു. സെന്റ് തെരേസാസ് സ്‌കൂളിന് മുന്നില്‍ പ്രതിഷേധപ്രകടനം നടത്തി. പ്രധാനാധ്യാപികയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. സഭാനേതൃത്വം ഈ 'അവഹേളനത്തിന്' വിശദീകരണം നല്‍കണമെന്നും അവര്‍ ആവശ്യപ്പെടുകയുണ്ടായി. എല്ലാറ്റിനും പുറമെ, സന്യാസിനിയെ പോലിസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി സമ്മര്‍ദം ചെലുത്തി കാമറയ്ക്ക് മുമ്പില്‍ മാപ്പുപറയിക്കുകയും അതുവഴി വീണ്ടും അവഹേളിക്കുകയും ചെയ്തു. ഈ കൃത്യത്തിന് പോലിസ് കൂട്ടുനിന്നു എന്നുള്ളത് അപമാനകരമാണ്.
ഒരു സ്ത്രീയെ നിര്‍ബന്ധമായി പോലിസ് സ്റ്റേഷനില്‍ വിളിച്ചുവരുത്താന്‍ പാടില്ല എന്നിരിക്കെ, കാലുഷ്യത്തോടെ നേരിട്ടും ഫോണിലും സിസ്റ്ററെ വിളിച്ച് സ്റ്റേഷനിലെത്താന്‍ കല്‍പ്പിക്കുകയും, പരിഹാസത്തോടെ സ്റ്റേഷനില്‍ വച്ച് സംസാരിക്കുകയും ചെയ്ത പോലിസുകാര്‍ ആരുടെയോ കളിപ്പാവകളായിരുന്നു. ഒരു വനിതാ പോലിസിന്റെ സാന്നിധ്യം പോലുമില്ലാതെയായിരുന്നു ചോദ്യംചെയ്യല്‍. ഒരു സ്ത്രീ എന്ന നിലയിലും, സന്യാസിനി എന്ന നിലയിലും പ്രശസ്തമായ ഒരു വിദ്യാലയത്തിന്റെ പ്രധാനാധ്യാപികയെന്ന നിലയിലും അര്‍ഹിക്കുന്ന പരിഗണന സി ദിവ്യയ്ക്ക് ലഭിച്ചില്ല എന്ന് വ്യക്തം. തല്‍സ്ഥാനത്ത് ആരോ ചിലരുടെ വര്‍ഗീയവെറി ശമിപ്പിക്കാന്‍ പോലിസുകാരെ ഉപകരണമാക്കുകയായിരുന്നുവെന്ന് വ്യക്തം. ചില പോലിസ് ഉദ്യോഗസ്ഥര്‍ അതിന് കൂട്ടുനില്‍ക്കുകയുമായിരുന്നു.
നെടുംകുന്നം സെന്റ് തെരേസാസ് ഗേള്‍സ് ഹൈസ്‌കൂള്‍ മികച്ച നിലവാരമുള്ള ഒരു വിദ്യാലയമായിരുന്നതിനാല്‍ ചിലരില്‍ രൂപപ്പെട്ട ശത്രുതാമനോഭാവവും ഇത്തരമൊരു നീക്കത്തിന് പ്രേരണയായെന്നാണ് സൂചനകള്‍. പതിറ്റാണ്ടുകള്‍ നീണ്ട ചരിത്രമുള്ള, മികവുറ്റ ആ വിദ്യാലയത്തിലേക്ക് മറ്റു സ്‌കൂളുകളില്‍നിന്ന് പോലും കുട്ടികള്‍ അഡ്മിഷനുവേണ്ടി എത്താറുണ്ടായിരുന്നു. ഇത്തരമൊരാരോപണം പോലിസ് സ്റ്റേഷനില്‍വച്ച് സി ദിവ്യയ്ക്കും സ്‌കൂളിനുമെതിരേ പരാതിക്കാര്‍ ഉയര്‍ത്തുകയുമുണ്ടായതായി റിപോര്‍ട്ടുകളുണ്ട്. തികച്ചും വര്‍ഗീയമായിരുന്നു അവരുടെ ആരോപണങ്ങളത്രയും. എന്നാല്‍, അവര്‍ എഴുതി നല്‍കിയ പരാതിയുടെ പകര്‍പ്പ് നല്‍കാനോ പരാതികള്‍ എന്തൊക്കെയാണെന്ന് വിശദീകരിക്കാന്‍ പോലുമോ പോലിസ് തയ്യാറായില്ല എന്നതും ഗുരുതരമായ ചട്ടലംഘനമായി പരിഗണിക്കപ്പെടേണ്ടതാണ്.
പ്രസ്തുത സന്യാസിനി ക്രിസ്തുമതം പ്രചരിപ്പിക്കാനാണ് ശ്രമിച്ചത്, അതൊരു നിഗൂഢ അജണ്ടയുടെ ഭാഗമാണെന്ന ആരോപണങ്ങളാണ് ചിലര്‍ ഉയര്‍ത്തിയത്. സമര്‍പ്പണംകൊണ്ടും ജീവിതമാതൃകകൊണ്ടും മാത്രമല്ല, വസ്ത്രധാരണം കൊണ്ടുപോലും ക്രിസ്തുവിനെ പ്രഘോഷിക്കുന്ന സന്യസ്തര്‍ തങ്ങളുടെ വാക്കുകളിലൂടെയും സുവിശേഷം പ്രഘോഷിക്കുമെന്നുള്ളത് സ്വാഭാവികം മാത്രമാണ്. അതൊരിക്കലും ഒരു രഹസ്യ അജണ്ടയുടെ ഭാഗമോ, മതപ്രചാരണം ലക്ഷ്യം വച്ചുള്ളതോ അല്ല, മറിച്ച് അവരുടെ കടമ മാത്രമാണ്. രണ്ട് നൂറ്റാണ്ടുകളായി ക്രിസ്തുവിനെക്കുറിച്ച് ക്ളാസുകളിലും, പ്രസംഗങ്ങളിലും പറഞ്ഞിട്ടുള്ള അധ്യാപകര്‍ കൂടിയായ ആയിരക്കണക്കിന് സന്യസ്തരും വൈദികരും കടന്നുപോയിട്ടും എത്ര വിദ്യാര്‍ഥികള്‍ മതംമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് മാത്രം നോക്കിയാല്‍ മതി അവരുടെ ലക്ഷ്യം മതപ്രചാരണമല്ല എന്ന് മനസ്സിലാക്കാന്‍.
ഇത്തരത്തില്‍ ക്രിസ്തുവിനെയോ സുവിശേഷമോ ബന്ധപ്പെടുത്തി അവര്‍ നല്‍കിയിട്ടുള്ള സന്ദേശങ്ങളൊന്നും ഇന്നോളം ആരെയും അലോസരപ്പെടുത്തിയിട്ടില്ല. അതിന്റെ പേരില്‍ കത്തോലിക്കാ വിദ്യാലയങ്ങളുടെ സവിശേഷമായ ജനപ്രീതിക്ക് ഒരിക്കലും കോട്ടം തട്ടിയിട്ടുമില്ല. മറിച്ച്, അവര്‍ നല്‍കിയിട്ടുള്ള നന്മയുടെ സന്ദേശങ്ങളും അവരുടെ ജീവിത മാതൃകയും അനേകായിരങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുകയാണ് ഉണ്ടായിട്ടുള്ളത്. ഈ പശ്ചാത്തലത്തില്‍, സുവിശേഷപ്രഘോഷണവും മതപ്രചാരണവും രണ്ടാണെന്ന വാസ്തവം ഹൈന്ദവ സഹോദരങ്ങള്‍ മനസ്സിലാക്കണമെന്ന് അപേക്ഷിക്കുന്നു.
ഒരുപക്ഷെ ഓണം മതേതരസമൂഹത്തിന്റെ ഉല്‍സവമെന്ന് അവകാശപ്പെടുന്നതിനെതിരേയാവാം ചില വര്‍ഗീയശക്തികളുടെ നേതൃത്വത്തിലുള്ള ഈ പ്രതിഷേധങ്ങള്‍. അങ്ങനെയെങ്കില്‍ ഓണം എന്ന കേരളത്തിന്റെ ദേശീയോല്‍സവത്തിന് ഇനിയുള്ള കാലത്ത് വലിയ ഭാവിയില്ല എന്നത് ഒരു വാസ്തവം മാത്രം. പറഞ്ഞും പാടിയും പഴകിയ, ഓണത്തിന് പിന്നിലെ ഐതിഹ്യം ഇനിയൊരാള്‍ മിണ്ടാന്‍ പാടില്ല എന്ന മുന്നറിയിപ്പ് കൂടിയായിരിക്കണം ഈ പ്രക്ഷോഭം. അങ്ങനെയെങ്കില്‍ ഹിന്ദു ഐക്യവേദിയും, അവരെ ഇക്കാര്യത്തില്‍ പിന്തുണച്ചവരും നിശബ്ദത പാലിച്ചവരുമെല്ലാം വിശദീകരണം നല്‍കേണ്ട ചില വസ്തുതകളുണ്ട്:
1. മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനനെക്കുറിച്ചുള്ള ചര്‍ച്ചകളാണല്ലോ ഈ വിവാദത്തെ ചൂടുപിടിപ്പിച്ചത്. വിഷ്ണുവിന്റെ അവതാരങ്ങളെല്ലാം ഹൈന്ദവ വിശ്വാസികളെ സംബന്ധിച്ച് ദൈവികതയുള്ളവയാണ്, ആരാധ്യമാണ്. ആ വിശ്വാസത്തെയും അത് സംബന്ധിച്ച വികാരങ്ങളെയും പൂര്‍ണമായ അര്‍ഥത്തില്‍ മാനിക്കുകയും, അതിനുള്ള അവകാശത്തെ തുറന്ന മനസോടെ അംഗീകരിക്കുകയും ചെയ്യുന്നു. എന്നാല്‍, വാമനാവതാരത്തോട് അനുബന്ധിച്ചുള്ളതും സ്വന്തമായി മറ്റൊരു ഐതിഹ്യമുള്ളതുമായ ഓണമെന്ന ആഘോഷത്തെ ഇനിയുള്ള കാലത്ത് മലയാളികള്‍ എങ്ങനെ കാണണമെന്നതിന് വിശദീകരണം ആവശ്യമുണ്ട്.
2. ദാരിദ്ര്യത്തിന്റെയും രോഗങ്ങളുടെയും അസന്തുഷ്ടിയുടെയും വര്‍ഷകാലം പിന്നിട്ട് പ്രകൃതിയും മനുഷ്യമനസ്സുകളും തെളിഞ്ഞ് ആഘോഷിക്കുന്ന ഒരു വിളവെടുപ്പുത്സവം എന്നതായിരുന്നു ഓണത്തിന്റെ എക്കാലത്തെയും പ്രസക്തി. അത്തരം വിളവെടുപ്പുത്സവങ്ങള്‍ എല്ലാ സംസ്‌കാരങ്ങളിലും ദേശങ്ങളിലും നിലവിലുള്ളതുമാണ്. അത്തരം ഒന്നിനോട് മതപരമായ ചില ഐതിഹ്യങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത് കാലങ്ങള്‍ കഴിഞ്ഞാലും ആഘോഷം നിലനില്ക്കണമെന്ന നിഷ്‌കളങ്കമായ ഉദ്ദേശ്യത്തോടെയാവണം. അങ്ങനെയെങ്കില്‍ തികച്ചും മതേതരമായ ഒരു വിളവെടുപ്പുല്‍സവത്തെ തട്ടിയെടുക്കാനാണ് ചില തീവ്രഹിന്ദുത്വവാദികളുടെ നീക്കം എന്ന് കരുതുന്നതില്‍ തെറ്റില്ല. അത്തരമൊരു ലക്ഷ്യം ഇത്തരക്കാര്‍ക്കുണ്ടെങ്കില്‍ അതിനും വിശദീകരണം ആവശ്യമാണ്.
അതേസമയം, കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ കഴിഞ്ഞ ചില നൂറ്റാണ്ടുകളായി നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന, വിദ്യാഭ്യാസ രംഗത്തും ആരോഗ്യരംഗത്തും അടിത്തറപാകിയ ക്രൈസ്തവ സമൂഹത്തിന്റെ മഹത്തായ സംഭാവനകളെ തമസ്‌കരിച്ചുകൊണ്ട് ഇത്തരം അവസരങ്ങളെ മുതലെടുത്ത് ആക്രമിക്കാന്‍ ശ്രമിക്കുന്ന ഹിന്ദുവര്‍ഗീയവാദികളുടെ പ്രവണതകള്‍ ഹൈന്ദവ സമൂഹം തന്നെ നിരുല്‍സാഹപ്പെടുത്തേണ്ടതുണ്ട്. രാജ്യം നേരിടുന്ന യഥാര്‍ഥപ്രതിസന്ധികളെ തിരിച്ചറിഞ്ഞുകൊണ്ടും യഥാര്‍ഥശത്രുക്കളെ മനസ്സിലാക്കിയും മുന്നേറേണ്ട കാലമാണിത്.
വര്‍ഗീയതയുടെയും, മതമൗലികവാദത്തിന്റെയും വേലിക്കെട്ടുകള്‍ പൊളിച്ചെറിഞ്ഞ്, ഒരുമിച്ചുനിന്ന് മതതീവ്രവാദത്തിനെതിരേ പൊരുതാന്‍ ഈ മതേതരസമൂഹം മുന്നോട്ടുവരേണ്ടിയിരിക്കുന്നു. ഇത്തരം അതിക്രമങ്ങള്‍ സന്യസ്തര്‍ക്കെതിരെയും ക്രൈസ്തവ സമൂഹത്തിനെതിരെയും എന്നല്ല, ആര്‍ക്കെതിരെയും ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട മുന്‍കരുതലെടുക്കാന്‍ സമുദായ നേതൃത്വങ്ങള്‍ക്ക് ബാധ്യതയുണ്ട്.
RELATED STORIES
സ്കൂളില് ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്...
22 Dec 2024 5:10 PM GMTഅന്റാര്ട്ടിക്കയിലെ മഞ്ഞുമൂടിയ പാതയില് ദമ്പതികള് വഴിമാറാന്...
22 Dec 2024 4:44 PM GMTപതിനഞ്ച് ദിവസത്തിനുള്ളില് പിഴയടച്ചില്ലെങ്കില് സംഭല് എംപി സിയാവുര്...
22 Dec 2024 4:39 PM GMTഎ പി അസ്ലം ഹോളി ഖുര്ആന് അവാര്ഡ് വിതരണവും ഖുര്ആന് സമ്മേളനവും
22 Dec 2024 3:15 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില് വെടിവച്ചിട്ടത് ഹൂത്തികള് (വീഡിയോ)
22 Dec 2024 2:52 PM GMT