Emedia

രാജ്യത്ത് നിഷ്പക്ഷ പോലിസിങ് ഉണ്ടോ?

രാജ്യത്ത് നിഷ്പക്ഷ പോലിസിങ് ഉണ്ടോ?
X

ജെ എസ് അടൂര്‍

അധികാരത്തിന്റെ ആവശ്യങ്ങള്‍ നിവര്‍ത്തിക്കുകയാണ് പോലിസിന്റെ ജോലിയെന്ന് വിചാരിക്കുന്നവരില്‍ പോലിസുകാര്‍ മാത്രമല്ല, പൊതുജനങ്ങളുമുണ്ട്. പോലിസ്, അധികാരികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്നതാണ് ഇന്ത്യന്‍ ജനായത്തത്തിന്റെ ശാപം. പോലിസ് റിഫോംസിലൂടെ ഇത് പരിഹരിക്കണമെന്ന് കരുതുന്നവരാണ് പല രാഷ്ട്രീയക്കാരെങ്കിലും അധികാരത്തിലെത്തിയാല്‍ പലരും അത് മറക്കും. അതേ കുറിച്ചാണ് ജെ എസ് അടൂര്‍ ഫേസ് ബുക്കില്‍ എഴുതുന്നത്:

പോസ്റ്റിന്റെ പൂര്‍ണരൂപം

ഭരണപാര്‍ട്ടികള്‍ സമരം ചെയ്താല്‍ അവര്‍ക്കു വേണ്ടി ഒത്താശകള്‍ ചെയത് ട്രാഫിക് നിയന്ത്രിച്ച് അധികാരത്തിന്റെ ആശ്രിതരാകും പോലിസ്. പ്രതിപക്ഷ പാര്‍ട്ടികള്‍ സമരം ചെയ്താല്‍ നേരെ തിരിച്ചു. അവര്‍ക്ക് എതിരെ ഏതൊക്ക വകുപ്പ് ചേര്‍ത്തു ജാമ്യമില്ല കേസ് എടുക്കാമോ അതെല്ലാം ചെയ്ത് ' പണി ' കൊടുക്കും. പിന്നെ അവര്‍ ഒരുപാട് കോടതി കയറിയിറങ്ങും.

അനുപമ കഴിഞ്ഞ ഏപ്രിലില്‍ പരാതികൊടുത്തിട്ടും പോലിസ് അനങ്ങിയില്ല. കാരണം തിരഞ്ഞെടുപ്പ് സമയത്തു അധികാരത്തില്‍ ഉള്ളവര്‍ക്ക് അതു അലോസരമുണ്ടാക്കും. പലപ്പോഴും പോലിസിന്റെ ' നീതിയും ന്യായവും' അധികാരത്തിന്റെ ആശ്രിതരാകുന്നതാണ് ഇന്ത്യയിലെയും കേരളത്തിലെയും പ്രശ്‌നം.

പലപ്പോഴും സാധാരണക്കാര്‍ക്ക് ഒരു പ്രശ്‌നം വന്നാല്‍ അവര്‍ക്കു ഭരണപാര്‍ട്ടി നേതാക്കള്‍ ഇടപെടാതെ കാര്യങ്ങള്‍ നടത്താന്‍ തന്നെ ബുദ്ധിമുട്ട്. പല പോലിസ്സുകാരും സാധാരണക്കാരെ ഇപ്പോഴും 'മ' യും 'താ'യും കൂട്ടി തെറി വിളിക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. പലപ്പോഴും ഏറ്റവും പാവപെട്ടവരോടും സാധാരണകാരോടുമുള്ള സമീപനം പോലെ ആയിരിക്കില്ല സ്റ്റാറ്റസും അധികാരവുള്ളവരോട്.

ചില പോലിസ് ഓഫിസര്‍മാര്‍ നീതിയുക്തമായി പ്രവര്‍ത്തിക്കാന്‍ ശ്രമിക്കാറുണ്ട് എന്ന് വിസ്മരിക്കുന്നില്ല. അതുപോലെ സാധാരണ പോലീസുകാര്‍ക്ക് വരുന്ന ബുദ്ധിമുട്ടുകളും. പലപ്പോഴും ട്രാഫിക്കില്‍ ചുട്ടുപൊള്ളുന്ന വെയിലില്‍ പണി എടുത്തു, വാഹനങ്ങളുടെ പുകയില്‍ ആരോഗ്യം പ്രശ്‌നം ഉണ്ടാകുന്നവരുണ്ട്. ദുരന്തമുഖത്ത് വളരെ പ്രതിബദ്ധയുള്ള പോലിസ് ഉദ്യോഗസ്ഥരുണ്ട്. അതുപോലെ സ്തുത്യര്‍ഹമായ ജോലി ചെയ്യുന്ന പോലിസുകാരും ഓഫിസര്‍മാരും ഉണ്ടെന്നത് നേരാണ്.

എന്നാല്‍ പൊതുസ്വഭാവം ഭരണപാര്‍ട്ടിയും അധികാരത്തിലുള്ളവരും പറയുന്നത് പോലെ ചെയ്യുക എന്നതാണ്. അതുകൊണ്ട് ' ലൊ ആന്‍ഡ് ഓഡര്‍ ' എന്നത് രാഷ്ട്രീയ അധികാരികകളുടെ ഓഡര്‍ അനുസരിക്കുക എന്നത് മാത്രം ആയിരിക്കുന്നു എന്നതാണ് ഇന്ത്യന്‍ ജനായത്തത്തിന്റെ തന്നെ വെല്ലുവിളി.

നിഷ്പക്ഷ പോലിസ് എന്നൊന്ന് ഈ രാജ്യത്തു ഉണ്ടോ?

എത്രയോ നാളായി പോലിസ് റിഫോംസിനെ കുറിച്ച് എഴുതുന്നു, പറയുന്നു. പ്രതിപക്ഷത്തിരിക്കുമ്പോള്‍ പോലിസ് റിഫോംസിനു വേണ്ടി വാദിക്കുന്നവര്‍ ഭരണത്തില്‍ ഏറിയാല്‍ അതു സൗകര്യപൂര്‍വ്വം മറക്കും.

ഏതാണ്ട് ഇരുപത്തി രണ്ട് കൊല്ലം മുമ്പ് ഡല്‍ഹിയില്‍ വച്ചു പോലിസ് റിഫോംസ് ആവശ്യമെന്ന് പറഞ്ഞൊരാള്‍ പിന്നീട് കേന്ദ്ര ആഭ്യന്തര മന്ത്രി ആയപ്പോള്‍ സംഗതി പാടെ മറന്നു. പ്രശ്‌നം അതുതന്നെയാണ്. അധികാരത്തിലെത്തിയാല്‍ പിന്നെ പോലിസിനെ 'ഉപയോഗിക്കാന്‍' ആണ് അധികാരികള്‍ക്കും അധികാര പാര്‍ട്ടികള്‍ക്കും ഇഷ്ടം. അധികാരം മാറുന്നത് അനുസരിച്ചു ലോക്കല്‍ പോലിസ് നേതാക്കളോട് പോലിസിനുള്ള സമീപനവും മാറും.

Next Story

RELATED STORIES

Share it